നിങ്ങൾ പ്രവാസികളെന്ന് പറഞ്ഞ് ചേർത്തു പിടിച്ചത് കോർപ്പറേറ്റുതലവന്മാരെയും അരിപ്രാഞ്ചികളെയും

87

മിസ്റ്റർ പിണറായി വിജയൻ.

പ്രളയം വന്നപ്പോൾ, സർക്കാരിന്റെ കീശയിലുള്ളത് കൊണ്ട് നാട് നന്നാക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ ചാക്കുമെടുത്ത്‌ ഖജനാവ് നിറക്കാൻ പറന്നിറങ്ങിയത് ഇതെ പ്രവാസികളുടെ മുന്നിലാണെന്ന് നിങ്ങൾ മറന്നു പോയി. ഞങ്ങളെന്തിന് സഹായം നൽകണം, സർക്കാർ വേണമെങ്കിൽ ചെയ്യട്ടെ, ഞങ്ങളുടെ പ്രദേശത്തെ ബാധിച്ചില്ലല്ലോ എന്നൊന്നും ചിന്തിക്കാതെ ഉള്ളതെല്ലാം വാരിയെടുത്തു നിങ്ങളുടെ ചാക്കിലേക്ക് നിറക്കുമ്പോൾ ഓരോ പ്രവാസിയും കരുതിയത് എന്റെ നാടാണല്ലോ, എന്റെ സഹോദരങ്ങൾക്കാണല്ലോ എന്നാണ്.

ഒരുപാട് മനുഷ്യരെ ഒരുമിച്ചു പാർപ്പിച്ചിരിക്കുന്ന ലേബർ ക്യാമ്പുകളിൽ, ഓരോ കുടുസ് മുറികളിലും കട്ടിലിനു മേൽ കട്ടിലിൽ ഒന്ന് നിവർന്ന് കിടന്നാൽ താഴെ വീഴുന്ന വിധം സൗകര്യങ്ങളുടെ അപര്യാപ്തതയിൽ കഴിയുന്ന പ്രവാസികളെ നിങ്ങൾ ഓർത്ത് കാണില്ല. വിശപ്പകറ്റാൻ ഉള്ളത് വച്ച് കഴിച്ചു നാവിലെ നാട്ട് ഭക്ഷണത്തിന്റെയും, ഇഷ്ട ഭക്ഷണത്തിന്റെയും രുചി മറന്നു പോയ പ്രവാസികൾ നിങ്ങളുടെ മനസ്സിലേക്ക് വന്നില്ല. മമ്മൂട്ടി ചിത്രം പത്തേമാരിയിൽ പറയുന്ന പോലെ ഏഴായിരം കിട്ടുമ്പോൾ മൂവായിരം കടം മേടിച്ചു പതിനായിരം നാട്ടിലേക്ക് അയക്കുന്ന പ്രവാസികളെ നിങ്ങൾ കണ്ടില്ല. പകരം നിങ്ങൾ കണ്ടതോ, ലോക കേരളാ സഭയെന്ന ധൂർത്തിന്റെ അങ്കത്തട്ടിൽ പ്രവാസികളുടെ പേര് പറഞ്ഞ് ആയിരക്കണക്കിന് രൂപയുടെ ഭക്ഷണം മൂക്ക് മുട്ടെ തിന്ന് മുടിച്ച അരിപ്രാഞ്ചിമാരെയാണ്. നിങ്ങൾ പ്രവാസികളെന്ന് പറഞ്ഞ് ചേർത്തു പിടിച്ചതോ ? ഭീമൻ കോർപ്പറേറ്റുകളുടെ തലവന്മാരെയും അവരിലേക്കുള്ള പാലമായി പ്രവർത്തിക്കുന്ന അരിപ്രാഞ്ചികളെയും.

എന്നിട്ടിപ്പോൾ പ്രവാസ ലോകത്തെ മനുഷ്യരെ നോക്കിയുള്ള ഈ വെല്ലുവിളിയുണ്ടല്ലോ, ഈ നാട്ടുകാരെയല്ലെന്ന, ഇന്ത്യൻ പൗരന്മാരെയല്ലെന്ന മട്ടിൽ അവരോട് കാണിക്കുന്ന അവഗണന ഉണ്ടല്ലോ, കൊറോണ കഴിഞ്ഞാലും ഇത്തരം നെറികേടുകൾ ഇവിടെ മുഴച്ചു തന്നെ നിൽക്കും. പ്രവാസികൾ എല്ലാം യൂസഫ് അലിമാർ അല്ലെന്നും, പണം കൊടുത്തു നാട്ടിൽ ക്വാറന്റൈനും കോവിഡ് അതിജീവനവും നടത്താൻ അവർ അന്യ രാജ്യത്തെ പൗരന്മാരുമല്ലെന്ന് പിണറായി വിജയൻ മനസ്സിലാക്കണം.

