കാലവും ലോകവും ഏറെ മാറിയിട്ടും മലയാളി പെണ്ണുങ്ങളിൽ മഹാഭൂരിപക്ഷത്തിനും ഇന്നും രാത്രി കേരളം അന്യമാണ്

238

രാത്രി നടത്തം ”പാെതു ഇടം, എന്റേതും”

പൊലീസ് കാവലിൽ സ്ത്രീകളുടെ പാതിരാത്രി നടത്തം. സമ്പൂർണ സുരക്ഷയിലെ നടത്തം. നാടകമായി കണ്ട് തളളാം. പക്ഷേ അങ്ങനെ തളളിക്കളയാൻ നമുക്കാവില്ല. കാലവും ലോകവും ഏറെ മാറിയിട്ടും മലയാളി പെണ്ണുങ്ങളിൽ മഹാഭൂരിപക്ഷത്തിനും ഇന്നും രാത്രി കേരളം അന്യമാണ്. അതിനു കാരണം ഈ നാട്ടിലെ ,ആണുങ്ങളാണ്. ഇരുട്ട് വാക്കിന് പെണ്ണിനെ കണ്ടാൽ കേറി പിടിക്കാൻ തോന്നുന്നവർ, അതുമല്ലെങ്കിൽ അവളെ തടഞ്ഞു നിർത്തി ഉപദേശിക്കാനും പേടിപ്പിക്കാനും ഒരുമ്പെടുന്ന ആങ്ങളമാർ. ഈ മാനസിക വൈകൃതത്തിൽ നിന്ന് ഇനിയും മോചനം നേടിയിട്ടില്ല മലയാളി ആണുങ്ങളിൽ നല്ലൊരു പങ്കും. കേരളം പതിയെ മാറുകയാണ്. രാത്രി നടത്തത്തെ അതിലേക്കുളള ചെറിയൊരു ചുവടായി കാണാനാണ് ഇഷ്ടം. ഏറെ വൈകിയെങ്കിലും ഈ തുടക്കത്തെ സ്വാഗതം ചെയ്യുന്നു.ഏതു പാതിരാത്രിയും പൊതുവഴിയിലൂടെ നടക്കാനും പൊതു ഇടങ്ങൾ ഉപയോഗിക്കാനും മഹാഭൂരിപക്ഷം പെണ്ണുങ്ങൾക്കും ആത്മവിശ്വാസം തോന്നുന്ന നാളിലേ ഈ നാട് സംസ്കാര സമ്പന്നമായി എന്ന് പറയാനാകൂ.
കേരള കൗമുദിയിലെ ഡൽഹിക്കാലത്ത് തിങ്കളാഴ്ച തോറും പ്രസിദ്ധീകരിച്ചിരുന്ന എന്റെ ആഴ്ചക്കോളം ഡൽഹി നോട്ട്സിൽ 2013 ആഗസ്റ്റിൽ എഴുതിയ കുറിപ്പ് ഈ ഘട്ടത്തിൽ വീണ്ടും ഷെയർ ചെയ്യുന്നു.
ലാവോസിലെയും കബോഡിയയിലെയും രണ്ടു രാത്രികാല പെൺകാഴ്‌ചകൾ.
വിദ്യാർത്ഥിനിയെന്നോ കച്ചവടക്കാരിയെന്നോ ശരീരം വിൽപ്പനക്കാരിയെന്നോ ഉളള വ്യത്യാസം ഇല്ലാതെ സ്‌ത്രീകൾക്ക് ഏതു പാതിരാത്രിയും ഒറ്റയ്‌ക്കു സുരക്ഷിതരായി സഞ്ചരിക്കാൻ കഴിയുന്ന ഒരു നാടായി ഇന്ത്യയെന്നു മാറും ? അത്തരം നാടുകൾ ലോകത്തുണ്ട്. അവർ നമ്മളേക്കാൾ ദരിദ്രരായിരാക്കാം ചിലപ്പോൾ നമ്മുടെ പണം അവർ കവർന്നേക്കാം. പക്ഷെ രാത്രിയുടെ മറവിൽ ഒരു പെണ്ണിന്റെയും മാനം അവർ കവരില്ല.
