പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്. “ആവാസവ്യൂഹം” എന്ന ശ്രദ്ധേയ ചലച്ചിത്രത്തിൻ്റെ സംവിധായകൻ കൃഷാന്ദ് ഒരുക്കിയ ‘പുരുഷ പ്രേതം’ ഒ ടി ടി റിലീസായി പ്രേക്ഷകർക്ക് മുന്നിലേയ്ക്ക് എത്തുകയാണ്. കോമഡിയാണ് പ്രധാന ജോണറെങ്കിലും മിസ്റ്ററി, ത്രില്ലർ തുടങ്ങിയ പലവിധ സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്ന ചിത്രമാണ് പുരുഷ പ്രേതം. പ്രശാന്ത് അലക്സാണ്ടർ, ദർശന രാജേന്ദ്രൻ, ദേവകി രാജേന്ദ്രൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ ഉള്ളത്. മനു തൊടുപുഴയുടെ കഥയെ അടിസ്ഥാനമാക്കി അജിത്ത് ഹരിദാസ് എഴുതിയതാണ് തിരക്കഥ. ഇപ്പോൾ ചിത്രത്തെ കുറിച്ചുള്ള ആസ്വാദകാഭിപ്രായങ്ങൾ വായിക്കാം.

Chanthu S D

പുരുഷപ്രേതം കാണാനുള്ള പ്രചോദനം രണ്ടായിരുന്നു, ഒന്ന് ആവാസവ്യൂഹം പോലൊരു കാഴ്ചയൊരുക്കിയ ഡയറക്ടർ കൃഷാന്ദ്, മറ്റൊന്ന് കഴിഞ്ഞ രണ്ടു ദശാബ്ദക്കാലമായി മലയാള സിനിമയോടൊപ്പം സഞ്ചരിക്കുന്ന പ്രശാന്ത് അലക്സാണ്ടർ – പ്രതീക്ഷ അസ്ഥാനത്തായില്ല, നല്ല രസികൻ പടം. സാധാരണ സിനിമകൾ പ്രേക്ഷകരെ ഏതെങ്കിലും ഒരു മൂഡിൽ അല്ലെങ്കിൽ ഇമോഷനിൽ തളച്ചിടാറാണ് പതിവ്, പുരുഷപ്രേതം പക്ഷെ ജീവിതം പോലെ തന്നെ പല തലങ്ങളിലൂടെ ഇമോഷനുകളിലൂടെ പ്രേക്ഷകരെ കൊണ്ട് പോകുന്നു, തീരേ പ്രെഡിക്റ്റീവ് അല്ലാതെയാണ് സിനിമ മുന്നോട്ടു നീങ്ങുന്നത്.

തുടക്കം മുതൽ ഒടുക്കം വരെ നായക കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ പുരോഗമിക്കുന്നത്, എല്ലാ സീനിലും പ്രശാന്ത് ഉണ്ടെന്നു തന്നെ പറയാം. പല വ്യത്യസ്ത തലങ്ങളിലൂടെ, മാറിമറിയുന്ന ഇമോഷൻസിലൂടെ സഞ്ചരിക്കുന്ന ഒരു നായക കഥാപാത്രത്തെ, അതിലൂടെ ഒരു സിനിമയെ തന്നെ തോളിലേറ്റി കൊണ്ടുപോവുക എന്നത് ഒരു നടനെ സംബന്ധിച്ചിടത്തോളം ചലഞ്ചിങ്ങ് ആയിട്ടുള്ളൊരു റോളാണ്. പ്രശാന്ത് അലക്സാണ്ടർ എന്ന നടൻ അതിൽ വിജയിച്ചു എന്ന് വേണം പറയാൻ, വളരെ അനായാസമായി, സീനുകളിൽ നിന്നും സീനുകളിലേക്ക്, സിനിമയിൽ ഉടനീളം മിന്നിമറയുന്ന വിവിധ ഭാവങ്ങളിലേക്ക്, കുറെയേറെ ലെയറുകൾ ഉള്ളൊരു കഥാപാത്രത്തെ, പ്രേക്ഷകർക്ക് യാതൊരു വിധ കല്ലുകടിക്കും ഇടനൽകാതെ അഭിനയിച്ചു ഫലിപ്പിക്കാൻ പുള്ളിക്ക് കഴിഞ്ഞിട്ടുണ്ട്.

