സ്വപ്നയുടെ ‘ആദ്യരാത്രി’
ഇന്നലെ പുലർച്ചെ 6 മണി മുതൽ ഇടതടവില്ലാതെ കാറിൽ സഞ്ചരിച്ചതിന്റെ ക്ഷീണം സ്വപ്നയുടെ മുഖത്തുണ്ടായിരുന്നു. ഇതിനുമുമ്പും നീണ്ട യാത്രകൾ നടത്തിയുണ്ടെങ്കിലും സ്വപ്നയ്ക്ക് അപ്പോഴൊന്നും ഇത്ര ക്ഷീണം അനുഭവപ്പെട്ടിട്ടില്ല. മറിച്ച് തനിക്ക് വരാൻ പോകുന്ന സൗഭാഗ്യങ്ങൾ സ്വപ്നം കണ്ടുള്ള യാത്രകളായിരുന്നു അതെല്ലാമെന്നത് അവളെ ആവേശപ്പെടുത്തുകയാണ് ചെയ്തത്. തന്റെ ജീവിതത്തിൽ ആദ്യമായാണ് അനങ്ങാൻ പോലുമാകാതെ സ്വപ്ന ഇത്തരത്തിൽ വലിഞ്ഞുമുറുകി മാനസിക സമ്മർദ്ദത്തിന് അടിപ്പെടുന്നത്. അപ്പോഴും അവൾ നിർവികാരയായിരുന്നു. താൻ ഇന്നുവരെ കണ്ടിട്ടില്ലാത്ത കോടതി മുറി. മുമ്പൊരിക്കലും കോടതിയിലോ പൊലീസ് സ്റ്റേഷനിലോ കയറിയിട്ടില്ല അവൾ. പൊലീസുകാർ ഇങ്ങോട്ട് വന്നു മുഖം കാണിച്ചിരുന്ന തനിക്ക് ഈ ദുർഗതി വരുമെന്ന് അവൾ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. അതും ദേശദ്രോഹ കുറ്റം ചെയ്തവരെ മാത്രം ഹാജരാക്കുന്ന കോടതി മുറി, കേന്ദ്ര ഏജൻസികളുടെ മുതിർന്ന ഉദ്യോഗസ്ഥർ… ഇതൊക്കെ ഒരിക്കലും സംഭവിക്കില്ലെന്ന് സ്വപ്നയ്ക്ക് ഉറപ്പുള്ള സ്വപ്നങ്ങളായിരുന്നു.
മണിക്കൂറുകൾ നീണ്ട കോടതി നടപടികൾക്ക് ശേഷം തൃശൂരിലെ കൊവിഡ് കെയർ സെന്ററിൽ സ്വപ്നയെത്തി. യാത്രകൾക്ക് ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തുമ്പോൾ ശീതികരിച്ച കാറിലിരുന്ന് ഹോൺ ഒന്നുമുഴക്കും. ഗേറ്റിലെ സെക്യൂരിറ്റി ഓടിയെത്തി വാതിൽ തുറക്കും. മാഡത്തെ സല്യൂട്ട് ചെയ്യും. ഗേറ്റ് കടന്ന് കാർ പോർച്ചിലേക്ക്. ഒത്തൊരു ബിസിനസുകാരിയുടെ വേഷത്തിൽ ഹൈഹീൽ ചെരുപ്പണിഞ്ഞ് സ്വപ്ന വീട്ടിലേക്ക് കയറിപ്പോകും. എന്നാൽ ഇന്നലെ ഹോസ്റ്റലിന്റെ ഗേറ്റിൽ സ്വപ്നയെ അഭിവാദ്യം ചെയ്യാൻ ആരുമുണ്ടായില്ല. ജീപ്പിൽ നിന്നിറങ്ങിയ സ്വപ്നയെ വനിതാപൊലീസുകാരി നടക്ക് എന്നുപറഞ്ഞ് മുന്നോട്ട് തള്ളി. സ്വപ്ന അവരെ രൂക്ഷമായൊന്ന് നോക്കി. ഇത് സ്വന്തം വീടല്ലെന്നും ഇവിടെയുള്ളത് തന്റെ സേവകരല്ല പൊലീസുകാരെന്നുമുള്ള ബോദ്ധ്യമുണ്ടായിരുന്ന സ്വപ്ന മുഖത്തുണ്ടായ രൂക്ഷഭാവം വെടിഞ്ഞ് ശാന്തത വരുത്തി. ഒന്നും പറയാതെ മൂന്നു നിലകളുള്ള കെട്ടിടത്തിലെ രണ്ടാമത്തെ നിലയിലേക്ക് നടന്നുകയറി.
