പുനർജന്മം (1972)
TC Rajesh Sindhu
ഇന്ത്യൻ സിനിമയിലെ ആദ്യത്തെ ഇറോട്ടിക് സൈക്കിക് ത്രില്ലറായി വിശേഷിപ്പിക്കപ്പെടുന്ന ചിത്രമാണ് തോപ്പിൽ ഭാസിയുടെ രചനയിൽ കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത് ‘എ’ സർട്ടിഫിക്കറ്റോടെ 1972 ഓഗസ്റ്റിൽ റിലീസ് ചെയ്ത ‘പുനർജന്മം’. മനശ്ശാസ്ത്രജ്ഞനായ എ.ടി.കോവൂരിന്റെ കേസ് ഡയറിയിൽ നിന്നെടുത്ത സംഭവ കഥയാണിതെന്ന് സിനിമയുടെ തുടക്കത്തിൽതന്നെ പറയുന്നുണ്ട്. കോവൂരിന്റെ ഇംഗ്‌ളീഷിലുള്ള അൽപം ദീർഘമായ അവതരണത്തിലാണ് സിനിമ ആരംഭിക്കുന്നത്. ടൈറ്റിലുകൾ തീരുന്നതുവരെ വോയ്‌സ് ഓവറായി കോവൂരിന്റെ പ്രഭാഷണം നമുക്കു കേൾക്കാം. സിനിമയുടെ അവസാനഭാഗത്ത് ഏതാനും സീനുകളിൽ മനശ്ശാസ്ത്രജ്ഞനായിത്തന്നെ കോവൂർ ഈ സിനിമയിൽ വേഷമിടുന്നുമുണ്ട്.
ഇറോട്ടിക്, സൈക്കിക് എന്നൊക്കെയുള്ള വിശേഷണങ്ങൾ കേട്ട് ഇന്ന് ഈ സിനിമ കണ്ടാൽ നമുക്കു ചിരിവരും. പക്ഷേ, എഴുപതുകളുടെ തുടക്കകാലത്ത് ഈ സിനിമ ഒരു സംഭവം തന്നെ ആയിരുന്നിരിക്കണം. ഒരു റിയലിസ്റ്റിക് സിനിമയെന്ന് ഇതിനെ വിശേഷിപ്പിക്കാം. കഥ ആവശ്യപ്പെടുന്നതിനനുസരിച്ച് ജയഭാരതിയുടെ അൽപം ശരീരപ്രദർശനവും ഏതാനും ചില ദ്വയാര്‍ഥപ്രയോഗങ്ങളും നസീറും ജയഭാരതിയും ചേര്‍ന്ന അല്‍പം ചൂടുള്ള ഒരു രംഗവുമാണ് സിനിമയിലെ ഇറോട്ടിക്കും എ സര്‍ട്ടിഫിക്കറ്റിന്‍റെ വഴിയും. പക്ഷേ, അതൊന്നും ഇന്നത്തെ പല സിനിമകളിലുമുള്ളതിന്റെ ചെറിയൊരംശംപോലും വരില്ല.
സിനിമയിൽ അടൂർ ഭാസി അവതരിപ്പിക്കുന്ന അച്ഛന് ഒറ്റ ആഗ്രഹമേയുള്ളു. മകൾ രാധയ്ക്ക് ഒരു കുട്ടിയുണ്ടായി കാണണം. അതിനായി അയാൾ മന്ത്രിവാദിയെ വരെ സമീപിക്കുന്നു. പൂജിച്ച നെയ്യും ജപിച്ച നൂലുമൊക്കെയാണ് പ്രതിവിധി. പക്ഷേ, കുട്ടികളുണ്ടാകണമെങ്കിൽ ഇതൊന്നുമല്ല, ആദ്യം വേണ്ടത് ഭാര്യയും ഭർത്താവും തമ്മിലുള്ള ശാരീരിക ബന്ധമാണെന്ന കാര്യം സിനിമയിൽ വളരെ വ്യക്തമായിത്തന്നെ പറയുന്നുണ്ട്. അവസാനം ഇതിനൊരു പ്രതിവിധിതേടി അച്ഛൻ മകളേയും കൂട്ടി മനശ്ശാസ്ത്രജ്ഞനെ കാണുന്നതും ചികിൽസ വേണ്ടിടത്ത് അദ്ദേഹം ആധുനിക വൈദ്യശാസ്ത്രത്തിലെ ഡോക്ടറെ ആശ്രയിക്കുന്നതുമൊക്കെ ഈ സിനിമയിൽ കാണാം. ഇക്കാര്യത്തിൽ അന്ധവിശ്വാസങ്ങൾ ഇന്നും തുടർന്നുപോകുന്ന സാഹചര്യത്തിൽ വേണം അര നൂറ്റാണ്ടുമുൻപ് ഒരു സിനിമ ഇക്കാര്യത്തിൽ ശാസ്ത്രീയമായ നിലപാടെടുത്തതിന്‍റെ പ്രസക്തി മനസ്സിലാക്കാൻ.
