കമ്യൂണിസ്റ്റുകാർ ഉത്തരം പറയേണ്ട ചോദ്യങ്ങൾ

വെള്ളാശേരി ജോസഫ്

മുൻ മുഖ്യമന്ത്രി ഇ.കെ. നായനാർ വിവാഹം കഴിച്ചതിനെ കുറിച്ച് ഒരു കഥയുണ്ട്. നായനാരും ശാരദ ടീച്ചറും അടുപ്പത്തിലായിരുന്നു എന്നുള്ളത് പലർക്കും അറിയാവുന്ന ഒരു കാര്യമായിരുന്നു. പക്ഷെ നായനാരോട് ശാരദ ടീച്ചറെ വിവാഹം കഴിക്കാൻ ചിലർ പറഞ്ഞപ്പോൾ “പാർട്ടി പറയട്ടെ” എന്നാണ് നായനാർ പറഞ്ഞത്. ഇവിടെ നിഷ്പക്ഷമതികൾക്ക് ഒരു ചോദ്യം ഉന്നയിക്കാം. പാർട്ടി പറഞ്ഞില്ലായിരുന്നുവെങ്കിൽ ഇ.കെ. നായനാർ ശാരദ ടീച്ചറെ വിവാഹം കഴിക്കില്ലായിരുന്നുവോ? ഒരു രക്തഹാരം അങ്ങോട്ടുമിങ്ങോട്ടും ഇടാൻ പാർട്ടിയുടെ അനുമതിപത്രം എന്തിനാണ്? ഗൗരിയമ്മയുടേയും ടി.വി. തോമസിൻറ്റേയും കാര്യത്തിലും സമാന സ്വഭാവമുണ്ട്. ഗൗരിയമ്മയേയും ടി.വി. തോമസിനേയും അകറ്റിയതിൽ ഇരു കമ്യൂണിസ്റ്റ് പാർട്ടികൾക്കും പങ്കുണ്ടെന്ന് പലരും ആരോപിച്ചിട്ടുണ്ട്. അജിത ഒരു ഇൻറ്റർവ്യൂവിൽ ഒരിക്കൽ പറഞ്ഞത് ഗൗരിയമ്മ ഗർഭിണി ആയിരുന്നപ്പോൾ പാർട്ടി അവർക്ക് അവധി അനുവദിക്കാൻ തയാറല്ലായിരുന്നു എന്നാണ്. ക്ലേശകരമായ യാത്രയും, പാർട്ടി പ്രവർത്തനവും മൂലം ഗൗരിയമ്മക്ക് അബോർഷൻ സംഭവിച്ചു എന്ന ഗുരുതരമായ ആരോപണമാണ് അജിത ആ ഇൻറ്റർവ്യൂവിൽ ഉന്നയിച്ചത്. ഗൗരിയമ്മയ്ക്ക് അസുഖബാധിതനായിരുന്ന ടി.വി. തോമസിനെ ശുശ്രൂഷിക്കാൻ പോകാൻ പാർട്ടി അനുവദിച്ചില്ല; അതുകൊണ്ട് പോയില്ല എന്ന് പറഞ്ഞു ഇപ്പോൾ ഗൗരിയമ്മ പരിതപിക്കാറുമുണ്ട്.

ഇങ്ങനെ പാർട്ടി ജീവാത്മാവും പരമാത്മാവും ആയി മാറുമ്പോൾ അത് ഒരു മതത്തിൻറ്റെ സ്വഭാവം കൈവരിക്കുന്നില്ലേ? കമ്യൂണിസ്റ്റുകാർ ഉത്തരം പറയേണ്ട ചോദ്യമാണത്. മതത്തിനെക്കാളും വലിയ വലിയ അപകടമാണ് കമ്മ്യൂണിസം എന്ന കാലം തെളിയിച്ചിട്ടുമുണ്ട്. മതത്തിൽ ഭൂരിഭാഗത്തിനും ദൈവത്തേയും, വിശ്വാസ പ്രമാണങ്ങളേയും പേടിയുണ്ട്. കമ്യൂണിസത്തിൽ ഈശ്വര സങ്കൽപ്പം ഇല്ലാ. കമ്യൂണിസം അടിസ്ഥാനപരമായി ഭൗതിക വാദത്തിൽ അധിഷ്ടിതമാണ്. കമ്യൂണിസ്റ്റ് ഐഡിയോളജിയിൽ ദൈവം ഇല്ലാത്തതുകൊണ്ട് അങ്ങനെയുള്ള ഒരു അതീദ്രിയ സങ്കൽപ്പത്തെ പേടിക്കേണ്ട ആവശ്യവും വരുന്നില്ല. അതുകൊണ്ടാണെന്ന് തോന്നുന്നു ചൈനയിലും, മുൻ സോവിയറ്റ് യൂണിയനിലും, കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും ഏകാധിപത്യം സർവ്വ സീമകളും ലംഘിച്ച് കമ്മ്യൂണിസത്തിൽ കൊടികുത്തി വാണത്.

