പത്തനംതിട്ടയിൽ 16 വയസുള്ള ഒരു കൗമാരക്കാരൻ തന്റെ സുഹൃത്തുക്കളാൽ മൃഗീയമായി കൊല്ലപ്പെട്ട സംഭവം കൊറോണകാലത്ത് കേട്ട നടുക്കുന്ന വാർത്തകളിലൊന്നാണ്.കല്ല് കൊണ്ട് തലയിലിടിച്ചതിനു ശേഷം മഴു കൊണ്ട് കഴുത്തു വെട്ടിയാണ് കൊലപാതകം നടത്തിയിരിക്കുന്നത്. കൊലയ്ക്ക് ശേഷം മൃതദേഹം മറവു ചെയ്യാനും ശ്രമിച്ചു. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം ഇതു വരെ വെളിയിൽ വന്നിട്ടില്ല. പോലീസ് അന്വേഷണം തുടരുകയാണ്. എന്നാലും ആകെ 16 വർഷം മാത്രം ഈ ഭൂമിയിൽ ജീവിച്ച ഈ പയ്യനോട് ഇത്ര അടങ്ങാത്ത പക തോന്നാൻ തക്ക വണ്ണം എന്തു ദ്രോഹമാണ് ആ സുഹൃത്തുക്കൾക്ക് ഇവനിൽ നിന്നുണ്ടായത്.
വയലൻസ് മുഖ്യപ്രമേയമായും സൈക്കോ ക്രിമിനലുകൾ പ്രധാന കഥാപാത്രങ്ങളുമായുള്ള ചലച്ചിത്രങ്ങൾക്ക് ഇപ്പോൾ നല്ല മാർക്കറ്റാണുള്ളത്. മെമ്മറീസ്, അഞ്ചാം പാതിര, ഫോറൻസിക് മുതലായ ചിത്രങ്ങൾ മലയാളത്തിലും രാക്ഷസൻ, സൈക്കോ മുതലായ ചിത്രങ്ങൾ തമിഴ് സിനിമയിലും തരംഗം തീർക്കുന്ന ഒരു കാലഘട്ടമാണിത്. സോഷ്യൽ മീഡിയയിലും മറ്റും ഇത്തരം സൈക്കോ റോളുകൾക്ക് ലഭിക്കുന്നത് സ്വാതന്ത്ര്യസമരസേനാനികൾക്ക് ലഭിക്കുന്നതു പോലുള്ള പിന്തുണയും അഭിനന്ദനങ്ങളുമാണ്. ഇത്തരത്തിലുള്ള പല ഗ്രൂപ്പുകളുടെയും അഡ്മിന്മാർ വേണ്ടത്ര മാനസികപക്വത ഇല്ലാത്ത ചില വിദ്യാർഥികളാണെന്നതും ശ്രദ്ധിക്കേണ്ട ഒരു വസ്തുതയാണ്.
ഇത്തരം ചിത്രങ്ങൾ കാണുകയും അവയെ മഹത്വവത്കരിക്കുന്ന സോഷ്യൽ മീഡിയ അഭിപ്രായങ്ങൾ കേൾക്കുകയും ചെയ്യുന്ന കുട്ടികൾ ഇതു പോലുള്ള സൈക്കോകളാകാൻ ആഗ്രഹിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ഫോറൻസിക് എന്ന ചിത്രത്തിൽ കുട്ടിക്കുറ്റവാളികളെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ആ ചലച്ചിത്രത്തിന്റെ പ്രമേയം തന്നെ അതുമായി ബന്ധപ്പെട്ടതാണ്. അതു പോലെ അഞ്ചാം പാതിര എന്ന ചിത്രത്തിൽ സീരിയൽ കൊലപാതകങ്ങൾ നടത്തുന്ന കൊലയാളിയെ കഴിയും വിധമെല്ലാം മഹത്വവത്കരിക്കാൻ തിരക്കഥാകൃത്ത് പരിശ്രമിച്ചിട്ടുണ്ടെന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.
രമൺ രാഘവൻ എന്ന ക്രിമിനലിന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 1978 ൽ റിലീസായ കമൽ ഹാസൻ ചിത്രം സിഗപ്പു റോജാക്കൾ ഇത്തരം സിനിമകളുടെ കൂട്ടത്തിലെ ഒരു കാരണവരാണ്. ആ ചിത്രത്തിൽ ക്രിമിനലിന്റെ വേഷം ചെയ്തതു തന്നെ സൂപ്പർ താരമായ കമൽ ഹാസൻ. പിൽക്കാലത്ത് ഇങ്ങനെയുള്ള സിനിമകളെയും കഥാപാത്രങ്ങളെയും മഹത്വവത്കരിക്കുന്ന രീതിയിൽ രൂപപ്പെടുത്താൻ ആ ചിത്രം വലിയൊരു കാരണമായിരുന്നു.