ഇവിടെയുള്ളവരെ പോലെ തന്നെ മാസങ്ങളായി ജോലി ഇല്ലാത്തവർ, ജോലി നഷ്ടപ്പെട്ടവർ, ശമ്പളമില്ലാത്തവർ, പലരുടെയും സഹായത്തോടെ മൂന്നു നേരം ഭക്ഷണം കഴിച്ചു കഴിഞ്ഞു കൂടുന്നവർ അടക്കം സാധാരണക്കാരായ ഒരു പറ്റം പാവങ്ങൾ വീടണയാൻ കെഞ്ചുകയാണ്. ചുറ്റും മരണത്തിന്റെ മണിമുഴക്കി കോവിഡ് മഹാമാരി കടന്നു പോകുന്നു. 125 മലയാളികളെ കൊത്തിയെടുത്തു കോവിഡ് എന്ന കഴുകൻ പറന്നുയരുന്നു. മനസ്സ് നാട്ടിലുപേക്ഷിച്ചു ശരീരം മാത്രമായി മണലാരണ്യത്തിൽ കഴിഞ്ഞു കൂടുന്ന മലയാളി സഹോദരങ്ങൾ നാട്ടിലേക്കെത്താൻ ഉള്ളുരുകി നിൽക്കുമ്പോൾ അവരെ തൊഴിക്കുന്ന പണിയാണ് പിണറായി വിജയൻ ചെയ്യുന്നത്.

പണം ആവശ്യപ്പെടുന്നത് കാണുമ്പോൾ ലജ്ജ തോന്നുന്നു. ലോക തീറ്റപ്പണ്ടാര സഭക്ക് പൊടിച്ച കോടികൾ ഉണ്ടായിരുന്നെങ്കിൽ എത്രയോ പ്രവാസികളെ നാട്ടിലെത്തിക്കാൻ കഴിയുമായിരുന്നു, എത്രപേർക്ക് സൗകര്യങ്ങൾ ചെയ്തു കൊടുക്കാൻ സാധിക്കുമായിരുന്നു.അവിടെ പ്രവാസ ലോകത്ത് മനുഷ്യർ മനസ്സ് കോർത്തു, ഹൃദയം കൊണ്ട് ചേർന്ന് നിന്ന് കഴിയാവുന്നതെല്ലാം ചെയ്യുന്നു. അവിടുത്തെ ഗവൺമെന്റുകൾ കഴിയാവുന്ന സഹായങ്ങൾ നൽകുമ്പോൾ കേരളാ സർക്കാർ സ്വന്തം ജനതയെ വേട്ടയാടുകയാണ്. ഇവിടുള്ളത് തള്ളുകൾ മാത്രമാണെന്ന് തിരിച്ചറിയുക. ഇവിടുള്ളത് പി ആർ വർക്ക് കൊണ്ട് ഊതിവീർപ്പിച്ച ബലൂൺ ആണെന്ന് തിരിച്ചറിയുക. രണ്ടര ലക്ഷം ക്വാറന്റൈൻ എന്ന് തള്ളിയവർ ഇന്ന് ആയിരം ക്വാറന്റൈൻ പോലും ഒരുക്കാൻ കഴിയാതെ ട്രെയിനുകൾ ക്യാൻസൽ ചെയ്യുകയാണ്.

ഇവിടെ, ഏറ്റെടുപ്പും സജ്ജീകരണങ്ങളും തള്ള് മാത്രമായി മാറുമ്പോൾ ക്വാറന്റൈൻ കേന്ദ്രങ്ങൾ പ്രഹസനമായി തീരുന്നു. ഒന്നും ചെയ്യാത്തവർ, ഒന്നും ചെയ്യാൻ കഴിയാത്തവർ, ആദ്യ ലാപ്പിലെ വേഗതയെ കുറിച്ച് നാട് നീളേ പരസ്യം ചെയ്ത് അവസാനലാപ്പിൽ മനുഷ്യരെ മരണത്തിനു വിട്ട് കൊടുക്കുന്ന പണിയാണ് ചെയ്യുന്നത്. കോവിഡ് കടന്നു പോകും, കോവിഡ് കാലത്ത് ഭക്തജനസേനകളെ കൊണ്ടും, മാധ്യമ പി ആർ വർക്കുകൾ കൊണ്ടും തീർത്ത പുകമറ കണ്ട്‌ ആശ്വസിച്ചു ഈ മണ്ണിലേക്കിറങ്ങുമ്പോൾ മരണത്തിനോട് മല്ലടിക്കുന്ന മനുഷ്യരെ പുച്ഛിക്കുന്ന, കോവിഡ് റെക്കോർഡ് നേടാൻ സ്വന്തം ജനതയെ മരണത്തിനു വിട്ട് കൊടുക്കുന്ന സർക്കാരിന്റെ യഥാർത്ഥ മുഖം കാണാം !