‘കമ്മ്യൂണിസ്റ്റാവുക – പിന്നെ മനുഷ്യനാവുക’ എന്നൊക്കെയുള്ള ഡയലോഗുകൾ ഏകാധിപത്യവും മനുഷ്യത്ത്വവിരുദ്ധവും ആയ സമീപനങ്ങൾ മൂലം കമ്യൂണിസ്റ്റുകാർക്കിടയിൽ തന്നെ തീർത്തും പഴഞ്ചൻ സങ്കൽപ്പമായിപ്പോയി. സോവിയറ്റ് ‘കളക്റ്റിവൈസേഷനിൽ’ എത്ര കർഷകർ കൊല്ലപ്പെട്ടു എന്ന് വിൻസ്റ്റൺ ചർച്ചിൽ രണ്ടാം ലോക മഹായുദ്ധ കാലത്തിനിടയിലുള്ള ഒരു കൂടിക്കാഴ്ചയിൽ സ്റ്റാലിനോട് ചോദിച്ചപ്പോൾ “Stalin raised his snow white hands and indicated 10” എന്നാണ് ‘Rise and Fall of Joseph Stalin’ എന്ന സ്റ്റാലിൻറ്റെ ജീവചരിത്രത്തിൽ റോബർട്ട് പെയിൻ പറയുന്നത്. ഇത് ഒരു ബൂർഷ്വാ പ്രചാരണവും അല്ല; സ്റ്റാലിൻറ്റെ തന്നെ വാക്കുകളാണ്. പത്തു ലക്ഷം കർഷകരെ കൂട്ടകുരുതി നടത്തി ‘കളക്റ്റിവൈസേഷൻ’ നടപ്പാക്കിയ സ്റ്റാലിനേയും, മുപ്പതു ദശ ലക്ഷം തൊട്ടു നാൽപതു ദശ ലക്ഷം ആളുകളുടെ പട്ടിണി മരണത്തിനു കാരണമായ മാവോയേയും ഒരുകാലത്ത് നെഞ്ചേറ്റിയവർക്ക് എന്ത് മാനുഷിക മൂല്യങ്ങൾ ആണ് ഉൽഘോഷിക്കുവാനുള്ളത്? അമർത്യ സെന്നിൻറ്റെ കണക്കു പ്രകാരം മുപ്പതു ദശ ലക്ഷം തൊട്ടു നാൽപതു ദശ ലക്ഷം ആളുകളുടെ പട്ടിണി മരണത്തിനു കാരണമായ മാവോയിസം പൊക്കി പിടിച്ചു കൊണ്ട് നടക്കുകയാണ് തീവ്ര ഇടതു പക്ഷം ഇപ്പോഴും. പത്തു ലക്ഷം കർഷകരെ കൂട്ട കുരുതി നടത്തി ‘കളക്റ്റിവൈസേഷൻ’ നടപ്പാക്കിയ സ്റ്റാലിൻ നമ്മുടെ ഇടതുപക്ഷത്തിന് ഒരുകാലത്ത് ആരാധ്യ പുരുഷൻ ആയിരുന്നു. ട്രോട്സ്കി, ബുഖാറിൻ, സിനോവീവ്, കാമനെവ് – ഇവരെല്ലാം സ്റ്റാലിൻറ്റെ കരങ്ങളാൽ കൊല്ലപ്പെട്ടവരാണ്. അങ്ങനെയുള്ള സ്റ്റാലിനെ ആരാധിക്കുവാൻ നമ്മുടെ ഇടതു പക്ഷത്തിന് ഒരുകാലത്ത് ഒരു മടിയും ഇലായിരുന്നു. എന്തു ജനാധിപത്യ മൂല്യങ്ങളുടേയും, മാനുഷികതയുടേയും സന്ദേശങ്ങൾ ആണ് ഇത്തരത്തിലുള്ള ആളുകളെ ആരാധിച്ചതിലൂടെ ഇടതു പക്ഷം നൽകിയത്?

