നിമിഷക്കെതിരെ നടക്കുന്നത് റേസിസ്റ്റുകളുടെ ഫാസിസം

0
396

Reshma S

പ്രിയപ്പെട്ട അഭിനേത്രി നിമിഷ സജയനെതിരെ നടക്കുന്ന സൈബർ അറ്റാക്കുകൾ കാണുമ്പോഴാണ് നമ്മൾ മലയാളികൾ ഒക്കെ എത്ര Shallow ആണെന്ന് ബോധ്യമാകുന്നത്.അവളെ കാണാൻ കൊള്ളില്ല, വൃത്തിയില്ല, ചിരിക്കില്ല എന്നൊക്കെ പറഞ്ഞാണ് നിമിഷയുടെ ചിത്രങ്ങൾക്ക് താഴെ ആളുകൾ കമന്റ് ചെയ്യുന്നത്.

ഉള്ളിൽ നുരഞ്ഞു പൊന്തുന്ന Racism ഇത്തരം കമന്റ് സെക്ഷനിൽ പ്രതിഫലിക്കുന്നു. അല്ലെങ്കിലും ആളുകളെ നിറത്തിന്റെയും വണ്ണത്തിന്റെയും പൊക്കത്തിന്റെയും ഒക്കെ പേരിൽ കളിയാക്കാൻ നമ്മളെ കഴിഞ്ഞിട്ടേ ഉള്ളൂ വേറെ ആരും. ഇപ്പോഴും ഉയരം കുറഞ്ഞവരെയും കറുത്തവരെയും ചിരിക്കാൻ പാകത്തിനുള്ള Objects ആയി മാത്രം കാണുന്ന കോമഡി ഷോകൾക്കും കുറവില്ലല്ലോ നമ്മുടെ നാട്ടിൽ..

നമ്മുടെ ഒക്കെ സങ്കല്പത്തിൽ സൗന്ദര്യം ഉള്ള നടിമാർ എന്ന് പറഞ്ഞാൽ വെളുത്തു മെലിഞ്ഞിരിക്കണം. അങ്ങനെ അല്ലാത്ത നടിമാരെ കുറിച്ച് വായിൽ തോന്നിയത് പറയാനുള്ള ലൈസൻസ് ഒക്കെ ആരാണോ ഇവർക്കൊക്കെ കൊടുക്കുന്നത്! ഇപ്പോഴും ‘ കറുത്തതാണെങ്കിലും കാണാൻ ഭംഗിയുണ്ട് ‘ എന്ന് പറയാനേ നമ്മളൊക്കെ പഠിച്ചിട്ടുള്ളു. കേൾക്കുന്ന ആൾക്ക് അത്‌ എത്ര uncomfortable ആണെന്ന് ഒരു ചിന്തയോ നമ്മളെ പോലെ തന്നെ വികാര വിചാരമുള്ള മനുഷ്യനാണ് മുന്നിൽ നിൽക്കുന്നതെന്നോ ചിന്തിക്കാതെ മുഖത്ത് അടിച്ചത് പോലെ ഓരോന്ന് വിളിച്ചു പറയുന്ന മലയാളികളുടെ സംസ്കാരം പ്രശംസനീയം തന്നെ! എന്തോ നമ്മുടെ സങ്കൽപ്പങ്ങൾക്ക് അനുസരിച്ചുള്ള സൗന്ദര്യം ഇല്ലാത്തവരോടൊക്കെ നമുക്ക് പുച്ഛമാണ്.

വെറും 20 വയസ്സുള്ളപ്പോഴാണ് ‘ തൊണ്ടി മുതലും ദൃക്‌സാക്ഷിയും ‘ എന്ന സിനിമയിൽ അവിസ്മരണീയമായ പ്രകടനം നിമിഷ കാഴ്ച വച്ചത്. 24 വയസ്സിനുള്ളിൽ അവർ ഒരു മികവുറ്റ അഭിനേത്രിയാണെന്ന് തെളിയിച്ചു കഴിഞ്ഞു. എന്നിട്ടും ആവശ്യത്തിന് ചിരിക്കുന്നില്ല, നല്ല വസ്ത്രം ധരിക്കില്ല, മേക് അപ് ചെയ്യില്ല എന്നൊക്കെ പറയുന്നവരോട് എന്ത് പറയാൻ!

‘ ആനീസ് കിച്ചണിൽ ‘ വന്ന് തന്റെ നിലപാടുകൾ വ്യക്തമാക്കിയതിന്റെ പേരിൽ വിമർശിക്കപ്പെട്ട നടിയാണ് നിമിഷ. തന്റെ നിറത്തിലും രൂപത്തിലും അഭിമാനിക്കുന്നവൾ. ആരോ സെറ്റ് ചെയ്ത് വച്ച beauty standards ന്റെ പുറകേ പോകാത്തവളാണ്. താൻ ചെയ്യുന്ന ജോലിയോട് 100 ശതമാനം ആത്മാർത്ഥത പുലർത്തുന്നവളാണ്. നായാട്ട്, ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, മാലിക് തുടങ്ങിയ സിനിമകളിലൊക്കെ എത്ര കയ്യടക്കത്തോടെയാണ് നിമിഷ അഭിനയിച്ചത്. ഇനിയും അവരുടെ പ്രതിഭ നമ്മൾ കാണാൻ ഇരിക്കുന്നതേയുള്ളൂ.❤️