ഒരു ഹാർഡ് കോർ മമ്മൂട്ടി ഫാൻ ആയിരുന്നു പി.ടി.റത്തീന. മമ്മൂട്ടി അഭിനയിക്കുന്ന സിനിമയുടെ ലൊക്കേഷനുകളിൽ സ്ഥിര സാന്നിധ്യമായിരുന്നു പത്തുവർഷം മുൻപ് വരെ റത്തീന. ഒടുവിൽ മമ്മൂട്ടി തന്നെ കയ്യോടെ പൊക്കുകയും ചെയ്തു. അന്ന് റത്തീന മമ്മൂട്ടിയോട് പറഞ്ഞ ആഗ്രഹമാണ് പത്തുവർഷങ്ങൾക്കിപ്പുറം ‘പുഴു’ എന്ന സിനിമയിലൂടെ റത്തീന സാധിച്ചത്. മറ്റൊന്നുമല്ല.. മമ്മുക്കയെ വച്ചൊരു സിനിമ ചെയ്യണം എന്ന് മമ്മൂട്ടിയോട് അന്ന് തുറന്നുപറഞ്ഞ ആ ആഗ്രഹം.
എന്നാൽ പുരുഷകേന്ദ്രീകൃതമായ സിനിമാ സംവിധാന മേഖലയിൽ സ്ത്രീകൾക്ക് വെല്ലുവിളികൾ ഉണ്ടോ എന്ന ചോദ്യത്തിന് റത്തീന പറഞ്ഞ മറുപടി ഇങ്ങനെ ആയിരുന്നു. ” ഒരുകൂട്ടം പുരുഷന്മാർക്കിടയിൽ എനിക്കതു സാധിക്കും എന്ന വെല്ലുവിളി ഏറ്റെടുക്കാൻ ആദ്യകാലങ്ങളിൽ ബുദ്ധിമുട്ട് തോന്നിയിരുന്നു. എന്നാൽ പുഴു ചെയ്തപ്പോൾ എന്റെ കഴിവിൽ വിശ്വാസമുള്ള ചിലർ എനിക്കൊപ്പം ചേർന്നു നിന്നു. മമ്മുക്കയും പാർവതിയും ഒക്കെ ഒപ്പം കട്ടയ്ക്കു നിന്നു .അതുകൊണ്ടു പ്രശ്നമുണ്ടായില്ല. എന്നാൽ ഇനിയങ്ങോട്ടുള്ള വർക്കുകളിൽ അങ്ങനെ ഉള്ളവരെ കിട്ടണം എന്നില്ല. ഒരു സിനിമ കൊണ്ട് മാത്രം എന്റെ മുന്നിൽ റോസാപ്പൂ വിതറിയ വഴികൾ തെളിഞ്ഞു വരുമെന്ന് ഞാൻ കരുതുന്നില്ല . ഇതുവരെയൊക്കെ എത്തിയില്ലേ .. ഇനി പിടിച്ചുനിൽക്കാൻ സാധിച്ചേയ്ക്കും.” റത്തീന പറഞ്ഞു.