1958-ലാണ് മാവോ തൻറ്റെ ‘ഗ്രെയിറ്റ് ലീപ് ഫോർവേഡ്’ എന്ന ആശയം അവതരിപ്പിച്ചത്. വ്യവസായികമായും, കാർഷികമായും ഉൽപാദനം ഉയർത്തി ചൈനയെ ലോക രാഷ്ട്രങ്ങളുടെ മുൻപന്തിയിൽ എത്തിക്കാനുള്ള ഒരു ശ്രമമായിരുന്നു അത്. വ്യവസായികമായി സ്റ്റീൽ ഉൽപാദനത്തിന് മുൻഗണന കൊടുത്തു. പക്ഷെ ഗ്രാമീണർ ഉൽപാദിപ്പിച്ചു കൂട്ടിയ സ്റ്റീൽ ഒന്നിനും കൊള്ളില്ലായിരുന്നു. അതിനേക്കാൾ വലിയ ഭീമമായ അബന്ധമായിരുന്നു കാർഷിക രംഗത്തു നടന്നത്. മാവോയുടേത് നല്ല ഉദ്ദേശങ്ങൾ ആയിരുന്നു. പക്ഷെ നടപ്പാക്കിയ രീതികളും അതിൻറ്റെ പിന്നിൽ പ്രവർത്തിച്ച ആശയങ്ങളും ശുദ്ധ മണ്ടത്തരം ആയിരുന്നു. ധാന്യങ്ങൾ ലാഭിക്കാനാണ് അവ തിന്നുന്ന കിളികളെ കൊല്ലാൻ മാവോയും, കമ്യുണിസ്റ്റ് പാർട്ടി പോളിറ്റ് ബ്യുറോയും തീരുമാനിച്ചത്. ധാന്യങ്ങൾ നശിപ്പിക്കുന്നത് കിളികളാണ് എന്ന മൂഢ സിദ്ധാന്തത്തിൽ അധിഷ്ഠിതമായി കിളികളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ തീരുമാനിച്ചു. ചൈനയിൽ ധാന്യങ്ങളുടെ മൊത്തം ഉൽപാദനം കുറയാനുള്ള കാരണം കിളികൾ തിന്നൊടുക്കുന്നതാണെന്ന് ചൈനീസ് കമ്യുണിസ്റ്റ് പാർട്ടി അനുമാനിച്ചപ്പോൾ ആ കിളികൾ തിന്നു തീർക്കുന്ന കീടങ്ങളുടെ കാര്യം മറന്നുപോയി. ‘ഫോർ പെസ്റ്റ് ക്യാംപെയിൻ’ എന്നറിയപ്പെട്ട ഈ പ്രചാരണത്തിൽ ഏറ്റവും കൂടുതൽ കൊല്ലപ്പെട്ടത് ‘യൂറോപ്യൻ ട്രീ സ്പാരോ’ എന്ന് വിളിപ്പേരുള്ള ചെറിയ കുരുവികളായിരുന്നു. ‘ഗ്രെയിറ്റ് ലീപ് ഫോർവേഡ്’ എന്ന പദ്ധതിയുടെ ഭാഗമായി കിളികളെ കൊന്നൊടുക്കിയപ്പോൾ നെൽവയലുകളിലും, മറ്റു കൃഷി സ്ഥലത്തും ഉള്ള കീടങ്ങൾ പെരുകി. അവയെ തിന്നൊടുക്കുവാൻ കിളികൾ ഇല്ലാതെ പോയി. പ്രകൃതിയുടെ സന്തുലിതാവസ്ഥ തന്നെ നഷ്ടപ്പെട്ടു. കിളികളെ കൂട്ടത്തോടെ കൊന്നൊടുക്കിയത് കൊണ്ടാണ് അമർത്യ സെന്നിൻറ്റെ കണക്കു പ്രകാരം ചൈനയിൽ 1959-60-കളിൽ മുപ്പതു ദശ ലക്ഷം തൊട്ടു നാൽപതു ദശ ലക്ഷം ആളുകളുടെ പട്ടിണി മരണം ഉണ്ടായത്.

