മുഹമ്മദ് സഗീർ പണ്ടാരത്തിൽ
എൻ എഫ് വർഗ്ഗീസ് പിക്ചേഴ്സിൻ്റെ ബാനറിൽ ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും എൻ.എഫ്. വർഗീസ് പിക്ചേഴ്‌സും ചേർന്ന് നിർമ്മിച്ച പ്യാലി സംവിധാനം ചെയ്തിട്ടുള്ളത് നവാഗതരും ദമ്പതികളുമായ ബബിതയും റിന്നുമാണ്.2019 ൽ ഷൂട്ടിങ് പൂർത്തിയായ പ്യാലി കോവിഡ് മൂലം മൂന്നുവർഷം കഴിഞ്ഞ് 2022 ലാണ് തിയറ്ററിലെത്തിയത്. ഇപ്പോൾ ആമസോണ്‍ പ്രൈമിൽ ലഭ്യമായ ഈ ചിത്രത്തിൽ സാഹോദര്യ ബന്ധത്തിന്റെ ആഴവും അതോടൊപ്പം പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ ജീവിതകഷ്ടപ്പാടുകളുമാണ് നമുക്ക് കാണിച്ചുതരുന്നത്.കേരളത്തിൽ തൊഴിൽ തേടിയെത്തി, കെട്ടിടപണിക്കിടെ ഉണ്ടായ അപകടത്തിൽ കൊച്ചിയിൽ വെച്ച് മരിച്ച കശ്മീർ ദമ്പതികളുടെ മക്കളാണ് ജോർജ് ജേക്കബിന്റെ കഥാപാത്രമായ സിയയും അരവ്യ ശർമയുടെ കഥാപാത്രമായ അഞ്ചു വയസ്സുകാരി പ്യാലിയും.
ഒരു ബലൂൺ കച്ചവടക്കാരനിൽ നിന്ന് പ്യാലിക്ക് വേണ്ടി സിയ ഒരു ഹൈഡ്രജൻ ബലൂൺ വാങ്ങിക്കുന്നിടത്തു നിന്ന് ആരംഭിക്കുന്ന സിനിമ, ബലൂൺ ആകാശത്തേക്ക് പൊങ്ങി പറക്കുന്നത് നോക്കി പ്യാലി സിയയോട് പറയുന്നു, അവൾക്കും പറക്കണമെന്ന്!. പിന്നെ കാണുന്നത് അവൾ ഒരു സ്വപ്നത്തിൽ നിന്ന് ഉറക്കമുണരുന്നതാണ്.കൊച്ചിയിൽ ജനിച്ചുവളർന്ന അവർ അച്ഛനമ്മമാരുടെ മരണത്തോടെ അനാഥമായ രണ്ടു നിഷ്കളങ്ക ബാല്യങ്ങളാണ്. അതിഥി തൊഴിലാളികളുടെ ഒരു ചേരിയിൽ, പഠിക്കേണ്ട പ്രായത്തിൽ, തന്റെ കുഞ്ഞുപെങ്ങളായ പ്യാലിയെ സംരക്ഷിക്കാൻ അഭിമാനത്തോടെ അധ്വാനിച്ച്, ജീവിക്കുകയാണ് സിയ. ഇതിനിടയിൽ നന്നായി ചിത്രം വരക്കുന്ന പ്യാലിക്ക് കളറുകളും പെൻസിലുകളും അവൻ വാങ്ങി നൽകാറുണ്ട്. ഇതുകൊണ്ട് അവൾ അവൻ കച്ചവടത്തിനുപോകുന്ന സമയങ്ങളിൽ നിറയെ ചിത്രങ്ങൾ വരച്ചു. സിഗനൽ സമയത്ത് റോഡിൽ നിർത്തുന്ന വാഹനയാത്രക്കാർക്ക് പാവകളെ വിറ്റുകിട്ടുന്ന കൂലി കൊണ്ടാണ് സിയയും പ്യാലിയും കഴിഞ്ഞുകൂടുന്നത്. ഇത് ഇവരെ വിൽക്കാൻ ഏല്പിക്കുന്നത് മാമുക്കോയയുടെ കഥാപാത്രമായ നിക്കോളിനും അയാളുടെ വലൻകൈയായ ആംബ്രു എന്ന അപ്പാനി ശരത്തിന്റെയും കഥാപാത്രമാണ്. ഒരു ദിവസം കച്ചവടത്തിനിടക്ക് ഉണ്ണി മുകുന്ദന്റെ കഥാപാത്രമായ മിസ്ക സയിഹ സൽമാന് ചില്ലറ ഇല്ലാത്തതിനാൽ സിയ സ്വന്തമായി ഉണ്ടാക്കിയ പാവ 30 രൂപക്ക് വിൽക്കുന്നു. അതിനായി അയാൾ അവന് 100 രൂപ നൽകുന്നു. ബാക്കി പൈസ അയാൾ വാങ്ങാതെ പോകുന്നു.