മുന്നിലും പിന്നിലും പൊലീസുകാരികൾ. വനിത ജയിൽ അസി. സൂപ്രണ്ട് ഏറ്റവും മുന്നിൽ നടന്നു. പിന്നാലെ മൂന്ന് വനിത പ്രിസൺ ഓഫീസർമാരും നാലു പുരുഷ പ്രിസൺ ഓഫീസർമാരും. മുറിയിലേക്ക് കയറിയ സ്വപ്ന അവിടാമാകെ കണ്ണോടിച്ചു. ഒരുനിമിഷം തന്റെ വീട്ടിലെ ആഡംബര മുറിയെ കുറിച്ച് സ്വപ്ന ചിന്തിച്ചുപോയി. മച്ചിൽ സീലിംഗ് ഫാൻ ശബ്ദത്തോടെ കറങ്ങുന്നു. രണ്ട് പാളിയുള്ള ജനാലകൾ തുറന്നിട്ടിരിക്കുന്നു. മൂന്നു പാളിയുള്ള ജനലിന്റെ രണ്ട് പാളികൾ മാത്രമെ തുറന്നിട്ടുള്ളൂ. ജനാലയിലൂടെ സ്വപ്ന പുറത്തേക്ക് കണ്ണോടിച്ചു. ചുറ്റിനും പൊലീസുകാർ. ഇലയനങ്ങിയാൽ അറിയുന്നത്ര സുരക്ഷ. ആ നിമിഷം പെരുവിരലിൽ നിന്ന് തന്നിലേക്ക് ഇരച്ചുകയറിയ ദേഷ്യത്തെ ജനൽപ്പാളിയിൽ കൈചുരുട്ടി ഇടിച്ച് സ്വപ്ന അടക്കി.
ഇരുമ്പഴികളിലേക്ക് താൻ എന്നെന്നേക്കുമായി ബന്ധിക്കപ്പെടാൻ പോകുന്നുവെന്ന സത്യം സ്വപ്നയെ ദു:സ്വപ്നമായി പിന്തുടരുന്നുണ്ടായിരുന്നു. മുറിയിലെ മൂലയിൽ ഇട്ടിരുന്ന ഇരുമ്പ് കട്ടിലിൽ സ്വപ്ന ഇരുന്നു. വിലകൂടിയ തേക്കിൻ തടിയിലുള്ള കട്ടിലിൽ പതുപതുത്ത മെത്തയിൽ സ്വപ്നങ്ങൾ കണ്ട് കിടന്നുറങ്ങിയിട്ടുള്ള താനിതാ ഇരുമ്പ് കട്ടിലിൽ. ഇരുന്ന ഇരുപ്പിൽ സ്വപ്ന ചെറുതായൊന്ന് അനങ്ങി. കട്ടിൽ വല്ലാത്ത ശബ്ദത്തോടെ ഞരങ്ങി. സ്വപ്നയ്ക്ക് തന്നോട് തന്നെ വെറുപ്പ് തോന്നിയ നിമിഷങ്ങൾ. പൊലീസുകാരികളിൽ ഒരാൾ വന്ന് ആഹാരം കൊണ്ടുവന്നിട്ടുണ്ടെന്ന് പറഞ്ഞതുകേട്ട സ്വപ്ന ചിന്തയിൽ നിന്നുണർന്നു.
ചിക്കനും ബീഫും കൂടാതെ മുന്തിയ ഭക്ഷണം മാത്രം കഴിച്ചു ശീലിച്ച സ്വപ്നയുടെ മുന്നിൽ നിരന്നത് സാധാരണ ചോറും കറികളും മാത്രം. എന്ത് നിനക്ക് ചോറ് ഇറങ്ങില്ലായിരിക്കും – പൊലീസുകാരി പുച്ഛത്തോടെ പറഞ്ഞു. വിലകൂടിയ ഭക്ഷണം കഴിച്ച് ശീലിച്ചതല്ലേ, ഇനി ഇതൊക്കെ കിട്ടൂ. വേണേൽ തിന്നിട്ട് കിടന്നോ- പൊലീസുകാരി പറഞ്ഞതുകേട്ട് സ്വപ്നയ്ക്ക് ദേഷ്യമുണ്ടായെങ്കിലും ഉള്ളിലൊതുക്കി. പാത്രത്തിൽ ചോറ് കിണ്ടികിളച്ചിട്ട് കഴിച്ചെന്ന് വരുത്തി സ്വപ്ന. വീണ്ടും കട്ടിലിൽ ഇരുന്നു. തലയ്ക്കുമുകളിൽ വലിയ ശബ്ദത്തോടെ ഫാൻ കറങ്ങുന്നു. എ.സിയുടെ നനുത്ത തണുപ്പിൽ നോട്ടുകെട്ടുകൾ കൊണ്ടുണ്ടാക്കിയ മെത്തയിൽ ജീവിതത്തിൽ ഇനിയുണ്ടാകാൻപോകുന്ന സൗഭാഗ്യങ്ങൾ സ്വപ്നം കണ്ടുറങ്ങിയ താനിപ്പോൾ സാധാരണ തടവുപുള്ളിയെ പോലെ കിടക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു. വിധി എന്ന് സമാധാനിക്കാനേ സ്വപ്നയ്ക്കായുള്ളു.