1959 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ ലുഷാനിൽ നടന്ന കമ്യുണിസ്റ്റ് പാർട്ടി കോൺഫെറൻസിൽ മാവോയ്ക്കെതിരെ ലക്ഷക്കണക്കിനാളുകളുടെ പട്ടിണി മരണം കാരണം കടുത്ത വിമർശനം ഉയർന്നു. ഇപ്പോൾ ബെർട്ടിൻ ലിൻറ്റ്ലർ തൻറ്റെ പുതിയ പുസ്തകമായ ‘ചൈനാസ് ഇൻഡ്യാ വാർ’- ൽ പറയുന്നത് പട്ടിണി മരണങ്ങൾ സൃഷ്ടിച്ച ആഭ്യന്തര സംഘർഷം രൂക്ഷമായപ്പോൾ മാവോ കണ്ടുപിടിച്ച മാർഗമായിരുന്നു അതിർത്തി തർക്കം എന്നാണ്. പട്ടിണിയിൽ നിന്ന് ചൈനീസ് ജനതയുടെ ശ്രദ്ധ തിരിക്കാൻ ഈ യുദ്ധത്തിലൂടെ മാവോയ്ക്കു സാധിച്ചു. ഇൻഡ്യാ-ചൈനാ അതിർത്തിയിൽ ചൈന നടത്തിയ വൻ സൈനിക നീക്കങ്ങൾ കണ്ടു പിടിക്കാൻ ഇന്ത്യൻ ഇൻറ്റെലിജെൻസ് ഏജൻസികൾക്ക് സാധിക്കാതിരുന്നതും ചൈനക്ക് നേട്ടമായി. ചരിത്രകാരനായ രാമചന്ദ്ര ഗുഹയുടെ പ്രസിദ്ധമായ പുസ്തകമായ – ‘India after Gandhi – The History of the World’s Largest Democracy’-യിലും 1962-ലെ ഇൻഡ്യാ-ചൈനാ യുദ്ധത്തെ കുറിച്ച് സവിസ്തരമായി പ്രദിപാദിക്കുന്നുണ്ട്. ഇക്കാര്യത്തിലുള്ള ചൈനീസ് രേഖകൾ കാണിക്കുവാനുള്ള തൻറ്റെ നിരന്തരമായ അഭ്യർത്ഥനകൾ ചൈനീസ് സർക്കാർ തള്ളി കളഞ്ഞതായിട്ടാണ് ചരിത്രകാരൻ രാമചന്ദ്ര ഗുഹ വ്യക്തമാക്കുന്നത്. ഇതു തന്നെ ചൈനയുടെ കള്ള കളികളല്ലേ കാണിക്കുന്നത്?

സ്വീഡിഷ് എഴുത്തുകാരനായ ബെർട്ടിൻ ലിൻറ്റ്ലർ തൻറ്റെ പുസ്തകമായ ‘ചൈനാസ് ഇൻഡ്യാ വാർ’- ൽ 1959 മുതലേ മാവോ ഇന്ത്യക്കെതിരെ കരു നീക്കങ്ങൾ തുടങ്ങിയിരുന്നൂ എന്നാണ് പറയുന്നത്. ബെർട്ടിൻ ലിൻറ്റ്ലർ തൻറ്റെ പുസ്തകത്തിലൂടെ ചൈനയിൽ മാവോയുടെ വലിയ ഭരണ പരാജയങ്ങൾ ചൂണ്ടി കാണിക്കുന്നുണ്ട്. ആ ഭരണ പരാജയങ്ങൾ കാരണം നഷ്ടപ്പെട്ട ‘ഇമേജ്’ വീണ്ടെടുക്കാനായിരുന്നു മാവോ 1962-ലെ യുദ്ധം നടത്തിയതെന്നാണ് ബെർട്ടിൻ ലിൻറ്റ്ലർ തൻറ്റെ പുസ്തകത്തിലൂടെ പറയുന്നത്. അതിർത്തി തർക്കമായിരുന്നില്ലാ 1962-ൽ ഇൻഡ്യാ-ചൈനാ യുദ്ധത്തിലേക്ക് നയിച്ചത്. ചൈനയുടെ ഇന്ത്യക്കെതിരേയുള്ള നിലപാടുകൾ സ്വന്തം ഭരണ പരാജയങ്ങളിൽ നിന്നായിരുന്നൂ വന്നത്. യുദ്ധങ്ങൾ മിക്കതും സംഭവിക്കുന്നതൊക്കെ ഈ രീതിയിൽ ഒക്കെ തന്നെയാണ്. ആഭ്യന്തര പ്രശ്നങ്ങളിൽ നിന്ന് ജനത്തിൻറ്റെ ശ്രദ്ധ തിരിക്കാനാണ് അല്ലെങ്കിലും ഭരണാധികാരികൾ അയൽ രാജ്യങ്ങളെ ശത്രുക്കളായി ചിത്രീകരിക്കുന്നതും, അവരെ ആക്രമിക്കുന്നതും.