പിന്നെ എടുത്തു പറയേണ്ട രണ്ട് മികച്ച പ്രകടനങ്ങളിലൊന്ന് ജഗദീഷാണ്, രൂപം കൊണ്ടും ഭാവം കൊണ്ടും ഇടയ്ക്ക് റോഷാക്കിലെയോ കാപ്പയിലെയോ റോളുകളുമായി എവിടെയൊക്കെയോ സാമ്യം തോന്നുമെങ്കിലും, പുള്ളി വളരെ നാച്ചുറലായി സിനിമയിലെ ആ പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്തു. മറ്റൊരാൾ പ്രശാന്തിന്റെ പെയർ ആയിട്ട് വന്ന ദേവകി രാജേന്ദ്രൻ ആണ്, ആ റോൾ പുള്ളിക്കാരി കയ്യടക്കത്തോടെ മനോഹരമായി ചെയ്തു വച്ചിരിക്കുന്നു. ദർശന രാജേന്ദ്രന് പക്ഷെ പതിവിൽ നിന്നു വിരുദ്ധമായി ഈ സിനിമയിൽ പ്രത്യേകിച്ച് റോളൊന്നും ഉള്ളതായി തോന്നിയില്ല.
മൊത്തത്തിൽ നല്ലൊരു സിനിമയാണ് പുരുഷപ്രേതം, വളരെ സീരിയസ് ആയിട്ടുള്ള പ്രമേയത്തെ അല്പം നർമ്മം ചാലിച്ച് പ്രേക്ഷകനു കൂടി ആസ്വദിക്കാൻ പറ്റിയ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. പോലീസ് സ്റ്റേഷനും പോലീസുകാരും പ്രമേയമായി ഈയടുത്തിറങ്ങിയ പല മലയാള സിനിമകളിൽ കൊള്ളാവുന്ന ഒരെണ്ണം !!

***

ദേവിക അയ്യർ

ജയ ജയ ജയഹേക്കു ശേഷം ദർശന, ആവാസവ്യൂഹത്തിന് ശേഷം കൃഷാന്ത് പിന്നെ മിനിമം ഗ്യാരൻറ്റിക്ക് ജിയോ ബേബി… Not every one cup of tea എന്നറിഞ്ഞിട്ട് തന്നെ ആണെങ്കിലും മുകളിൽ പറഞ്ഞ പേരുകളിൽ ഉള്ള പ്രതീക്ഷയിൽ ആണ് പുരുഷപ്രേതം കാണാം എന്ന് തീരുമാനിച്ചത്
1) സൂപ്പർ സെബാസ്റ്റിനായി അലക്സാണ്ടറും, പോലീസ് കാരനായി ജഗദീഷുമെല്ലാം സൂപ്പർ ആയിരുന്നു.
2) നല്ല രീതിയിൽ ചിന്തിപ്പിക്കുന്ന ഒരു പ്ലോട്ട് രസകരം ആയി തന്നെ പറഞ്ഞിട്ടുണ്ട്
3) സിനിമ തുടക്കം തൊട്ട് അവസാനം വരേയും ഒരേ ഗ്രാഫിൽ ആണ് പോയത് അത് മിക്കവാറും എല്ലാ സോണി ലൈവ് സിനിമകളും അങ്ങനെ ആയത് കൊണ്ട് കൂടിയാവാം
4) ദർശന മാർക്ക്റ്റിങ്ങിനു അല്ലാതെ സിനിമക്ക് ഒരു ആവശ്യം ആയി തോന്നിയില്ല, മുസ്ലീം പള്ളിക്ക് മുന്നിൽ നിൽക്കുന്നുണ്ടെങ്കിൽക്കൂടിയും ജിയോ ബേബിയുടെ സക്കീർ ആകെ മൊത്തം നടപ്പിലും നടിപ്പിലും ഒരു അച്ചായൻ ആയി തോന്നി
5) പശ്ചാത്തല സംഗീതം സൂപ്പർ ആയിരുന്നു എങ്കിൽ തോന്നുന്നിടത്തെല്ലാം കയറി വരുന്ന റാപ്പ് കേട്ട് തല വേദന എടുത്തു.

