Queen of Katwe (2016)
English
ബിജു ജി. നാഥ്
മീരാ നായര്‍ സംവിധാനം ചെയ്ത ഒരു ചിത്രം . വെറും ഒരു ചിത്രം എന്ന് പറഞ്ഞാല്‍ അത് ആ ചിത്രത്തോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹം ആകും . ഉഗാണ്ടയിലെ കമ്പാല എന്ന ചേരിയില്‍ നിന്നൊരു പത്തു വയസ്സുകാരി പെണ്‍കുട്ടി ചെസ്സ് കളിയിലൂടെ ലോക ചെസ്സ് ഒളിമ്പിക്സില്‍ ജേതാവാകുന്ന യഥാര്‍ത്ഥ കഥയുടെ ചലച്ചിത്രാവിഷ്കാരം ആണ് ഈ ചിത്രം.ഫിയാന എന്നാണവളുടെ പേര്. അമ്മയും ചേച്ചിയും രണ്ടു അനിയന്മാരുമായി ചേരിയിലെ ഒരു കൂരയില്‍ ഫിയാനയ്ക് അച്ഛന്‍ ഇല്ല . അമ്മ മാര്‍ക്കറ്റില്‍ കച്ചവടം ചെയ്യുന്നു . ഒപ്പം അവളും അനിയനും പഠനം ഇല്ലാതെ കച്ചവടം ചെയ്തു കുടുംബം പോറ്റുന്നു. കുടുംബത്തോട് വലിയ പ്രതിപത്തി ഇല്ലാത്ത ചേച്ചി അവള്‍ക്കിഷ്ടപ്പെട്ട ഒരാള്‍ക്കൊപ്പം പുറപ്പെട്ടു പോകുന്നു . ഫിയാനയുടെ ജീവിതത്തില്‍ യാദൃശ്ചികമായാണ് കാറ്റണ്ടെ എന്ന കോച്ച് കടന്നു വരുന്നത് . അയാള്‍ നടത്തിയിരുന്ന സോസര്‍ ക്ലബ്ബില്‍ കളി കണ്ടിരുന്ന ഫിയാനയോടു നിങ്ങള്‍ കളിക്കുന്നില്ലേ എന്ന ചോദ്യത്തിന് മുറിവ് പറ്റിയാല്‍ ആശുപത്രിയില്‍ കൊണ്ട് പോകാന്‍ പണമില്ല അതിനാല്‍ അമ്മ സമ്മതിക്കില്ല എന്ന മറുപടി കിട്ടുന്നു . മുറിവ് പറ്റാത്ത ചെസ് കളിച്ചുകൂടെ എന്ന ചോദ്യത്തിന് അതെന്തു സംഗതി എന്ന നിഷ്കളങ്കചോദ്യം മാത്രമാണ് മറുപടിയായി ലഭിക്കുന്നത് . തുടര്‍ന്ന് കോച്ചിന്റെ പിന്നാലെ ചെസ് സ്കൂളില്‍ എത്തുന്ന ഫിയാനയും അനിയനും ക്രമേണ ചെസ്സില്‍ ആകര്‍ഷിക്കപ്പെടുകയും ഫിയാന വളരെ മനോഹരവും ചടുലവുമായ നീക്കങ്ങളിലൂടെ ചെസ് വിജയിക്കുന്ന കാഴ്ചയും ആണ് കോച്ച് കാണുന്നത് .
