ഭൂപട രാജ്യസ്നേഹം
ഭൂപടദേശീയത ഇന്ത്യയില്‍ മാത്രമുള്ള വിചിത്രമായ ഒരു മനോഭാവമാണെന്ന് പ്രസിദ്ധ ബ്രിട്ടീഷ് വാരിക ഇകോണമിസ്റ്റ് ഇടക്കിടെ ഖേദപൂര്‍വ്വം വായനക്കാരെ അറിയിക്കാറുണ്ട്. ഇന്ത്യ-പാക്കിസ്ഥാന് പ്രശ്നത്തിന്റെ കാതലായ ജമ്മു-കശ്മീര്‍ സംബന്ധിച്ച റിപ്പോട്ടുകളോടൊപ്പം പ്രവിശ്യയുടെ മാപ്പ് പ്രസിദ്ധീകരിക്കുന്ന ഇകോണമിസ്റ്റ് ഇന്ത്യയിലെ കോപികള്‍ കറുത്ത ഒരു കടലാസ് കൊണ്ട് മൂടാറാണ് പതിവ്. ഇന്ത്യയില്‍ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്ന ഭൂപടങ്ങളിലൊക്കെ പാക്കധിനിവിഷ്ട കശ്മീര്‍ ഇന്ത്യയുടെ ഭാഗമായിട്ടാണ് ചിത്രീകരിക്കാറ്. എന്നാല്‍ അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളില്‍ നേരെ മറിച്ചാണ് സ്ഥിതി. അതില്‍ ഭൂമിയിലെ യഥാര്‍ത്ഥ അവസ്ഥ ചൂണ്ടിക്കാണിക്കുംവിധം പാക്കധീന കശ്മീര്‍ എന്നും ഇന്ത്യയധീന കശ്മീര്‍ എന്നും രേഖപ്പെടുത്തും. പരോക്ഷമായി സൈന്യം ഭരിക്കുന്ന പാക്കിസ്ഥാനുപോലും ഇത്തരം വിചിത്രവാശികളില്ല എന്നാണ് കേട്ടിട്ടുള്ളത്: ഭൂപടംകൊണ്ടുമാത്രം ഒരു രാഷ്ട്രമുണ്ടാവില്ല എന്നറിയുന്നവര്‍ അവിടെക്കാണും.
കേരളത്തില്‍ അധികൃതര്‍ ഉത്തരേന്ത്യക്കാരേക്കാള്‍ ഈ അര്‍ത്ഥത്തില്‍ കൂടുതല്‍ ജാഗ്രതക്കാരാണ്. സംസ്ഥാനത്ത് നിയമനടപടികളെടുക്കുന്നതില്‍ പോലീസ് പ്രകടമായ ഇരട്ടത്താപ്പ് കാണിക്കുന്നു. മുമ്പ് ഇസ്ലാം വിജ്ഞാനകോശം എന്ന എന്‍സൈക്ലോപിഡിയ യില്‍ മുസ്ലീംജനസംഖ്യകാണിക്കുന്ന ഭൂപടം വന്നിരുന്നു. ജനസംഖ്യ ഭുപടവും രാഷ്ട്രീയ ഭൂപടവും തമ്മിലുള്ള അന്തരം തിരിയാത്ത ബി.ജെ.പി നേതാവ് അഡ്വ. പി എസ് ശ്രീധരന്‍പിള്ളയായിരുന്നു ഭൂപടത്തില്‍ വലിയ രാജ്യദ്രോഹം കണ്ടത്. വക്കീലിന്റെ കഠിന ശ്രമത്തിന് ഫലമായി പോലീസ് അതുമായി ബന്ധപ്പെട്ടവര്‍ എന്നുപറഞ്ഞു എന്നെയടക്കം പലരെയും അറസ്റ്റ് ചെയ്തു. കോമണ്‍സെന്‍സ് ധാരാളമുള്ള ജഡ്ജി കേസും വിചാരണയില്ലാതെ തള്ളിക്കളയുകയായിരുന്നു. പിന്നീട് ബാലരമ തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഭൂപടം പ്രകാശിപ്പിച്ചപ്പോള്‍ പോലീസിനത്ര ജാഗ്രത കണ്ടില്ല. മുസ്ലീം പ്രസിദ്ധീകരണങ്ങള്‍ ആയിരുന്നു പോലീസിന്റെ ഉന്നം. മറ്റുചില മുസ്ലീംപ്രസിദ്ധീകരണങ്ങള് ….. അബദ്ധം ചെയ്തപ്പോള്‍ പോലീസ് അതിവേഗം നടപടിയെടുത്തു.
