സ്കാന്ഡിനേവിയൻ രാജ്യങ്ങളുടെ സന്തോഷം, ചില സോഷ്യലിസ്റ്റ് തള്ളുകൾ

171

Radhakrishnan Kalathil എഴുതിയത് 

ചില സ്കാൻഡിനെവിയൻ തള്ളുകൾ..

എങ്ങനെയാണ് ഫിൻലാന്റ് സന്തോഷവാന്മാരുടെ രാജ്യമായത്?
“അത് അവിടെ സോഷ്യലിസമാണ്”.. “ജനങ്ങൾ മൊത്തം നിരീശ്വരവാദികളാണ്”..”നല്ല തങ്കപ്പെട്ട ഭരണാധികാരികളാണ് അവിടെ ഭരിക്കുന്നത്”…

ഇനി കുറച്ചു നാൾ തള്ളലുകളുടെയും പൊട്ടൻ വാദങ്ങളുടെയും ഒരു ഒരു ഘോഷയാത്രയായിരിക്കും സോഷ്യൽ മീഡിയയിൽ.
സുഹൃത്തുക്കളേ ..ഫിൻലാൻഡ് ഒരുപാട് വൻകിട കമ്പനികളുടെ ആസ്ഥാനരാജ്യമാണ്. നമ്മളെ പഴയ ഇട്ടാൽ പൊട്ടാത്ത നോകിയ ഫോണില്ലേ.. അത് അവരുടേതാണ്. അങ്ങനെ ഒരു ധാരാളംകമ്പനികളുണ്ട് അവിടെ. അതായത് കോർപ്പറേറ്റ് വികസനം ഉച്ചസ്ഥായിയിൽ ആണ്. ചുരുക്കിപ്പറഞ്ഞാൽ മുതലാളിത്തതിന്റെ പരിപൂരിതമായ അവസ്ഥ. ജനസംഖ്യ വളരെക്കുറവ്. മാത്രമല്ല ജനസംഖ്യാവളർച്ച നേരെ കുത്തനെ താഴുന്ന അവസ്ഥ.. അതുകൊണ്ട് തന്നെ സ്റ്റാഗ്നേഷൻ വരാതെ നോക്കാൻ ജനങ്ങളുടെ ക്രയവിക്രയശേഷി സദാ കൂട്ടിക്കൊണ്ടിരിക്കണം. നാനാവിധ ക്ഷേമപദ്ധതികളിലൂടെയും മറ്റു സാമ്പത്തികാനുകൂല്യങ്ങളിലൂടെയും അവർ കമ്പോളത്തെ ഉത്തേജിപ്പിക്കാൻ ശ്രമിക്കും. അതൊരു സാമ്പത്തികശാസ്ത്രതത്വത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടി ക്രമമാണ്. അല്ലാതെ ഇലക്ഷൻ അടുക്കുമ്പോൾ മാത്രം ഉണ്ടാവുന്ന ക്ഷേമ വാഗ്ദാനങ്ങളല്ല.അതായത് അവിടത്തെ സമ്പത്തും കുറഞ്ഞ ജനസംഖ്യയും തന്നെ സന്തോഷത്തിന് നിദാനം. അല്ലാതെ മറ്റൊന്നുമല്ല.

സ്കാൻഡിനേവിയൻ സോഷ്യലിസം എന്ന മിഥ്യ 🤔🤔

സ്കാൻഡിനെവിയൻ രാജ്യങ്ങളുടെ മികവിനെക്കുറിച്ച് ആർക്കും രണ്ടഭിപ്രായമുണ്ടാവാനിടയില്ല. പക്ഷേ അതിന്റെ ചുവട് പിടിച്ച് തീർത്തും യുക്തിരഹിതവും അതിശയോക്തിപരവുമായ ചില മിഥ്യാവാദങ്ങൾ ഉയർത്തിപിടിക്കുകയും അത് തങ്ങളുടെ സാമ്പത്തിക ആശയങ്ങൾ മൊത്തം ശരി എന്ന് സമർത്ഥിക്കാനായുള്ള ഉപാധിയാക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരെക്കുറിച്ചുള്ള ഒരു സൂചന തരാനുള്ള ഒരു ശ്രമം മാത്രമാണ് ഇവിടെ. നമ്മുടെ നാട്ടിൽ മാത്രമല്ല, അന്താരാഷ്ട്രതലത്തിൽ തന്നെ അത്തരം ശ്രമങ്ങൾ നടക്കുന്നുണ്ട് .

