1998-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമായ പഞ്ചാബി ഹൗസ്. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവയെല്ലാം നിർവ്വഹിച്ചത് റാഫി മെക്കാർട്ടിൻ ആണ്. ചിത്രം നിർമ്മിച്ചിരിക്കുന്നത് ന്യൂ സാഗാ ഫിലിംസ്. ദിലീപിന്റേയും ഹരിശ്രീ അശോകന്റേയും അഭിനയ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ചിത്രമാണ് പഞ്ചാബി ഹൗസ്. കൊച്ചിൻ ഹനീഫയുടെ കോമഡി വേഷം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ഇത് ഒരു മുഴുനീള കോമഡി ചിത്രമാണ്. ബോക്സ് ഓഫീസിൽ വൻവിജയം നേടി.
ദിലീപ് – ഉണ്ണികൃഷ്ണൻ
മോഹിനി – പൂജ
ജോമോൾ – സുജാത
ലാൽ – സിക്കന്ദർ സിംഗ്
ജനാർദ്ദനൻ – മന്നിന്ദർ സിംഗ്
തിലകൻ – കൈമൾ മാഷ്
എൻ.എഫ്. വർഗ്ഗീസ് – സുജാതയുടെ അച്ഛൻ
കൊച്ചിൻ ഹനീഫ – ഗംഗാധരൻ
ഹരിശ്രീ അശോകൻ – രമണൻ
ഇന്ദ്രൻസ് – ഉത്തമൻ
നീനാ കുറുപ്പ് – മന്നിന്ദർ സിംഗിന്റെ മകൾ
ഉണ്ണി എന്ന ചെറുപ്പക്കാരന് ധാരാളം കടമുണ്ട്. കടമൊഴിവാക്കാൻ അയാൾ കണ്ട മാർഗ്ഗം തന്റെ പേരിലുള്ള ഇൻഷുറൻസ് തുകയാണ്. അതിനായി അയാൾ ആത്മഹത്യ ചെയ്യുവാനായി കടലിൽ ചാടുന്നു. ഭാഗ്യവശാൽ അയാളെ ഗംഗാധരൻ എന്ന ബോട്ടുടമ രക്ഷപ്പെടുത്തുന്നു. ഗംഗാധരന്റെ സഹായിയാണ് രമണൻ. എന്നാൽ ഇവരുടെ അടുത്ത് ഉണ്ണി ബധിരനും മൂകനുമായ ഒരാളായിട്ടാണ് ഇടപെടുന്നത്. ഗംഗാധരൻ പഞ്ചാബി കുടുംബത്തിൽ നിന്ന് പണം കടമെടുത്താണ് ബോട്ട് വാങ്ങിയത്. അതിനാൽ പണം തിരിച്ച് തരുന്നതു വരെ രമണനേയും ഉണ്ണിയേയും മനീന്ദർ സിങ് അവിടെ ജോലിക്ക് നിർത്തുന്നു. അങ്ങനയിരിക്കെ ഉണ്ണി പൂജ എന്ന പെൺകുട്ടിയെ പരിചയപ്പെടുകയും അവർ തമ്മിൽ ഇഷ്ടത്തിലാവുകയും ചെയ്യുന്നു.
ചിത്രത്തിനൊരു രണ്ടാം ഭാഗമുണ്ടായാൽ എങ്ങനെയിരിക്കും ? എന്താകും കഥ ? തീർച്ചയായും ഏതൊരു സിനിമാസ്വാദകന്റെയും മനസ്സിൽ ഓരോ കഥയുണ്ടാകും. തന്റെ മനസിലെ അങ്ങനെയൊരു കഥയാണ് Darsaraj R Surya പറയുന്നത് വായിക്കാം
✍️Darsaraj R Surya
സുജാത (ജോമോൾ ): മനസ്സിലെ സങ്കടം പറഞ്ഞൊന്ന് കരയാൻ പോലും വയ്യ അതിന്,അതിനെ വിട്ടിട്ട് എങ്ങോട്ടാ ഉണ്ണിയേട്ടാ നിങ്ങൾ പോണത്? ഈ കുടുംബത്തിന്റെ മുഴുവൻ ശാപവും വാങ്ങിയിട്ട് നമുക്ക് ഒന്നും നേടേണ്ട.
