സമൂഹമാണ് ഇത്തരം ആത്മഹത്യകളുടെ ഉത്തരവാദികൾ

  47

  ജനാധിപത്യ സങ്കൽപ്പങ്ങളോട് പരമ പുച്ഛം ഉള്ള ഒരു സ്ഥാപനമാണ് പി എസ് സി എന്നു തോന്നുന്നു. തങ്ങൾക്കെതിരായ ആരോപണങ്ങൾ ഉന്നയിച്ചവരെ പി എസ് സി പരീക്ഷയെഴുതുന്നതിൽ നിന്ന് വിലക്കും എന്നും ശിക്ഷാ നടപടികൾ സ്വീകരിക്കും എന്നുമാണ് പത്രക്കുറിപ്പിൽ പറയുന്നത്. പക്ഷേ സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങളിലെ ഒഴിവുകൾ നികത്താനാണ്, അല്ലാതെ പി എസ് സി ചെയർമാന്റെ വീട്ടു ജോലിക്ക് ആളെയെടുക്കാനല്ലല്ലോ പി എസ് സി അപേക്ഷകൾ ക്ഷണിക്കുന്നത്.പിന്നെ മാതൃഭാഷാ പരിചയം ആദ്ധ്യാപക നിയമനപ്പരീക്ഷക്ക് വിലയിരുത്തേണ്ട എന്നാണ് മറ്റൊരു തീരുമാനം . വിദ്യാഭ്യാസത്തിന്റെ വൻതോതിലുള്ള വരേണ്യവൽക്കരണത്തിനു വഴിതെളിച്ചേക്കാവുന്ന ദേശീയ വിദ്യാഭ്യാസ നയം പോലും സ്ക്കൂൾ വിദ്യാഭ്യാസം മാതൃഭാഷയിൽ ആയിരിക്കണം എന്നു പറയുന്നുണ്ട്. അപ്പോൾ ഭാഷാ പരിജ്ഞാനം അളക്കേണ്ടേ? തൊഴിലില്ലാത്ത ചെറുപ്പക്കാരോടായാലും മലയാളത്തോടായാലും ഇത്ര പുച്ഛം പാടില്ല സർ.

  സർക്കാർ ജോലി ഒരു ലോട്ടറിയാണ്. അതുള്ളവർക്ക് എല്ലാ സൗഭാഗ്യങ്ങളും വന്നുചേരുന്നു. സ്ഥിരവരുമാനം, ഉയർന്ന സാമ്പത്തികശേഷിയുള്ള വിവാഹബന്ധം, അതിലൂടെ കിട്ടുന്ന ധനം, വിവിധ ലോണുകൾ, കിമ്പളം വാങ്ങുന്നവനെങ്കിൽ ശമ്പളത്തേക്കാൾ വലിയ സംഖ്യ അങ്ങനെ, ശമ്പളമുള്ള ലീവുകൾ, ലീവ് വേണ്ടങ്കിൽ അതിനു പൈസ, ചിലമേഖലകളിൽ ഉറക്കംതൂങ്ങി അലസമായി പോലും ജോലി ചെയ്യാനുള്ള സൗകര്യം, റിട്ടയർ ആകുമ്പോൾ വലിയൊരു തുക അങ്ങനെ , പിന്നെ ആജീവനാന്തം പെൻഷൻ. പെൻഷനാകുന്നതിനു മുമ്പ് മരിച്ചാൽ ആശ്രിത നിയമനം. ഇതൊക്കെ പറയുമ്പോൾ അവർ പറയും, ഞങ്ങൾ പഠിച്ചു മലമറിച്ചിട്ടാണ് കിട്ടിയതെന്ന്. എന്നാൽ ഒരു നൂറുമീറ്റർ ഓട്ടമത്സരത്തിൽ മത്സരാർത്ഥികൾ തമ്മിലുള്ളവ്യത്യാസം കുറവാകുന്ന പോലെ പലവുരു ചെറിയ വ്യത്യാസങ്ങളിൽ തള്ളപ്പെട്ടവർ ഉണ്ട്. അവരാരും കഴിവില്ലാത്തവർ അല്ല, പഠിക്കാത്തവരും അല്ല. ഞാനിതൊക്കെ പറയാൻ കാരണം, റാങ്ക് ലിസ്റ്റ് കാൻസലാക്കിയതിൽ മനംനൊന്ത് ഒരു ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തിരിക്കുന്നു. , ചില ജോലികളെ ഇവിടെ മഹത്വവത്കരിയ്ക്കുന്നതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. തൊഴിലിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം അതിരുകടക്കുന്ന ഒരു നാടാണ് കേരളം. സർക്കാർ ജോലിയുടെ ഇരട്ടി വരുമാനം ലഭിക്കുന്ന സ്വകാര്യസ്ഥാപത്തിലെ ജോലി ആയാലും സർക്കാർ ജോലിക്കാരാണ് കിട്ടുന്ന ബഹുമാനം കിട്ടുന്നില്ല. വിവാഹ കമ്പോളത്തിൽ തള്ളപ്പെടുകയും ചെയുന്നു. സർക്കാരല്ല, സമൂഹമാണ് ഇത്തരം ആത്മഹത്യകളുടെ ഉത്തരവാദികൾ. സർക്കാരിൽ മാത്രം വെറുതെ പഴിചാരേണ്ട കാര്യമില്ല.സർക്കാർ ജോലി കിട്ടാത്തതാണ് ആത്മഹത്യക്ക് കാരണമെങ്കിൽ, അങ്ങനെയുള്ള മനുഷ്യർ ഈ ഭൂമുഖത്ത് ജീവിക്കാൻ യോഗ്യതയില്ലാത്തവരാണ്…

