മാറുമറയ്ക്കൽ സമരം പോലെ ശരീരം കാഴ്ചപ്പെടണ്ട എന്ന് തീരുമാനിക്കുന്നതിലും ഒരു രാഷ്ട്രീയം ഉണ്ട്

55

Pushpavathy Poypadathu

മാറു മറയ്ക്കാൻ അനുവദിക്കാത്തതിലും അതിനെതിരെ മാറുമറയ്ക്കൽ സമരം നടത്തേണ്ടി വരുന്നതിലും രാഷ്ട്രീയം ഉണ്ട് . ശരീരം കാഴ്ചപ്പെടണ്ട എന്ന് തീരുമാനിക്കുന്നതിൽ അത് പോലൊരു രാഷ്ട്രീയം ഉണ്ട്. അത് തിരിച്ചറിയുന്നത് തന്നെ ആണ് വസ്ത്രധാരണത്തിലെ ആത്മീയത…പ്രശസ്ത ഗായിക പുഷ്പ വതി പോയ്പ്പാടത്തിൻെറ സത്യസന്ധതയും ആർജവവും ഉള്ള കുറിപ്പ്

**

പണ്ട് റേഡിയോ മാത്രം ആശ്രയിച്ചിരുന്ന കാലത്തിൽ ഗാനങ്ങൾ ആസ്വദിച്ചിരുന്ന പോലെയാണോ പുതിയ കാലത്തിലെ ഗാനാസ്വാദന രീതി? ഇന്ന് പാട്ട് കേൾക്കുക എന്നതിൽ നിന്ന് പാട്ട് കാണുക എന്ന രീതിയിലേക്ക് കാലം മാറിയപ്പോൾ കൂടുതൽ വിസിബിലിറ്റി കിട്ടുന്നത് കാഴ്ചയെ തൃപ്തി പെടുത്തുന്ന ഘടകങ്ങൾക്ക് തന്നെയായി. (സോഷ്യൽ പ്രിവിലേജ് എന്നത് വലിയൊരു കാരണമാണ് ). നൃത്ത രംഗത്തായാലും അഭിനയരംഗത്തായാലും കാഴ്ചയുടെആസ്വാദനം നൽകുന്ന സംതൃപ്തികൾ മികവിനെ അടിസ്ഥാനമാക്കിയാണോ? അല്ല കാഴ്ചയിലെ സൗന്ദര്യം കൊടുക്കുന്ന സംതൃപ്തിയാണ്.

കറുത്ത നിറം ആസ്വാദനങ്ങൾക്ക് വലിയതടസ്സമാണ്.പുരുഷന്റെ ശരീര കാഴ്ചയിലേക്കുള്ള കർട്ടൻ ഇടീലായാണ് ഹിജാബും അബായയും എന്ന് തോന്നിയിട്ടുണ്ട്. ഈ കോവിഡ് കാലത്തിൽ മാസ്ക് ന് പകരം നിക്കാബും കൂടി ധരിക്കേണ്ടി വരുമ്പോൾ ആകെ മൊത്തം കറുത്ത മറ. സുന്ദരികളായ മുസ്ലിം സ്ത്രീകൾ കറുത്ത വസ്ത്രം ധരിച് പുരുഷ കാഴ്ചയെ മറക്കുകയോ. ഛെ ! ഒരു സ്ത്രീയിലേക്കുള്ള വഴി ശരീരമല്ലാതാവുകയും അവരുടെ ആത്മാവിലേക്കുള്ള അന്വേഷണമാവുകയും ആരോഗ്യകരമായ ആശയ വിനിമയമാകുകയും ചെയ്യുക എന്നത് പൊതു പുരുഷ ബോധമല്ലല്ലോ.

കണ്ണിലേക്കു നോക്കി സംസാരിക്കാൻ പഠിപ്പിക്കുന്നഈ വസ്ത്രധാരണ രീതി.കണ്ണുകളെ ഉള്ളടക്കി യഥാർത്ഥ സൗന്ദര്യത്തെ കാണുന്നതിലേക്ക് ആത്മാവിനെ ഉണർത്തുകയല്ലേ ചെയ്യുന്നത്? ഒരാളുടെ വസ്ത്രധാരണം അതു അവരുടെ ചോയ്സ് ആകുന്നിടത്തോളം ആർക്കാണ് ഇത്ര പ്രശ്നം? എന്തുകൊണ്ടാണ് പണ്ട് മാറ് മറക്കാൻ വേണ്ടി സ്ത്രീകൾ കഠിനമായി ആഗ്രഹിക്കുകയും സമരം ചെയ്യുകയും തങ്ങളുടെ ശരീരത്തിനു മേലുള്ള സ്വന്തം അവകാശം നേടിയെടുക്കുകയും ചെയ്തത്. അവർ മാറ് മറക്കാതെ നടക്കേണ്ടതിന്റെ ആവശ്യം ആർക്കായിരുന്നു?

