കടപ്പുറത്തിനി ‘ചാകര’ ഉണ്ടാകുകയില്ല ?

0
475

ആർ. ഗോപാലകൃഷ്ണൻ

കടപ്പുറത്തിനി ‘ചാകര’ ഉണ്ടാകുകയില്ല ?

“ചാകര! കടപ്പുറത്തിനി ഉത്സവമായ് ഹേ
ചാകര! തെരപ്പുറത്തിനി മത്സരമായ്…”***
-‘ചെമ്മീൻ’ സിനിമയിലെ ഈ പ്രസിദ്ധ പാട്ടിലെ വരികൾ ഇനി ഒരു പഴങ്കഥ മാത്രമാകുമോ? കുറെ നാളായിട്ടു ‘റെഡ് – ഓറഞ്ച് – യെല്ലോ’ അലർട്ടുകളെപ്പറ്റി മാത്രമാണ് കടപ്പുറത്തു നിന്ന് കേൾക്കുന്നത്… അല്ലാതെ, പുറക്കാട്ടു കടപുറത്തോ മറ്റെവിടെങ്കിലുമോ ‘ചാകര’ വന്നു കിട്ടിയതായി വാർത്തകളില്ല!
🌍

ഏതോ ‘മീനി’ൻ്റെ പേരായും അതല്ലാ, ഏതോ ‘മീൻപിടുത്ത സമ്പ്രദായരീതി’യായും മറ്റും വ്യപകമായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള സംജ്ഞയാണ് (വാക്കാണ്) ‘ചാകര’ എന്നത്.യഥാർത്ഥത്തിൽ ‘ചാകര’ എന്നത് , അസാധാരണമായ ഒരു കടൽ പ്രതിഭാസമാണ്!കേരളത്തിൽ, കൊല്ലത്തുനും കൊടുങ്ങല്ലൂരിനും മധ്യേയുള്ള അറബിക്കടലിൽ മാത്രമാണ് സാധാരണമായി ഇത് ഉണ്ടാകാറുള്ളതും. (അതും ‘മൺസൂൺ’ കാലത്തുമാത്രം.)
🌍

കാറ്റ്, ഒഴുക്ക്, തിര, ചെളി, സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്ന് മുകളിലേക്കുണ്ടാകുന്ന ശക്തമായ ജലപ്രവാഹം എന്നിവമൂലം കേരളത്തിന്റെ ചില തീരപ്രദേശങ്ങളിൽ ആണ് ‘ചാകര’ (‘മഡ് ബാങ്ക്‌സ്’) എന്ന ഈ പ്രതിഭാസ മുണ്ടാകുന്നത് ശാസ്ത്രജ്ഞന്മാർ പറയുന്നു; വർഷകാലത്ത് തീരക്കടലിലാണ്, വിശേഷിച്ചും രണ്ട് അഴിമുഖങ്ങൾക്കിടയിലായി വരുന്ന ഇടങ്ങളിലാണ്, ഇങ്ങനെ ചാകര പ്രതിഭാസം കാണപ്പെടുന്നത്.

നദീമുഖത്ത് നിന്നുവരുന്ന ചെളിയും എക്കലും ചില സ്ഥലത്ത് അടിഞ്ഞു കൂടുന്നു. എന്നാൽ കടൽ ഇവയെ ക്രമേണ വിഴുങ്ങും. മീനുകൾക്ക് ഭക്ഷണസങ്കേതമാകുന്ന ഇവിടേക്കു വൻതോതിൽ മീനുകൾ എത്തിച്ചേരും. രണ്ടാഴ്ച മുതൽ മൂന്നു മാസം വരെ ഈ ‘ചെളിക്കലക്കം’ ഒരിടത്തു തന്നെ നിന്ന ശേഷം മാറിപ്പോകുന്നു. അവിടെയാണ് – ഈ കലക്കം ഉള്ളിടത്താണ് – ചാകര ഉണ്ടാകുന്നത്.