10 മണിയോടെ സ്വപ്ന കിടന്നു. സാധാരണ കിടക്ക കണ്ടാൽ ഉറങ്ങുന്ന സ്വപ്നയ്ക്ക് തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല. ചുരുങ്ങിയ സമയം കൊണ്ട് തന്റെ കുഞ്ഞുന്നാൾ മുതലുള്ള കാര്യങ്ങൾ സ്വപ്ന ഓർത്തെടുത്തു. ഓടിക്കയറിയ പടികൾ ഒന്നൊന്നായി അവൾ വീണ്ടും കണ്ടു. ഇടയ്ക്കെപ്പൊഴോ ചെറുതായൊന്ന് അവൾ മയങ്ങി. പതിഞ്ഞ ശബ്ദത്തിൽ പാട്ടുകേട്ട് ഉറങ്ങുന്ന ശീലമുള്ള സ്വപ്നയ്ക്ക് ക്വാറന്റൈൻ കേന്ദ്രത്തിൽ പക്ഷേ, കൊതുകിന്റെ മൂളലായിരുന്നു ‘ശ്രുതിമധുരമായ’ താരാട്ട്. മണിമാളികളിൽ മാറിമാറി താമസിക്കുന്ന വിദേശയാത്ര നടത്തുന്ന, ഉന്നതരുമായി ഈവന്റുകളിൽ പങ്കെടുക്കുന്നത് സ്വപ്നം കണ്ടുറങ്ങാറുള്ള സ്വപ്നയ്ക്ക് പക്ഷേ, ഇന്നലെ കാണേണ്ടിവന്നതെല്ലാം ദു:സ്വപ്നങ്ങളായിരുന്നു. ഇനിയുള്ള തന്റെ ജീവിതം ഇരുമ്പുമറയ്ക്കുള്ളിലാണെന്ന് തിരിച്ചറിഞ്ഞ അവൾ അർദ്ധരാത്രിയോടെ ഞെട്ടിയുണർന്നു അലറിക്കരഞ്ഞു. സുരക്ഷാചുമതലയുണ്ടായിരുന്ന പൊലീസുകാരി ഓടിയെത്തി. മുരടൻ സ്വാഭാവമുള്ള അവർ, കിടന്ന് അലറാതെ അടങ്ങിക്കിടന്നുറങ്ങെടീ എന്ന് ആക്രോശിച്ചു. സ്വപ്ന പകച്ചുപോയി. ഉന്നത പൊലീസുകാർ പോലും തന്നോട് സംസാരിക്കാത്ത ഭാഷ. ഇത് എൻ.ഐ.എയുടെ കൂടാരമാണെന്ന തിരിച്ചറിവ് അവളിലെ ദേഷ്യത്തെ അടക്കി. തുടർന്ന് മേശമേൽ വച്ചിരുന്ന വെള്ളമെടുത്ത് കുടിച്ചു.
ഉറക്കം വരാതിരുന്ന സ്വപ്ന മറ്റൊരു പൊലീസുകാരിയോട് സംസാരിച്ചു. അൽപസമയം കൊണ്ട് സ്വപ്ന അവരുടെ സിംപതി പിടിച്ചുപറ്റി. അവരുടെ വീട്ടുകാര്യങ്ങളൊക്കെ ചോദിച്ചെങ്കിലും എല്ലാത്തിനും ഉം ആ തുടങ്ങിയ മറുപടികൾ മാത്രം. സ്വപ്നയുടെ സംസാരം നീണ്ടുകൊണ്ടിരുന്നു. ഒടുവിൽ സ്വപ്ന പൊലീസുകാരിയോട് ചോദിച്ചു, മാഡം എനിക്ക് എന്ന് പുറത്തിറങ്ങാനാകും- ആ ചോദ്യത്തിൽ നിസഹായത നിഴലിച്ചുനിന്നു. പൊലീസുകാരിക്ക് മറുപടി ഇല്ലായിരുന്നു. നിന്റെ പേരിലുള്ളത് വെറും പെറ്റിക്കേസല്ല. യു.എ.പി.എ ആണ് ചുമത്തിയിരിക്കുന്നത്. നീ കുറെനാൾ അകത്തുകിടക്കും – പൊലീസുകാരിയുടെ മറുപടി നെഞ്ചിൽ കത്തി കുത്തിയിറക്കിയതുപോലെയാണ് സ്വപ്നയ്ക്ക് തോന്നിയത്. കൊച്ചുകുഞ്ഞിനെ പോലെ സ്വപ്ന അലറിക്കരഞ്ഞു. മകളെയും ഭർത്താവിനെയും കാണണമെന്ന് സ്വപ്ന പറഞ്ഞു. അവർ എവിടെയാണെന്ന ചോദ്യത്തിന് അവർ സുരക്ഷിതരാണെന്ന് മാത്രം പൊലീസ് ഉദ്യോഗസ്ഥ മറുപടി നൽകി. തന്നെ സഹായിക്കാനും താങ്ങാനും ആരുമില്ലെന്ന നഗ്നസത്യം ഉൾക്കൊണ്ട സ്വപ്ന കട്ടിലിന്റെ ഇരുമ്പ് കമ്പിയിൽ തലചായ്ച്ച് ശബ്ദമില്ലാതെ തേങ്ങി.