മുലപ്പാൽ മണം മാറാത്ത പിഞ്ചുകുഞ്ഞുങ്ങൾ മുതൽ പടുവൃദ്ധകൾ വരെ ഈ നാട്ടിൽ ലൈംഗികാതിക്രമങ്ങൾക്ക് നിരന്തരം വിധേയരാവുന്നു. കഴിഞ്ഞ വർഷം ഡിസംബർ 16 ഇന്ത്യയ്‌ക്കു നൽകിയ നാണക്കേടിൽനിന്ന് നമ്മൾ ഇതുവരെ കരകരയറിയിട്ടില്ല. ഡൽഹിയിൽ ബസിൽ പെൺകുട്ടി കൂട്ടമാനഭംഗത്തിന് ഇരയായതിനെ തുടർന്ന് ഉയർന്ന അപ്രതീക്ഷിത യുവജനരോഷവും സമാനതകൾ ഇല്ലാത്തതായിരുന്നു.
ഇതേത്തുടർന്ന് ഭരണകൂട ജാഗ്രത അൽപ്പം വർദ്ധിച്ചെങ്കിലും അതിക്രമങ്ങൾ ആവർത്തിക്കുന്നു. ഡൽഹിയിലെയും മുംബയിലെയും പെൺകുട്ടികൾക്കു നേരിടേണ്ടിവന്നതിനു സമാനമായ അതിക്രമങ്ങൾ നേരിടേണ്ടിവരുന്ന എണ്ണമറ്റ സ്‌ത്രീകൾ ഇന്ത്യയിലെ ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും ഉണ്ട്. പലതും വാർത്തയാവുന്നില്ലെന്നു മാത്രം. സ്‌ത്രീകൾക്ക് എതിരായ ലൈംഗിക അതിക്രമങ്ങൾ ഇന്ത്യയിൽ പൊടുന്നനെ കൂടിയതുകൊണ്ടല്ല ഇത്തരം വാർത്തകൾ വർദ്ധിച്ചത്. ഇപ്പോൾ കൂടുതൽ സ്‌ത്രീകൾ ഇത്തരം അതിക്രമത്തിന് എതിരെ പരാതിപ്പെടാൻ തയ്യാറാവുന്നു. ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ കാലങ്ങളായി ക്രൂരമായ അതിക്രമങ്ങൾക്ക് വിധേയരാവുന്ന സ്‌ത്രീകളിൽ ചെറിയൊരു ശതമാനമെങ്കിലും ഇപ്പോൾ പ്രതിഷേധിക്കാനും പരാതി നൽകാനും തയ്യാറാവുന്നു. ജാതീയമായും ദാരിദ്ര്യത്താലും തലമുറകളായി നേരിടേണ്ടിവന്ന അതിക്രമങ്ങളെ സ്വന്തം വിധിയായി കണ്ടിരുന്ന മനോഭാവത്തിന് ചെറിയ തോതിലെങ്കിലും മാറ്റം വരുന്നു.തുടർച്ചയായി നടക്കുന്ന മാനഭംഗങ്ങൾ സ്‌ത്രീകളോടുളള ഇന്ത്യൻ സമൂഹത്തിന്റെ മനോഭാവത്തിൽ കാതലായ പിഴവുണ്ടെന്നതിന്റെ തെളിവാണ്. സ്‌ത്രീകളോടുളള സമൂഹത്തിന്റെ മനോഭാവമാണ് ഇക്കുറി ഡൽഹി നോട്ട്‌സിന്റെ വിഷയം. വർത്തമാനകാല സംഭവങ്ങളെ വ്യക്തിപരമായ ഇന്ത്യൻ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ചിത്രീകരിക്കാനാണ് ഡൽഹി നോട്ട്‌സ് മിക്കപ്പോഴും ശ്രമിക്കുന്നത്. എന്നാൽ ഇവിടെ തുലോം പരിമിതമായ എന്റെ ഇന്ത്യൻ അനുഭവങ്ങൾ ഒന്നും തന്നെ ഇതിനു കൂട്ടായി എത്തുന്നില്ല. അതേസമയം പത്തു ദിവസം മാത്രം നീണ്ടുനിന്ന രണ്ടു വിദേശരാജ്യ സന്ദർശനാനുഭവം ഇതുമായി ഏറ്റവും യോജിക്കുന്നതും പ്രസക്തവുമാണ്.