  വിവിധ തെരഞ്ഞെടുപ്പ് നടപടികളിൽ പങ്കെടുക്കുന്നതിൽ നിന്നും ആജീവനാന്ത വിലക്ക് സ്വയം ഏർപ്പെടുത്തി ഒരു യുവാവ് മരണം വരിച്ചിരിക്കുന്നു. കാലാവധി കഴിഞ്ഞൊരു പി എസ് സി റാങ്ക് ലിസ്റ്റിലെ 77 റാങ്കുകാരനായിരുന്നു ഇരുപത്തി ഒമ്പതുകാരൻ. വൃത്തിയുള്ള കൈപ്പടയിൽ അവൻ മരണകുറിപ്പെഴുതിയിരിക്കുന്നു, “ആരുടെ മുന്നിലും ചിരിച്ചു അഭിനയിക്കാൻ വയ്യ,എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ “. ദുഃഖ സാന്ദ്രമായ വരികൾ എഴുതികൊണ്ട് ജീവിതത്തിന്റെ കൊടിപ്പടം തനിയെ താഴ്ത്തിയ ആ യുവാവിനെ ഓർക്കുമ്പോൾ മനസ്സിലെത്തുന്നത് വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ‘ജന്മദിനം’ എന്ന കഥയിൽ തന്റെ ജന്മദിനത്തിന് കയ്യിലൊരു പൈസ പോലുമില്ലാതെ ദിവസം മുഴുവൻ പട്ടിണി ഇരിക്കേണ്ടി വരുന്ന കഥാനായകനോട് സുഹൃത്ത് ചോദിക്കുന്നതാണ്, താങ്കൾക്ക് ഈ ജന്മദിനത്തിൽ എന്ത് സന്ദേശമാണ് ലോകത്തിന് നൽകാനുള്ളതെന്ന്. അപ്പോൾ തൊഴിൽ രഹിതനായ നായകൻ പറയുന്നു
  ” വിപ്ലവത്തിന്റെ അഗ്നിജ്വാലകൾ എങ്ങും ആളിപ്പടർന്ന് ഉയരട്ടെ, ഇന്നത്തെ സമുദായഘടന എല്ലാം കത്തി ദഹിച്ച്, സുഖസമ്പൂർണ്ണവും, സമത്വ സുന്ദരവുമായ പുതിയ ലോകം സംജാതമാവട്ടെ “. ഒന്നു മാത്രം പറയാം, ആത്മഹത്യാ കുറിപ്പിൽ അയാൾ സോറി എന്നെഴുതിയിട്ടുണ്ട്, യഥാർത്ഥത്തിൽ ഞങ്ങളാണ് നിങ്ങളോട് പറയേണ്ടത്. സോറി, അനു.