ഉണ്ണിയേട്ടനെ ഞാൻ ശപിക്കില്ല, ഞങ്ങളാരും ശപിക്കില്ല…..
ഞാൻ ഇനി നിങ്ങളെ ആരേം വിഷമിപ്പിക്കില്ല,
വിധവയുടെ വേഷവും ഇനി കെട്ടില്ല.
ആ മിണ്ടാ പ്രാണിക്കൊരു ജീവിതം കൊടുത്താൽ ഉണ്ണിയേട്ടൻ എന്റെ മനസ്സിൽ ഇനിയും വലുതാവുകയേ ഉള്ളൂ..
നിറഞ്ഞ മനസ്സോടെയാ ഞാനീ പറയുന്നത്..
ശേഷം ഉണ്ണി (ദിലീപ് ) നിറകണ്ണുകളോടുകൂടി സുജാതയുടെ മുഖത്ത് നോക്കി കൈ കൂപ്പുന്നു….
ഒടുവിൽ പൂജയെ (മോഹിനി ) ഉണ്ണി വിവാഹം കഴിക്കുന്നു….
ശേഷം എന്റെ പന്തലിൽ കല്യാണം നടന്നേ എന്ന് ഉച്ചത്തിൽ വിളിച്ച് പറഞ്ഞോണ്ട് ലോറൻസും (മച്ചാൻ വർഗീസ് ) അവിടെ കൂടിയ എല്ലാവരും തുള്ളി ചാടുന്നു…….
ശുഭം ❣️
ഇതാണ് 1998 ൽ നമ്മൾ കണ്ട പഞ്ചാബി ഹൗസിലെ ക്ലൈമാക്സ്.ആ ക്ലൈമാക്സ് വെറും സിനിമ കഥയായി അവിടെ അവസാനിക്കാതെ മുന്നോട്ട് പോയിരുന്നെങ്കിൽ? അതിലെ ഓരോ കഥാപാത്രങ്ങൾക്കും കഥക്കും പിൽക്കാലത്ത് എന്തൊക്കെ മാറ്റങ്ങൾ വന്നിട്ടുണ്ടാവും? ആരൊക്കെ നമ്മളെ വിട്ട് പോയി കാണും? ഇതിന്റെയെല്ലാം ഉത്തരം തേടിയുള്ള എന്റെ എളിയ ശ്രമം ഇവിടെ തുടങ്ങുന്നു……..
My version of Punjabi House 2
——————————————————————–
-രണ്ടായിരമാണ്ടിലെ ഒരു പുലർവേള-
പഞ്ചാബി ഹൗസിന്റെ മുറ്റത്ത് ഒരിക്കൽ കൂടി ലോറൻസിന്റെ പന്തൽ ഉയർന്നു.വിശേഷം വേറൊന്നുമല്ല നമ്മുടെ ഉണ്ണിയുടേയും പൂജയുടേയും കുഞ്ഞിന്റെ നൂല് കെട്ട്.പിന്നെയും പഞ്ചാബി ഹൗസ് ഉത്സവ ലഹരിയിൽ….
നൂല് കെട്ട് കഴിഞ്ഞു.ഇനി സീമന്ത പുത്രനിടാൻ ആഭരണങ്ങൾ കൊണ്ട് വന്നവർക്ക് മുമ്പോട്ടു വരാം.ബഡാ സാബ് സിക്കന്ദർ സിംഗ് (ലാൽ ) വിളിച്ചു പറഞ്ഞു.
ഒട്ടേറെ വിലപിടിപ്പുള്ള ആഭരണങ്ങൾ പഞ്ചാബി ഹൗസിലെ യുവരാജാവിന് ചാർത്താൻ വേണ്ടി പന്തലിൽ ഒരുക്കമായിരുന്നു.പക്ഷെ ഉണ്ണി, നൂല് കെട്ട് കഴിഞ്ഞ ഉടനെ തന്റെ മടിശീലയിൽ നിന്നും ഒരു കുഞ്ഞ് മോതിരം എടുത്ത് കുഞ്ഞിന് ചാർത്താൻ ഒരുങ്ങി.
