റഫീഖ് അഹമ്മദിനും മറ്റു സാംസ്കാരിക പ്രവർത്തകർക്കുമെതിരെ കേസെടുത്ത നടപടിയിൽ പ്രതിഷേധിക്കുക

102
റഫീഖ് അഹമ്മദിനും മറ്റു സാംസ്കാരിക പ്രവർത്തകർക്കുമെതിരെ കേസെടുത്ത നടപടിയിൽ പ്രതിഷേധിക്കുക
പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു എന്നാരോപിച്ച് കവിയും നോവലിസ്റ്റും ഗാനരചയിതാവും സാംസ്കാരിക പ്രവർത്തകനുമായ റഫീഖ് അഹമ്മദ്, കവിയും ഗാനരചയിതാവുമായ ഹരിനാരായണൻ എന്നിവരടക്കം ഇരുപതോളം ഗായകർക്കും കലാകാരൻമാർക്കുമെതിരെ കേസെടുത്ത പോലീസ് നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നു.
‘സംഗീതനിശ’ നടത്താനെന്ന പേരിൽ പോലീസ് അനുമതി വാങ്ങിയ ശേഷം പൗരത്വ ബില്ലിനെതിരെ സമരപരിപാടി നടത്തിയത് ചട്ടവിരുദ്ധമാണെന്നു് ആരോപിച്ചുകൊണ്ടാണത്രേ പോലീസ് കേസെടുത്തിരിക്കുന്നത്. ഇത്തരം സാങ്കേതികമാത്ര വാദങ്ങളുയർത്തിക്കൊണ്ട് കവികൾക്കും ഗായകർക്കും കലാ സാംസ്കാരിക പ്രവർത്തകർക്കുമെതിരെ കേസെടുക്കുന്ന പോലീസ് നടപടി അത്യന്തം ജനാധിപത്യവിരുദ്ധമാണ്.
ഭരണഘടനയുടെ അടിസ്ഥാന നിലപാടുകളെ നിരാകരിക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തെങ്ങും ജനങ്ങളുടെ ശക്തമായ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും അലയടിച്ചുയരുകയാണ്. ഭേദഗതി ചെയ്യപ്പെട്ട നിയമം നടപ്പാക്കില്ലെന്ന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരുകൾ തന്നെ പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. സിവിൽ നിയമലംഘനം പ്രധാന സമരരൂപമായി സ്വീകരിച്ച സ്വാതന്ത്ര്യ സമര കാലത്തെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ നിരോധനാജ്ഞകളേയും മറ്റ് അടിച്ചമർത്തൽ നടപടികളേയും നേരിട്ടു കൊണ്ടും മറികടന്നു കൊണ്ടുമാണ് വർഗ്ഗീയ, ഫാസിസ്റ്റ് നയങ്ങൾ പിന്തുടരുന്ന കേന്ദ്ര സർക്കാരിന്റെ നിയമത്തിനെതിരെ ജനങ്ങൾ പ്രക്ഷോഭം നടത്തുന്നത്. പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ റജിസ്റ്ററും (NRC) ദേശീയ ജനസംഖ്യാ റജിസ്റ്ററും (NPR) സംസ്ഥാനത്തു നടപ്പാക്കില്ലെന്നു കേരള സർക്കാരും പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുള്ളതാണ്. സിവിൽ നിയമലംഘനത്തെ ബോധപൂർവ്വം പിന്തുണക്കുന്ന പ്രഖ്യാപനമാണത്.
എന്നാൽ അതേ സംസ്ഥാന സർക്കാരിന്റെ പോലീസാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രസംഗിക്കുവാനും കവിത ചൊല്ലാനും പാട്ടു പാടാനും പോലീസ് അനുമതി വാങ്ങിയില്ലെന്നതിന്റെ പേരിൽ, സമൂഹം ആദരിക്കുന്ന എഴുത്തുകാർക്കും സാംസ്കാരിക പ്രവർത്തകർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. കേന്ദ്ര സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന അതേ ജനാധിപത്യവിരുദ്ധ നയങ്ങളും നടപടികളും പ്രച്ഛന്നമായ രൂപത്തിലും രീതിയിലും സംസ്ഥാന സർക്കാരും നടപ്പാക്കുന്നു എന്നാണ് ഇതു തെളിയിക്കുന്നത്.
പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ റജിസ്റ്ററിനുമെതിരെ സംസ്ഥാന സർക്കാരും അതിനു നേതൃത്വം നൽകുന്ന മുന്നണിയും പാർട്ടികളും നടത്തുന്ന പരസ്യ പ്രഖ്യാപനങ്ങളും സംസ്ഥാന പോലീസ് ചെയ്തികളിലൂടെ അവർ നടപ്പാക്കുന്ന യഥാർത്ഥ നയങ്ങളും തമ്മിൽ പ്രകടമായിക്കാണുന്ന ഈ വൈരുദ്ധ്യം പരിഹരിക്കാൻ കഴിയുന്നില്ലെങ്കിൽ സംസ്ഥാന സർക്കാരിന്റെ പിന്തുണക്കാർ പൗരത്വ നിയമ ഭേദഗതിക്കെതിരായി നടത്തുന്ന പ്രസ്താവനകൾ കാപട്യം മാത്രമാണെന്നു ബഹുജനങ്ങൾക്കു വിലയിരുത്തേണ്ടി വരും.
ആയതിനാൽ റഫീഖ് അഹമ്മദും ഹരിനാരായണനുമടക്കമുള്ള കലാകാരൻമാർക്ക് അവരുടെ തനതു ആവിഷ്ക്കാര മാദ്ധ്യമങ്ങളിലൂടെ പ്രതിഷേധിക്കാനുള്ള അവകാശത്തിനെതിരെ സാങ്കേതിക മാത്ര കാരണങ്ങളുടെ പേരിൽ തൃശൂർ പോലീസ് റജിസ്റ്റർ ചെയ്ത കേസുകൾ നിരുപാധികം പിൻവലിക്കണമെന്ന് കേരള സർക്കാരിനോട് ഞങ്ങൾ ആവശ്യപ്പെടുന്നു.
(കടപ്പാട് )