തേജസ് ദിനപത്രത്തിന്റെ പാഠശാല സപ്ലിമെന്റില്‍ ഇതുപോലെ ഭൂപടം വന്നപ്പോള്‍ തിരുവനന്തപുരത്ത് അതിവേഗമായിരുന്നു നടപടി. ജേക്കബ് പുന്നൂസ് ആണെന്നു തോന്നുന്നു അന്ന് പോലീസ് ചീഫ്. തേജസ് തെറ്റു ചൂണ്ടിക്കാട്ടി ഔദ്യോഗിക ഭൂപടംസഹിതം ഖേദപ്രകടനം നടത്തിയെങ്കിലും അധികൃതര്‍ അടങ്ങിയില്ല. ആ കേസും കോടതി തള്ളിക്കളയുകയായിരുന്നു. അതുപോലെയുള്ള അസംബന്ധങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പിന്നീട് ഇടതുപക്ഷ സര്‍ക്കാര്‍ തേജനിനു പരസ്യം നിഷേധിക്കുന്നത്. ചിലര്‍ ചിലരേക്കാള്‍ രാജ്യദ്രോഹികളാണ് എന്നതാണ് പ്രമാണം. നിയമത്തിനു കണ്ണില്ലല്ലോ! കഴുതയാണെങ്കിലുമത്. ചിലപ്പോള്‍ പ്രഫഷണല്‍ രാജ്യദ്രോഹികളെയും പിടികൂടും.
ആര്.എസ്.എസ് പത്രമായ ജന്മഭൂമിയുടെ ഗ്രാഫിക്സ് ആര്‍ട്ടിസ്റ്റ് ഭൂപടരാജ്യസ്നേഹത്തെക്കുരിച്ച് മതിയായ പരിശീലനം ലഭിക്കാത്തതിനാല്‍ കശ്മീര്‍ സംബന്ധിയായ അന്താരാഷ്ട്രഭൂപടം അപ്പടി പ്രസിദ്ധീകരിച്ചു. സെപ്തംബര്‍ 13ന് എഡിറ്റോറിയല്‍ പേജില്‍ തങ്ങള്‍ പ്രയോഗിക്കുന്ന നിയമം ബൂമറാങ്ങ് പോലെ തിരിച്ചുകുത്തിയപ്പോള് ഇരകളുടെ മുഖത്ത് ഒരു മന്ദസ്മിതം പരക്കുന്നത് സ്വാഭാവികം. ജന്മഭൂമി മാപ്പ് പറഞ്ഞതിനാല്‍ നടപടി പ്രതീക്ഷിക്കേണ്ട ശ്രീധരന് പിള്ളക്കുമതുമതി.
പ്രത്യക്ഷപ്പെടുന്ന എല്ലാ വിദേശ പ്രസിദ്ധീകരിണങ്ങളും അരിച്ചുപെറുക്കി പരിശോധിക്കുന്നതിനു ഒരു പ്രത്യേക സ്ക്വാഡിനെ ദേശീയ തലത്തില്‍ നിശ്ചയിക്കാന്‍ സര്‍സംഘചാലക് മുന്കൈയ്യെടുക്കേണ്ടതാണ്. അതുകൊണ്ടു രാജ്യത്തിന്റെ സാംസ്കാരികാസ്മിതയെ മലിനമാക്കുന്ന പുസ്തകങ്ങള്‍ ഒക്കെ കെട്ടി കടലാസു ഫാക്ടറികള്ക്ക ചുരങ്ങിയ വിലക്ക് നല്‍കാം. ഫര്‍ണസുകളില്‍ ഇന്ധനമായുപയോഗിക്കാം. ഗോമൂത്ര പാനത്തേക്കാള് വലിയ ആനന്ദമത് സ്വയംസേവകര്‍ക്ക് നല്കുമെന്നുറപ്പ്.