ഇരുപത്തിരണ്ടു വർഷങ്ങൾ തുടർച്ചയായി ബിജെപി ഭരിച്ച സംസ്ഥാനമാണ് ഗുജറാത്ത്, അതിൽ പത്തുവർഷവും മുഖ്യമന്ത്രിയായിരുന്നത് മോദിയും. മോദിക്ക് താൽപര്യം എന്തിലായിരുന്നു എന്ന് നമുക്കൊക്കെ അറിയാം

  254

  R J Salim

  “ഒരാൾ പത്തു നില കെട്ടിടത്തിന്റെ മുകളിൽ നിന്ന് എടുത്തു താഴേക്ക് ചാടി, പക്ഷെ ഭാഗ്യം കൊണ്ട് കാലൊടിഞ്ഞില്ല. അതാണ് കേരള മോഡൽ.”
  പണ്ട് കോളേജിൽ പഠിക്കുമ്പോൾ കേരള മോഡൽ ഡെവെലപ്മെന്റിനെക്കുറിച്ചു അരാഷ്ട്രീയവാദിയായ പ്രൊഫസർ ക്ലാസിൽ പറഞ്ഞ വാചകമാണിത്. എന്നാൽ പുസ്തകത്തിൽ അഭിനന്ദനീയവും അനുകരണീയവുമാണ് കേരള മോഡൽ ഡെവലപ്മെന്റ് എന്ന് വിവിധ ഇൻഡെക്സുകൾ നിരത്തി തെളിയിച്ചിട്ടുമുണ്ട്. പ്രൊഫസറിത് പറഞ്ഞ ശേഷം ആകെ സംശയമായി; ഇതിലേതാണ് ശരി എന്നാലോചിച്ചു.

  ഈ അഭിനന്ദനമോ വിമർശനമോ പോലെയല്ല പുച്ഛം. അഭിനന്ദനത്തിനെ നിങ്ങൾക്ക് നന്ദി കൊണ്ടും വിമർശനത്തിനെ നിങ്ങൾക്ക് മറുപടി കൊണ്ടും നേരിടാം. പക്ഷെ പുച്ഛം അങ്ങനെയല്ല. പുച്ഛം നിങ്ങൾ ചെയ്തതിനോടുള്ള പ്രതികരണമല്ല, നിങ്ങളോടു തന്നെയുള്ള അവജ്ഞയാണ്. അത് നിങ്ങളെ എഴുതിത്തള്ളാനുള്ള ഏറ്റവും എളുപ്പവഴിയാണ്. അതിനു എന്ത് മറുപടി കൊടുത്തിട്ടും കാര്യമില്ല. മാത്രമല്ല പുച്ഛിക്കുന്നവന് സ്വയം ഒരു സുപ്പീരിയോരിറ്റി തോന്നുകയും ചെയ്യും, എന്നാൽ വിമർശനം പോലെ എന്തെങ്കിലും കൃത്യമായി പറയണമെന്നുമില്ല. ശോചനീയമായ സെൽഫ് ഇമേജുള്ള ചിലർ, സുപ്പീരിയോരിറ്റി തോന്നാനായി മാത്രം പുച്ഛിക്കാറുണ്ട്.

  കേരളാ മോഡൽ ഇത്രേ ഒള്ളടെ എന്ന് പഞ്ചപുച്ഛത്തോടെ പറയുമ്പോൾ അരാഷ്ട്രീയവാദികളുടെ പ്രതിനിധിയായ അദ്ദേഹം സ്വയം എല്ലാറ്റിനും മുകളിൽ പ്രതിഷ്ഠിച്ചുകൊണ്ടു അതിനു വേണ്ടി പണിയെടുത്ത ലക്ഷക്കണക്കിന് മനുഷ്യരുടെയും,നവോഥാന നായകരുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും അധ്വാനത്തെ ഒറ്റയടിക്ക് എഴുതി തള്ളുകയാണ്.