“അവർ അവരുടേതെന്നും; നമ്മൾ നമ്മുടേതെന്നും കരുതുന്ന ഭൂമിയെ ചൊല്ലിയാണ് തർക്കം” എന്നാണ് ഇ.എം.എസ്. നമ്പൂതിരിപ്പാട്1962-ലെ യുദ്ധത്തെ കുറിച്ച് പറഞ്ഞത്. സ്വന്തം രാജ്യം ആക്രമിക്കപ്പെടുമ്പോഴും കമ്യൂണിസ്റ്റ് ആചാര്യനായ മാവോയെ ന്യായീകരിക്കാനുള്ള ത്വര ഈ പ്രസ്താവനയിൽ കാണാം. ഇത്തരത്തിൽ കമ്യൂണിസ്റ്റ് പാർട്ടി മതങ്ങളെ പോലെ തന്നെ അടിമകളെ സൃഷ്ടിക്കുകയാണ്; പാർട്ടിക്ക് വേണ്ടി ബുദ്ധി പണയം വെക്കപ്പെടുന്നു. ഒരു കമ്യൂണിസ്റ്റുകാരന് എന്തും പാർട്ടിയോട് ചോദിച്ചിട്ടു വേണം പറയാൻ. പാർട്ടി നിലപാടുകൾക്കനുസരിച്ച് അതല്ലെങ്കിൽ സ്റ്റഡി ക്ളാസുകളിൽ എടുക്കുന്ന നിലപാടിനനുസരിച്ചു പോകാൻ ഓരോ പാർട്ടി പ്രവർത്തകനും നിർബന്ധിതനാകുകയാണ്. ഇവിടെ സത്യം പറഞ്ഞാൽ ലോക്കൽ കമ്യുണിസ്റ്റ് പാർട്ടി സെക്രട്ടറി ഒരു മത പുരോഹിതനെ പോലെ തന്നെയാണ് പ്രവർത്തിക്കുന്നത്.