ചാകര വീഴുന്നിടത്ത് കടലിനു പ്രത്യേക ശാന്തതയായിരിക്കും. ആ സമയത്ത് ചുറ്റിലും കടൽ ഇളകി ആർത്തിരമ്പുകയാവും. ചാകര ഉള്ളപ്പോഴാണ് അപകട ഭയം കൂടാതെ മത്സ്യ ബന്ധനത്തിനു പോകാൻ കഴിയുന്നത്. വിവിധ ഇനം മത്സ്യങ്ങൾ ലഭിക്കുന്നതിനാൽ ഇതിനെ ‘ചാകരക്കൊയ്ത്ത്’ എന്നും പറയാറുണ്ട്.
🌍

നാഷണൽ ഇൻസ്റ്റിറ്റിയുട്ട് ഓഫ് ഒഷീനോഗ്രഫി (എൻ ഐ ഒ) ശാസ്ത്രജ്ഞർ, ആലപ്പുഴ തീരത്തെ ചാകരയെ കുറിച്ച് നടത്തിയ പഠനത്തിൽ ആഗോളതാപനം തടയാൻ സഹായകരമാകുന്ന ബാക്ടീരിയ അടക്കം നിരവധി ജൈവ കൗതുകങ്ങളാണ് ചാകരയിൽ ഒളിഞ്ഞിരിക്കുന്നതെന്നും മറ്റും വെളിപ്പെടുത്തിയിട്ടുണ്ട്. ചാകര മൂലമുണ്ടാകുന്ന ഫ്രജിലേറിയ, നോക്റ്റിലുക്ക, കോസിനോഡിസ്‌കസ് പോലെയുള്ള സസ്യപ്ലവകങ്ങൾ കഴിക്കനാണ് മത്സ്യങ്ങൾ എത്തുന്നതെന്നും കണ്ടെത്തി.

ഫ്രജിലേറിയ കൂടുതലായി രൂപപ്പെടുന്ന സമയത്ത് ‘ചാള’ (മത്തി) ആകും കൂടുതൽ എത്തുക. ചാള, അയല, ചെമ്മീൻ, കൊഴുവ എന്നീ മത്സ്യങ്ങളാണ് ഇങ്ങനെ ഒന്നിച്ചു കൂടുന്നത്. തവിട്ടു നിറം കലർന്ന പച്ചനിറമുള്ള വെള്ളമായിരിക്കും ഈ പ്രദേശങ്ങളിൽ കാണപ്പെടുക. അടിത്തട്ടിൽ നിന്ന് ജലം ശക്തിയായി മുകളിലേക്ക് തള്ളുമ്പോൾ ഓക്‌സിജൻ ലഭിക്കാൻ മീനുകൾ മുകൾ ഭാഗത്തേക്ക് വരും.

‘അപ് വെല്ലിങ്’ (അടിത്തട്ടിലെ ജലം മുകള്‍ത്തട്ടിലേക്ക് പ്രവഹിക്കുന്ന പ്രതിഭാസം) മൂലമുണ്ടാകുന്ന ഭൗതിക രൂപീകരണമാണ് ചാകര (മഡ് ബാങ്ക്). കാറ്റും ഒഴുക്കും ശക്തമാകുമ്പോള്‍ അടിത്തട്ടില്‍ അടിഞ്ഞു കൂടിയ ചെളി മുകളിലേക്ക് ഉയരുകയും ഇത് തീരക്കടലില്‍ അടിഞ്ഞു കൂടുകയും ചെയ്യും. ചെളിവെള്ളത്തില്‍ തട്ടി തിരയുടെ ശക്തി കുറയുകയും, ഈ പ്രദേശങ്ങള്‍ ശാന്തമാകും. സമുദ്രത്തിന്റെ ഉപരിതലത്തില്‍ അടിഞ്ഞു കൂടുന്ന ചെളി നിറഞ്ഞ വെള്ളമാണ് ചാകര എന്ന പ്രതിഭാസമാകുന്നത്.