***
അബിൻ തിരുവല്ല

പ്രേതം ഇല്ലാത്ത പുരുഷ പ്രേതം

എങ്ങനെ ഒരു ത്രില്ലർ സ്വഭാവമുള്ള കഥ ശുദ്ധ ഹാസ്യത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കാം എന്ന് ഇപ്പോൾ തെളിയിച്ചിരിക്കുകയാണ് പുരുഷപ്രേതം എന്ന സിനിമ. അജിത്ത് ഹരിദാസിന്റെ തിരക്കഥയിൽ കൃഷ്ണാനന്ദ് സംവിധാനം ചെയ്ത് നേരിട്ട് ഓ ടി ടി റിലീസായ (Sony Live) ചിത്രമാണ് പുരുഷപ്രേതം. ഒരു ശവശരീരം കണ്ടു കിട്ടുകയും പിന്നെ അതേ ചുറ്റിപ്പറ്റിയുള്ള നൂലാമാലകളും അതിൽനിന്നും ഉണ്ടാകുന്ന ഹാസ്യവും ഒപ്പം സെബാസ്റ്റ്യൻ എന്ന പോലീസുകാരന്റെ ജീവിതവുമാണ് പുരുഷ പ്രേതം എന്ന സിനിമയുടെ പ്രേമേയം. സംസ്ഥാന സിവിൽ പോലീസിലെ സൂപ്പർ സെബാസ്റ്റ്യൻ എന്നറിയപ്പെടുന്ന സബ് ഇൻസ്പെക്ടർ സെബാസ്റ്റ്യൻ തന്റെ സ്റ്റേഷൻ പരിധിയിലുള്ള പുഴവക്കിൽ നിന്നും ഒരു ജഡം കണ്ടെത്തുന്നു. ഈ ശവശരീരം പിന്നീട് അയാൾക്ക് വലിയ തലവേദന ആകുന്നു. ഈ ഒരു പ്ലോട്ടിൽ നിന്നു കൊണ്ട് പ്രേക്ഷകരെ ഒട്ടും ബോറടിപ്പിക്കാതെയാണ് സിനിമ മുന്നോട്ട് കൊണ്ടുപോയത്. വളരെ മനോഹരമായി തന്നെ തിരക്കഥയിൽ അർഹതപ്പെട്ട സ്ഥാനം എല്ലാവർക്കും നൽകാൻ തിരക്കഥാകൃത്ത് പ്രത്യേകം ശ്രദ്ധിച്ചത് അഭിനന്ദനങ്ങൾ അർഹിക്കുന്ന വസ്തുതയാണ്.

തിരക്കഥയിൽ എടുത്തു പറയേണ്ട മറ്റൊരു കാര്യം ഇതിലെ തമാശകൾ തന്നെയാണ് പ്രേക്ഷകനെ ഒരുതരത്തിലുള്ള കല്ലുകടിയും തോന്നാത്ത വിധം ഉള്ള പുതുമ നിറഞ്ഞ തമാശകളാണ് ഈ സിനിമയിൽ കാണാൻ സാധിച്ചത്. സിറ്റുവേഷൻ കോമഡികൾ (Sitcom) ആണ് തിരക്കഥയിൽ കൂടുതൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അടുത്ത ഇടയ്ക്ക് പുതുമയുള്ള തമാശകൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഈ സിനിമയ്ക്ക് സാധിച്ചു.