ഉൾപാർട്ടി സ്വാതന്ത്ര്യം എന്നു പറയുന്നത് മിക്ക കമ്യൂണിസ്റ്റ് പാർട്ടികളിലും അവരുടെ സംഘടനാ സെറ്റപ്പിലും ഇല്ലേയില്ല. എല്ലാ സംഘടനാ സെറ്റപ്പുകൾക്കും സ്വന്തം വ്യക്തിത്ത്വം പണയം വെക്കുന്ന അടിമകളെ മാത്രമേ ആവശ്യമുള്ളൂ. പല വിദേശ സിനിമകളും സംഘടനാ സെറ്റപ്പുകൾക്കുള്ളിൽ നടക്കുന്ന ഇത്തരത്തിലുള്ള സർവാധിപത്യത്തെ നിശിതമായി വിമർശിച്ചിട്ടുണ്ട്. പ്രശസ്ത ചൈനീസ് സിനിമയായ ‘ഹിബിസ്കസ് ടൗൺ’ കണ്ടാൽ മാത്രം മതി അത് മനസിലാക്കുവാൻ. ആ സിനിമയിൽ ടൗണിലെ ഒരു യുവാവ് ഒരു യുവതിയുമായി പ്രണയത്തിൽ ആയ ശേഷം പാർട്ടി സെക്രട്ടറിയുടെ അനുമതി വാങ്ങാൻ പോകുന്ന രംഗമുണ്ട്. നിർഭാഗ്യവശാൽ ഒരു ചെറിയ ഹോട്ടൽ തുടങ്ങി ‘Rice Curd’ അഥവാ തൈര് ചേർത്ത ചോറ് രുചികരമായി ഉണ്ടാക്കി കുറച്ചു കാശ് സമ്പാദിച്ച യുവതിയായിരുന്നു ചൈനീസ് സഖാവിൻറ്റെ പ്രണയിനി. പാർട്ടി വർഗശത്രുവെന്ന് ലേബൽ ചെയ്തിട്ടുള്ള ആൾ. പ്രണയിനിയുടെ പേര് പറയുമ്പോൾ പാർട്ടി സെക്രട്ടറി രോഷത്തോടെ ചോദിക്കുന്നത് “How can you love a bourgeois; a rightist” എന്നാണ്. പാർട്ടി സെക്രട്ടറിയുടെ ചോദ്യത്തിന് മുന്നിൽ നിസ്സഹായനായ യുവാവ് ആത്മരോഷത്തോടെ വിതുമ്പി ചോദിക്കുന്നത് “Cats love; dogs love – why I alone can’t love?’ എന്നാണ്. മുൻ യൂഗോസ്ളാവിയയിൽ നിന്ന് വന്ന മറ്റൊരു സിനിമയിലാണെന്നു തോന്നുന്നു, വീണ്ടും ഇതുപോലൊരു രംഗമുണ്ട്. ‘ഓഫീസർ വിത്ത് എ റോസ്’ എന്ന സിനിമയിൽ ഒരു സഖാവായ ഓഫീസർ ഒരു ബൂർഷ്വയെ പ്രണയിക്കുന്നതായിട്ടാണ് കാണിക്കുന്നത്. ആ പ്രണയം ചോദ്യം ചെയ്യപ്പെടുമ്പോൾ ഇത് തൻറ്റെ സ്വകാര്യ വിഷയമാണെന്ന് പറഞ്ഞാണ് ആ ഓഫീസർ പ്രണയത്തെ ന്യായീകരിക്കുന്നത്. അപ്പോൾ കൂട്ടുകാരനായ സഖാവ് പറയുന്നത് “A Communist doesn’t have any private affairs” എന്നാണ്. എന്തായാലും സിനിമ വന്ന സ്ഥലങ്ങളിലൊക്കെ പാർട്ടി പാർട്ടിയുടെ സർവാധിപത്യപരമായ തെറ്റുകൾ തിരുത്തി. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടികളിൽ മാത്രം അത്തരം തെറ്റ് തിരുത്തൽ പ്രക്രിയ കാണാനില്ല.

ഇതൊക്കെ കേരളത്തിലെ കമ്യൂണിസ്റ്റ് ബുദ്ധിജീവികളോട് പറഞ്ഞിട്ട് യാതൊരു പ്രയോജനവുമില്ല; എന്നാലും പറയുകയാണ്. ഇന്നും ഏകാധിപത്യലൂന്നിയ മൂഢ കമ്യൂണിസ്റ്റ് സ്വപ്നങ്ങളിൽ അഭിരമിക്കുന്നവരാണ് ഇന്ത്യയിലെ; പ്രത്യേകിച്ച് കേരളത്തിലെ കമ്യൂണിസ്റ്റ് ബുദ്ധിജീവികൾ!!! ചൈനയിൽ പത്തിരുപതു വർഷം ജീവിച്ചിട്ടുള്ള കാഞ്ഞിരപ്പള്ളിക്കാരനായ ഇതെഴുതുന്നയാളുടെ സുഹൃത്ത് 1990-കളിൽ തന്നെ പറഞ്ഞത് “അവിടെ സ്റ്റഡി ക്ളാസെടുത്താൽ ജനം പിടിച്ച് അടി കൊടുക്കും” എന്നാണ്. പഴയ ഇടതു പക്ഷ ആശയങ്ങൾക്ക് സ്കോപ്പില്ലാത്തത് കൊണ്ട് യൂറോപ്പിൽ പല കമ്യുണിസ്റ്റ് പാർട്ടികളും സോഷ്യൽ ഡെമോക്രാറ്റിക്ക് പാർട്ടികളായി മാറി. അതൊന്നും നമ്മുടെ കമ്യുണിസ്റ്റുകാർ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

