R P Sivakumar

അലങ്കാരങ്ങളൊന്നും ഇപ്പോൾ സ്കൂൾ ക്ലാസുകളിൽ പഠിപ്പിക്കാനില്ല. അങ്ങനെ പഠിപ്പിക്കാൻ കവിതകളെക്കാൾ നല്ലത് ചലച്ചിത്രഗാനങ്ങളല്ലേ എന്നു തോന്നിയിരുന്നു മുൻപ്. അതാവുമ്പോൾ പിള്ളാർക്ക് മാനസിക അടുപ്പവും ഉണ്ട്. ‘നളചരിതത്തിലെ നായകനോ നന്ദനവനത്തിലെ ഗായകനോ അഞ്ചിതൾ പൂക്കൾകൊണ്ട് ആവനാഴി നിറയ്ക്കുന്ന കാമദേവനോ’ എന്നു ചോദിച്ചാൽ ’ സസന്ദേഹമാണെന്നു പറയാം. ശബ്ദാലങ്കാരമായ അന്ത്യപ്രാസവുമുണ്ട്. . ‘താലിക്കുരുത്തോല പീലിക്കുരുത്തോല താഴ്വാരം കുന്നിലെ പൊന്നോല, പൊന്നോല കെട്ടി പൂപ്പന്തൊരുക്കി പണ്ടീമാറിലെറിഞ്ഞു കളിച്ച പന്തുകളിക്കാരാ’ എന്നു പറഞ്ഞാൽ ഉദാത്തമായി.
മലയാളം പാട്ടുകൾ വിശദീകരിച്ചാൽ കാവ്യഗുണം കുറയും. അതിന്റെ മേന്മ മുഴുവൻ കിടക്കുന്നത് പാടുന്നതിന്റെ ഭാവത്തിലാണ്. പ്രത്യേകിച്ചും പഴയപാട്ടുകളുടെ. അപരിചിതത്വം കൊണ്ടാണോ എന്നറിഞ്ഞുകൂടാ, തമിഴിന്റെ പോക്ക് പ്രത്യേകമാണ്.. അതിന്റെ ജനകീയത ഈണത്തിൽ മാത്രമല്ല അർത്ഥത്തിലും ഉണ്ട്.

“ഉസലാം പട്ടി പെൺകുട്ടി മുത്തു പേച്ച്, നിൻ ഒസരം പാത്ത് എൻ കളുത്ത് ഉളുക്കിപോച്ച് “ എന്നിടത്ത് ഒന്നാന്തരം അതിശയോക്തിയാണ്. ഉസലാം പട്ടിക്കാർ സ്വതവേ ഉയരമുള്ളവരാണത്രേ. അവിടുന്നുള്ള നായികയുടെ ഉയരം നോക്കി നായകനു കഴുത്തുളുക്കിയെന്നാണല്ലോ പറയുന്നത്. ഈ പറയുന്ന പാവം പെൺകുട്ടി അതേ ഈണത്തിൽ തിരിച്ചു പാടുന്ന പല്ലവിയിൽ, “നീ ഓരക്കണ്ണൽ പാത്താലേ ഞാൻ പിള്ളക്കാച്ചി“ എന്നുണ്ട്. അതായത് നീ ഇടം കണ്ണിട്ട് നോക്കിയാൽ മതി എനിക്കു ഗർഭമുണ്ടാകുമെന്ന്! ജെന്റിൽമാൻ സിനിമയിലെ പെൺകുട്ടി പ്രസ്തുത ഗ്രാമത്തിൽനിന്നുള്ളതാണോ എന്ന് സിനിമയിൽ എവിടെയെങ്കിലും സൂചനയുണ്ടോ എന്നറിയില്ല. എങ്കിലും അവൾ അവിടുന്നു തന്നെയായിരിക്കുന്നതാണ് നല്ലത്. ഇമ്മാതിരി കട്ടയ്ക്ക് പിടിച്ചുനിന്ന് അതിശയോക്തിയിൽ മറുപടി പറയുന്ന പെൺകുട്ടി ചക്കയ്ക്കൊത്ത കൂടയാണ് !

