QALA (കല)
*************
Shaju Surendran
ഈ വർഷം ബോളിവുഡിൽ ഗംഗു ബായ് യും, ജൽസയും ഉൾപ്പെടെയുള്ള സിനിമകളിൽ പല നടിമാരുടെയും മികച്ച പ്രകടനങ്ങൾ കണ്ടുവെങ്കിലും ഈയടുത്ത് Netflix ഇൽ റിലീസായ “QALA (കല)” യിലെ തൃപ്തി ഡിമ്രി യുടെ പ്രകടനം അതിനെയെല്ലാം കടത്തി വെട്ടി എന്ന് തന്നെ പറയാം. ഭൂതകാലം വേട്ടയാടുന്ന കല മഞ്ജുശ്രീ എന്ന പിന്നണി ഗായികയായി അഭിനയിച്ച, താരതമ്യേനെ ഒരു പുതു മുഖം എന്ന് പറയാവുന്ന തൃപ്തിയുടെ അഭിനയത്തെ ഗംഭീരം എന്ന് തന്നെ വിശേഷിപ്പിക്കാം. വളരെയധികം മാനസിക, വൈകാരിക പ്രശ്നങ്ങളിലൂടെ കടന്ന് പോകുന്ന കല എന്ന കഥാപാത്രത്തിന്റെ പ്രശ്നങ്ങൾ പ്രേക്ഷകനിലേക്ക് കൂടി എത്തിക്കുന്നതിൽ തൃപ്തി പൂർണ്ണമായി വിജയിച്ചു. കലയുടെ അമ്മയായി നടിച്ച സ്വാസ്തികാ മുഖർജ്ജിയും മികച്ച പ്രകടനം കാഴ്ചവച്ചു.
1940 കളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന “QALA (കല)” സംവിധാനം ചെയ്തിരിക്കുന്നത് അൻവിതാ ദത്ത് ആണ്. മുൻപ് Netflix ന് വേണ്ടി അൻവിത ഒരുക്കിയ “ബുൾബുൾ” എന്ന ചിത്രവും മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു. ഏതാണ്ട് അതേ പറ്റേണിൽ തന്നെയാണ് ഈ സിനിമയും അവതരിപ്പിച്ചിരിക്കിന്നത്. തൃപ്തി തന്നെയായിരുന്നു അതിലും നായിക. 1940 കളിൽ ജീവിച്ചിരുന്ന ഒരു പിന്നണി ഗായികയുടെ കഥ പറയുന്ന ചിത്രമായത് കൂടിക്കൊണ്ട് തന്നെ സൈഗാൾ, ഹേമന്ത് കുമാർ, മജ്രൂഹ് സുൽത്താൻ പുരി പോലുള്ള സംഗീതജ്ഞന്മാരെ പ്രതിനിധീകരിക്കുന്ന കഥാപാത്രങ്ങൾ സിനിമയിൽ വന്ന് പോവുന്നുണ്ട്.
സിദ്ധാർഥ് ദിവാൻ ഒരുക്കിയ മനോഹരമായ ഫ്രയിമുകൾ, സഞ്ജയ് ലീലാ ബൻസാലി സിനിമകളിലേത് പോലുള്ള വമ്പൻ സെറ്റുകൾ, ക്ലാസ്സിക്കൽ ടച്ചുള്ള ഗാനങ്ങളും, പശ്ചാത്തല സംഗീതവും ഒക്കെ “QALA (കല)” എന്ന ചിത്രത്തെ ഏറെ മനോഹരമാക്കുന്നു.പഴയ ശ്യാം ബെനഗൽ സിനിമകളൊക്കെപോലെ വളരെ പതിഞ്ഞ താളത്തിൽ നീങ്ങുന്ന സിനിമയാണ് കല. അതുകൊണ്ട് തന്നെ പൂർണ്ണമായി എന്റർടൈൻമെന്റ് മാത്രം പ്രതീക്ഷിച്ച് കാണുന്നവർക്ക് നിരാശയാവും ഫലം.വളരെ ഡാർക്കായിട്ടുള്ള പശ്ചാത്തലത്തിൽ, പ്രേക്ഷകരുടെ മനസ്സിൽ തട്ടുന്ന രീതിയിൽ ഈ ചിത്രമൊരുക്കിയ അൻവിതാ ദത്തിന് പ്രത്യേക കയ്യടി.👏👏
QALA is Slow but Powerful 😍😍