2010 സെപ്‌റ്റംബറിലാണ് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ ലാവോസും കംബോഡിയയും സന്ദർശിച്ചത്. മുൻ രാഷ്‌ട്രപതി പ്രതിഭാ പാട്ടീലിന്റെ ഔദ്യോഗിക മാദ്ധ്യമസംഘാംഗമായിട്ടായിരുന്നു സന്ദർശനം. ഇന്ത്യയുമായുളള വാണിജ്യബന്‌ധം ശക്തമാക്കുന്നതിന്റെ ഭാഗമായിരുന്നു രാഷ്‌ട്രപതിയുടെ സന്ദർശനം. ചൈനയോടു ചേർന്നുനിൽക്കുന്ന ഏഷ്യൻ രാജ്യങ്ങളുമായി സൗഹൃദം ശക്തമാക്കുക എന്ന തന്ത്രപരമായ സമീപനവും ഇതിലുണ്ട്. കിഴക്കൻ രാജ്യങ്ങളിലേക്ക് ശ്രദ്ധിക്കുക (look east policy) എന്ന ഇന്ത്യൻ വിദേശനയത്തിന്റെ ഭാഗമാണിത്. ലാവോസും കംബോഡിയയും ഏതു വികസനമാനദണ്ഡത്തിലും ഇന്ത്യയെ അപേക്ഷിച്ച് വളരെ പിന്നിൽ നിൽക്കുന്ന രണ്ടു മൂന്നാംലോക രാജ്യങ്ങൾ. ഈ സന്ദർശനത്തിനിടയിലെ രണ്ടു രാത്രികാഴ്‌ചകളിലേക്കാണ് സഞ്ചാരം.
ഒന്ന്:
ലാവോസിന്റെ തലസ്ഥാനമായ വിയന്റൈനിലെ (Vientiane ) രണ്ടാം ദിവസം രാത്രി അത്താഴവിരുന്നിനു ശേഷം നഗരം കാണാനായി ഞങ്ങൾ ഏതാനും പേർ ഇറങ്ങി. ഞങ്ങൾക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ നഗരത്തിന്റെ വിശദമായ ചിത്രം നൽകി. നഗരത്തിന്റെ വിവിധ ഭാഗങ്ങൾ കറങ്ങി. രാത്രി പത്തു മണി കഴിഞ്ഞതോടെ നഗരം പതിയെ ഉറക്കത്തിലേക്ക് ആഴ്​ന്നെങ്കിലും വഴിയിൽ സ്‌ത്രീകളും പുരുഷന്മാരും ഒറ്റയ്‌ക്കും കൂട്ടായും സഞ്ചരിക്കുന്നു. വിജനമായ വഴികളിൽ പോലും അണിഞ്ഞൊരുങ്ങിയ സുന്ദരികളായ യുവതികൾ. ശരീര വിൽപ്പനക്കാരല്ല ഇവരെന്ന് ഒപ്പമുണ്ടായിരുന്നയാൾ പറഞ്ഞു. രാത്രി വൈകിയും തുടരുന്ന സംഗീത, നൃത്ത പരിപാടികൾ ഇവിടെ ധാരാളമുണ്ട്. ഇതിൽ പങ്കെടുക്കാനായി പോകുന്നവരാണ്. ജോലി