അതേ സിനിമയിൽ തന്നെയുള്ള വേറൊരു കല്പനാകാകളി നോക്കുക. എൻ വീട്ടു തോട്ടത്തിൽ പൂവെല്ലാം കേട്ടുപാർ, എൻ വീട്ടു ജന്നൽക്കമ്പി എല്ലാമേ കേട്ടു പാർ എന്നു തുടങ്ങുന്ന പാട്ടിൽ നായികയുടെ വീട്ടിലെ ജന്നൽക്കമ്പിപോലും നായകന്റെ പേര് പറയും എന്ന ഭാവന രസമുള്ള സംഗതിയാണ്. ജനലിന്റെ ഓരത്തു നിന്ന് പാവം എത്ര പ്രാവശ്യം ഉരുവിട്ട് കേട്ടിട്ടാണ് സ്വയബുദ്ധിയില്ലാത്ത കമ്പിപോലും അയാളുടെ പേരു പറയാൻ തുടങ്ങുന്നത്! ആ ഒറ്റവരി കല്പനയിൽ, വീട്ടിൽ നിന്ന് പുറത്തിറങ്ങാത്ത തറവാടിയും കുലീനയും എന്നാൽ പ്രണയവതിയുമായ കന്യക നിറഞ്ഞു തുളുമ്പി നിൽക്കുന്നുമുണ്ട്. കാതലനിൽ അതിശയോക്തി വേറെ ലെവലാണ്. “രണ്ടു രൂപയാണ് ഗുണ്ടു മല്ലിയുടെ നിലവിലെ വില, എന്നാൽ നിൻ കൂന്തലേറി ഉതിരുമ്പോൾ കോടി രൂപാ…. പഞ്ചി മുട്ടായിക്ക് അഞ്ചു രൂപാ. അത് നീ (കാതലിക്കുന്ന പെണ്ണ്) പാതി തിന്നിട്ടു തരുമ്പോൾ ലച്ചം രൂപയാണ് !! അപഹ്നുതി എന്ന അലങ്കാരത്തിന്റെ ഒന്നാം തരം ഉദാഹരണമാണ്, വേട്ടക്കാരനിലെ “കരിങ്കാല കാലം പോലെ കറുത്തിരിക്കുന്ന കുഴല് (തലമുടി), കുഴലല്ല കുഴലല്ല ടാജ് മഹലിന്റെ നിഴൽ” എന്ന പാട്ടിലെ സങ്കല്പങ്ങൾ. സേവലിന്റെ കൊണ്ടപോലെ ചുവന്നിരിക്കണ ഉതട്, ഉതടല്ല ഉതടല്ല (ചുണ്ട്) മന്ത്രിച്ച തകിട്, പാദമല്ല പച്ചരിസാദമാണ്, മൂക്കല്ല മുന്തിരി കേക്ക്, കവിളല്ല വെള്ളി വെള്ളിക്കിണ്ണം, ദേഹമല്ല തീ പിടിച്ച മേഘം എന്നൊക്കെയാണ് അതിലെ മറ്റു ഭാവനാവിലാസങ്ങൾ.

ഓട്ടക്കാരൻ മാരിമുത്തുവിനെ വിളിച്ചിട്ട് ഊരുക്കുള്ളെ വയസ്സു പൊണ്ണുങ്കൾ സൗഖ്യമാ എന്നു ചോദിക്കുന്ന ഇന്ദിരയിലെ പാട്ടിൽ നാട്ടും പുറത്തെ പരദൂഷണം മൊത്തമായുണ്ട്. പതിവിനു വിപരീതമായി ഇതിൽ ആണുങ്ങളാണ് ദൂഷണ വാർത്തകൾ പങ്കുവയ്ക്കുന്നതെന്ന പ്രത്യേകതയുണ്ട്. കിഴക്കു ചീമയിലെ എന്ന സിനിമയിലെ കാമുകൻ, ആറ്റിൻ കരയിലെ മരം, അരശുമരത്തിലെ ഇല, മരത്തിലെ പോട് (പൊത്ത്) , അതിലിരുന്നുറങ്ങുന്ന കിളി എന്നിവയെ ഒന്നോടെ വിളിച്ചാണ് ‘വെടിച്ചു നിൽക്കണ പരുത്തിപോലിരിക്കുന്ന’ ഈ പെണ്ണ് ആരെന്നു ചോദിക്കുന്നത് ! എന്തൊരു കല്പന.. കാതൽ കോട്ടയിലെ ‘നലം നലമറിയ ആവൽ’ എന്ന വരി, ‘ഞാൻ വായിച്ചറിയാൻ നിനക്ക്’ എന്നതുപോലെതന്നെ കാവ്യാത്മകം. സുഖമാണോ എന്ന് ഇതിനേക്കാൾ നന്നായി ചോദിക്കാൻ ഒരു ഭാഷയിലും വാക്യമുണ്ടാവില്ലെന്നുതോന്നിയ കാലമുണ്ടായിരുന്നു. ( ഐ മിസ്സ് യൂ എന്നതിന്റെ മലയാളം ഒരു പാട്ടിൽ അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്നു ഓ എൻ വി വിവർത്തനം ചെയ്തിട്ടുണ്ട് എന്നാരോ എഴുതിയതോർക്കുന്നു)