ഉണ്ണി,അതിനേക്കാൾ വിലപിടിപ്പുള്ള സ്വർണ്ണം വേറെ എത്രയോ ഉണ്ടല്ലോ?ആദ്യമായി കുഞ്ഞിന് ഇതാണോ ഇടുന്നത്? മനീന്ദർ സിംഗ്(ജനാർദ്ദനൻ) അൽപ്പം നീരസത്തോടെ ചോദിച്ചു.
ഉണ്ണി ചുറ്റും നിന്ന എല്ലാരേയും നോക്കി, ഒരു ചെറു പുഞ്ചിരിയോടെ ഉത്തരം പറഞ്ഞു.
അങ്ങ് പറഞ്ഞത് ശരിയാ,ഇത് ഒത്തിരി വിലപിടിപ്പുള്ള മോതിരം ഒന്നുമല്ല പക്ഷെ ഈ മോതിരത്തിനും ഇത് തന്ന വ്യക്തിക്കും എന്റെ ജീവന്റെ വില ഉണ്ട്. കടലിൽ ചാടി ചാവാൻ പോയ എന്നെ രക്ഷിക്കുകയും ഇന്ന് ഈ ഭൂമിയിൽ ഞാൻ ജീവിച്ചിരിക്കാൻ കാരണക്കാരനും ആയ എന്റെ പ്രിയ സുഹൃത്ത് രമണന്റെ(ഹരിശ്രീ അശോകൻ )സമ്മാനമാ ഇത്. ഈ ദിവസം എന്റെ മോന് ഇതിനേക്കാൾ വിലപിടിപ്പുള്ള ഒരു സമ്മാനം കിട്ടാനില്ല.മോന്റെ പേരും ഈ അവസരത്തിൽ എല്ലാവരേയും അറിയിക്കുന്നു.
രമൺ സിംഗ് ❣️
(ഫ്ലാഷ് ബാക്ക് ഓർമ്മ)
1998 ലെ ഉണ്ണിയുടേയും പൂജയുടേയും വിവാഹ ദിവസം.
ഉണ്ണി,ഇത് എന്റെ വക ഒരു സമ്മാനമാ.ഒരു മോതിരം. ഇത് നിന്റെ വിരലിൽ കേറില്ല, അത്രക്ക് ചെറുതാ.നിനക്ക് ഒരു കുട്ടി ഉണ്ടാകുമ്പോൾ അതിനിടാം, എന്നെ കൊണ്ട് അത്രയേ കഴിയോളടാ. അത്രയും പറഞ്ഞോണ്ട് രമണൻ സ്റ്റേജിന്റെ പിന്നിലേക്ക് മാറി…….
ഉണ്ണി ആരും കാണാതെ കണ്ണ് തുടച്ചോണ്ട് ബാക്കി ചടങ്ങുകളിലേക്ക് കടന്നു……
അതേ സമയം അങ്ങ് കടപ്പുറത്ത്,
ടാ രമണാ, നമ്മുടെ ഉണ്ണിയുടെ മോന്റെ നൂല് കെട്ടിന് ഈ നശിച്ച ലേലം കാരണം പോവാൻ പറ്റുമെന്നു തോന്നുന്നില്ലല്ലോടാ.
അതിനെന്താ മുതലാളി,(കൊച്ചിൻ ഹനീഫ )അവന്റെ കുഞ്ഞിനുള്ള എന്റെ സമ്മാനം ഞാൻ 2 വർഷം മുമ്പേ കൊടുത്തു.
ഓഹ് അവൻ അതൊക്കെ ഇപ്പോഴും ഓർത്ത് ഇരിക്കയല്ലേ ഒന്ന് പോടാ…..
മൊതലാളി അങ്ങനെ പറയരുത്. നമ്മൾ ഇപ്പോഴും ഈ കടലിൽ കിടന്ന് പണി എടുക്കുന്നത് കണ്ട് സഹിക്കാൻ വയ്യാതെ പഞ്ചാബി ഹൗസിൽ നല്ല ഉയർന്ന ജോലി വാങ്ങി തരാമെന്നു പറഞ്ഞവനാ ഉണ്ണി.പക്ഷെ നമുക്ക് ഈ കടപ്പുറവും ലേലവും ഒക്കെ ഇല്ലാതെ എന്ത് ജീവിതമാ മൊതലാളി..