കഴിഞ്ഞും മറ്റു വീടുകളിൽ സന്ദർശനം കഴിഞ്ഞും പോകുന്നവരും ഉണ്ട്. രാത്രി കറക്കം കഴിഞ്ഞ് 12 മണിയോടെ ഞങ്ങൾ താമസിച്ച ഡോൺ ചാൻപാലസ് ഹോട്ടലിലേക്കു മടങ്ങി. നഗരമധ്യത്തുനിന്ന് അൽപ്പം മാറി മെകോംങ് നദിക്കരയിലാണ് ഹോട്ടൽ. ഹോട്ടലിലേക്കുളള വഴിയിൽ ഒറ്റയ്‌ക്കും കൂട്ടായും ചെറുപ്പക്കാരുടെ സംഘങ്ങൾ വരികയും പോവുകയും ചെയ്യുന്നു. വിയന്റൈനിലെ പ്രമുഖ ഡാൻസ് ബാർ ഇവിടെയാണ്. ഡാൻസ് ബാറിൽ എന്തായാലും പോകണമെന്ന് ഞങ്ങളുടെ വിമാനത്തിന്റെ ക്യാപ്‌റ്റൻ നേരത്തെ പറഞ്ഞിരുന്നു.അടുത്ത ദിവസത്തെ ആദ്യപരിപാടി രാവിലെ പത്തിനാണ്. രാത്രി ഇനിയും സമയമുണ്ട്. ഞങ്ങൾ നേരെ മൂന്നാം നിലയിലെ ഡാൻസ് ബാറിൽ കയറി. അരണ്ട വെളിച്ചത്തിൽ സംഗീതവും നൃത്തവും മദ്യവുമായി യുവതീയുവാക്കൾ ആടിത്തിമിർക്കുന്നു. ഏറെയും യുവതികൾ. ലാവോസുകാരും വിദേശികളുമുണ്ട്. പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന സംഘങ്ങൾ. അൽപ്പനേരം ഞങ്ങൾ ഇതെല്ലാം ചുറ്റിക്കറങ്ങി കണ്ടു. ഞങ്ങളുടെ സംഘത്തിൽപ്പെട്ട പലരും ഇവിടെയുണ്ടായിരുന്നു. കൂട്ടത്തിൽ അത്യാവശ്യം ഇംഗ്‌ളീഷ് വശമുളള തദ്ദേശീയരായ ചെറുപ്പക്കാരുടെ ഒരു സംഘത്തിനൊപ്പം ചേർന്നു. അവർ സന്തോഷത്തോടെയാണ് ഞങ്ങളെ ക്ഷണിച്ചത്. ദാവോ എന്ന പെൺകുട്ടി അവൾക്ക് ഒപ്പം നൃത്തം ചെയ്യാൻ ക്ഷണിച്ചു. അറിയാവുന്ന തരത്തിൽ അവളുടെ നൃത്തത്തിനൊപ്പം ഞാനും ചുവടു വച്ചു. നൃത്തത്തിന്റെ ഇടവേളകളിൽ ദാവോ ലാവോസിലെ ചെറുപ്പക്കാരുടെ ജീവിതത്തെക്കുറിച്ചു പറഞ്ഞു. സോഷ്യലിസ്‌റ്റു കമ്മ്യൂണിസ്റ്റു രാജ്യമായ ഇവിടെ സർവ്വകലാശാലാ വിദ്യാഭ്യാസം സൗജന്യമാണ്. സർവ്വകലാശാലാ വിദ്യാഭ്യാസം പൂർത്തിയാക്കി ചെറിയ ചെറിയ ജോലികൾ ചെയ്യുന്നവരായിരുന്നു സംഘാംഗങ്ങൾ. ആഴ്‌ചയിൽ ഒരിക്കൽ അവർ ഇതുപോലെയുളള ഒരു സ്ഥലത്തു പോകും. ഭാവിയിലേക്കു പണം സൂക്ഷിക്കുന്ന പതിവില്ലാത്ത ഇവർ ശമ്പളത്തിന്റെ നല്ലൊരു പങ്കും വിവിധ വിനോദ പരിപാടികൾക്കായി ചെലവഴിക്കും. രാത്രി രണ്ടര മണിയോടെയാണ് ഞങ്ങൾ അവിടെ നിന്നിറങ്ങിയത്. ദാവോയുടെ സംഘത്തിലെ ഓരോരുത്തരും ഓരോ വഴിക്കാണ് പോകുന്നത്. ഏകദേശം ആറു കിലോമീറ്റർ അകലെ നഗരപ്രാന്തത്തിലാണ് ദാവോയുടെ വീട്. ഈ പാതിരാത്രിയിൽ ഈ പെൺകുട്ടി ഒറ്റയ്‌ക്ക് എങ്ങനെ പോകുമെന്ന സംശയം സ്വാഭാവികമായി മനസിൽ വന്നു. “ടുക്ക് ടുക്കി’ലെന്ന അവളുടെ മറുപടിയിൽ എന്റെ ഇത്തരം ഒരു ചോദ്യത്തെ കുറിച്ചുളള അത്‌ഭുതം വ്യക്തമായിരുന്നു. മോട്ടോർ സൈക്കിളിന്റെ മുൻഭാഗവും ഓട്ടോയുടെ പിൻഭാഗവും ചേർത്തുളള ഇത്തരം വാഹനങ്ങൾ ഇവിടെ സാധാരണമാണ്. ഒറ്റയ്‌ക്കു പോകുന്ന ദാവോ എന്ന 21കാരിയെ വഴിയിൽ ഒരാളും തടഞ്ഞുനിറുത്തില്ല. അവളെയാരും ആക്രമിക്കില്ല. അങ്ങനെയൊരു പേടി അവൾക്കില്ല. ഇവിടെ സ്‌ത്രീകളാണ് കുടുംബം നയിക്കുന്നത്. വിവാഹം കഴിക്കണമെങ്കിൽ സ്‌ത്രീക്കും കുടുംബത്തിനും പുരുഷൻ പണം നൽകണം.വിവാഹച്ചെലവിനുളള പണം അടക്കം നൽകേണ്ട ഉത്തരവാദിത്വം പുരുഷനാണ്. സ്‌ത്രീയുടെ പാവാടയിൽ പുരുഷന്മാർ തൊടരുത് എന്ന വിശ്വാസക്കാരാണിവർ. . ഭാര്യ പ്രസവിച്ചു കിടക്കുമ്പോൾ സർവ്വ ജോലിയും ഭർത്താവിന്റെ ഉത്തരവാദിത്വമാണ്. പക്ഷെ അപ്പോഴും ഭാര്യയുടെ പാവാട മാത്രം ഭർത്താവ് കഴുകില്ല.വിശ്വാസത്തിന്റെ ഭാഗമാണെങ്കിലും അതിൽ സ്ത്രീകളോടുളള ആദരവിന്റെ വശം കൂടിയുണ്ട്:
……………….
