ബ്രോയിലർ കോഴിയുടെ അത്ഭുതകരമായ വളർച്ചയ്ക്ക് കാരണം അതിന്റെ ജനിതകപരമായ ഗുണമാണ്

402
 

Radhakrishnan Kalathil 

വളരെ എളുപ്പം പലവിധ അന്ധവിശ്വാസങ്ങൾക്കും കിംവദന്തിക്കും വശപ്പെടുന്ന ഒരു സമൂഹമാണ് നമ്മുടേത് എന്ന് തോന്നുന്നു. കേട്ടപാതി കേൾക്കാത്ത പാതി ഏത് അതിശയോക്തിയും അപ്പാടെ വിശ്വസിക്കും എന്ന് മാത്രമല്ല അതിന്റെ പ്രചാരണച്ചുമതല ഓരോരുത്തരായി സ്വന്തമായി ഏറ്റെടുക്കുകയുമായി. അത് സത്യമാണോ അർദ്ധസത്യമാണോ അസത്യമാണോ എന്നതോന്നും ആരെയും അലട്ടാറില്ല.

അതിന് ഏറ്റവും നല്ല ഒരു ഉദാഹരണമാണ് കേരളത്തിലെ ബ്രോയിലർ കോഴി വിവാദം. ഞാൻ ഈ മേഖലയിൽ ഒരു വിദഗ്ദനൊന്നുമല്ല എങ്കിലും സാമാന്യയുക്തിയ്ക്ക് പൊരുത്തപ്പെടാത്ത ചില കാര്യങ്ങൾ കുറിക്കാൻ ശ്രമിക്കട്ടെ. ജനങ്ങളുടെ ഇടയിലുള്ള അതും വിദ്യാസമ്പന്നർക്കിടയിലുള്ള ധാരണകൾ ഇങ്ങനെയൊക്കെയാണ് . പ്രകൃതി ജീവനക്കാരും സസ്യാഹാരമൗലീകവാദികളും അതിനായി കൊണ്ടുപിടിച്ച പ്രചാരണങ്ങളും നടത്തിവരികയും ചെയ്യുന്നുണ്ട് .

Image result for broiler chicken*ബ്രോയ്ലർ കോഴിയുടെ അസാധാരണ വളർച്ച ഗ്രോത്ത് ഹോർമോണും സ്ത്രൈണ ഹോർമോൺ ആയ ഈസ്ട്രജനും ദിനവും കുത്തിവെയ്ക്കുന്നത് കൊണ്ടാണ് .

*അതുപോലെ വലിയ ഒരളവിൽ ആന്റി ബയോട്ടിക്കുകൾ കുത്തി വെയ്ക്കുകയും തീറ്റയിലൂടെ നൽകുകയും ചെയ്താൽ മാത്രമേ അവയ്ക്ക് വേണ്ടത്ര വളർച്ച കൈവരിക്കുകയുള്ളൂ .

* മന്ത് രോഗികളുടെ രക്തം കുത്തിവച്ച് ബ്രോയിലർ കോഴിയുടെ തൂക്കം വർദ്ധിപ്പിക്കുകയും അങ്ങനെ ഉല്പാദകർ കൊള്ളലാഭം ഉണ്ടാക്കുകയും ചെയ്യുന്നു .

* ബ്രോയിലർ കോഴി ഇറച്ചി കേടുവരാതിരിക്കാൻ അവയ്ക്ക് തീറ്റയുടെ കൂടെ ഫോർമാലിലും അതുപോലെ കീടനാശിനികളും തീറ്റയിലൂടെ നൽകി വരുന്നു .

*ബ്രോയിലർ കോഴി ഇറച്ചി കഴിക്കുന്നത്‌ കൊണ്ട് ആൺകുട്ടികളിൽ സ്ത്രൈണ ലക്ഷണങ്ങളും പെൺകുട്ടികളിൽ ആർത്തവ ക്രമക്കേടുകളും ശരീരത്തിൽ രോമം വളരുന്നത് പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു .

* ബ്രോയിലർ ഇറച്ചി കഴിക്കുന്നത് കാരണം പൊണ്ണത്തടി,കൊളസ്റ്ററോൾ ,പ്രമേഹം ,രക്തസമ്മർദ്ദം പോലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവും .

ഇത്തരം ആനവങ്കത്തങ്ങൾ ഓരോന്നായി എടുത്തു വിശദീകരിക്കാൻ താൽപ്പര്യമില്ല .നിങ്ങൾക്ക് അതിന്റെ യുക്തി ഹീനത കണ്ടത്താവുന്നതേ ഉള്ളൂ .