അത് ശരിയാടാ രമണാ, എന്നാലും നമ്മൾ കാരണം അവൻ നല്ല നിലയിൽ എത്തിയല്ലോ അത് മതി.
**********************************************
ഒത്തിരി വർഷങ്ങൾക്ക് ശേഷമുള്ള ഒരു സായാഹ്നം
വർഷം 2011 ഏപ്രിൽ 17
ഹലോ
രമണാ, ഞാനാടാ ഉണ്ണി.
ആ പറയടാ ഉണ്ണി, നീ ഞങ്ങളെയൊക്കെ അറിയോടാ? സുഖം തന്നെ നിനക്ക്?
സുഖം… രമണാ നമുക്ക് ഒന്ന് ഇരിക്കണം. നിനക്ക് ഓർമ്മ ഉണ്ടോ പണ്ട് ഉത്തമനും(ഇന്ദ്രൻസ് )നമ്മളും കൂടി ഒരു രാത്രി അടിച്ച് ഫിറ്റ് ആയത്?
ഓർമ്മ ഉണ്ടോന്നോ? നിന്റെ അച്ഛന്റെ അച്ചാർ.
ആ അത് തന്നെ.നീ ഇന്ന് രാത്രി ഇങ്ങ് പോര്.അന്നത്തെ പോലെ ഒന്ന് കൂടി കൂടാം. ഉത്തമനും കാണും.
അത് പിന്നെ ഉണ്ണി……..മുതലാളി പോയ ശേഷം ഞാൻ അടിയൊക്കെ നിർത്തിയതാടാ .പക്ഷെ നീ വിളിക്കുമ്പോൾ….
വിഷമമൊക്കെ മാറ്റാം.നീ വാ രമണാ .
അങ്ങനെ ഏതാണ്ട് പത്ത് പന്ത്രണ്ട് വർഷത്തിന് ശേഷം അവർ മൂന്ന് പേരും പിന്നേം അടിക്കാൻ ഒരുമിച്ചു.
ചിയേർസ്🍻
ഉണ്ണി, എന്നാലും മുതലാളി നമ്മുടെ കൂടെ ഇപ്പോൾ ഇല്ലല്ലോടാ.ഇത്ര പെട്ടന്ന്…. സഹിക്കാൻ പറ്റുന്നില്ലടാ……
പന്ത്രണ്ട് കൊല്ലം ഞാൻ അങ്ങേരുടെ കൂടെ ജോലി എടുത്തടാ. പക്ഷെ ഒറ്റ പൈസ എനിക്ക് ശമ്പളം തന്നിട്ടില്ല.ഞാൻ ശപിച്ചിട്ടുണ്ട് അയ്യാളെ.പക്ഷെ മുതലാളി മരിച്ചു കഴിഞ്ഞപ്പോഴാ എനിക്ക് മനസ്സിലായത് ഞാൻ ഇപ്പോൾ ഉപയോഗിക്കുന്ന ബോട്ടും അയ്യാളുടെ ഇൻഷുറൻസുമെല്ലാം എന്റെ പേരിൽ ആയിരുന്നു എന്ന്.സത്യം പറഞ്ഞാൽ മുതലാളിയുടെ “ടാ രമണാ” എന്നുള്ള വിളി കേൾക്കാൻ കൊതി ആവുന്നു .നഷ്ടപ്പെടുന്നതിന്റെ വക്കിലെ മനുഷ്യന് തിരിച്ചറിവ് വരൂ എന്ന് പറയുന്നത് ശരിയാണെടാ.
അത്രയും പറഞ്ഞോണ്ട് രമണൻ,ഉണ്ണിയുടെ തോളിൽ കിടന്ന് ഏങ്ങി ഏങ്ങി കരഞ്ഞു….
ഉത്തമനും ഉണ്ണിയും കൂടി രമണനെ അശ്വസിപ്പിച്ചു.