ഡൽഹിയിൽ പെൺകുട്ടി ബസിൽ കൂട്ടമാനഭംഗത്തിന് ഇരയായ സംഭവത്തിൽ പോലും രാത്രി കൂട്ടുകാരന് ഒപ്പം സിനിമയ്‌ക്കു പോയതുകൊണ്ടല്ലേ ഇതു സംഭവിച്ചതെന്ന ചോദ്യം പൊതുസമൂഹത്തിൽ പലരും ഉന്നയിച്ചു. ഡൽഹിയോടു ചേർന്ന ഗുഡ്ഗാവിൽ രാത്രി പാർട്ടി കഴിഞ്ഞ് മടങ്ങുന്ന വഴിയിൽ യുവതിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ സംഭവത്തിലും സമാന ആക്ഷേപം ഉയർന്നു. യാഥാസ്ഥിതിക സമൂഹം കൽപ്പിക്കുന്ന വേലികൾക്കു പുറത്തു പോകുന്നവർക്കാണ് ഇതൊക്കെ സംഭവിക്കുന്നതെന്നും ഇവിടെ മാനഭംഗം നടത്തിയ പുരുഷനല്ല രാത്രി യാത്ര ചെയ്‌ത സ്‌ത്രീയാണ് പ്രതിയെന്നും ചിത്രീകരിക്കുന്നവരിൽ വനിതാഭരണാധികാരികൾ പോലുമുണ്ട്. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് കാറോടിച്ചു പോകുന്ന വഴി മലയാളി മാദ്ധ്യമപ്രവർത്തക അക്രമികളുടെ വെടിയേറ്റ് മരിച്ചതിനെ കുറിച്ച് ഇത്തരത്തിലാണ് ഡൽഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് പോലും പ്രതികരിച്ചത്. സംസ്കാരസമ്പന്നമായ ഒരു സമൂഹത്തിൽ ഏതു രാത്രിയും സത്രീകൾക്ക് ഒറ്റയ്‌ക്കു യാത്ര ചെയ്യാൻ കഴിയണം. അല്ലാത്തിടത്തോളം ആ സമൂഹത്തിന് എന്തോ സാരമായ തകരാറുണ്ടെന്ന് ഉറപ്പാണ്. സ്‌ത്രീകളുടെ രാത്രിയാത്രയ്‌ക്കല്ല, ഇതേക്കുറിച്ചുളള പുരുഷന്റെ മനോഭാവത്തിനാണ് രോഗം. തെരുവിൽ ശരീരം വിൽക്കുന്ന ഒരു സ്‌ത്രീയെ ആരെങ്കിലും മാനഭംഗം ചെയ്‌താൽ സാധാരണഗതിയിൽ നമ്മുടെ നാട്ടിൽ കേസെടുക്കില്ലെന്ന് മാത്രമല്ല, ഇതിലെന്താണ് ഇത്ര വലിയ കാര്യമെന്നുമാവും പൊതുചിന്താഗതി. വിശുദ്ധകളെന്ന് സമൂഹം വിശ്വസിക്കുന്ന സ്‌ത്രീകൾക്കു നേരെ ആക്രമണം ഉണ്ടായാൽ മാത്രമാണ് അൽപ്പമെങ്കിലും പ്രതിഷേധം ഉയരുന്നത്. സമൂഹത്തിന്റെ വേലി ചാടി പോകുന്നവർക്കു നേരെ എന്തുമാവാമെന്ന ബോധം ഇവിടെ ശക്തമാണ്.ഇവിടെയാണ് കംബോഡിയയുടെ തലസ്ഥാനമായ നോംപെൻ നഗരത്തിലെ രാത്രികാഴ്‌ച പ്രധാനമാകുന്നത്.