അഭിനയ മികവിനെ കുറിച്ച് പറയുകയാണെങ്കിൽ പ്രശാന്ത് അലക്സാണ്ടർ അവതരിപ്പിച്ച എസ് ഐ സെബാസ്റ്റ്യൻ എന്ന കഥാപാത്രം തന്നെയാണ്. തുടക്കത്തിൽ ആക്ഷൻ ഹീറോ ബിജുവിലെ കർക്കശക്കാരനായ എസ്ഐയുടെ പെർഫോമൻസ് എവിടെയോ അനുസ്മരിച്ചു എന്നാലും അത് ഒരിക്കലും ഒരു അനുകരണമായി അനുഭവപ്പെട്ടില്ല. ഒരു പരുക്കനായ പോലീസ് കഥാപാത്രത്തെ എങ്ങനെ മികച്ചതായി അവതരിപ്പിക്കാം എന്നതിൽ അദ്ദേഹം വിജയിച്ചു. പ്രശാന്ത് അലക്സാണ്ടർ ആദ്യമായി നായകനാകുന്ന സിനിമയാണ് പുരുഷ പ്രേതം. ഇതിനുമുമ്പ് യൂത്ത് ഫെസ്റ്റിവൽ എന്ന സിനിമയിൽ എബി കൊച്ചുമോൻ അവതരിപ്പിച്ച ശിവൻ എന്ന നായക കഥാപാത്രത്തിന്റെ ശബ്ദമായി വന്നിട്ടുണ്ട്. മുഷിപ്പിക്കാത്ത രീതിയിൽ പുതുമയുള്ള ഒരു പോലീസ് കഥാപാത്രത്തെ അനശ്വരമാക്കിയിരിക്കുകയാണ് ഇവിടെ പ്രശാന്ത്. പെട്ടെന്ന് തന്നെ സബ് ഇൻസ്പെക്ടർ സെബാസ്റ്റ്യൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. രണ്ടാമത് എടുത്തു പറയേണ്ട പെർഫോമൻസ് ജഗദീഷ് അവതരിപ്പിച്ച കോൺസ്റ്റബിൾ ദിലീപിന്റെയാണ് സെബാസ്റ്റ്യനെ പോലെ തന്നെ തന്നെ വളരെ പരിക്കൻ സ്വഭാവമുള്ള ഒരു പോലീസ് കഥാപാത്രത്തെ അദ്ദേഹവും നന്നായി തന്നെ കാഴ്ചവച്ചു. ഈ സിനിമ ഏറ്റവും പ്രിയപ്പെട്ടതാവാൻ കാരണം ഈ രണ്ട് പോലീസുകാരുടെ പെർഫോമൻസ് ആണെന്ന് പറയേണ്ടിവരും.നായിക ദേവിക രാജേന്ദ്രനും തനിക്ക് ലഭിച്ച കഥാപാത്രം മികച്ച രീതിയിൽ മനോഹരമാക്കി. പിന്നീട് കഥയിലേക്ക് കടന്നുവന്ന ദർശന, ജിയോ ബേബി തുടങ്ങിയവരും താങ്കളുടെ കഥാപാത്രങ്ങളോട് മനോഹരമായ നീതി പുലർത്തി. ഒട്ടും നിരാശ നൽകാതെ മുഴുവൻ കാണാൻ സാധിച്ചു. പ്രിയപ്പെട്ട ആത്മമിത്രം പ്രശാന്ത് ഏട്ടന് ആശംസകൾ ഒന്നും കൂടെ അറിയിക്കുന്നു. Alexander Prasanth

***
Govind Krishna

പുരുഷ പ്രേതത്തിലെ കഥാപാത്രങ്ങളെല്ലാം ഒന്നിന്നൊന്ന് മികച്ചതായിരുന്നുവെങ്കിലുംആദ്യ കയ്യടി ദേ ഈ മനുഷ്യന് തന്നെയാണ്..അലക്സാണ്ടർ പ്രശാന്ത്…What an actor ????What a performance ????. മലയാള സിനിമയിൽ വർഷങ്ങൾ കൊണ്ട് നമ്മൾ കാണുന്ന മുഖമാണ് പ്രശാന്തിന്റേത്.ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ നമുക്ക് സമ്മാനിച്ചിട്ടുണ്ടെങ്കിലും വേണ്ട വിധത്തിൽ പുള്ളി അഭിനന്ദിക്കപ്പെടുന്നത് കണ്ടിട്ടില്ല..എന്നാൽ ഇനി കഥ മാറും.. അത്തരം ഒരു പെർഫോമൻസ് ആണ് പുരുഷ പ്രേതത്തിൽ പുള്ളി കാഴ്ച വച്ചിരിക്കുന്നത്. SI സെബാസ്റ്റ്യൻ ആയി ഓരോ സീനിലും പുള്ളി തകർത്തു. കോമെഡിയും ടൈമിങ്ങും ഒക്കെ കിറു കൃത്യമായി സ്‌ക്രീനിൽ കൊണ്ട് വന്നിട്ടുണ്ട്..ഒരുപക്ഷെ അലക്സാണ്ടർ പ്രശാന്ത് എന്ന നടൻ ഇന്ന് വരെ ചെയ്തതിനേക്കാൾ മികച്ച സിനിമകളും കഥാപാത്രങ്ങളും അദ്ദേഹത്തെ തേടി വരാൻ പോകുന്നത് ഇനി ആയിരിക്കും.. ????പുരുഷ പ്രേതം കാണാത്തവർ തീർച്ചയായും കണ്ടു നോക്കുക