ജൈവീകമായി സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്ത ദ്രുവങ്ങളിൽ ഉള്ള പ്രത്യേകതകൾ ഉണ്ട്. പാരസ്പര്യം ഉണ്ടാകേണ്ടത് ആത്മാവിനെ പരസ്പരം അറിഞ്ഞു കൊണ്ടാവണം ആരോഗ്യകരമായസൗഹൃദങ്ങളെ കൊണ്ടാവണം. അവിടെ ഈ വസ്ത്രധാരണം ഒരു വിഷയമാകില്ല. പണ്ട് സംഗീത കോളേജ് ൽ പഠിക്കുവാൻ ചേർന്ന സമയത്ത് അവിടെ സാരി ഉടുക്കാനേ പാടുള്ളു. ഇല്ലെങ്കിൽ പാവാടയും ബ്ലൗസും.or ദാവണി. ചില സീനിയർ ആയ പെൺകുട്ടികൾ ഹോസ്റ്റലിൽ വന്നാൽ പറയുന്ന ഡയലോഗ്സ് ഓർമ വരികയാണ്.. “ഇന്ന്….. സാറ് , സാരി പൊക്കി വായിക്ക് സാരി പൊക്കി വായിക്ക് എന്ന് ഒരശ്ലീല ചുവയോടെ പറഞ്ഞു..”എന്ന്.വീണ ശ്രുതി ചേർക്കാൻ ദാവണിയും പാവാടയും ധരിച് പെൺകുട്ടികൾ കുമ്പിട്ടുനിന്ന് കൊടുക്കുമ്പോൾ ആ കുട്ടികൾ അനുഭവിച്ച ചില അസ്വസ്ഥതകളെ കുറിച്ചും ഓർമ വരുന്നു

അതുകൊണ്ട് തന്നെ ഞാൻ പ്രിൻസിപ്പലിനെ നേരിട്ട് കണ്ട് ചുരിദാർ ധരിക്കാൻ അനുമതി വേണമെന്ന് പറഞ്ഞു. ആദ്യമായി ഞാൻ സാരിയുടുക്കുന്നത് പ്രിയപ്പെട്ട P. സുശീലാ ദേവിടീച്ചർ (പാപ്പി അപ്പച്ചാ.. എന്ന ഗാനം പാടിയപ്രശസ്തയായ സിനിമാ പിന്നണി ഗായിക )എന്നോടുള്ള വാത്സല്യം കൊണ്ട് വാങ്ങിത്തന്ന ഒരു plain പച്ച സാരിയാണ്. ആദ്യമായി സാരിഉടുത്ത് ഒരു മഴദിവസം കേച്ചേരിയിൽ നിന്നും പാലക്കാട്ടേക്ക് പോകാൻ തിരക്കുള്ള ബസിൽ കയറിയതാണ്.. ഒരുകയ്യിൽ നനഞ്ഞ കുട, ബാഗ്, സീറ്റ് കിട്ടാത്തതുകൊണ്ടു മറുകൈ കൊണ്ട് ബസിന്റെ കമ്പി പിടിച്ചു ഒരുവിധം നിന്നതും പിന്നിൽ നിന്നൊരാൾ വയറ്റിൽ ചുറ്റിയൊരു പിടുത്തം. വായിലെ നാവിനു നല്ല ഭാഷ അറിയാവുന്നതുകൊണ്ട് നാലാള് കേട്ടപ്പോൾ അയാൾ പിൻവലിഞ്ഞു. അങ്ങനെ എത്ര എത്ര കഥകൾ ഒരോ പെണ്ണിനും പറയാനുണ്ടാകും.

ആൺ പെൺ വ്യത്യാസമില്ലാതെ കളിച്ചു വളർന്ന ബാല്യവും രാഷ്ട്രീയം പറഞ്ഞു വളർന്ന കൗമാര യൗവനങ്ങളുമാണ് എന്റേത്. അതുകൊണ്ട് തന്നെ പുരുഷന്റെ അധികാര ബോധങ്ങളെ പണ്ടേ വിമർശിക്കാറുണ്ട് .കേരളത്തിൽ ഇതു വളരെ കൂടുതലാണ്. പുതിയ തലമുറയിലെ സ്ത്രീകളും പുരുഷന്മാരും കുറെയൊക്കെ മാറിയിട്ടുണ്ടെന്ന് പറയുന്നു..എന്നിട്ടും എന്താണ് പോക്സോ കേസുകൾ ഇങ്ങനെ വർധിക്കുന്നത്.?