കണ്ണുനീർ തുടച്ചോണ്ട് രമണൻ പിന്നേയും കൂട്ടിചേർത്തു,
കള്ള് കൂടിയോ സിഗരറ്റ് വലിയോ ഒന്നും ഇല്ലായിരുന്നടാ മുതലാളിക്ക്.എന്നിട്ടും അങ്ങേർക്ക് കരൾ രോഗം വന്നു. സമയത്തിന് ആഹാരം ഒന്നും കഴിക്കില്ലായിരുന്നു. ഞാനാടാ അയ്യാളെ കൊണ്ട് 45 ആം വയസ്സിൽ നിർബന്ധിച്ചു കല്യാണം കഴിപ്പിച്ചത്. ഒടുവിൽ രണ്ട് പെൺകുഞ്ഞുങ്ങളെയും ഭാര്യേയും നമ്മളെയൊക്കെ കളഞ്ഞിട്ട് അയ്യാൾ പോയല്ലോടാ!!! ആ കുടുംബത്തിന്റെ ബാക്കി ചിലവുകൾ നീ ഏറ്റെടുത്തെന്നറിഞ്ഞപ്പോൾ ഭയങ്കര അഭിമാനം തോന്നിയട ഉണ്ണി നിന്നോട്.പണ്ട് സുജാത പറഞ്ഞ പോലെ എന്റേയും ആ കുടുംബത്തിന്റേയും മനസ്സിൽ നീ ഒത്തിരി വല്യവൻ ആയിമാറി 🙏🏻
രമണാ നീ കരയണ്ട……
നമ്മൾ വിചാരിച്ച പോലെ കാര്യങ്ങൾ നടന്നാൽ പിന്നെ ദൈവത്തിനെന്ത് റോൾ ആടാ? നീ എന്റെ കാര്യം നോക്ക്, നിങ്ങളെയൊക്കെ കുറേ നാള് ഞാൻ ഊമയായി അഭിനയിച്ചു പറ്റിച്ചോണ്ടാവാം ദൈവം എനിക്കൊരു ഊമ കുഞ്ഞിനെ തന്നത്.
അങ്ങനെയൊന്നും പറയണ്ട ഉണ്ണി.ആട്ടെ നമ്മുടെ സിക്കന്ദർ ഭയ്യ ഇപ്പോൾ എവിടെയാ?
ഭയ്യ കുടുംബമായിട്ട് പഞ്ചാബിലെ ലുധിയാനയിലാ.മനീന്ദർ ഭായിയുടെ മരണത്തോടെ കരീഷ്മയും(നീന കുറുപ്പ് )ബാംഗ്ലൂർ പോയി സെറ്റിൽ ആയി.പിന്നെ സുജാതയുടെ കല്യാണം കഴിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട്, പാവം കുട്ടിയാ അവൾ.നാട്ടിൽ അച്ഛനും തീരെ വയ്യ.
രമണാ നിനക്ക് കല്യാണം ഒന്നും വേണ്ടേ? ദേ ഈ ഇരിക്കുന്ന ഉത്തമൻ നമ്മുടെ കുക്കിനെ(പ്രസീത )വളച്ചെടുത്തു. ഓർമ്മയില്ലേ നീ ചോറ് എന്ന് പറഞ്ഞപ്പോൾ ആളെ വിളിച്ച് കൂട്ടി പഞ്ഞിക്കിട്ട ഉത്തമന്റെ സോനാരാ…
എല്ലാം ഓർമ്മ ഉണ്ട് ഉണ്ണി.നീ ഒരു പെഗ്ഗ് കൂടി ഒഴിച്ചേ……….
രമണാ നീ ഇപ്പോഴേ ഓവർ ആണ്…
ഒഴിക്ക് ഉണ്ണി, മരിച്ചു പോയ ഉണ്ണിയുടെ ക്ലോസ് ആയ കൂട്ടുകാരൻ അല്ലേടാ ഞാൻ?