***

Aardraa Nambiar

വാർത്തകൾക്ക് ചരമം അർപ്പിച്ചു കൊണ്ട് പിന്നെയും വാർത്തകൾ വാർത്തയാവും..!!
ചില വാർത്തകൾ പിന്നീട് ഓർമകളിൽ ജീവിക്കും..!!
ചിലവയ്ക്ക് മീതെ കുടീരങ്ങൾ പണിയപ്പെടും..!!
വാർത്തകൾക്ക് മീതെ വാർത്തകൾ അടുക്കി.., മാസാവസാനമോ വർഷാവസാനമോ എല്ലാം കൂടി തൂക്കി വിൽക്കപ്പെടും..!!
വാർത്തകൾ അടുക്കാൻ പതിച്ചു നൽകപ്പെടുന്ന ഇടങ്ങളിൽ പിന്നെയും വാർത്തകൾ അടക്കപ്പെടും..!!
അങ്ങനെ അടക്കപ്പെടുന്ന ചില വാർത്തകൾ പ്രേതങ്ങളായി മാറും..!!
അതിൽ തന്നെ ചിലവ പുരുഷ പ്രേതങ്ങളാവും..!!

വായിച്ച് മറക്കപ്പെടുന്ന പല പല വാർത്തകൾ എങ്ങനെയാണ് ഒരു സിനിമയ്ക്ക് പ്ലോട്ട് ആവുക..?? ഈ ചോദ്യത്തിന് ഉത്തരം നൽകുന്ന കൃഷാന്ദ് ന്റെ രണ്ടാമത്തെ ചിത്രമാണ് പുരുഷ പ്രേതം..!! ആളിന്റെ ആദ്യ ചിത്രമായ ആവാസവ്യൂഹത്തിലും വാർത്തകൾക്ക് പ്രാധാന്യമുണ്ടായിരുന്നു എന്ന കൗതുകത്തിലും ഒരു രസമുണ്ട്..!!

ചിത്രത്തിന് വേണ്ടി നടത്തപ്പെട്ട ഗവേഷണങ്ങൾ ചെറുതല്ല..!! മൈന്യൂട്ട് ആയിട്ടുള്ള ഡീറ്റെയ്ലിങ് പോലും വിട്ടുകളായതെ ചേർത്തിട്ടുണ്ട്..!! ഒരിത്തിരി ശ്രദ്ധിക്കണം എന്നുമാത്രം..!! തുടക്കം മുതൽ ഏറ്റവും അവസാനം എഴുതിക്കാണിക്കുന്ന “ശുഭം” വരെ ശ്രദ്ധിച്ചിരുന്നാൽ ഈ ചിത്രം പറഞ്ഞു വയ്ക്കുന്നത് എന്താണ് എന്തിനാണ് എന്നത് വ്യക്തമാവുന്നുണ്ട് എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്..!! വളരെ സീരിയസ് ആയി എയർ പിടിച്ചു 24×7 കർമനിരതരായി ജീവിക്കുന്ന പൊലീസുകാരെ മാത്രം കണ്ടു ശീലിച്ചിട്ടുള്ള പ്രേക്ഷകർക്ക് അങ്ങനെയൊന്നുമല്ലാത്ത ഒരുകൂട്ടം പൊലീസുകാരെ കാണാം..!! അവരുടെ വ്യത്യസ്തങ്ങളായ സ്വ ഭാവങ്ങൾ കാണാം..!! എത്ര രസമായിട്ടാണ് അവരുടെ ജോലിയോടുള്ള ആത്മാർത്ഥതയും സത്യസന്ധതയും കാണിച്ചിരിക്കുന്നത് എന്നും കാണാം..!!

