PSLV-പോരാട്ടം മടുക്കാത്ത പടക്കുതിര 

708

PSLV-പോരാട്ടം മടുക്കാത്ത പടക്കുതിര (ഷാബു പ്രസാദ് എഴുതുന്നു Shabu Prasad)

യേശുദാസിന്‍റെ ബാല്യകാലത്തെ ഒരു കഥ കേട്ടിട്ടുണ്ട്. എല്ലാ സ്കൂള്‍ യുവജനോത്സവങ്ങളിലും ഒന്നാം സ്ഥാനം നേടുന്ന ബാലനോട് ഹെഡ് മാസ്റ്റെര്‍ പറഞ്ഞു..” എടാ നീയിനി സ്കൂളിലെ ഫെസ്റ്റിവലില്‍ പങ്കെടുക്കണ്ട. വേറെ ആര്‍ക്കും അവസരം കിട്ടില്ല. എന്നാല്‍ സ്കൂളിനെ പ്രതിനിധീകരിച്ച് മറ്റുള്ളിടത്ത് നീ തന്നെ പോകും ..” പിന്നീട് യേശുദാസ് മഹാഗായകാനായി തീര്‍ന്നു. അപ്പോള്‍ അവാര്‍ഡ് പ്രഖ്യാപന വേളകളില്‍ മികച്ച ഗായകന്‍ യേശുദാസ് എന്നത് ഒരു വാര്‍ത്തയെ അല്ലാതായി ..അതങ്ങനയല്ലേ വരൂ എന്ന മട്ടിലായി മലയാളിയുടെ മൈന്‍ഡ് സെറ്റ് പോലും..

പറഞ്ഞുവന്നത്, PSLV റോക്കറ്റ് വിജയകരമായി വിക്ഷേപിക്കപ്പെട്ടു എന്നത് ഒരു വാര്‍ത്തയെ അല്ലാതായി മാറിക്കഴിഞ്ഞു എന്നത് ഓര്‍ത്തപ്പോള്‍ പറയാന്‍ തോന്നിയത് യേശുദാസിന്‍റെ ഉദാഹരണമാണ്‌..അത്രക്ക് അസൂയാവഹമാണ് ഭാരതത്തിന്‍റെ ഈ പടക്കുതിരയുടെ വിജയ ചരിത്രം.

എണ്‍പതുകളുടെ അവസാനം വരെ ഭാരതം റോക്കറ്റ് ടെക്നോളജിയില്‍ വെറും ശിശുക്കളായിരുന്നു. 1980 ല്‍ വിക്ഷേപിക്കപ്പെട്ട SLVക്ക് വെറും 35 കിലോഗ്രാം ഭാരമുള്ള ഒരു പെലോടിനെ 200 കിലോമീറ്റര്‍ ഉയരത്തിലെത്തിക്കാന്‍ ഉള്ള ശേഷിയെ ഉണ്ടായിരുന്നുള്ളൂ. അതിന്‍റെ അടുത്ത തലമുറ ASLV യുടെ ആദ്യ രണ്ടു പരീക്ഷണങ്ങളും പരാജയപ്പെട്ടു. 1992 ലാണു ASLV വിജയിക്കുന്നത്. അതിനും ,150 കിലോഗ്രാം പേലോഡ് 250 കിലോമീറ്റര്‍ ഉയരത്തിലെതിക്കാനുള്ള ശേഷിയെ ഉണ്ടായിരുന്നുള്ളൂ. ഇതെല്ലാം വെറും പരീക്ഷണ ഉപഗ്രഹങ്ങള്‍ എന്നല്ലാതെ നമ്മുടെ ആവശ്യങ്ങള്‍, സൈനികം ,കമ്മ്യൂണിക്കേഷന്‍ , റിമോട്ട് സെന്‍സിംഗ് ഒന്നും നടക്കില്ലായിരുന്നു. ഇതിനെല്ലാമുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ നാം ആശ്രയിച്ചത് റഷ്യ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി, എന്നിവരെ ആയിരുന്നു. അതും ഭീകമമായ വിദേശ നാണയം ചെലവഴിച്ച്, അവരുടെ സമയവും സൌകര്യവും നോക്കി.