തിരുടാ തിരുടായിലെ പുതിയ ലോക കല്പന നോക്കുക. (പുത്തൻപുതു പൂമി വേണ്ടും) നിത്യവും ഒരാകാശം വേണം, സ്വർണ്ണ മഴവേണം, കൂടെ തമിഴിൽത്തന്നെ കുയിൽ പാടണം. ജീൻസിലെ കണ്ണുകൊണ്ട് കാണുന്നതെല്ലാം തലവാ, കണ്ണുകൾക്ക് സ്വന്തമല്ലെന്ന് ഉപദേശിക്കുന്ന പാട്ടിൽ. ഇരട്ട കിളവി എന്നൊരു വാക്കുണ്ട്. അമ്മൂമ്മ കഥാപാത്രത്തെ സൂചിപ്പിക്കുന്ന എന്തോ ആണെന്നാന് ആദ്യം വിചാരിച്ചത്. തമിഴിലെ അലങ്കാരമാണ്. ശ്ലേഷം പോലത്തെ ഒരു ഏർപ്പാട്. അതിനെയും സിനിമയിലെ ഇരട്ടനായികയും ( അതിലൊന്ന് വെറും ഭ്രമമാണ്) ചേർത്ത് അടുത്തവരി വൈരമുത്തു എഴുതുന്നു. രണ്ടായി പിരിച്ചുവച്ചാൽ നിയമം ഇല്ല. പിരിച്ചുവച്ചു നോക്കിയാൽ അർത്ഥവും ഇല്ല. കണക്കിൽ രണ്ടും രണ്ടാണ്, എന്നാൽ ഒന്നുമാണ്. ഗജിനിയിലെ ‘സുട്രും വിഴി സുടരേ’യിൽ മെല്ലിനവും വല്ലിനവും ഇടൈയിനവും ( വ്യഞ്ജനാക്ഷരങ്ങൾ) സ്ത്രീശരീരവുമായി ബന്ധിപ്പിക്കുന്നുണ്ട്. നേരത്തെ പറഞ്ഞ കാതലനിലെ പാട്ടിൽ പെണ്ണിന്റെ കയ്യെഴുത്തിലെ പിഴവും കവിതയാണെന്നുണ്ട്. അതുപോലെ വേട്ടക്കാരനിലെ പാട്ടിൽ വലം പിരിശംഖുപോലെ വഴുക്കുന്നതാണ് നിന്റെ കഴുത്തെന്ന കല്പനയ്ക്ക് സ്ത്രീയുടെ വക ഒരു തിരുത്തുണ്ട്. അതു കഴുത്തല്ല കണ്ണദാസന്റെ എഴുത്താണെന്ന് ! കണ്ണുനീർ തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനയും രവിവർമ്മ ചിത്രവും കുമാരനാശാന്റെ വിരഹിണിയായ വീണപൂവും ഇരയിമ്മൻ തമ്പിയുടെ ഉത്തരാസ്വയവരവും കാണാൻ കൊതിച്ച നേരം കവിതപോലെ മുന്നിൽ വന്നുള്ള (കാമുകിയുടെ) നില്പും വച്ച് വേണമെങ്കിൽ നമുക്കും അവകാശപ്പെടാവുന്നതാണ്, സാഹിത്യപാരമ്പ്യത്തെ മുൻ നിർത്തുന്ന ഗാനകവികളുടെ അഭിമാനം.. എങ്കിലും അത്ര വളരെയധികമില്ല.