ദ്വയാർത്ഥപ്രയോഗങ്ങൾ ഇല്ലാത്ത ചിന്തിപ്പിക്കുന്ന തമാശകളും.., മനുഷ്യസഹജമായ പെരുമാറ്റങ്ങളും കുഞ്ഞു കുഞ്ഞു നന്മകളും മറ്റും വളരെ സിംപിൾ ആയി അവതരിപ്പിക്കപ്പെട്ടു എന്നതും ചിത്രത്തിന്റെ പോസിറ്റീവ് ആണ്..!! “സൂപ്പർ സെബാസ്റ്റ്യൻ” എന്ന കഥാപാത്രമായി പ്രശാന്ത് എന്ന അലക്‌സാണ്ടർ പ്രശാന്ത് മികവുറ്റ പ്രകടനം തന്നെ കാഴ്ച വച്ചു..!! സുഖമില്ലാത്ത അമ്മയ്ക്ക് വേണ്ടിയുള്ള ജീവിതവും, ഫ്രസ്ട്രേറ്റഡ് ആയിട്ടുള്ള പേഴ്സണൽ സ്പേസിലെ ബുദ്ധിമുട്ടുകൾ തീർക്കുന്ന രീതിയും, പ്രിയപ്പെട്ടവളുടെ മടിയിൽ ചേർന്ന് കരയാൻ തിരഞ്ഞെടുക്കുന്ന ബുദ്ധിയും, കുറ്റാന്വേഷണ ത്വരയും, ഓറഞ്ച് ജൂസിനോടുള്ള പ്രണയവും, തന്റെ വീരസാഹസിക കഥകൾ ഒപ്പമുള്ളവരോട് വിവരിക്കുന്ന രീതിയുമൊക്കെ നന്നായി കണ്വേ ചെയ്യാൻ ആൾക്ക് സാധിച്ചിട്ടുണ്ട്..!! (ഇച്ചിരി താമസിച്ചിട്ടാണെങ്കിലും നല്ലൊരു കഥാപാത്രമായി നിറഞ്ഞാടാനുള്ള അവസരം ആളിനെ വിശ്വസിച്ചേല്പിച്ച അണിയറപ്രവർത്തകരോട് നന്ദി പറയുന്നു..!!) സെബാസ്റ്റ്യൻ സർ ന് വേണ്ടി എന്തും ചെയ്യുന്ന സഹപ്രവർത്തകൻ ദിലീപ് എന്ന ഓഫീസറായുള്ള ജഗദീഷിന്റെ പ്രകടനവും മികച്ചു നിന്നു..!!

സംവിധായകൻ ജിയോ ബേബിയും Jeo Baby ഹ്യൂമർ നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്..!! ഇനി; ആരാണ് പുരുഷ പ്രേതം..?? എങ്ങനെയാണ് അയാൾ പ്രേതമായത്..?? ആ പ്രേതം ആരെയൊക്കെ ഉപദ്രവിച്ചു..?? എന്നിട്ട് അവർക്കൊക്കെ എന്ത് പറ്റി..?? ചുവന്നകണ്ണടധാരിണിയായ സ്ത്രീ എന്തിനാണ് ഇടയ്ക്കിടെ പൊലീസ് സ്റ്റേഷനിൽ വരുന്നത്..?? അവർക്കൊപ്പമുള്ള പയ്യൻ ആരാണ്..?? കടുവന്ത്ര സ്റ്റേഷൻ പരിധിയിൽ വരുന്ന അവരുടെ വീടിനടുത്തുള്ള മരത്തിൽ തൂങ്ങി മരിച്ചവർ ആരാണ്..?? അവിടെ പ്രേതബാധയുണ്ടോ..?? എല്ലാം വിശദമാക്കണം എന്നുണ്ടെങ്കിലും ചിത്രം കണ്ട് മനസ്സിലാക്കുന്നതിലാണ് ആ ഒരു ഇത് ഉള്ളത് എന്നത് കൊണ്ട് കൂടുതൽ കുറിക്കുന്നില്ല..!! ചിത്രം SonyLiv ഇൽ..!! End Credits Skip ചെയ്യാതെ കണ്ട് ചിന്തിക്കുന്നവർക്കുള്ള ദൃഷ്ടാന്തമൊരുക്കുന്നുണ്ട് കൃഷാന്ദ് എന്ന് പറയാതെ വയ്യാ..!! Kris Hand നൊപ്പം കട്ടയ്ക്ക് കൂട്ടുനിന്ന പ്രൊഡ്യൂസർസ് അഭിനന്ദനങ്ങൾ അർഹിക്കുന്നു എന്നതും കൂടി എടുത്തു പറയുന്നു..!!