ലോകത്ത് വിക്ഷേപിക്കപ്പെടുന്ന ഉപഗ്രഹങ്ങളില്‍ സിംഹഭാഗവും 200 -2000 കിലോമീറ്ററിനുള്ളില്‍ കറങ്ങുന്ന റിമോട്ട് സെന്‍സിംഗ്, സൈനിക , നിരീക്ഷണ ,കാലാവസ്ഥ ഉപഗ്രഹങ്ങളാണ്‌.അതുകൊണ്ട് തന്നെ ഈ ഉപഗ്രഹങ്ങളുടെ വിക്ഷേപണം വലിയൊരു വിപണിയാണ്.കാലാവസ്ഥാ നിരീക്ഷണം, സമുദ്ര നിരീക്ഷണം , എന്നിവയൊക്കെ ഭാരതത്തിന്‍റെ കാര്‍ഷിക മത്സ്യബന്ധന മേഖലയുടെ വികസനത്തിന്‌ വളരെ പ്രധാനമാണ്. അതുപോലെ സ്വന്തമായി ചാര ഉപഗ്രഹങ്ങള്‍ ഉണ്ടാകേണ്ടത് രാജ്യത്തിന്‍റെ സുരക്ഷക്കും അത്യാവശ്യമാണ്. ഇതെല്ലാം കൊണ്ടാണ് 1980 കളില്‍ തന്നെ ISRO PSLV (Polar satallite Launch Vehicle ) ന്‍റെ വികസനം ആരംഭിക്കുന്നത്. ഇപ്പറഞ്ഞ ഉപഗ്രഹങ്ങളെല്ലാം ചുറ്റുന്നത് വടക്കുനിന്നും തെക്കോട്ട്‌ ധൃവങ്ങളെ വലം വെച്ച് കൊണ്ടാണ് .അതുകൊണ്ടാണ് ധ്രുവങ്ങളെ സൂചിപ്പിക്കുന്ന പോളാര്‍ എന്ന വാക്ക് ഇവിടെ വന്നത്.

44 മീറ്റര്‍ ഉയരമുള്ള PSLVയുടെ വിക്ഷേപണ വേളയിലെ ഭാരം (Lift off Mass) 320 ടന്‍ ആണ്. നാല് ഘട്ടങ്ങളും ,ഒന്നാം ഘട്ടത്തില്‍ ഘടിപ്പിച്ച ആറു സ്ട്രാപ് ഓണ്‍ ബൂസ്ട്ടരുകള്‍ എന്ന കുഞ്ഞന്‍ റോക്കറ്റുകളും അടങ്ങിയതാണ് ഈ വിക്ഷേപണ വാഹനം. ഘര ഇന്ധനം ആണ് ഒന്നാം ഘട്ടത്തില്‍. രണ്ടാം ഘട്ടത്തില്‍ ദ്രവ ഇന്ധനം ഉപയോഗിക്കുന്ന കരുത്തനായ വികാസ് എഞ്ചിന്‍.മൂന്നാം ഘട്ടത്തില്‍ വീണ്ടും ഘര ഇന്ധനം .നാലാം ഘട്ടത്തില്‍ ദ്രവ ഇന്ധനം .റോക്കറ്റ് ബോഡിയും ഇന്ധനവും പെലോടുമെല്ലാം എല്ലാം ചേര്‍ന്നതാണ് റോക്കറ്റിന്റെ ആകെ ഭാരം.

വിക്ഷേപണം കഴിഞ്ഞു ഒരു മിനിറ്റ് കഴിഞ്ഞാല്‍ ഒരു മിനിറ്റില്‍ ബൂസ്ട്ടരുകള്‍ എരിഞ്ഞു തീര്‍ന്നു വേര്‍പെടും ..ഒരു മിനിറ്റ് അമ്പത് സെക്കണ്ടില്‍ ഒന്നാം ഘട്ടവും ,നാല് മിനിറ്റില്‍ രണ്ടാം ഘട്ടവും ,പത്ത് മിനിറ്റില്‍ മൂന്നാം ഘട്ടവും വേര്‍പെടും. പതിനേഴാം മിനിറ്റില്‍ ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിച്ചു നാലാം ഘട്ടവും വിടപറയും.ഇത് , വിക്ഷേപിക്കുന്ന ഉപഗ്രഹം ,ആവശ്യങ്ങള്‍ എന്നിവ അനുസരിച്ച് മാറ്റങ്ങള്‍ വരാം .വിക്ഷേപിക്കുംപോള്‍ മുപ്പത്തി രണ്ടായിരം കിലോ ഉണ്ടായിരുന്ന റോക്കറ്റിന്റെ കഷ്ടിച്ച് ആയിരം കിലോ ഉള്ള ഭാഗം മാത്രമാണ് സ്പേസില്‍ എത്തുക.