ഞരമ്പുകളിൽ രോമാഞ്ചതൈലഗതാഗതം നടത്തിക്കുന്ന തമിഴ് പാട്ടുകൾ ഇനിയുമുണ്ട് ധാരാളം… ഒമാനിലായിരുന്നപ്പോൾ മദിരാശിയിലേക്ക് കുടിയേറിയ മലയാളികുടുംബത്തിലെ അംഗമാണെങ്കിലും മലയാളി എന്നു പറയാൻ ഇഷ്ടമില്ലാതിരുന്ന കമ്പ്യൂട്ടർ സയൻസ് അദ്ധ്യാപകൻ തമിഴ്പ്പാട്ടുകളുടെ അർത്ഥം പറഞ്ഞ് ആസ്വദിക്കുന്നതു കാണാമായിരുന്നു. സ്കൂളിലെ തമിഴ് അദ്ധ്യയനത്തിന്റെ ബാക്കിയായിരുന്നു അതെന്നാണ് തോന്നിയത്. തമിഴ് പ്രിയത്വം ജനിതക വിശേഷമൊന്നും അല്ല. കമ്പ്യൂട്ടർ സയൻസിനും സാഹിത്യത്തിനും പ്രത്യക്ഷബന്ധവും ഇല്ല! എങ്കിലും തമിഴ് വരികൾ ആവർത്തിച്ചു പറഞ്ഞ് അതിന്റെ സുഖം അനുഭവിപ്പിക്കുന്നതിൽ ആൻഡ്രൂസ് വഹിച്ച പങ്ക് ചെറുതല്ലെന്ന് പലപ്പോഴും ഓർക്കാറുണ്ട്.
“ ഇതൊരു പൊൻ മാലൈ പൊഴുത്’ എന്ന നിഴൽകളിലെ പാട്ട് എപ്പോൾ കേട്ടാലും ഒമാൻ കാലം തള്ളി തിരക്കി വരും. മെൽവിൻ പോൾ താഞ്ചൽ എഴുതിയ “പൂവുക്കുൾ ഒളിന്തിരിക്കും കനിക്കൂട്ടം അതിസയം” വായിച്ചപ്പോൾ ( ഈ പുസ്തകത്തെപ്പറ്റി രാം മോഹൻ പാലിയാത്ത് വെബിനിവേശത്തിൽ എഴുതിയിരുന്നു, അങ്ങനെ തപ്പിപ്പോയതാണ്) പെട്ടെന്ന് തമിഴ്പ്പാട്ടുകളെപ്പറ്റിയുള്ള കുറിപ്പുകൾ മറ്റൊരതിശയമായി.

ഇതുപോലെയൊരു പുസ്തകം എഴുതണമെന്ന് വിചാരിക്കുകയും പിന്നെ ആരു വായിക്കാനാണ് എന്നു സംശയിച്ചും അതിനു തമിഴ് വാക്കുകളുടെ അർത്ഥം എങ്ങനെ അറിയാനാണ് എന്ന് കുഴങ്ങിയും എങ്ങനെയാണ് പുസ്തകം സംവിധാനം ചെയ്യേണ്ടത് എന്ന് ആലോചിച്ചും വേണ്ടെന്നു വച്ചതാണ്. മെൽവിനെ അത്തരം സന്ദേഹങ്ങൾ അലട്ടാത്തതുകൊണ്ട് പുസ്തകമായി മുന്നിലിരിക്കുന്നു. തമിഴുപാട്ടുകൾ മാത്രമല്ല ഇതിലുള്ളത്. മലയാളവുമുണ്ട്. കാൽപ്പനികവും സംഭോഗവും വിപ്രലംഭവുമായ രതിഭാവത്തിന് ഊന്നൽ നൽകിയാണ് മെൽവിൻ പാട്ടുകൾ തെരെഞ്ഞെടുത്തിരിക്കുന്നത്. ഭക്തിയും ( അൻപെൻട്ര മഴയിലെ) ദേശസ്നേഹവും ( ഒരു നാടിതെൻട്രാലും) ഇല്ലെന്നല്ല. പ്രാധാന്യം രതിയ്ക്കുതന്നെ. മലയാളം പാട്ടുകൾ തെരെഞ്ഞെടുത്തതിലും ( പ്രാണനാഥൻ എനിക്കു നൽകിയ, നനഞ്ഞനേരിയ പട്ടുറുമാൽ..) അതിനു മുൻതൂക്കം ഉണ്ട്. അതുസ്വാഭാവികമാണ്. ചലച്ചിത്രഗാനങ്ങൾ ഒറ്റ കേൾവിയിൽ ആകർഷിക്കാനുള്ളതാണ്. അതിനു സങ്കീർണ്ണഭാവങ്ങളും കുഴമറിച്ചിലുകളും ഗുണത്തേക്കാൾ ദോഷം ചെയ്യും. മനസ്സിലാക്കാൻ എളുപ്പമുള്ള വികാരമാകുന്നു രതി.