ഈ അധിക പൈസ അവൻ മാറ്റിവെച്ചത് ആംബ്രു കാണുന്നു. ആ പൈസ പിടിച്ചുവാങ്ങിയത്, സിയയുടെ ഒപ്പം കച്ചവടം ചെയ്യുന്ന അവന്റെ കൂട്ടുകാരൻ അമ്പരീഷ് പി എസിന്റെ കഥാപാത്രമായ സഹീർ ചോദ്യം ചെയ്യുന്നു. തുടർന്നുണ്ടായ വഴക്കിൽ ആംബ്രുവിനെ സഹീർ അടിക്കുന്നു. അടികൊണ്ട് താഴെ വീണ അയാൾക്ക് ബോധം പോകുന്നു. അതുകണ്ട് അവിടെ നിന്ന് ഓടിപ്പോയ സഹീർ പട്ടണത്തിൽ ഒരു സ്ഥലത്ത് താമസമാക്കുന്നു. ഇതിന്റെ പേരിൽ സിയയേയും പ്യാലിയേയും അവിടെ നിന്ന് ഇറക്കിവിടുന്നു.
തുടർന്ന് പട്ടണത്തിലെത്തിയ അവരെ ശിശുഭവന്റെ ആൾക്കാരായ സുജിത് ശങ്കറിന്റെ ബിലാലും വിഷ്ണു അഗസ്ത്യയുടെ അലോഷിയും പിടികൂടി ശിശുഭവനിലേക്ക് കൊണ്ട് പോകുമ്പോൾ അവിടെ നിന്ന് ചാടിപ്പോകുന്നു. തുടർന്ന് സഹീറിന്റെ കൂട്ടുകാരൻ കാർത്തിക് വിഷ്ണുവിന്റെ പാപ്പോയിയുടെ സഹായത്താൽ അവർക്ക് താമസിക്കാൻ ആടുകളം മുരുഗദോസിന്റെ സെൽവന്റെ ഒപ്പം പുറംമ്പോക്കിൽ ഒരു ഇടം ഒപ്പിക്കുന്നു. അതോടൊപ്പം അവൻ ജോലിചെയ്യുന്ന റാഫിയുടെ ഡൊമിനി സായിപ്പിന്റെ കൂട്ടുകാരൻ ശ്രീനിവാസന്റെ സെയ്യിദ് ഇക്കയുടെ ആക്രികടയിൽ സിയാക്ക് ജോലിയും ശരിയാക്കുന്നു.
ഒരു ദിവസം സെയ്യിദ് ഇക്കയുടെ മരുമകൻ ബിലാൽ അവിടെ വരുമ്പോൾ സിയയെ അവിടെ കാണുന്നു. അതിന്റെ പേരിൽ സെയ്യിദ് ഇക്കയും ബിലാലും വഴക്കാവുന്നു. തുടർന്ന് അവിടെ ജോലി ചെയ്യുന്ന സിയ പഴയ ആക്രി സാധനങ്ങൾ ഉപയോഗിച്ച് കരകൗശല വസ്തുക്കൾ ഉണ്ടാക്കുന്നു. അതോടൊപ്പം ആ പുറംമ്പോക്കിൽ ആക്രി സാധനങ്ങൾ കൊണ്ട് ചിറകുള്ള ഒരു വീടും സിയ സ്വന്തമായി ഉണ്ടാക്കുന്നു. ഇത് പത്രവാർത്തയാകുന്നു. ഇതിനിടെ പ്യാലിയെ സിയ നല്ലൊരു സ്ക്കൂളിൽ ചേർക്കുന്നു.ഈ സമയം കൊച്ചിയിൽ മുസരീസ് ബിനാലെ ആരംഭിക്കുന്നു.
ഇതിനിടെ സിയ ഒരു രാത്രി പ്യാലിയെ നെടുമ്പാശ്ശേരി എയപോർട്ടിൽ വിമാനം ഇറങ്ങുന്നതും പൊങ്ങുന്നതും കാണിക്കാൻ കൊണ്ട് പോകുന്നു. വരുന്നവഴിയിൽ അവർ സഞ്ചരിച്ച സൈക്കിൾ അപകടത്തിൽപ്പെടുന്നു. സിയയെ കാണാതെ പ്യാലി ഒറ്റയ്ക്ക് അവളുടെ വീട്ടിൽ ഇരുന്ന് കരയുമ്പോൾ ആരോ അവിടെ വരുന്നു. പിന്നെ കാണിക്കുന്നത് സിയ മാത്രം ശിശുഭവനിൽ ഇരിക്കുന്നതാണ്. പ്യാലി എവിടെയെന്ന് ഒരറിവുമില്ല. ആരും പ്യാലിയെ കണ്ടിട്ടില്ല എന്നാണ് അവിടെയുള്ളവർ അവനോട് പറയുന്നത്. പ്യാലിയെ കുറിച്ചറിയാതെ വിഷമിച്ച അവൻ അവിടെ നിന്ന് ചാടി ഇവരുടെ പുറംപോക്കിൽ എത്തുന്നു.
എന്നാൽ അവിടെ അവന്റെ വീടിന്റെ പൊടിപോലും ഉണ്ടായിരുന്നില്ല. അവിടെ ഇരുന്ന് പൊട്ടി കരഞ്ഞ അവനെ ആശ്വസിപ്പിക്കാൻ അവിടെ സെയ്യിദ് ഇക്ക വരുന്നു. എന്നിട്ട് അവനോട് എന്തോ പറയുന്നു. ഇതുകേട്ട് അവിടെ നിന്ന് ഓടി ബിനാലെ നടക്കുന്ന സ്ഥലത്തെത്തുന്ന അവനവിടെ തന്റെ ആ ചിറകുള്ള വീട് കാണാൻ സാധിക്കുന്നു. ഒപ്പം അതിന്റെ മുഖ്യ ക്യൂരിയേറ്റരായ മിസ്ക സയിഹ സൽമാനെയും. അയാളോട് ഈ വീടിന്റെ കാര്യം പറയുന്നത് അവിടെ ജോലിക്ക് വന്ന സെൽവനായിരുന്നു. അങ്ങിനെയാണ് അയാൾ ഈ വീട് ബിനാലയിൽ എത്തിക്കുന്നത്.
എന്നാൽ ഇതൊന്നും അവന് സന്തോഷം തരുന്നില്ല. അവൻ അവിടെയെല്ലാം പ്യാലിയെ തിരയുകയായിരുന്നു. സൽമാനോട് പ്യാലിയെ പറ്റി തിരക്കുമ്പോൾ അയാൾ അവന് മറ്റൊരു മനോഹരകാഴ്ച കാണിച്ചു കൊടുക്കുന്നു. പ്യാലി വരച്ച ചിത്രങ്ങളുടെ പ്രദർശനം. ഒപ്പം അവിടെ ഒരു ഭാഗത്ത് മനോഹരമായി വസ്ത്രം ധരിച്ചു കൊണ്ട് കൊണ്ട് നിൽക്കുന്ന അവളെയും അവനവിടെ കാണാൻ സാധിക്കുന്നു……❤️കുട്ടികളെ ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാകുകയില്ല. അതിനാൽ തന്നെ മനോഹരമായ കാഴ്ചാനുഭവം സമ്മാനിക്കുന്ന പ്യാലിക്ക് വേണ്ടി ആമസോണ്‍ പ്രൈമിൽ ഒരു രണ്ട് മണിക്കൂർ ചിലവഴിച്ചാൽ അത് നഷ്‌ടമാകില്ല.ജിജു സണ്ണിയുടെ ഛായാഗ്രഹണവും ദീപു ജോസഫിന്റെ ചിത്രസംയോജനവും പ്രശാന്ത് പിള്ളയുടെ സംഗീതവും ചിത്രത്തെ കൂടുതൽ ആസ്വാദകരമാക്കുന്നുണ്ട്.