രണ്ടാനമ്മയുടെ പീഡനം കാരണം മനോരോഗിയായ കൊലപാതകിയായി മാറുന്ന കഥാപാത്രമായി കമൽ ഹാസൻ പ്രത്യക്ഷപ്പെട്ട ചിത്രമായിരുന്നു 2001 ൽ പുറത്തിറങ്ങിയ ആളവന്താൻ. ഇതിൽ സൈക്കോയും കൊലപാതകിയുമായ നന്ദു എന്ന കഥാപാത്രം തത്വചിന്തകനായ ഒരു മഹാൻ കൂടിയാണ്(ഞാൻ ഉൾപ്പടെയുള്ളവർ ആ കഥാപാത്രത്തിന്റെ ഭാഗത്തു നിൽക്കുന്ന അഭിപ്രായങ്ങൾ പറഞ്ഞിട്ടുമുണ്ട്).
നമ്മുടെ സിനിമകളിൽ മാത്രമല്ല, ഏതു ഭാഷയിൽ നോക്കിയാലും ഇതു പോലുള്ള കുറ്റകൃത്യങ്ങളെയും അവ ചെയ്യുന്ന ക്രിമിനലുകളെയും ചില പ്രത്യേകകാരണങ്ങൾ പറഞ്ഞ് ന്യായീകരിക്കുന്ന പ്രവണത ഇന്ന് വളരെയധികമാണ്.
ലോകം മുഴുവൻ ഏറ്റെടുത്ത ഡാർക്ക് നൈറ്റിലെ ജോക്കർ ആരാണ്? മനോനിലയിൽ വ്യതിയാനം സംഭവിച്ച ഒരു കുറ്റവാളി. ആ കഥാപാത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ഹീത്ത് ലെഡ്ജർ എന്ന നടന്റെ ജീവൻ തന്നെ എടുത്തു. കൗമാരക്കാരായ കുറ്റവാളികൾ വിദേശരാജ്യങ്ങൾക്ക് ഒരു പുതുമയല്ലായിരിക്കാം. എന്തായാലും നമ്മുടെ നാട്ടിലും കുട്ടിക്കുറ്റവാളികൾ തല പൊക്കിത്തുടങ്ങിയിരിക്കുന്നു. ക്രിമിനലുകളെ മഹത്വവത്കരിക്കുന്ന കലാസൃഷ്ടികൾ തീർച്ചയായും അനുകരണശീലമുള്ള കുട്ടികളുടെ മനസുകളെ അപകടകരമാം വിധം സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്.
നമ്മുടെ നാട്ടിലെ സെൻസർ ബോർഡ് ഇനി എന്തൊക്കെ ചെയ്താലും ഭീകരദൃശ്യങ്ങൾ അടങ്ങുന്ന വിദേശചിത്രങ്ങളിലേക്ക് നമ്മുടെ നാട്ടിലെ കുഞ്ഞുങ്ങൾക്ക് ഒരു സ്ക്രീൻ ടച്ചിന്റെ അകലം മാത്രമേയുള്ളൂ. ഇന്നു വരെ റിലീസായ ഏറ്റവും വയലൻസ് ഉള്ള ചിത്രങ്ങൾ തന്നെ ടോറന്റിൽ നിന്നും ടെലഗ്രാമിൽ നിന്നും അവർക്ക് ലഭിക്കും. ഇതിനു ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിയിരിക്കുന്നു. അതു പോലെ തന്നെ അപകടകരമായ വിഷയങ്ങളിൽ ഉത്തരവാദിത്തമില്ലാതെ ഇടപെടുന്ന സോഷ്യൽ മീഡിയ ഗ്രൂപ്പുകളെ നിയന്ത്രിക്കാൻ ശക്തമായി നിരീക്ഷിക്കാനുള്ള സംവിധാനം ഉണ്ടാകണം. സൈബർ സെല്ലിനു മാത്രമേ അങ്ങനെയുള്ള കാര്യങ്ങളിൽ ഫലപ്രദമായി ഇടപെടാൻ കഴിയൂ.