Image result for broiler chickenബ്രോയിലർ കോഴിയുടെ അത്ഭുതകരമായ വളർച്ചയ്ക്ക് കാരണം അതിന്റെ ജനിതകപരമായ ഗുണമാണ് .അച്ഛനും അമ്മയും വലുപ്പമുള്ളവർ ആവുമ്പോൾ കുട്ടികൾക്കും ആ ഗുണം കിട്ടില്ലേ. ചില പ്രത്യേകതരം കോഴികളെ ക്രോസ്സ് ബ്രീഡ് ചെയ്യിച്ചാണ് ബ്രോയിലർ കോഴിക്കുഞ്ഞുങ്ങളെ ഉല്പാദിപ്പിക്കുന്നത് . അതായത് വർഷങ്ങളെടുത്തുള്ള നിരന്തര നിർദ്ധാരണത്തിലൂടെ .അപ്പോൾ ഏറ്റവും മികച്ച അനുകൂല ഗുണങ്ങൾ ഉള്ളവയെ നമുക്ക് ഉരുത്തിരിച്ചെടുക്കാൻ കഴിയുന്നു .നല്ല നിറം ,തൂവൽ ,ഇറച്ചിക്ക് മൃദുത്വം എന്തിന് പരസ്പരം കൊത്തുകൂടി ഊർജ്ജം നഷ്ടപ്പെടാതിരിക്കാനുള്ള സദ് ഗുണങ്ങൾ വരെ .സായിപ്പ് ഇതുപോലെ പല ജീവി ഇനങ്ങളെയും ഉരുത്തിരിച്ചെടുത്തിട്ടുണ്ട് . ജേഴ്‌സി ,എച് എഫ് ,ഇനങ്ങൾ , നല്ല ശീമ പന്നി ഇനങ്ങൾ തൊട്ട് വേലി ചാടി പോകാതിരിക്കാൻ കുറുകിയ കാലുകളുള്ള ഇനം ചെമ്മരിയാട് വരെ .

അതിനാൽ ബ്രോയിലർ കോഴിക്ക് ഹോർമോൺ കുത്തിവച്ചാലും ഇല്ലെങ്കിലും അത് വളരും. പിന്നെ ഫാർമിൽ വൻതോതിൽ വളർത്തുന്ന കോഴികൾക്ക് ഹോർമോൺ കുത്തിവയ്ക്കുക എന്നത് തീർത്തും അപ്രായോഗികമായ കാര്യമാണെന്ന് ഒന്ന് ചിന്തിച്ചാൽ മനസ്സിലാവും .നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെ അഞ്ചോ പത്തോ കോഴികളെയല്ല വ്യാവസായികാടിസ്ഥാനത്തിൽ വളർത്തുന്നത് . ലക്ഷക്കണക്കിന് കോഴിക്കുഞ്ഞുങ്ങളെയായിരിക്കും നോക്കെത്താദൂരത്തോളം നീളുന്ന ഫാമുകളിൽ സാധാരണയായി വളർത്തുക .തീറ്റയും വെള്ളവും എല്ലാം ഓട്ടോമറ്റഡ് ആയി ലഭിക്കുന്ന വിധമായിരിക്കും ഒരുക്കിയിരിക്കുക .ഇവയ്ക്ക് ഓരോന്നിനും ഹോർമോൺ കുത്തിവയ്ക്കുന്ന കാര്യം ഒന്ന് ആലോചിച്ചുനോക്കൂ .

പിന്നെ ഭക്ഷണത്തിലൂടെ ഹോർമോൺ കൊടുക്കുന്ന കാര്യം .ഈ ഹോർമോണുകൾ എല്ലാം വിലകൂടിയതാണ് . മിക്കതും പ്രോടീൻ ആണ് .അത് തീറ്റയുടെ കൂടെ കൊടുത്താൽ ദാഹിച്ച് രാസമാറ്റം വരും .ഉദ്ദേശിച്ച ഫലം കിട്ടില്ല .കോഴിയുടെ തൂക്കത്തിന്റ വിലയുടെ അനുപാതവുമായി തട്ടിക്കുമ്പോൾ നഷ്ടമായിരിക്കും സംഭവിക്കുക .വൻതോതിലുള്ള ഫാം ആവുമ്പോൾ ചെറിയ നഷ്ടം പോലും ഭാരിച്ച സംഖ്യയായിരിക്കും .

പിന്നെ ആന്റി ബയോട്ടിക്കുകൾ കൊടുക്കുന്നുണ്ടെങ്കിൽ രോഗമെന്തെങ്കിലും ഉണ്ടെങ്കിലേ ആവശ്യമുള്ളൂ .അതും 500 ഗ്രാം ഭാരമുള്ള കോഴിക്കുഞ്ഞിന് വളരെ ചെറിയ അളവിൽ മാത്രമേ കൊടുക്കൂ .കൂടുതൽ കൊടുത്താൽ സാധനം ബാക്കിയുണ്ടാവില്ല .

കോഴിക്കുഞ്ഞുങ്ങളുടെ വളർച്ചാകാലയളവ് പരമാവധി 45 ദിവസമാണ്. കെ എഫ് സി യുടേത് 35 ദിവസമാണ് എന്ന് തോന്നുന്നു .അവരുടെ നിലവാരമനുസരിച്ച് അധികം വലുപ്പം പാടില്ല . അധികം മൂപ്പെത്തിയാൽ ഉറപ്പ് കൂടുകയും നാരു പോലെയിരിയ്ക്കുകയും ചെയ്യും .അതായത് വണ്ണം കൂടിയ മൂത്ത കോഴിക്ക് കേരളത്തിൽ മാത്രമേ ഡിമാൻഡ് ഉള്ളൂ എന്ന് സാരം .

ഇനി മറ്റു അബദ്ധവിശ്വാസങ്ങൾ വിശദീകരിക്കേണ്ട കാര്യമില്ലല്ലോ . ബ്രോയിലർ കോഴിയുടെ വളർച്ചയുടെ രഹസ്യം ഇതൊക്കെയാണ് .ഒന്ന് മികച്ച ഗുണം .രണ്ട് നല്ല പോഷകഗുണമുള്ള തീറ്റ .മൂന്ന് മികച്ച സാഹചര്യം .രാത്രി പോലും വെളിച്ചം ഇട്ട് കൊടുക്കും. എന്തിനാണെന്നോ ? രാത്രിയും തീറ്റയെടുക്കാൻ തന്നെ!