1970കളില്‍ ഇന്ത്യയിലും പിന്നാലെ കേരളത്തിലും ഏറെ വ്യാപകമായിരുന്നു കുടുംബാസൂത്രണ ബോധവൽക്കരണം. 70ലാണ് എറണാകുളത്ത് പുരുഷ വന്ധ്യംകരണത്തിനായുള്ള മെഗാ ക്യാംപ് നടക്കുന്നത്. ഇതിനു പിന്നാലെയെത്തിയ ‘പുനർജന്മം’ ഈ വിഷയത്തെ പലയിടത്തും പരാമർശിക്കുന്നുണ്ട്.
മകൾക്ക് കുട്ടികളുണ്ടാകാത്തതിലെ വിഷമം അടൂർ ഭാസി അവതരിപ്പിക്കുന്ന പണിക്കർ, ബഹദൂർ അവതരിപ്പിക്കുന്ന വാല്യക്കാരനായ കുറുപ്പുമായി പങ്കുവയ്ക്കുന്നിടത്തെ സംഭാഷണം ഇപ്രകാരമാണ്-
“കുറുപ്പേ, അവർക്ക് കുഞ്ഞുങ്ങളുണ്ടാകുന്നില്ലല്ലോ.”
“ഇതു പഴയ കാലമൊന്നുമല്ലേ, എല്ലാം നിയന്ത്രണമല്ലേ. ഇപ്പോഴത്തെ പിള്ളാർക്ക് എന്നും ഓടിച്ചാടി നടക്കണം, പ്രസവിക്കാൻ വയ്യ. പോരാത്തതിന് സർക്കാരും അതിന് എല്ലാവിധ ഒത്താശയും ചെയ്യുന്നുണ്ട്. ബസിന്റെയെല്ലാം പിന്നിൽ ഒട്ടിച്ചിട്ടില്ലേ, കുട്ടികൾ വേണ്ടപ്പോൾ മാത്രം…!”
(കൈകൊണ്ട് അന്തരീക്ഷത്തിൽ ഒരു ത്രികോണം വരച്ചുകൊണ്ടാണ് കുറുപ്പ് ഇതു പറയുന്നത്. അക്കാലത്ത് കുടുംബാസൂത്രണത്തിന്റെ ചിഹ്നമായിരുന്നു ചുവന്ന ത്രികോണം.) മറ്റൊരവസരത്തിൽ കുറുപ്പിന്റെ സംഭാഷണം ഇങ്ങനെ: “ഇപ്പോഴത്തെ ചെറുപ്പക്കാരല്ലേ, അഞ്ചോ ആറോ വർഷം കഴിഞ്ഞ് കുട്ടികളുണ്ടായാൽ മതിയെന്ന് തീരുമാനിച്ചിട്ടുണ്ടോ ഇല്ലയോ എന്നാർക്കറിയാം? പോരാഞ്ഞ് അതിനുവേണ്ട എല്ലാ സൂത്രങ്ങളും ഇറങ്ങിയിട്ടുണ്ട്, നിരോധനം….”