ഉണ്ണി ഞാൻ രണ്ടെണ്ണം അടിച്ചതിന്റെ പേരിൽ പറയുന്നതല്ല. നിനക്ക് ഓർമ്മ ഉണ്ടോ എന്ന് എനിക്കറിയില്ല,നീ സംസാരിക്കും എന്ന് ഞാൻ അറിഞ്ഞ ദിവസം സന്ധ്യക്ക് തുണിയൊക്കെ അലക്കിയിട്ട് കഞ്ഞി കുടിക്കാൻ ഇരുന്നത് ഇന്നലെ കഴിഞ്ഞ പോലെ.ഭയങ്കര വിഷമം ആയിരുന്നു അന്ന്. നിന്നെ കടലിൽ നിന്ന് രക്ഷിച്ചോണ്ട് വന്ന എന്നോട് പോലും നീ അത് മറച്ചു വെച്ച് എന്നോർത്തപ്പോൾ.കഞ്ഞി കുടിക്കാൻ പറ്റാതെ ചുമ്മാ പാത്രത്തിലിട്ട് ഇളക്കി കൊണ്ടിരുന്നപ്പോൾ നീ എന്റെ തോളിൽ തട്ടിയിട്ട് ചോദിച്ചു,
രമണാ നിനക്ക് എന്നോട് ദേഷ്യമാണോ എന്ന്
അപ്പോൾ ഞാൻ പറഞ്ഞ ഒരു മറുപടി ഉണ്ട്,
എനിക്ക് എന്തിനാ ദേഷ്യം? സ്നേഹിച്ചാൽ ചങ്ക് പറിച്ച് കൊടുക്കുന്നവനാ ഈ രമണൻ.
അപ്പോൾ നീ വിചാരിക്കും ഞാൻ എന്തിനാ ഇവിടെ കിടന്ന് ഈ കഷ്ടപ്പെടുന്നത് എന്ന്? മരിക്കാൻ കിടന്നപ്പോൾ ഇച്ചിരി കഞ്ഞിവെള്ളം തന്നേനെ രക്ഷിച്ചത് എന്റെ മുതലാളിയാടാ, ആ അങ്ങേർക്ക് വേണ്ടിയാ ഞാനീ കഷ്ടപ്പെടുന്നത്.പിന്നെ ഏത് കഷ്ടപ്പാടിലും ഞാൻ ഒരു സുഖം കണ്ടെത്തുമെടാ ഇപ്പോൾ ഈ കഞ്ഞി കുടിക്കുമ്പോഴും അതിലും ഒരു സുഖം ഉണ്ട് (സങ്കടം കൊണ്ട് നാവിടറി )
രമണൻ പിന്നേയും കരയാൻ തുടങ്ങിയതോടുകൂടി ഉണ്ണിയും ഉത്തമനും കൂടി താങ്ങി കട്ടിലിൽ കൊണ്ട് കിടത്തി….
രാവിലെ പല്ല് തേക്കാൻ നിൽക്കുമ്പോൾ ഇവന് ഇതൊക്കെ ഓർമ്മ ഉണ്ടാകുമോ എന്തോ? ഉണ്ണി ആത്മഗതം പറഞ്ഞു.
വർഷങ്ങൾ പിന്നേയും കടന്നു പോയി……
2022 ഡിസംബർ 22 ലെ പഞ്ചാബിലെ ലുധിയാനയിലെ ഒരു കോളേജ്.
ടാ സുശാന്തേ നീ അറിഞ്ഞോ? ഫസ്റ്റ് ഇയർ ഡിഗ്രിയിലെ ലഖ്വീർ സിംഗ് തേർഡ് ഇയറിലെ അമർ സിംഗിനെ അടിച്ച് പഞ്ഞിക്കിട്ട ശേഷം ഹോസ്റ്റലിലെ കിണറ്റിലേക്ക് തൂക്കി എറിഞ്ഞത്രേ.
എന്താ കാര്യം?
അവന്റെ പെങ്ങളെ ആ അമർ എന്തോ തോന്ന്യാസം പറഞ്ഞെന്നാ കേട്ടത്.
ആ ബെസ്റ്റ്!!!
എന്നിട്ട് ലഖ്വീർ ഇപ്പോൾ എവിടെയാ?
പ്രിൻസിയുടെ റൂമിലാ.
എന്താടാ നിന്റെ അച്ഛന്റെ പേര്?
സിക്കന്ദർ സിംഗ്
അമ്മയോ?
“സുജാത സിക്കന്ദർ സിംഗ് “