കമ്യൂണിസ്റ്റ് സ്വപ്നങ്ങളിൽ ജീവിക്കുന്നവർ ഇനിയും മാറിയില്ലെങ്കിൽ ചിലപ്പോൾ പ്രസിദ്ധ ചൈനീസ് സിനിമയായ ‘ഹിബിസ്കസ് ടൗൺ’ -ലെ കഥാപാത്രമായ വാനിന് സംഭവിച്ചത് പോലെ മനോവൈകല്യങ്ങൾ ഒരുപക്ഷെ ഉണ്ടാകും. പാർട്ടി സെക്രട്ടറിയായ വാനിന് ചൈന ക്യാപ്പിറ്റലിസ്റ്റ് രീതിയിലേക്ക് മാറുമ്പോൾ അതുൾക്കൊള്ളാനാവാതെ ഹൃദയം തകർന്ന് മനോരോഗം പിടിക്കുന്നതായിട്ടാണ് ‘ഹിബിസ്കസ് ടൗൺ’ കാണിക്കുന്നത്. സിനിമയുടെ അവസാനം “Another Mobilization is On” എന്ന് പറഞ്ഞു വാൻ തൻറ്റെ ചെണ്ടയും കൊട്ടി നീങ്ങുമ്പോൾ നമ്മൾ ചിരിക്കണോ കരയണോ എന്നറിയാതെ ഇരുന്നുപോകും!!! കമ്യൂണിസം തലക്ക് പിടിച്ചാലുള്ള കുഴപ്പമാണ് വാന് സംഭവിച്ചത്. ഒരുപക്ഷെ കേരളത്തിൽ പലർക്കും സംഭവിച്ചു കൊണ്ടിരിക്കുന്നതും ഇതാണ്. ഭാവിയിൽ അനേകം പേർക്ക് ഇങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ എന്ന് ആശിക്കാനേ സുമനസുകൾക്ക് സാധിക്കൂ. കാൽപ്പനിക സ്വപ്നങ്ങളൊക്കെ തകരുമ്പോൾ വാനിനെ പോലെ പലർക്കും കുഴപ്പങ്ങൾ സംഭവിക്കാം. കുഴപ്പങ്ങൾ സംഭവിക്കാതിരിക്കാൻ ആശിക്കാൻ അല്ലേ നമുക്കൊക്കെ കഴിയൂ? ബർലിൻ കുഞ്ഞനന്തൻ നായർ പറയുന്നത് പോലെ കുഴിമാടത്തിലും ഉണർന്നിരിക്കാൻ ആഗ്രഹിക്കുന്നവരോട് ഇതൊക്കെ പറഞ്ഞിട്ട് ഒരു കാര്യവുമില്ലാ. “ഞാൻ കുഴിമാടത്തിലും ഉണർന്നിരിക്കും” എന്നാണല്ലോ കമ്യൂണിസ്റ്റുകാരനായ ബർലിൻ കുഞ്ഞനന്തൻ നായർ തൻറ്റെ ആത്മ കഥയിൽ പറയുന്നത്!!! കുഴിമാടം വരെ തങ്ങളുടെ സ്റ്റാലിനിസ്റ്റ് സ്വപ്നങ്ങളുമായി പോകാൻ തയാറെടുത്തിരിക്കുന്നവരോട് എന്തു പറയാൻ?

 

 

Advertisements
Previous articleപ്രായപൂർത്തിയാകാത്ത വ്യക്തികൾ
Next article‘പന്നഗ’മെത്തും നേരത്ത്
'വെള്ളാശേരി ജോസഫ്' എന്നത് തൂലികാ നാമ മാണ്. അഴിമുഖത്തിലും, സത്യം ഓൺലെയിൻ പത്രത്തിലും, 24KKERALA എന്ന ഓൺലെയിൻ പത്രത്തിലും വെള്ളാശേരി ജോസഫ് എന്ന തൂലികാ നാമത്തിൽ എഴുതിയിട്ടുണ്ട്. 26 വർഷമായി ഡൽഹിയിൽ താമസം. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലും, ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലും (JNU) ആയി പഠിച്ചു. 'വെള്ളാശേരി ജോസഫ്' എന്ന തൂലികാ നാമത്തിൽ എഴുതുന്ന വ്യക്തി ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. 20 വർഷമായി ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.