(അക്കാലത്ത് പതിയെ പ്രചാരത്തിലേക്കെത്തിക്കൊണ്ടിരുന്ന ഹിന്ദുസ്ഥാൻ ലാറ്റക്‌സിന്റെ ‘നിരോധ്’ എന്ന ഗർഭനിരോധന ഉറയാണ് ഇവിടെ പരാമർശിതം)
അഞ്ചാറു കുട്ടികളുടെ അച്ഛനായ മന്ത്രവാദിയുടെ ഭാര്യയോട് കുറുപ്പിന്റെ ഒരു സംഭാഷണം: “അല്ല പെങ്ങളേ, നമ്മടെ ആശാനെയൊന്ന് ആശുപത്രിയിൽ പറഞ്ഞയച്ചാലേ, ഇനിയിവിടെ കൊച്ചുങ്ങടെ എണ്ണം കൂടുകേമില്ല, രൂപ ഇരുപത്തഞ്ച് കയ്യിൽ കിട്ടുകേം ചെയ്യും.”
(വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയരാകുന്ന പുരുഷന്മാർക്ക് അന്ന് ബക്കറ്റും 25 രൂപയും ഒപ്പം സമ്മാനങ്ങളും നൽകിയിരുന്നതാണ് ഇവിടെ പരാമർശിക്കപ്പെട്ടിരിക്കുന്നത്.)
എവർഗ്രീൻ ഹിറ്റുകളെന്നു പറയാവുന്ന ഒന്നിലേറെ ഗാനങ്ങൾ ഈ സിനിമയിലുണ്ട്. വയലാറെഴുതി ദേവരാജൻ ഈണം നൽകിയ മിക്കവാറും പാട്ടുകൾ കഥാസന്ദർഭവുമായി വളരെയേറെ ചേർന്നു നിൽക്കുന്നവയാണ്. വിദ്യാർഥിയായ രാധയ്ക്ക് അധ്യാപകനായ അരവിന്ദൻ കാളിദാസന്റെ ശാകുന്തളം വിശദീകരിച്ചുകൊടുക്കുകയും തുടർന്ന് അവളിൽ അനുരക്തയായി അരവിന്ദൻ പാടുകയും ചെയ്യുന്ന ഗാനമാണ “കാമിനീ- കാവ്യമോഹിനീ, കാളിദാസന്റെ മാനസനന്ദിനീ…” എന്നാരംഭിക്കുന്ന ഗാനം. “മദനപഞ്ചമി മധുരപഞ്ചമി – ഇന്ന്
മണിയിലഞ്ഞിപൂക്കളിൽ മദജലം നിറയും
മിഥുനപഞ്ചമി…” എന്ന ഗാനം ഏറെ ശ്രദ്ധേയമാകുന്നത് ദൃശ്യങ്ങളിലൂടെയാണ്. പി. മാധുരി പാടിയ ഈ ഗാനം സിനിമയിൽ പാടുന്നത് രാധയാണ്. പക്ഷേ, ദൃശ്യത്തിലുള്ളത് അരവിന്ദന്‍ മാത്രവും. വരികളുടേയും ഈണത്തിന്റെയും ശബ്ദത്തിന്റേയും വികാരമൂർഛ വെള്ളിത്തിരയിൽ അഭിനയിച്ചു പ്രതിഫലിപ്പിക്കുന്നത് നസീറാണ്.
ഇക്കാലത്തും ദാമ്പത്യവിഷയങ്ങൾക്ക് പരിഹാരം തേടി മന്ത്രവാദികളേയും പൂജാരികളേയും കാണാൻപോകാൻ ആളുകൾ മടിക്കാത്തപ്പോൾ അര നൂറ്റാണ്ടു മുൻപ് കാലികപ്രസക്തമായ ഇത്തരമൊരു പ്രമേയം കൈകാര്യം ചെയ്ത മഞ്ഞിലാസും സേതുമാധവനും കാലാനുസൃതമായി തിരക്കഥയും സംഭാഷണവുമെഴുതിയ തോപ്പിൽ ഭാസിയും നമ്മെ അത്ഭുതപ്പെടുത്തുകതന്നെ ചെയ്യും.