ചാകരയുടെ ഫലമായി, ചെളിയിലെ ഫോസ്ഫറസ് കണികകള്‍ വികസിച്ച് ജലകണങ്ങളെ ആകര്‍ഷിക്കും. ചെളി കട്ടിയാകാതെ ചെളിവെള്ളമായി തന്നെ കിടക്കും. മൂന്നോ നാലോ മാസത്തേക്ക് ഇത് തുടരും. ‘അപ്‌ വെല്ലിങ്’ പ്രക്രിയയ്ക്ക് മുന്‍പ് സമുദ്രത്തില്‍ മീഥെയിന്‍ വാതകത്തിന്റെ അംശം വളരെ കൂടുതലായിരിക്കും. മീഥെയിന്‍ ഉത്പാദിപ്പിക്കുന്ന ബാക്ടീരിയയുടെ സാന്നിധ്യമാണ് കാരണം. എന്നാല്‍ ‘അപ്‌ വെല്‍’ പ്രക്രിയയ്ക്ക് ശേഷം മീഥെയിന്‍ ഇല്ലാതാക്കുന്ന ബാക്ടീരിയകള്‍ രൂപപ്പെടുകയും ഇത് മീഥെയിന്‍ സാന്നിധ്യം കുറയ്ക്കുകയും ചെയ്യും. അതോടെ ചാകര അപ്രത്യക്ഷമാക്കുകയും ചെയ്യും.

ആർ. ഗോപാലകൃഷ്ണൻ | 2021 ജൂലൈ 13

(വയലാർ രാമവർമ്മ)

പുത്തൻ വലക്കാരേ പുന്നപ്പറക്കാറേ
പുറക്കാട്ട് കടപ്പുറത്ത്
ചാകര ചാകര ചാകരാ
ഇടവപ്പാതിക്കോളു കഴിഞ്ഞ്
കടലിന്നക്കരെ മാനം തെളിഞ്ഞ്
കൊതിച്ച് കൊതിച്ച് കൊതിച്ചിരുന്ന
ചാകര ചാകര ചാകരാ
കാണാപ്പൂ മീനിനു പോകണ തോണിക്കാരാ
മാനത്തെ പൊൻ‌വല വീശണ തോണിക്കാരാ
തീരത്തെ തിരയിലുറങ്ങണ മീനും പോരാ
താനാനം താളം തുള്ളണ മീനും പോരാ
പാലാഴീന്നിക്കരെയെത്തിയ പൂമീൻ തായോ
പൂവാലൻ ചെമ്മീൻ തായോ ചെമ്മീൻ തായോ
ചാകര കടപ്പുറത്തിനി ഉത്സവമായ് ഹേ
ചാകര തെരപ്പുറത്തിനി മത്സരമായ്
താമര തക്കിളിനൂൽക്കടി പഞ്ചമിയേ
ഓമന പൊൻ‌വല കോർക്കെടീ പൈങ്കിളിയേ
ഓണമായ് ഓണമായ് പൊന്നോണമായ് പൊന്നോണമായ്
ഇന്നല്ലോ നമ്മടെ കടലിനു പൂത്തിരുനാള്
ഇന്നല്ലോ ചോതിനാള് പൂത്തിരുനാള്
നാടോടിപ്പാട്ടുകൾ പാടണ വാനമ്പാടീ
നീയേഴാംകടലിന്നക്കരെ നൃത്തം കണ്ടോ
ആടമ്മേ വഞ്ചികളങ്ങനെ ആടമ്മാനം
ആടമ്മേ അത്തിലുമിത്തിലുമാടമ്മാനം
ചാകര വല നിറയണ് പൊന്നയിലാ ഹേ
ചാകര മടി കിലുങ്ങണ് പൊന്നളിയാ
പോയി വാ പടിക്കെ നിക്കണ മാളോരേ
പോയി വാ കടം തരാനിനി മീനില്ലാ – ഏലയ്യ
ഏലയ്യ ഏല എലയ്യ ഏല ഏലയ്യാ …