1993 സെപ്റ്റംബറില്‍ ആയിരുന്നു ആദ്യവിക്ഷേപണം .പക്ഷേ മൂന്നാം ഘട്ടം ജ്വലിച്ചപ്പോള്‍ ഉണ്ടായ ചെറിയ ഒരു സോഫ്റ്റ്‌ വെയര്‍ തകരാറില്‍ തട്ടിത്തടഞ്ഞു , കമാണ്ടുകള്‍ എഞ്ചിനില്‍ എത്തിയില്ല. റോക്കറ്റ് ഉപഗ്രഹവുമായി ബംഗാള്‍ ഉള്‍കടലില്‍ മൂക്കുകുത്തി വീണു. പക്ഷേ ,പ്രശ്നം കൃത്യമായി തിരിച്ചറിഞ്ഞു പരിഹരിച്ചപ്പോള്‍ ,ഒരു കൊല്ലത്തിനു ശേഷം വിജയതീരമണഞ്ഞ PSLV അന്ന് തുടങ്ങിയ ജൈത്രയത്രയാണ് കാല്‍നൂറ്റാണ്ടിനു ശേഷവും തുടരുന്നത്.

ആദ്യത്തെ രണ്ടുമൂന്നു വികസന വിക്ഷേപനങ്ങള്‍ക്ക് ശേഷം വ്യാവസായിക വിക്ഷേപണങ്ങള്‍ ആരംഭിച്ചു. അതോടെ റിമോട്ട് സെന്‍സിംഗ് ലോഞ്ചുകള്‍ക്ക് വേണ്ടി നമുക്ക് വിദേശ ഏജന്‍സികളെ ആശ്രയിക്കേണ്ട ആവശ്യം ഇല്ലാതായി..വലിയ താമസമില്ലാതെ വിദേശ രാജ്യങ്ങള്‍ PSLV യില്‍ താല്പര്യം അറിയിച്ചു തുടങ്ങി, പിന്നീട് വളരെ വേഗമാണ് ലോകത്തിലെ ഏറ്റവും ചെലവു കുറഞ്ഞതും വിശ്വസ്തവുമായ വിക്ഷേപണ വാഹനമായി PSLV മാറിയത്. ഭാരതത്തിന്‍റെ അഭിമാനപദ്ധതിയായ ചന്ദ്രയാന്‍, ആദ്യ ശ്രമത്തില്‍ തന്നെ ചൊവ്വാ ദൌത്യം വിജയിപ്പിച്ച മംഗള്‍ യാന്‍ എന്നിവ ഭൂമിയില്‍ നിന്നും പറന്നത് PSLV യുടെ ചിറകിലേറിയാണ്. ഈ ദൗത്യങ്ങള്‍ നേടിക്കൊടുത്ത വിശ്വാസ്യതയാണ് PSLV യുടെ ഖ്യാതി വാനോളം ഉയര്‍ത്തിയത്.ഇതിനിടയില്‍ ,ഒറ്റ ലോഞ്ചില്‍ നൂറിലധികം ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിച്ച അതീവ ദുഷ്കരമായ ദൌത്യവും നടത്തി.ഇസ്രായേലിന്‍റെ ചാര ഉപഗ്രഹം ബഹിരാകാശം പൂകിയതും PSLV യില്‍ തന്നെ.

ഇതുവരെ നാല്‍പ്പത്തിയാരു വിക്ഷേപണങ്ങള്‍. ഒരേ ഒരു പരാജയം. (കഴിഞ്ഞ കൊല്ലം, മൂന്നാം ഘട്ടത്തില്‍ വെച്ച് നടക്കേണ്ട ഹീറ്റ് ഷീല്‍ഡ് സെപ്പറേഷന്‍ നടക്കാതിരുന്നത് മൂലം ഉപഗ്രഹം ബഹിരാകാശത്ത് കുടുങ്ങിപ്പോയിരുന്നു. അതിലും വിക്ഷേപണം പൂര്‍ണ്ണ വിജയം തന്നെ ആയിരുന്നു. )..PSLV ഇതുവരെ 285 വിദേശ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിച്ചു. അതില്‍ തന്നെ 130 എണ്ണം ,ഒരു സമയത്ത് നമുക്ക് ടെക്നോളജി നിഷേധിച്ച അമേരിക്കയില്‍ നിന്നും..