***

Jacob George

പുരുഷ പ്രേതം കണ്ടു.സിനിമയുടെ Content and Making നോടൊപ്പം തന്നെ എന്നിലെ പ്രേക്ഷകനെ ഞെട്ടിച്ച ഒന്നാണ് ‘സൂപ്പർ സെബാസ്റ്റ്യൻ’ എന്ന റോൾ ചെയ്‍ത പ്രശാന്ത് അലക്സാണ്ടറുടെ അപ്രതീക്ഷിതവും, ഗംഭീരവുമായ പ്രകടനം.ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ വർഷങ്ങളായി നിറഞ്ഞു നിൽക്കുന്ന പുള്ളിയുടെ കരിയറിലെ തന്നെ ഏക്കാലത്തേയും മികച്ച കഥാപാത്രമെന്ന് അടിവരയിട്ട് ഉറപ്പിക്കാൻ പറ്റുന്ന പ്രകടനം.കഥാപാത്രത്തിൻ്റെ കഥപറച്ചിൽ രീതിയും, ഭയവും, ചമ്മലും ഒക്കെ ഇരുത്തം വന്ന നടനെ പോലെ മികച്ചതായി തന്നെ പുള്ളി അഭിനയിച്ചു.തീർച്ചയായും വരുംകാല മലയാള സിനിമയിൽ പ്രശാന്ത് അലക്സാണ്ടർ എന്ന നടൻ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാകും

*******
Deepu Sadasivan

ആവാസ വ്യൂഹം സിനിമയുടെ സംവിധായകൻ Krishand ന്റെ പുതിയ സിനിമ പുരുഷ പ്രേതം സോണി liv ൽ ഇന്ന് മുതൽ സ്ട്രീം ചെയ്യുന്നുണ്ട്.ഇഷ്ടപ്പെട്ടു, ഡാർക്ക് ഹ്യൂമർ , സറ്റയർ വിഭാഗത്തിൽ പെടും…പ്രശാന്ത് അലക്‌സാണ്ടർ എന്ന നടന് ഇത്രയും പെർഫോമൻസ് സാധ്യത ഉള്ള ഒരു റോൾ കൊടുക്കുകയും പുള്ളി അത് ഗംഭീരമായി അവതരിപ്പിക്കുകയും ചെയ്തത് തന്നെ ഒരു പ്ലെസന്റ് സർപ്രൈസ് ആണ്. പുള്ളിയുടെ നായക കഥാപാത്രം ഉടനീളം നിറഞ്ഞ് നിൽക്കുകയാണ്. Normally ഇത്തരം ഒരു കഥാപാത്രം പ്രമുഖ നടന്മാരിലെത്തുന്നതും അവർ സ്കോർ ചെയ്യുന്നതും ആണ് സംഭവിക്കാറ്. Anyway he deserves an applause…
ജഗദീഷും വളരെ നന്നായി.പോലീസ് നടപടികളെ ആക്ഷേപ ഹാസ്യ രൂപത്തിൽ ഉടനീളം അവതരിപ്പിച്ചതൊക്കെ ആസ്വാദ്യകരം ആയി തോന്നി. must watch മൂവി എന്നാണു എന്റെ അഭിപ്രായം…