  ഇന്ത്യയിൽ അഭ്യസ്തവിദ്യരായ യുവാക്കൾക്കൾ നേരിടുന്ന തൊഴിലില്ലായ്മ ഒരു കയ്ക്കുന്ന യാഥാർത്ഥ്യമാണ്, അവർ അനുഭവിക്കുന്ന മെന്റർ ട്രോമയിലൂടെയും ഡിപ്രഷനിലൂടെയും കടന്ന് പോയിട്ടുള്ളവർക്ക് അത് റിലേറ്റ് ചെയ്യാൻ എളുപ്പമാകും. പിഎസ്‌സി എന്നൊരു ഒറ്റ മൂലികൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമല്ല ഇത്, കാര്യപ്രസക്തമായ ഇടപെടലുകൾ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ട സമയം അതിക്രമിക്കുന്നു.

  ആത്മഹത്യാക്കുറിപ്പിൽ ജോലികിട്ടാത്തതിൻ്റെ നിരാശയാണ് ആത്മഹത്യയുടെ കാരണം എന്ന് അനു രേഖപ്പെടുത്തിയിട്ടുമുണ്ട്.ഇത്രയും മതിയായിരുന്നു കേരളത്തിലെ ടെലിവിഷൻ ചാനലുകൾക്ക് ആ ആത്മഹത്യയുടെ ഉത്തരവാദി കേരളാ പബ്ലിക് സർവ്വീസ് കമ്മീഷനാണെന്ന് ആധികാരികമായി പ്രഖ്യാപിക്കാൻ! ശവംകണ്ട കഴുകന്മാരെപ്പോലെ അവർ തട്ടിട്ടമ്പലത്തിൻ്റെ ആകാശത്ത് വട്ടമിട്ടുപറന്നു. അഭ്യൂഹങ്ങളും അർത്ഥസത്യങ്ങളുംകൊണ്ട് അരങ്ങ് കൊഴുപ്പിച്ചു. എല്ലായ്പ്പോഴുമെന്നപോലെ ചാനലുകളുടെ ആസ്ഥാന ചർച്ചാവിദഗ്ദ്ധർ വെറുപ്പും വിദ്വേഷവും ചാലിച്ച കള്ളക്കണ്ണീരിൻ്റെ മലവെള്ളപ്പാച്ചിൽതന്നെ സൃഷ്ടിച്ചു!അപ്പോഴാണ് PSC ചെയർമാൻ വിശദീകരണവുമായെത്തിയത്. അനു എഴുത്തുപരീക്ഷ മാത്രമേ പാസ്സായിരുന്നുള്ളു. കായികക്ഷമത ആവശ്യമുള്ള പോലീസ്, എക്സൈസ്, തുടങ്ങിയ വകുപ്പുകളിലേക്കുള്ള നിയമനത്തിന് എഴുത്തുപരീക്ഷയ്ക്കുപുറമേ ഒരു കായികക്ഷമതാ ടെസ്റ്റുകൂടിയുണ്ട്.ഓട്ടം, ചാട്ടം, ഷോട്ട്പുട്ട്, ക്രിക്കറ്റ്ബോൾ ത്രോ തുടങ്ങിയ ഏതാനും കായികയിനങ്ങളിൽ അഞ്ചെണ്ണത്തിലെങ്കിലും ഉദ്യോഗാർത്ഥികൾ വിജയിച്ചേമതിയാവൂ.അനുവിന് കായികക്ഷമതാപരീക്ഷ പാസ്സാവാൻ കഴിയാഞ്ഞതുകൊണ്ട് എഴുത്തുപരീക്ഷയിലെ 77ാംറാങ്കുകൊണ്ടുമാത്രം ജോലി ലഭിക്കാതെപോവുകയുംചെയ്തു.ഇത് തികച്ചും സ്വാഭാവികമായ കാര്യമാണ്. അക്കാര്യം അറിഞ്ഞുകൊണ്ടുതന്നെ മലയാളത്തിലെ പ്രധാനചാനലുകൾ മുഴുവൻ ആ യുവാവ് ജീവനൊടുക്കിയതിൻ്റെ ഉത്തരവാദിത്തം PSC-യുടെയും, പരോക്ഷമായി കേരളഭരണകൂടത്തിൻ്റെയും തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നു. പതിവുപോലെ സോഷ്യൽമീഡിയ ആ നുണ ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു!