എഴുതിയത് : Abu Adheen Muhammed
ചാവേർ തറവാട്- പുതുമന തറവാട്
മാമാങ്കം എന്ന സിനിമയെ കുറിച്ചു കേൾക്കുന്ന അന്ന് മുതൽ തുടങ്ങിയ ആഗ്രഹം ആണ് തിരുനാവായ പോകാനും, അവിടത്തെ ഇന്ന് നില നിൽക്കുന്ന ചരിത്ര ശേഷിപ്പുകൾ കാണാനും, പറ്റിയാൽ ഒരു വീഡിയോ എടുത്ത് നമ്മുടെ യൂ ട്യൂബ് ചാനലിൽ ഇടാനും..കഴിഞ്ഞ ലീവിന് വന്നപ്പോൾ അവിടെ പോയി എനിക്ക് ഫേസ്ബുക്കിൽ നിന്നും ഗൂഗിളിൽ നിന്നും കിട്ടിയ വിവരങ്ങൾ വച്ചു ഒരു വീഡിയോ അങ്ങു കാച്ചി.അങ്ങനെ മാമാങ്ക ത്തെ പറ്റി കൂടുതൽ അറിഞ്ഞപ്പോളാണ് ചാവേറുകൾ പുറപ്പെട്ടിരുന്ന വള്ളുവനാടൻ നായർ തറവാടുകളെ കുറിച്ച് അറിഞ്ഞത്..അപ്പോൾ തന്നെ ഗൂഗിൾ അമ്മാവന്റെ സഹായം തേടി.. അങ്ങനെയാണ് പുതുമന എന്നു പറയുന്ന ചാവേർ തറവാടിനെ കുറിച്ചറിയുന്നത്. ഒന്നും ആലോചിച്ചില്ല അടുത്ത തവണ നാട്ടിൽ വന്നപ്പോ നേരെ വച്ചു പിടിച്ചു പുതുമന തറവാട് കാണാൻ.. മലപ്പുറം ജില്ലയിലെ മക്കരപ്പറമ്പിനടുത്ത കുറുവ എന്ന പഞ്ചായത്തിലെ വറ്റല്ലൂർ എന്ന സ്ഥലത്താണ് പുതുമന തറവാട് സ്ഥിതി ചെയ്യുന്നത്..
രാവിലെ തന്നെ വീട്ടിൽ നിന്നും പുറപ്പെട്ടു..
8 മണി ആയപ്പോഴേക്ക് അവിടെ എത്തി..
ഒരു പ്ലാനിംഗും ഉണ്ടായിരുന്നില്ല, അവിടെ ആരെങ്കിലും ഉണ്ടാകുമോ,കയറാൻ പറ്റുമോ എന്നൊന്നും അറിയില്ല..പക്ഷെ ഭാഗ്യം എന്നു പറയട്ടെ, അവിടെ ചെന്നപ്പോ എനിക്ക് കാണാൻ കഴിഞ്ഞത് പുതുമന തറവാട്ടിലെ ഇപ്പോഴത്തെ തലമുറയിലെ ഏറ്റവും ഇളയ സന്തതിയായ കൃഷ്ണൻ മാഷിനെയാണ്..ഞാൻ നിലമ്പൂരിൽ നിന്നാണെന്ന് പറഞ്ഞപ്പോ അദ്ദേഹത്തിന് എന്നെക്കാളും നന്നായി നിലമ്പൂർ അറിയാം, കാരണം ഇവിടത്തെ ഒരു സ്കൂളിൽ ഒരുപാട് വർഷം അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്..അങ്ങനെ കൃഷ്ണൻ മാഷുടെ വീട്ടിൽ നിന്നും നേരെ പുതുമന തറവാട്ടിലേക്ക്..രണ്ടടി നടന്നാൽ മതി..
പിന്നെ ഏകദേശം മുക്കാൽ മണിക്കൂറോളം എനിക്ക് തറവാടിന്റെയും, മാമങ്കവും തറവാടും തമ്മിൽ ഉള്ള ബന്ധവും എല്ലാം നല്ല അസ്സൽ വള്ളുവനാടൻ ഭാഷയിൽ പറഞ്ഞു തന്നു..ഞാൻ അവിടെ പോയത് കൃത്യ സമയത്താണ് എന്നു പിന്നീടാണ് എനിക്ക് മനസ്സിലായത്, കാരണം പുതുമന തറവാട് പണ്ട് നാലുകെട്ടായിരുന്നു..പണ്ട് എപ്പോഴൊക്കെയോ പല സമയങ്ങളിലായി തറവാട് പൊളിച്ചതിനാൽ ഇപ്പൊ ചെറിയൊരു ഭാഗം മാത്രമേ അവശേഷിക്കുന്നുള്ളൂ..അതു തന്നെ 400 വർഷത്തോളം പഴക്കം ചെന്നതാണ്..കൃഷ്ണൻ മാഷിന്റെ പ്ലാൻ പ്രകാരം പഴയ ഒറിജിനൽ തറവാട് അദ്ദേഹം പുനർ നിർമിക്കാൻ ശ്രമിക്കുകയാണ്, പണ്ട് എങ്ങനെയാണോ ഉണ്ടായിരുന്നത് അതു പോലെ..അതിന്റെ പണികൾ അവിടെ നടന്നു കൊണ്ടിരിക്കുകയായിരുന്നു..ഒരു ദിവസം വൈകിപോയിരുന്നെങ്കിൽ ഞാൻ പോയത് വെറുതെ ആകുമായിരുന്നു..
അദ്ദേഹത്തിന്റെ വിഷയം മലയാളം ആയിരുന്നു,അതിനാൽ സംസാരം കേട്ടിരിക്കാൻ പ്രത്യേക ഒരു രസമായിരുന്നു..
ആ മുക്കാൽ മണിക്കൂർ കൊണ്ട് ഇത്രയ്ക്കു കാലം ഞാൻ ഗൂഗിൾ അമ്മാവനിൽ നിന്നും മനസ്സിലാക്കിയതല്ല യഥാർത്ഥ ചരിത്രം എന്ന നഗ്ന സത്യം ഞാൻ പതിയെ മനസ്സിലാക്കി..അദ്ദേഹത്തിന്റെ വിവരണം കഴിഞ്ഞപ്പോഴേക്കും ഞാൻ ഏതാണ്ട് 4 നൂറ്റാണ്ട് പുറകിലേക്ക് പോയതായും എന്റെ മുൻപിൽ ഇരിക്കുന്നത് ഒരു അസ്സൽ ചാവേർ പോരാളി ആയും എനിക്ക് അനുഭവപ്പെട്ടു..അത്രക്ക് വ്യക്തമായാണ് ഓരോ കാര്യവും അദ്ദേഹം പറഞ്ഞു തന്നത്..
ഇനി കൃഷ്ണൻ മാഷ് പറഞ്ഞ ചരിത്രം പാറ്റാവുന്നത്ര ചുരുക്കി എന്റെ ഭാഷയിൽ ഞാൻ പറയാൻ ശ്രമിക്കാം..
പുതുമന തറവാട്
വള്ളുവനാട് എന്നു പറയുന്ന അന്നത്തെ നാട്ടുരാജ്യത്തിന്റെ ഭരണം പതിനെട്ടര സ്വരൂപികളുടെ കീഴിലായിരുന്നു. അതിൽ ഒന്നു ഈ പുതുമന തറവാട് ആയിരുന്നു..പ്രധാനമായും നാല് നായർ തറവാടുകളിൽ നിന്നാണ് ചാവേറുകൾ പുറപ്പെട്ടിരുന്നത്..
1.പുതുമന.
2.ചന്ദ്രോത്.
3.വയങ്കര.
4.വേർക്കോട്ട്.
ഈ നാലു വീട്ടിലുള്ളവർ പുറത്തു നിന്നും അന്ന് കല്യാണം കഴിച്ചിരുന്നില്ല, കാരണം സാമൂതിരിയോടുള്ള കുടിപ്പക നശിച്ചുപോകാതിരിക്കാൻ വേണ്ടി തന്നെ..പുതുമന തറവാട്ടിലെ തല മുതിർന്ന പുരുഷന് പണിക്കർ വല്യച്ഛൻ എന്നും മുതിർന്ന സ്ത്രീജനത്തിനു പുതുമന വല്യമ്മ എന്നുമാണ് വിളിച്ചിരുന്നത്..
ഇതിൽ പുതുമന തറവാട്ടിലെ പണിക്കർ(പണിക്കർ എന്നാൽ സ്ഥാനപ്പേരാണ്,നായർ കളരി അഭ്യാസം പഠിച്ചാൽ പണിക്കർ ആയി) ക്കാണ് മറ്റുള്ള എല്ലാ തറവാട്ടിലെയും ചാവേറുകളെ മാമാങ്കത്തിന് തയാർ ആക്കുന്നതിനുള്ള ചുമതല..പുതുമന തറവാടിന്റെ ചരിത്രം ഏകദേശം 12 ആം നൂറ്റാണ്ടിലാണ് ആരംഭിക്കുന്നത്, തറവാടിനു ഒരുപാട് ഭൂ സ്വത്ത് ഉണ്ടായിരുന്നു..ആ പ്രദേശത്തെ നാടുവാഴികൾ ആയിരുന്നു പുതുമന തറവാട്..അതിനാൽ കളരി അഭ്യാസവും ക്രമസമാധാന പാലനവും ആയിരുന്നു പ്രധാന കർമ്മം.
വള്ളുവനാട്ടിലെ അന്നത്തെ രാജാവ് ആയിരുന്ന വള്ളുവക്കൊനാതിരി അല്ലെങ്കിൽ വെള്ളാട്ടിരി എന്നു പറയപ്പെടുന്ന രാജാവും പുതുമന തറവാടും തമ്മിൽ വലിയ ബന്ധം ആണ് ഉണ്ടായിരുന്നത്..
വള്ളുവക്കോനാതിരിയുടെ ഇളയ സഹോദരി സ്ഥാനമാണ് പുതുമന തറവാട്ടിലെ അമ്മക്ക് ഉണ്ടായിരുന്നത്..വള്ളുവക്കോനാതിരി പുതിയ രാജാവായാൽ ഇവിടത്തെ അമ്മക്കാണ് ആദ്യമായി ഓണ പുടവ നൽകുക.അതുപോലെ രാജാവ് മരണപ്പെട്ടാൽ “എന്റെ തമ്പുരാൻ തീപ്പെട്ടേയ്” എന്നു പറഞ്ഞു 3 തവണ നെഞ്ചത്തടിച്ചു കരഞ്ഞാൽ മാത്രമേ ഔദ്യോഗികമായി രാജാവിന്റെ മരണം ഉറപ്പിക്കൂ..അത്രക്കും വേണ്ടപ്പെട്ട തറവാടാണ് പുതുമന എന്നർത്ഥം..അതു കൊണ്ടു തന്നെയാണ് മാമാങ്കത്തിൽ വള്ളുവ ക്കോനാതിരിക്ക് അധികാരം നഷ്ടപ്പെട്ടപ്പോൾ ഈ തറവാടുകളിൽ നിന്നും ചാവേറുകൾ പുറപ്പെട്ടത്..
ചാവേർ കളരി
ഇനി ഇവിടത്തെ കളരി യെപ്പറ്റി പറയാം..
ഏകദേശം 1000 വർഷത്തോളം വർഷം പഴക്കം ഉള്ള കളരിയാണ് നമുക്ക് ഇന്നും ഇവിടെ കാണാൻ സാധിക്കുക..ഈ കുടുംബത്തിൽ ഒരു ആൺ കുഞ്ഞു ജനിച്ചാൽ കളരിത്തറയിൽ കൊണ്ടു പോയി വച്ചു പ്രാർഥിക്കുമായിരുന്നു..ആ കുഞ്ഞു ചാവേർ ആകാൻ ജനിച്ച കുഞ്ഞായിരിക്കും. നമ്മൾ ഇന്ന് കാണുന്ന രീതിയിൽ ഉള്ള കളരിയല്ല അന്നുണ്ടായിരുന്നത്..അന്നത്തെ കളരി വള്ളുവനാടൻ ചാവേർ കളരി ആയിരുന്നു..അന്ന് അഭ്യാസം കൊടുത്തിരുന്നത് ചാവേർ ആവാൻ വേണ്ടിയായിരുന്നു..ചെറിയ കുട്ടിയാകുമ്പോൾ തുടങ്ങുന്ന അഭ്യാസം മെയ് കണ്ണാകുന്നത് വരെ തുടരും,അതും കഴിഞ്ഞു നോക്കു മർമവും ചൂണ്ടു മർമവും പഠിച്ചാൽ മാത്രമേ ഒരാൾക്കു ചാവേർ ആകാൻ യോഗ്യതയാകൂ..അസാമാന്യ മെയ് വഴക്കകമായിരുന്നു ചാവേർ അഭ്യാസികൾക്ക് ഉണ്ടായിരുന്നത്..എത്ര ഉയരത്തിൽ വേണമെങ്കിൽ ചാടി മറിയാനും,തന്റെ നേർക്ക് ഏത് ദിശയിൽ വരുന്ന ഒരു ആക്രമണവും തടയാനും അവർക്ക് നിഷ്പ്രയാസം സാധിച്ചിരുന്നു..
ചാവേർ
മാമാങ്കത്തിലാണ് കേരള ചരിത്രത്തിൽ ആദ്യമായി ചാവേറുകൾ രംഗത്തു വരുന്നത്..മെയ് കണ്ണായി നോക്കു മർമ്മം വരെ സ്വായത്തമാക്കിയ ചാവേറുകൾ മാമാങ്കത്തിന്റെ സമയമായാൽ ആദ്യം പോകുന്നത് വയനാട് തിരുനെല്ലി ക്ഷേത്രത്തിൽ ആണ്..അവിടെ പോയി സ്വയം ഇരിക്കപ്പിണ്ടം വച്ചു അങ്ങാടിപ്പുറത്തുള്ള തിരുമാന്ധാം കുന്നു ക്ഷേത്രത്തിൽ വരുകയും 41 ദിവസം ഭജന ഇരിക്കുകയും ചെയ്യുന്നു..ഈ സമയത്തു അവർ വിശ്രമിച്ചിരുന്നത് ചാവേർ തറ എന്നു പറയുന്ന ഒരു ചെറിയ തറയിലായിരുന്നു..ഇന്നും അതിന്റെ അവശിഷ്ടങ്ങൾ നമുക്ക് അവിടെ കാണാം..ഭജന ഇരുന്നതിനു ശേഷം ചെരക്കപറമ്പ് എന്ന സ്ഥലത്തു പോയി തല മൊട്ടയടിച്ചു മഞ്ഞൾ പുരട്ടി ചുവന്ന കച്ച കെട്ടി പിന്നെ മാലാപറമ്പു എന്ന സ്ഥലത്ത് പോകുന്നു.അവിടെ പോയി അവിടെ ഉണ്ടായിരുന്ന ഒരു ക്ഷേത്രത്തിൽ പ്രാർഥനക്ക് ശേഷം തെച്ചി മാല ചാർത്തി പിന്നീട് വരുന്നത് പുതുമന തറവാടിലേക്കാണ്.ഇവിടെ വന്നു തെക്കിനിക്കടുത്തുള്ള വലിയ കരിങ്കല്ലിൽ കാലു കഴുകി തെക്കിനിത്തറ എന്നു പറയുന്ന ഒരു തറയിൽ നിര നിരയായി ഭക്ഷണത്തിന് ഇരിക്കുന്നു..പുതുമന വല്യ അമ്മ വന്നു ചോറിൽ വെളിച്ചെണ്ണയും ഉപ്പും ചേർത്തു കുഴച്ചു ഉരുളയാക്കി ഓരോരുത്തരെയും ഊട്ടുന്നു..ഈ സമയത്തു അമ്മയുടെ കണ്ണിൽ നിന്നും കണ്ണീർ വരാനോ അവർ കരയാനോ പാടില്ല..അതാണ് നിയമം..
ഈ ചോർ ആണ് ചാവേറുകളുടെ അവസാന ഭക്ഷണം..ഇനി മരിക്കുന്നത് വരെ ജലപാനം ഇല്ല..
ഭക്ഷണം കഴിച്ചതിനു ശേഷം പുതുമന കളരി യിൽ പോയി തൊഴുതതിനു ശേഷം അങ്കക്കലി പൂണ്ടു നിൽക്കുന്ന ചാവേറുകൾ നേരെ തിരുനാവായയിലേക്ക് നടന്നു പോകും..
മാമാങ്കം
12 വർഷം കൂടുമ്പോൾ മാഘ മാസത്തിലെ മകം നക്ഷത്രത്തിൽ 28 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവമാ ആണ് മാമാങ്കം.. മാമാങ്കത്തിന്റെ ചരിത്രത്തിലേക്ക് കടക്കുന്നില്ല..എല്ലാവർക്കും അറിയും എന്നു കരുതുന്നു..
തിരുനാവായയിൽ എത്തുന്ന ചാവേറുകൾ പ്രാർഥനക്ക് ശേഷം തിരുനാവായ ക്ഷേത്രത്തിന്റെ മുന്നിൽ ഒരു ആൽമര ചുവട്ടിൽ ഇരിക്കുന്നു..
ഓരോ മമാങ്കത്തിനും രക്ഷാപുരുഷസ്ഥാനം വഹിക്കുന്ന സാമൂതിരി ഉടവാളും പിടിച്ചു നിലപാട് നിൽക്കുന്ന വളരെ കുറഞ്ഞ ഒരു സമയം ഉണ്ട്..അത് ഓരോ ദിവസവും മാറും..കൃത്യമായി പറയാൻ പറ്റില്ല..ധർമയുദ്ധനിയമ പ്രകാരം ഈ സമയത്തു മാത്രമേ ചാവേറിനു സമൂതിരിയെ ആക്രമിക്കാൻ പറ്റുകയുള്ളൂ..അതുവരെ അവിടെ അങ്കക്കലി പൂണ്ടു അവിടെ ഇരിക്കണം..അവരെ ആരും ശല്യം ചെയ്യില്ല..ചെയ്താൽ മരണം ഉറപ്പാണല്ലോ..വള്ളുവനാട്ടിലെ ചാവേറുകളോട് അന്നത്തെ സാമൂതിരിയുടെ പടയാളികൾക്ക് പോലും ബഹുമാനമായിരുന്നു, അത്രക്ക് വീരശൂര പരാക്രമിയായിരുന്നു ഓരോ ചാവേറും..
ചാവേറുകൾ ഇരിക്കുന്ന സ്ഥലവും നിലപാട് തറയും തമ്മിൽ ഏകദേശം ഒരു കിലോമീറ്റർ ദൂരം വരും..തിരുനാവായ പോയവർക്കു അറിയാമായിരിക്കും..ഇന്ന് കാണുന്ന തിരുനാവായ തിരൂർ റോഡ് അന്ന് പാടത്തിന്റെ വലിയ വരമ്പായിരുന്നു.ആ വരമ്പിലൂടെ വേണം ചവെറുകൾക്ക് നിലപാട് തറയുടെ അടുത്തെത്താൻ..പാടവരമ്പിന്റെ ഇരു വശവും ആയി മൊത്തം 64000 വരുന്ന സാമൂതിരിയുടെ പടയാളികൾ ചാവേറുകളെ വെട്ടി നുറുക്കാൻ നിൽക്കുന്നുണ്ട്..ഇവരെയും മറികടക്കണം..
സാധാരണ ചാവേറുകൾ ചാടി മറിഞ്ഞാണ് വരമ്പു കടക്കുന്നത്, അതിനാൽ അവരോട് വാൾ പയറ്റിൽ നേരിടാൻ സാമൂതിരിയുടെ പടയാളികൾക്ക് കഴിയുമായിരുന്നില്ല..നേരിട്ട് പോരാടിയാൽ സാമൂതിരിയുടെ സേന ജയിക്കുകയുമില്ല…അത് വേറെ കാര്യം..അതിനാൽ ചാവേറുകളെ കുന്തം എറിഞ്ഞു വീഴ്ത്തുകയാണ് ചെയ്തിരുന്നത്..എല്ലാ ചാവേറുകളും അങ്ങനെയാണ് കൊല്ലപ്പെട്ടിയിരുന്നത്..
ഇനി ഈ സമയത്തിനുള്ളിൽ എപ്പോഴെങ്കിലും സാമൂതിരി നിലപാട് തറയിൽ നിന്നും ഇറങ്ങിയാൽ പിന്നെ ചാവേറിന് മുന്നോട്ടു പോകാൻ കഴിയില്ല..അവിടെ നിർത്തണം..അതാണ് ധർമ നിയമം..അപ്പോൾ സാമൂതിരിയുടെ പടയാളികൾ ആക്രമിക്കുകയുമില്ല..ചാവേറിന് തിരിച്ചു വന്നു ആൽത്തറയിൽ ഇരിക്കാം..ഓരോ മാമാങ്കത്തിനും വിരലിൽ എണ്ണാൻ പറ്റുന്ന ചാവേറുകൾ മുതൽ 60 നു മുകളിൽ വരെ എണ്ണം പേര് പോയ ചരിത്രം ഉണ്ട്..ഓരോ ചാവേറിന്റെയും മനസ്സിൽ അടങ്ങാത്ത കുടിപ്പക മാത്രമേ ഉണ്ടാകൂ..കഴിഞ്ഞ മാമങ്കത്തിൽ കൊല്ലപ്പെട്ട തന്റെ പ്രിയപ്പെട്ടവർക്ക് വേണ്ടി പ്രതികാരം ചെയ്യാൻ ആണ് അവർ വരുന്നത്..
ഇനി വേറെ ഒരു ചരിത്രം..
ചാവേർ ആയി മാമാങ്കത്തിന് പോയ ആരും തന്നെ തിരിച്ചു വന്ന ചരിത്രമുണ്ടായിട്ടില്ല..അങ്ങനെ വന്നാൽ ജാതി താഴ്ത്തപ്പെടും, അത് അവർക്ക് മരണത്തേക്കാൾ ഭയാനകരമാണ്..
ഒരു മാമാങ്കത്തിന് പോയ ഒരു പുതുമന പണിക്കർക്കു ഇതു പോലെ 10 ദിവസത്തോളം ശ്രമിച്ചിട്ടും നിലപാട് തറയിൽ എത്താനും പറ്റിയില്ല,സാമൂതിരിയുടെ സൈന്യത്തിന് അദ്ദേഹത്തെ അതു വരെ കൊല്ലാനും പറ്റിയില്ല..അങ്ങനെ അവസാനം മാമാങ്കം കഴിഞ്ഞു..പണിക്കർക്കു സാമൂതിരിയുടെ തല ഇല്ലാതെ തിരിച്ചു പോകാൻ പറ്റില്ല..സാമൂതിരയുടെ പടയാളികളോട് തന്നെ ഒന്നു കൊന്നു തരാൻ പറഞ്ഞു നോക്കിയെങ്കിലും ആരും പേടി കൊണ്ട് തയാറായില്ല..അവസാനം കരിങ്ങമണ്ണ കുറുപ്പ് എന്നു പറയുന്ന ഒരു അഭ്യാസി താൻ സഹായിക്കാം എന്നു പറഞ്ഞു മുന്നോട്ട് വന്നു..തന്നെ കൊല്ലാൻ ആയി പണിക്കർ കഴുത്തു കാണിച്ചു മുട്ടുകുത്തി ഇരുന്നു..വെട്ടാൻ വാൾ ഓങ്ങിയതും മെയ് കണ്ണായിരുന്ന പണിക്കർ അദ്ദേഹം അറിയാതെ തന്നെ തിരിച്ചു ആക്രമിച്ചു പോയി..അങ്ങനെ കുറുപ്പ് മരണപ്പെട്ടു..ഒടുവിൽ പുതുമന കുറുപ്പ് നാട് വിടുകയാണ് ഉണ്ടായത് എന്നു ചരിത്രം പറയുന്നു..
ചന്ദ്രോത് ചന്തുണ്ണി
മാമാങ്കത്തിന്റെ ചരിത്രം പറയുമ്പോൾ മറക്കാതെ പറയേണ്ട പേര്.. ചന്ദ്രോത് ചന്തുണ്ണി..വെറും 16 വയസ്സു മാത്രം ഉണ്ടായിരുന്ന ചാവേർ..സാമൂതിരിയുടെ സൈന്യത്തെ കൊന്നു കൊല വിളിച്ചു കൊണ്ടു മുന്നേറി ആദ്യമായി നിലപാട് തറ വരെ ചാടിയെത്തിയ ചാവേർ..ആദ്യ വെട്ടിൽ നിലപാട് തറയിലെ നിലവിളക്കു മുറിഞ്ഞു പോയി..വാൾ കയ്യിൽ നിന്നും വീണ സാമൂതിരി, അദ്ദേഹം ഒരു വയോധികൻ ആയിരുന്നു, പെട്ടെന്ന് പരിഭ്രമിച്ചു പോയി..
ധർമയുദ്ധനിയമ പ്രകാരം യുദ്ധം ചെയ്യുന്ന ചാവേറിന് നിരായുധനായ ഒരു വൃദ്ധനെ നേരിടാൻ കഴിയുമായിരുന്നില്ല..ചന്തുണ്ണി ആയുധം എടുക്കാൻ പറഞ്ഞെങ്കിലും പിന്നിൽ നിന്ന് സാമൂതിരിയുടെ സഹായി ആയിരുന്ന മങ്ങാട്ടച്ചൻ ചന്തുണ്ണിയെ വെട്ടി വീഴ്ത്തി..അല്ലെങ്കിൽ ഒരു പക്ഷെ ചരിത്രത്തിൽ ആദ്യമായി ഒരു ചാവേർ സാമൂതിരിയുടെ തലയും കൊണ്ടു വന്നേനെ..
1755 ലാണ് അവസാനത്തെ മാമാങ്കം നടക്കുന്നത്..അതിനു ശേഷം ടിപ്പു വിന്റെ പടയോട്ട കാലത്ത് സമൂതിരിക്കു ഭരണം നഷ്ടപ്പെട്ടത്തിനാൽ പിന്നെ മാമാങ്കം ഉണ്ടായിട്ടില്ല..
പുതുമന തറവാട്ടിൽ 1850 ൽ രാമച്ചനുണ്ണി പണിക്കർ എന്ന ഗുരുക്കൾ ആണ് അവസാനമായി കളരി പഠിപ്പിച്ചിരുന്നത്..മാമാങ്കം ഇല്ലാത്തതിനാലും, ബ്രിട്ടീഷ് നിയമത്തിന്റെ ബുദ്ധിമുട്ട് കാരണവുമാണ് കളരി നിർത്തലാക്കിയത്..അതോടെ നൂറ്റാണ്ടുകൾ പഴക്കം ഉള്ള വള്ളുവനാടൻ ചാവേർ കളരിയുടെ തിരശീല വീഴുകയായിരുന്നു..
ഇപ്പോൾ ഉള്ള ഇളം തലമുറക്കാരിൽ ആരും തന്നെ അഭ്യാസികൾ അല്ല, പക്ഷെ ചാവേർ കുടുംബത്തിന്റെ പോരാട്ട വീര്യത്തിനു ഒരു തരി പോലും ഇന്നും കുറവ് വന്നിട്ടില്ല എന്നു കൃഷ്ണൻ മാഷോട് സംസാരിച്ചപ്പോൾ തോന്നിപോയി..
അങ്ങനെ കൃഷ്ണൻ മാഷോട് ഒരുപാട് നന്ദിയും പറഞ്ഞു ഇന്നത്തെ പുതുമന അമ്മ ഉണ്ടാക്കിയ നല്ല ഒരു സംഭാരവും കുടിച്ചു, അടുത്ത മാസം തറവാടിന്റെ എല്ലാ ജോലികളും കഴിഞ്ഞു വരാൻ പറ്റിയാൽ വരാം എന്ന് യാത്രയും പറഞ്ഞു അവിടന്നു ഇറങ്ങി..
പുതുമന തറവാട്ടില് പോയി ഒരു ചെറിയ വീഡിയോ തട്ടിക്കൂട്ടി..പക്ഷെ ഈ വിവരണത്തിൽ പറഞ്ഞ നാലിൽ ഒന്നു പോലും വിഡിയോയിൽ പറയാൻ പറ്റിയില്ല..അതു കൊണ്ടാണ് ഇത്രയും നീളം ഉള്ള ഒരു വിവരണം എഴുതിയത്..പിന്നെ ഒരു കാര്യം, ഇത്രയും പറഞ്ഞ പുതുമന തറവാട് ഒരു വിനോദസഞ്ചാര കേന്ദ്രം അല്ല, അതുകൊണ്ട് ആരെങ്കിലും ഈ കുറിപ്പ് ഇത്രയും വായിക്കുന്നു എങ്കിൽ അവിടെ ദയവു ചെയ്തു അവിടെ പോയി ബുദ്ധിമുട്ടിക്കാതെ ഇരിക്കുക..ഒരു അപേക്ഷയാണ്..
അല്പം ഫോട്ടോസ് ഇവിടെ പോസ്റ്റുന്നു..വൈകാതെ നമ്മുടെ ചാനലിൽ വീഡിയോ പ്രതീക്ഷിക്കാം..