  കഴിഞ്ഞ ദിവസത്തെ പ്രധാന വാർത്ത ട്രംപ് വരുന്നതുമായ ബന്ധപ്പെട്ടു ഗുജറാത്തിലെ ചേരികൾ മറയ്ക്കാനൊരുങ്ങുന്ന മതിലുകളെപ്പറ്റിയായിരുന്നു. ഏഴടിപ്പൊക്കവും നാനൂറു മീറ്റർ നീളവുമുള്ള മതിൽ. അതായത് ഭരണകൂടത്തിനറിയാം, അവിടെ ചേരിയുണ്ടെന്നും അതിൽ അഭിമാനിക്കത്തക്കതായി ഒന്നുമില്ലെന്നും, അവിടെ മനുഷ്യർ പുഴുക്കളെപോലെയാണ് ജീവിക്കുന്നതെന്നും.
  ജനക്ഷേമത്തിൽ താൽപര്യമുള്ള, ഇച്ഛയുള്ള ഒരു ഭരണകൂടത്തിന് ഒരൊറ്റ ദിവസം മതി ഈ മനുഷ്യരുടെ ദുരിതം മാറ്റാനൊരു തീരുമാനമെടുക്കാൻ. അദാനിക്കും അംബാനിക്കും കൊടുക്കുന്ന സൗകര്യങ്ങളുടെ നൂറിലൊന്നു മതി ഇവിടേയ്ക്ക്. പക്ഷെ ചെയ്യില്ല. അത് അവർ പിന്തുടരുന്ന രാഷ്ട്രീയത്തിന്റെ പ്രശ്നമാണ്.

  കഴിഞ്ഞ ഇരുപത്തിരണ്ടു വർഷങ്ങൾ തുടർച്ചയായി ബിജെപി ഭരിച്ച സംസ്ഥാനമാണ് ഗുജറാത്ത്. അതിൽ പത്തുവർഷവും മുഖ്യമന്ത്രിയായിരുന്നത് മോദിയും. മോദിക്ക് താൽപര്യം എന്തിലായിരുന്നു എന്ന് നമുക്കൊക്കെ അറിയാം.
  അതേ സമയത്തു ഇങ്ങു കേരളത്തിൽ നിന്ന് വന്നത് മറ്റൊരു വാർത്തയാണ് – ലൈഫ് മിഷന്റെ കീഴിൽ രണ്ടു ലക്ഷം വീടുകൾ നിർമ്മാണം പൂർത്തിയാക്കി, സ്വന്തമായി വീടില്ലാത്ത രണ്ടു ലക്ഷം കുടുംബങ്ങൾക്ക് കൈമാറുന്നു എന്ന വാർത്ത. പിണറായി വിജയൻ ഈ മാസം 29 നു അതിന്റെ പൂർത്തീകരണ പ്രഖ്യാപനം നടത്തും എന്ന വാർത്ത.

  രണ്ടും നടക്കുന്നത് ഒരേ ഇന്ത്യയിലാണ്. ഇന്ത്യയുടെ സാമ്പത്തിക വളർച്ച ലോകത്തിനു തന്നെ ബാധ്യതയായ കഴിഞ്ഞ സാമ്പത്തിക വർഷം കേരളം വളർന്നത് 15 ശതമാനമാണ്. അപ്നാ ഘർ പദ്ധതി വഴി ആയിരക്കണക്കിന് അതിഥി തൊഴിലാളികൾക്കു ഇതിനകം തന്നെ എത്രയോ ഫ്ലാറ്റുകൾ നിർമ്മിച്ച് നൽകിയിരിക്കുന്നു. അവരെ മലയാള ഭാഷ പഠിപ്പിച്ച് അന്യവൽക്കരണത്തിൽ നിന്ന് രക്ഷിച്ചു നിർത്താനും, അവർക്ക് ആരോഗ്യ പരിരക്ഷയും ഇൻഷുറൻസും നൽകി അവരുടെ ശാരീരിക മാനസിക സ്വാസ്ഥ്യം ഉറപ്പു വരുത്താനും ഇവിടെ പദ്ധതികളുണ്ട്.