ലോകത്തെ തന്നെ പ്രശസ്‌ത കസിനോകളിൽ ഒന്നാണ് നോംപെനിലെ നാഗാ വേൾഡ്. ലക്ഷക്കണക്കിനു ഡോളർ ഒഴുകുന്ന ചൂതാട്ട കേന്ദ്രം. നാഗാവേൾഡിലെ അത്ഭുത കളികളിൽ കാഴ്‌ചക്കാരായി നിന്ന് പുറത്തേക്കിറങ്ങുമ്പോൾ അർദ്ധരാത്രി പിന്നിട്ടിരുന്നു. റോഡിന് വശത്ത് നിരവധി ചെറുപ്പക്കാരികൾ. ശരീരവിൽപ്പനയ്‌ക്കായി എത്തിയവർ. ഡോളറിൽ വിലപേശുന്നവർ. അൽപ്പനേരം ഇവരുടെ നീക്കങ്ങൾ നിരീക്ഷിച്ച ശേഷം ഹോട്ടലിലേക്കു മടങ്ങി. മടക്കവഴിയിൽ ആളുകൾ തീരെ കുറവാണെങ്കിലും വഴിവിളക്കുകൾക്കു താഴെ സുന്ദരികളായ പെൺകുട്ടികൾ. ഇടയ്‌ക്കു കടന്നുവരുന്ന വാഹനങ്ങളിൽ പ്രതീക്ഷയോടെ നോക്കുന്നവർ. ഞങ്ങൾ താമസിച്ച ഇന്റർകോൺടിനെന്റൽ ഹോട്ടലിലേക്കുളള വഴിയിൽ “ടുക്ക്ടുക്കു’മായി ഡ്രൈവർമാർ. സ്‌ത്രീകളെ വേണമോയെന്ന് മുറി ഇംഗ്ളീഷിൽ ചോദ്യം. അങ്ങോട്ടു പോയാൽ പൈസ കുറയും ഇങ്ങോട്ടുവരണമെങ്കിൽ കൂടും. ലോകത്ത് എവിടെയും ദല്ലാളന്മാർക്ക് ഒരേ മുഖം, ഒരേ ഭാഷ, ഒരേ ചിരി. പരിമിതമായ ഇംഗ്‌ളീഷിൽ അവർ പറയുന്നത് ആർക്കും മനസിലാവും. അവരെ ഒഴിവാക്കി ഹോട്ടലിൽ മടങ്ങിയെത്തി. രാത്രി വൈകി നഗരത്തിലെ പ്രധാന വഴി വിട്ട് പോകരുത്, അക്രമികൾ പണം തട്ടിയെടുക്കാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഞങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ നൽകിയിരുന്നു. ഇത്തരം ഒരു നഗരത്തിൽ പാതിരാത്രി കഴിഞ്ഞുളള ഈ സ്‌ത്രീസഞ്ചാരത്തെ കുറിച്ച് ഞങ്ങൾ അയാളോട് സംശയം ഉന്നയിച്ചു. അയാളുടെ മറുപടി:
”നിങ്ങളുടെ പണം ചിലപ്പോൾ അപഹരിച്ചേക്കാം. പക്ഷെ ഒരു രാത്രിയിലും ഒരു പെണ്ണിന്റെയും മാനം ഞങ്ങൾ കവരില്ല”
. അവരേക്കാൾ എല്ലാത്തരത്തിലും മേലെ നിൽക്കുന്നവർ എന്ന് അവകാശപ്പെടുന്ന ഇന്ത്യക്കാർക്ക് നേരെയുളള പരിഹാസമായിരുന്നോ അതെന്ന സംശം അപ്പോഴും നാണക്കേടായി നിന്നു.
പഞ്ച്‌ലൈൻ
തൊഴുകൈയോടെ സഹോദരരേ എന്ന് അപേക്ഷിച്ചിരുന്നെങ്കിൽ ഡൽഹിയിലെ പെൺകുട്ടിക്ക് മാനം രക്ഷിക്കാൻ കഴിയുമായിരുന്നു എന്നു പറഞ്ഞ ആത്മീയ ആചാര്യൻ ആശാറാം ബാപ്പുവിനെ 16കാരിയെ പീഡിപ്പിച്ച കേസിൽ പൊലീസ് ചോദ്യം ചെയ്യുകയാണ്. അപ്പൂപ്പാ എന്നു വിളിച്ച് കൈകൂപ്പി അപേക്ഷിക്കാത്തത് ആ പെൺകുട്ടിയുടെ തെറ്റാണെന്നു പറഞ്ഞേക്കാം. അതും വിശ്വസിക്കാൻ തയ്യാറുളള ആയിരക്കണക്കിന് അനുയായികൾ ആശാറാം ബാപ്പുവിനുണ്ട്. .