ചികിൽസയ്ക്കെന്ന പേരിൽ ലക്ഷങ്ങളും കോടികളും പിരിച്ചെടുക്കുന്ന നന്മ മരങ്ങളുടെ അറിവിലേക്ക്

632

ചികിൽസയ്ക്കെന്ന പേരിൽ ലക്ഷങ്ങളും കോടികളും പിരിച്ചെടുക്കുന്ന നന്മ മരങ്ങളുടെ അറിവിലേക്ക്. തൃശൂർ മെഡി.കോളേജിലെ ശിശുരോഗവിഭാഗം മേധാവി ശ്രീ. പുരുഷോത്തമൻ സാർ എഴുതിയത്. 

പ്രത്യേകിച്ച് ആരെയെങ്കിലും ഉദ്ദേശിച്ചല്ല, കൊള്ളിവെച്ച വാക്കു പറഞ്ഞു അപമാനിക്കാനുമല്ല. സർക്കാർ ഉദ്യോഗസ്ഥൻ ഇങ്ങനെ ഒന്നും പറഞ്ഞു കൂടാ, എങ്കിലും പറയാതെ വയ്യ.

നമ്മുടെ ജനപ്രതിനിധികൾ, സെലിബ്രിറ്റികൾ ഒക്കെ നമ്മുടെ സർക്കാർ സംവിധാനങ്ങൾ ഒരിക്കൽ എങ്കിലും കാണുകയും അനുഭവിക്കുകയും വേണം.
സർക്കാർ സംവിധാനങ്ങൾ എന്നത് ഇവിടത്തെ കോരനും ചക്കിക്കും മാത്രം ഉദ്ദേശിച്ചുള്ളതാണെന്നും, ഞങ്ങൾക്ക് വേണ്ടി അല്ല എന്നും പ്രവർത്തിയിലൂടെ കാണിച്ചു കൊണ്ടിരിക്കുന്ന ഇവരിലെ ഭൂരിപക്ഷത്തെ (സാമാന്യവൽക്കരിക്കുന്നില്ല എങ്കിലും ശരിയായ അർത്ഥത്തിൽ തന്നെ ആണ് ഭൂരിപക്ഷം എന്ന വാക്കു ഉപയോഗിച്ചത്) ഉദ്ദേശിച്ചു തന്നെ
ആരോഗ്യ മേഖലയെ പ്രതിനിധീകരിക്കുന്ന ആൾ ആയതു കൊണ്ട് ആരോഗ്യ മേഖലയിലെ സർവീസുകളെ കുറിച്ചാണ് ഞാൻ ഉദ്ദേശിച്ചത്.
വാതോരാതെ പ്രസംഗിക്കുന്ന പലരും, സർക്കാർ ആശുപത്രികളിലെ സൗകര്യങ്ങളെക്കുറിച്ചു ബോധം ഉള്ളവരല്ല.

അത് കൊണ്ട് തന്നെ ആണ് ഇവരൊക്കെ, ഒന്നുകിൽ വ്യാജ വൈദ്യന്മാരുടെ, അതുമല്ലെങ്കിൽ പഞ്ചനക്ഷത്ര ആശുപത്രിക്കാരുടെ സ്തുതിപാഠകർ ആവുന്നത്.
നിങ്ങൾ ലക്ഷങ്ങൾ വേണം എന്നു പറഞ്ഞ് പണപ്പിരിവു നടത്തുന്ന ചികിത്സകൾ പലതും ഒരു ചില്ലിക്കാശ് പോലും ചിലവില്ലാതെ ഇവിടത്തെ സർക്കാർ സംവിധാനത്തിൽ വർഷങ്ങളായി നടത്തുന്നുണ്ട്. അതേക്കുറിച്ചു പെരുമ്പറ കൊട്ടി പാടുന്നില്ല, മാധ്യമങ്ങൾ കഥ മെനയുന്നില്ല.
ഇതേക്കുറിച്ചു ജനങ്ങളെ അറിയിക്കേണ്ടവർ, നമ്മളും കൂടി ആണെന്നത് മറക്കുന്ന ജനപ്രതിനിധികളെ, സെലിബ്രിറ്റികളെ തള്ളിപ്പറയുക തന്നെ വേണം

ആഴ്ചയിൽ മൂന്നും നാലും കേസ് വെച്ച് ഓരോ മെഡിക്കൽ കോളേജുകളിലും ഓപ്പറേഷൻ നടത്തുന്ന ഹൈഡ്രോകെഫാലസും (Hydrocephalus ), അന്തർ ദേശീയ തലത്തിൽ പോലും അംഗീകരിക്കപ്പെട്ട പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന കോഴിക്കോട് ശിശുരോഗ വിഭാഗത്തിലെ ഇമ്മ്യുണോ ഡെഫിഷ്യൻസി വിഭാഗത്തെയും, ഇവിടെ ഏറെ ചർച്ച ചെയ്യപ്പെടുന്ന മെറ്റബോളിക് ഡിസോർഡറുകളും എല്ലാം ഇവരൊക്കെ അറിയാതെ പോകുന്നത്, ഒരിക്കൽ എങ്കിലും നിങ്ങൾ ഈ സംവിധാനങ്ങൾ ഉപയോഗിക്കാതെ ഇരിക്കുമ്പോഴാണ്.

സർക്കാർ സംവിധാനത്തിൽ കൂടി ഉള്ള സൗജന്യ ചികിത്സ മാത്രമേ ഏതു സർക്കാർ ഉദ്യോഗസ്ഥനും സൗജന്യമായി കൊടുക്കാവൂ എന്ന നിയമം വേണം.
അത് ജനപ്രതി നിധി ആയാലും മന്ത്രി ആയാലും.
അവിടത്തെ ഇല്ലായ്മയും, അവിടത്തെ സൗകര്യങ്ങളും ഒരുപോലെ പങ്കുവെക്കപ്പെടുമ്പോൾ പല കുറവുകളും തിരുത്തപ്പെടും. മാവേലി നാട് വാഴുന്ന കേരളത്തിൽ, മാനുഷർ എല്ലാരും ഒന്ന് പോലെ. ഇമ്മിണി ബല്യ ഒന്നാവാൻ ആരെയും അനുവദിക്കാതിരിക്കുക.

Purushothaman Kuzhikkathukandiyil