  ആർദ്രം മിഷൻ വഴി നമ്മുടെ ആരോഗ്യ മേഖല കൈവരിക്കുന്ന പുരോഗതി ഒക്കെ എത്രമാത്രം ജനങ്ങൾ അറിയുന്നുണ്ട് എന്ന് തന്നെ സംശയമാണ്. കിഫ്‌ബി വഴി എത്രയോ ആശുപത്രികളുടെ വികസനങ്ങൾ, സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കുകൾ ഉണ്ടാക്കിയിരിക്കുന്നു.
  കൊറോണ വൈറസിനെ ഔദ്യോഗികമായി തന്നെ കേരളം മറി കടന്നതും എത്ര പേർ ശ്രദ്ധിച്ചു എന്നും അറിയില്ല. എന്തൊരു വലിയ നേട്ടമാണ് അതെന്ന് നമ്മുടെ വരും തലമുറ ചരിത്ര പുസ്തകങ്ങളിൽ നിന്ന് പഠിക്കും.
  ചൈനയിൽ നിന്ന് നാട്ടിലേക്ക് വന്ന ഒരു പെൺകുട്ടിയുടെ കുറിപ്പ് കഴിഞ്ഞ ദിവസം വൈറലായിരുന്നു. ആരോഗ്യ വകുപ്പ് സ്വീകരിച്ച മുൻകരുതലുകളും, ശ്രദ്ധയും അത് വായിച്ചാലറിയാം. ഫ്ളൈറ്റിറങ്ങി വീട്ടിൽ പോകുന്ന വഴിക്ക് കയറിയ ട്രെയിനിൽ കൂടെയുണ്ടായിരുന്നവർ, അടുത്തിരുന്നവർ, പിന്നീട് സീറ്റിലേക്ക് വന്നവർ, കയറിയ ഓട്ടോ, ഹോട്ടൽ, അങ്ങനെ വൈറസ് പടർന്നേക്കാവുന്ന ഓരോ വഴിയും അവർ ട്രെയ്‌സ് ചെയ്‌തു എന്ന് കേട്ടപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടി. ഇതാണത്രേ പുതിയ കേരളം.

  ഈ പദ്ധതികളുടെയൊക്കെ പേരുകൾ എടുത്തു പറഞ്ഞത്, ഇതൊക്കെ ഒരു പ്ലാൻഡ് പ്രോജക്ടിന്റെ ഭാഗമാണെന്നും, ഓരോ പ്രൊജക്റ്റും കേരളത്തിന്റെ വിവിധ മേഖലകളിലെ ദീർഘ ദൂരത്തേയ്ക്കുള്ള ഒരു വിഷന്റെ ഭാഗമാണെന്നും പറയാനാണ്. ഈ ഓരോ വിഷനും ജനതയുടെ ജീവിത നിലവാരം ഉയർത്താൻ രൂപപ്പെടുത്തിയതാണെന്നും ഓർമ്മിപ്പിക്കാനാണ്. ഇതൊന്നും പ്രൊഫസർ പറഞ്ഞതുപോലെ പത്താം നിലയിൽ നിന്നുള്ള എടുത്തു ചാട്ടമോ അറിയാതെ വീണതോ അല്ല എന്ന് പറയാനാണ്.

  പുനരുദ്ധരിക്കപ്പെട്ട സ്‌കൂളുകൾ, ലാഭത്തിലായ പൊതുമേഖലാ സ്ഥാപനങ്ങൾ, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, സ്ത്രീ സുരക്ഷാ പദ്ധതികൾ അങ്ങനെ ഓരോന്നിനും എനിക്കും നിങ്ങൾക്കും ഓർമ്മയിൽ നിൽക്കാത്ത എത്രയോ പദ്ധതികൾ നടന്നു വരുന്നുണ്ട്. ഇതൊന്നും പത്താം നിലയിൽ നിന്നുള്ള അറിയാതെയുള്ള ചാട്ടമല്ല എന്ന് ഇനിയത്തെ തലമുറയെങ്കിലും മനസ്സിലാക്കണം. പ്രത്യേകിച്ച് വർഗീയ രാഷ്ട്രീയം ആഴത്തിൽ വേരുപിടിക്കുന്ന ഈ കാലത്ത്. മനുഷ്യരുടെ അധ്വാനത്തെ അപകടമെന്ന് വിളിച്ചു കൊച്ചാക്കുന്ന ഓരോരുത്തരും അറിയണം, ഇവിടത്തെ രാഷ്ട്രീയം വേറെയാണെന്ന്.

  Advertisements