***
Ninesh Mohanan

എന്താ പറയുക… ഇങ്ങനെ ഉള്ള സിനിമകൾ കാണുമ്പോൾ ആണ് ഒരു മലയാളി എന്ന രീതിയിൽ സിനിമ ഭ്രാന്തൻ എന്ന രീതിയിൽ അഭിമാനം തോന്നുന്നത്.തന്റെ സിനിമകൾ ആയ ആവാസ വ്യൂഹം, വൃത്താകൃതിയിൽ ഉള്ള ചതുരം എന്നീ രണ്ടു സിനിമകൾ കൊണ്ട് തന്നെ ഫാൻ ബോയ് ആക്കിയ എഴുത്ത് കാരൻ, സംവിധായകൻ ആണ് Krishand????❤️????സിനിമയുടെ content ലെവൽ ആണെങ്കിൽ അതിലെ കഥാപാത്രങ്ങളുടെ രൂപീകരണം ഹൈ ലെവൽ ആണ്. Vibrant ചിന്തകളിലൂടെ പ്രേക്ഷകരെ കൊണ്ട് പോകുന്ന എഴുത്ത്… അവതരണം. അത്രമേൽ ഗംഭീരം ആണ് ഇങ്ങേരുടെ ക്രാഫ്റ്റ് ????

തന്റെ ആദ്യ സിനിമകൾ തന്ന പ്രതീക്ഷകൾ ഒട്ടും കുറക്കാതെ വീണ്ടും വീണ്ടും ഫാൻ ആക്കി കളഞ്ഞു. അന്താരാഷ്ട്ര തലത്തിൽ ചർച്ച ചെയ്യാൻ പറ്റുന്ന തരത്തിലുള്ള സിനിമകൾ ഇനിയും ഇനിയും പ്രതീക്ഷിക്കുന്നു.പുരുഷ പ്രേതം കണ്ടപ്പോൾ മറ്റൊരു സന്തോഷം പ്രശാന്ത് അലക്സാണ്ടർ ചെയ്ത വേഷം ആണ്. സിനിമയുടെ 95% പ്രശാന്ത് അലക്സാണ്ടർ ആണ്. ആ റോൾ ഗംഭീരം ആക്കി എന്ന കാര്യത്തിൽ ആർക്കും തർക്കം ഉണ്ടാകില്ല. ???????? കൂടെ krishand ക്രാഫ്റ്റിലെ സ്ഥിരം ആളുകളും ജഗദീഷ്, ദർശന അങ്ങനെ അങ്ങനെ മികച്ച cast കൂടി വന്നപ്പോൾ ഒരു മികച്ച സിനിമ അനുഭവം ആണ് ലഭിച്ചത്. ????????ആക്ഷേപഹാസ്യം എന്നത്തിന്റെ പുത്തൻ അവതാരണ രീതി ആണ് krishand പ്രത്യേകത ആയി തോന്നിയത്. അത് 3 സിനിമകളിലും കാണാൻ കഴിയും.കൂടുതൽ ഒന്നും പറയാൻ ഇല്ല… പടം അങ്ങ് നന്നായി ബോധിച്ചു

***

 

 

Leave a Reply
You May Also Like

ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 2022, എൻട്രികൾ ക്ഷണിക്കുന്നു

ബൂലോകം ടീവി ഒടിടി പ്ലാറ്റ്ഫോം ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 2022 ആരംഭിച്ചു കഴിഞ്ഞു . 2021…

ഐഎംഡിബി ഈ വർഷത്തെ ഏറ്റവും ജനപ്രിയമായ 10 ഇന്ത്യൻ ചിത്രങ്ങളുടെ പട്ടിക പുറത്തുവിട്ടു

ആർ ആർ ആർ എസ് എസ് രാജമൗലി സംവിധാനം ചെയ്ത RRR മാർച്ച് ആദ്യം അഞ്ച്…

എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം

എബ്രിഡ് ഷൈൻ ഒരുക്കുന്ന പുതിയ ചിത്രം. സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ഹണി റോസ് പ്രധാന…

ഹം ദില്‍ ദേ ചുപ്കെ സനം’ എന്ന ചിത്രത്തിലെ ‘ദഡപ്പ്, ദഡപ്പ്’ ആണ് കെകെയെ ബോളിവുഡിലെ എണ്ണപ്പെട്ട ഗായകനാക്കിയത്.

Sigi G Kunnumpuram കൃഷ്ണകുമാർ കുന്നത്ത് ആദരാഞ്ജലികള്‍ തൃശൂർ തിരുവമ്പാടി സ്വദേശി സി.എസ്.മേനോന്റെയും പൂങ്കുന്നം സ്വദേശി…