ഭക്തിയുമായി വരെ കെട്ടു പിണഞ്ഞുകിടന്ന ആകർഷകവും വശ്യവുമായ ഭാവം മാന്യതയും പരിഷ്കാരവും ചേർന്ന് പൊതിഞ്ഞുകെട്ടി പുറത്തെടുക്കാൻ വയ്യാതെയാക്കി. എന്നാൽ ജനപ്രിയ ഗാനങ്ങൾ വിവരപ്പുരകളായി അവ സൂക്ഷിക്കുന്നു. ( തേൻ കിണ്ണം.. പൂങ്കിണ്ണം.. താഴെക്കാട്ടിലെ താമരക്കുളമൊരു തേങ്കിണ്ണം.. ഊ..ഊ.. പൂങ്കിണ്ണം എന്നു പബ്ലിക്കായി പാടി നടക്കാം ഒരു പ്രശ്നവും ഇല്ല) സകല ഊർജ്ജവും ആൺകൂക്കുകൾക്കായി ( എഴുത്തുകാരികൾ ഇല്ലാ…) അവിടെ ചെലവഴിക്കപ്പെടുന്നു. മെൽവിൻ ദുബായിൽ ജോലി ചെയ്തിട്ടുണ്ടെന്ന് പുസ്തകത്തിലെ ജീവിത രേഖയിൽ കണ്ടു. അതും ഗ്രാഫിക് ഡിസൈനറായി. അപ്പോൾ കമ്പ്യൂട്ടറിനും സാഹിത്യത്തിനും തമ്മിൽ ബന്ധമൊന്നും ഇല്ലേ?

Leave a Reply
You May Also Like

“നിന്റെ കഴുത്തിനു താഴെ മൂന്നു സ്ഥലത്ത് എനിക്ക് ഉമ്മ വെക്കണം”

കന്യാസ്ത്രീ മഠങ്ങളിലും ആത്മീയ ഇടങ്ങളിലും ലൈംഗിക ചൂഷണങ്ങൾ ഇനിയും അധികം പുറത്തു വരാത്ത യാഥാർഥ്യങ്ങളാണെന്ന് സിസ്റ്റർ ലൂസി കളപ്പുരക്കൽ

സംഗീതത്തിൽ രണ്ടുവട്ടം ദേശീയ പുരസ്‌കാരം നേടിയ ഒരേയൊരു മലയാളി !

രണ്ടു ലേഖനങ്ങൾ Sanal Kumar Padmanabhan ഉള്ളിൽ അലയടിക്കുന്ന ആദരവും ബഹുമാനവും അതെ അളവിൽ വാക്കുകളിലേക്ക്…

ഭാവഗായിക സുജാതയ്ക്ക് പിറന്നാളാശംസകൾ

ഇന്ന് ഗായിക സുജാതയുടെ പിറന്നാൾ..ഇന്ന് അറുപതാം പിറന്നാൾ ആഘോഷിക്കുന്ന സുജാതക്ക് ആയുരാരോഗ്യ സൗഖ്യവും പിറന്നാൾ ആശംസകളും…

“A REVENGE, OF A SOLDIER” (2 ) – ബൈജു ജോര്‍ജ്ജ്..

ഇത് കൂടാതെ മലബാറിനെക്കുറിച്ച് സ്വയമേവ അറിഞ്ഞു വെച്ച വിശാലമായൊരു കാഴ്ചപ്പാടും ഹെന്റിക്കുണ്ടായിരുന്നു