ഇക്കഴിഞ്ഞ ദിവസത്തെ വിക്ഷേപണത്തിനു വലിയൊരു പ്രത്യേകത വേറെ ഉണ്ട്. ഭാരതത്തിന്‍റെ സൈനിക ഉപഗ്രഹം എമിസാറ്റ് ഉള്‍പ്പടെ 29 ഉപഗ്രഹങ്ങള്‍ ആണ് ഈ ലോഞ്ചില്‍ ഉണ്ടായിരുന്നത്. സാധാരണ , ഉപഗ്രഹങ്ങളെ ഇന്ജക്റ്റ് ചെയ്തു കഴിഞ്ഞാല്‍ നാലാം ഘട്ടം ബഹിരാകാശത്ത് തന്നെ ഉപേക്ഷിക്കും. ഇവിടെ എമിസാറ്റിനെ 748 കിലോമീറ്ററില്‍ എത്തിച്ച ശേഷം , നാലാം ഘട്ടം താഴ്ന്ന ഭ്രമണ പഥത്തിലേക്ക് കൊണ്ടുവന്നു. 540 കിലോമീറ്റര്‍ ഉയരത്തില്‍ ബാക്കി ഉപഗ്രഹങ്ങളെ സ്ഥാപിച്ചു. വീണ്ടും താഴേക്ക് വന്നു 485 കിലോമീറ്ററില്‍ നാല് ഉപഗ്രഹങ്ങളെ കൂടി സ്ഥാപിച്ചു.നാലാം ഘട്ടം ഉപേക്ഷിക്കാതെ കുറച്ച് പെലോടുകള്‍ വെച്ച് അതിനെ വേറൊരു ഉപഗ്രഹമാക്കി മാറ്റി. ഒരു ബസില്‍ ,വിവിധ സ്റ്റോപ്പുകളില്‍ യാത്രക്കാരെ ഇറക്കുന്ന പോലെ.

പക്ഷേ പറയുന്ന പോലെ അത്ര നിസ്സാരമല്ല ഇത്. അങ്ങേയറ്റത്തെ സാങ്കേതിക ജ്ഞാനവും , അനുഭവവും ഉണ്ടങ്കില്‍ മാത്രമേ ഇതുപോലെ ഒരു റോക്കറ്റിനെ ” ചാടിക്കളിക്കെടാ കുഞ്ഞിരാമാ ” എന്ന് പറയുന്ന പോലെ നിയന്ത്രിച്ച് പണിയെടുപ്പിക്കാന്‍ കഴിയൂ…ഏത് സാങ്കേതിക മദയാനകളേയും തളക്കാന്‍ പോന്ന മാതംഗലീലകള്‍ ഹൃദിസ്ഥമാക്കിയ ശാസ്ത്ര ശിരോമണികള്‍ അരങ്ങുവാഴുന്ന ISRO ക്ക് ഇപ്പോള്‍ PSLV ഒരു ഗുരുവായൂര്‍ കേശവനെപ്പോലെ സൌമ്യനായ ഗജവീരനാണ്.

പണ്ടൊക്കെ ഒന്നോ രണ്ടോ കൊല്ലം കൂടുമ്പോള്‍ ആണ് ISRO ഒരു ലോഞ്ച് നടത്തുക. ഇതിപ്പോള്‍ ഇക്കൊല്ലത്തെ പത്താമത്തെയോ പന്ത്രണ്ടാമാത്തയോ ലോഞ്ച് ആണ് . കൂടുതല്‍ കരുത്തന്മാരായ GSLV യും MKIII യുമെല്ലാം വന്നെങ്കിലും PSLV എന്ന കടിഞ്ഞൂല്‍ സന്താനത്തോടുള്ള വാത്സല്യം രാജ്യത്തിനു ഒന്ന്‍ വേറെ തന്നയാണ് .