അവളുടെ കഴിവ് മനസ്സിലാക്കിയ കോച്ച് ഫിയാനയെ പ്രോത്സസാഹിപ്പിക്കുകയും മത്സരങ്ങളില്‍ പങ്കെടുപ്പിക്കുകയും ചെയ്യുന്നു . വിജയം ഓരോ ഇടത്ത് നിന്നും കരസ്ഥമാക്കുന്ന ഫിയാന അതോടെ ഉഗാണ്ടയുടെ പ്രതീക്ഷയാകുന്നു . അമ്മ തന്റെ മകളെ വിട്ടു തരില്ല എന്ന് പറയുന്നുവെങ്കിലും കോച്ച് അവളുടെ പ്രാധാന്യവും കഴിവും മനസ്സിലാക്കി കൊടുക്കുന്നതോടെ അമ്മയുടെ സമ്മതം കിട്ടുന്നു . തുടര്‍ന്ന് സുഡാനിലും റഷ്യയിലും ഒക്കെ മത്സരത്തിനു പോകാന്‍ ഫിയാനയ്ക്ക് കഴിയുന്നു . ആദ്യമായി ഫ്ലൈറ്റില്‍ കയറുന്ന ആ കുട്ടികളുടെ നിമിഷങ്ങളെ പകര്‍ത്തുമ്പോള്‍ ശരിക്കും മനസ്സില്‍ ആ കുട്ടികളെ അറിയാന്‍ കഴിയുന്നുണ്ട് . മേഘങ്ങള്‍ കണ്ടു കോച്ച് ഇതാണോ സ്വര്‍ഗ്ഗം എന്ന് ചോദിക്കുന്ന ഫിയാന ഓര്‍മ്മയില്‍ നിന്നും മറയുന്നില്ല . പരിഷ്കൃത ലോകത്തിനു ചേരികള്‍ നല്‍കുന്ന ദുര്‍ഗന്ധ കാഴ്ചകളും സമീപനങ്ങളും നമ്മുടെ നാട്ടില്‍ മാത്രമല്ല എന്നത് വ്യെക്തമായി ഈ ചിത്രത്തില്‍ മനസ്സിലാക്കാന്‍ കഴിയും . ഫിയാനയുടെ ആഗ്രഹം ഒരു വീടാണ് അമ്മയ്ക്കുള്ള വാഗ്ദാനവും അതാണ് . അനിയനെ ഒരു മോട്ടോര്‍ സൈക്കിള്‍ ഇടിച്ചു വീഴ്ത്തിയപ്പോള്‍ അവനെ ആശുപത്രിയില്‍ കൊണ്ട് പോയതും അവിടെ മരവിപ്പ് പോലും ചെയ്യാതെ മുറിവ് തുന്നിക്കെട്ടുന്നതും തിരികെ അവിടത്തെ ബില്‍ കൊടുക്കാന്‍ പാങ്ങില്ലാതെ ആ അമ്മ കുട്ടികളെയും കൊണ്ട് തിരികെ വരുമ്പോള്‍ വീട്ടുടമ വാടക നല്‍കാത്തതിന് അവരെ ഇറക്കി വിടുകയാണ് .
തുടര്‍ന്ന് വീടില്ലാത്ത ഫിയാന ചെസ്സിലൂടെ പണം കണ്ടെത്തി അമ്മയെ സഹായിച്ചുകൊണ്ട് ഒരു വാടകവീട്ടിലേക്ക് മാറുന്നു . അതിനെ തുടര്‍ന്ന് ഒളിച്ചു പോയ ചേച്ചി ഗര്‍ഭിണിയായി തിരികെ വരുന്നു . ആ അമ്മയുടെയും കൊച്ചു ഫിയാനയുടെയും ചുമതലകള്‍ വര്‍ദ്ധിക്കുകയാണ് . എല്ലാ ബുധിമുട്ടുകളിലും അവളെ ആശ്വസിപ്പിച്ചു മുന്നോട്ടു നടക്കാന്‍ സഹായിക്കുന്നത് കോച്ചും അയാളുടെ സ്നേഹനിധിയായ ഭാര്യയും ആണ് . തുടര്‍ന്നാണ് വാശിയോടെ പഠിച്ചു ഫിയാന ലോക ചെസ് ഒളിമ്പിക്സ് ചാമ്പ്യന്‍ ആകുന്നതും അമ്മയെയും സഹോദരങ്ങളെയും പുതിയ ഒരു വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി അവളുടെ ലക്‌ഷ്യം പൂര്‍ത്തിയാക്കുന്നതും . ഈ ചിത്രം ഒരുപാട് നല്ല മുഹൂര്‍ത്തങ്ങള്‍ പങ്കു വയ്ക്കുന്നുണ്ട് . ജീവിതത്തില്‍ തളര്‍ന്നു പോകുന്നവര്‍ക്കും . പരാജയം മാത്രമാണ് ജീവിതം എന്ന് കരുതുന്നവര്‍ക്കും ഒക്കെ വളരെ നല്ലൊരു ഉപദേശമാണു ഈ ചിത്രം . മനസ്സില്‍ വേദനയും , വാശിയും സന്തോഷവും മാറി മാറി വരുന്ന ജീവിതത്തിലെ ഒരുപാട് മുഹൂര്‍ത്തങ്ങളെ എത്ര നന്നായി ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു . ഒരു ഇംഗ്ലീഷ് ചിത്രം കണ്ടു കണ്ണ് നിറയുകയും നല്ലൊരു ചിത്രം കണ്ടു എന്ന സംതൃപ്തി നല്കുകയും ചെയ്ത ചിത്രമാണ് ക്വീന്‍ ഓഫ് കാത്തെ. ഉഗാണ്ടയുടെ സാമൂഹ്യ രംഗവും ജനജീവിതവും വളരെ മനോഹരമായി ഇതില്‍ കാണാന്‍ കഴിയും . തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് ഇത്. ആശംസകളോടെ ബി.ജി. എന്‍ വര്‍ക്കല