ആപ്പോൾ നിരീശ്വവാദമാണ് അവരുടെ മുന്നേറ്റത്തിന്റെ അടിസ്ഥാനം എന്ന രീതിയിലുള്ള വെറും നിർദോഷവാദം ഒരു ചർച്ചപോലും അർഹിക്കാത്തതിനാൽ നമുക്ക് മാറ്റി വെയ്ക്കാം. അതായത് അങ്ങനെ വിശ്വസിക്കുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല. പക്ഷേ സോഷ്യലിസമാണ് അവരുടെ മികവിന് ആധാരം എന്ന രീതിയിലുള്ള ദുർവ്യാഖ്യാനം തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്. അവിടെ വൈകാരികതയുടെ അടിസ്ഥാനത്തിളുള്ള ഒരു തർക്കമല്ല നേരെ മറിച്ച് സാമ്പത്തിക തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു സംവാദമാണ് വേണ്ടത്. കാരണം വികസ്വരരാജ്യങ്ങൾ അവരുടെ സാമ്പത്തികരീതി അനുകരിക്കാൻ ശ്രമിച്ചാലുണ്ടാവുന്ന അപകടം ചെറുതൊന്നുമായിരിക്കില്ല. ചുരുക്കിപ്പറഞ്ഞാൽ അടുത്ത വീട്ടിലെ ഗൾഫ്കാരൻ കോടീശ്വരനെ അയൽക്കാരനായ സർക്കാർ ഗുമസ്ഥൻ മാതൃകയാക്കാൻ നോക്കിയാലുള്ള അവസ്ഥ നിങ്ങൾക്ക് ഊഹിക്കാനാവുന്നതേ ഉള്ളൂ.

ഇനി അതും കൂടി പറഞ്ഞിട്ട് തുടങ്ങാം. ഹാപ്പിനെസ്സ് ഇന്റെക്സ് റാങ്കിങ്ങിൽ ഫിൻലാന്റ്, ഡെന്മാർക്ക്‌ സ്വിറ്റ്സർലൻണ്ട് തുടങ്ങി അമേരിക്ക ബെൽജിയത്തിൽ അവസാനിക്കുന്ന ആദ്യ ഇരുപത് റാങ്കുകളിൽ സമ്പന്നമുതലാളിത്ത രാജ്യങ്ങളല്ലാതെ ഒരു ശരാശരി വരുമാമമുള്ള രാജ്യമോ അല്ലെങ്കിൽ ഏതെങ്കിലും ഏഷ്യൻ രാജ്യമോ ഇല്ലാ എന്നത് പ്രത്യേകം കാണുക.അപ്പോൾ നമുക്ക് തുടങ്ങാം. സ്കാൻഡിനേവിയൻ സാമ്പത്തികരീതിക്ക് നിങ്ങൾ സോഷ്യൽ ഡെമോക്രസി എന്നോ ഡെമോക്രറ്റിക് സോഷ്യലിസം എന്നോ എന്ത് പേരിട്ടാലും ശരി: ആ സാമ്പത്തിക മാതൃക ഇന്ത്യയെപ്പോലെ ദ്രുതഗതിയിൽ സാമ്പത്തിക വികസനം കാംക്ഷിക്കുന്ന വികസ്വര രാജ്യങ്ങൾക്കോ അല്ലെങ്കിൽ അമേരിക്കയെപ്പോലെ സുസ്ഥിരവും ദീർഘവീക്ഷണത്തോട് കൂടിയതുമായ ഒരു സാമ്പത്തിക മുന്നേറ്റം ലക്ഷ്യമിടുന്ന വൻകിടരാജ്യങ്ങൾക്കോ അനുകരിക്കാൻ സാധ്യമാണോ? ഒറ്റവാക്കിൽ ഉത്തരം പറയുകയാണെങ്കിൽ “സാധ്യമല്ല”എന്നാണ്.

അവരുടെ സാമ്പത്തിക നയത്തിലെ ചില ഘടകങ്ങൾ നമുക്ക് തീർത്തും പ്രയോഗികമല്ല എന്ന് മാത്രമല്ല കടുത്ത ദോഷവും ചെയ്യും. സത്യം പറഞ്ഞാൽ എല്ലാ സോഷ്യലിസവും അപകടകാരികൾ തന്നെയാണ് എന്നത് നിഷേധിക്കാനാവാത്ത ഒരു വസ്തുത ആയതു കൊണ്ട് തന്നെ. അപ്പോൾ ഈ സോഷ്യൽ ഡെമോക്രസിയിയും ഡെമോക്രറ്റിക് സോഷ്യലിസവും നമ്മൾ കരുതുന്നത് പോലെ ഒരു നിഷ്കളങ്കറൊന്നുമല്ല.
അപ്പോൾ സ്കാന്ഡിനേവിയൻ രാജ്യങ്ങൾ എന്ത് കൊണ്ട് അധഃപതിക്കുന്നില്ല? സ്വാഭാവികമായും വരുന്ന ഈ ചോദ്യത്തിന് ഇതാണ് ഉത്തരം. സത്യത്തിൽ അവരുടേത് സോഷ്യലിസമല്ല. വെറും ലേബൽ മാത്രമേ ഉള്ളൂ അവരുടെ സോഷ്യലിസം. അല്ലാതെ നമ്മുടെ പഴയ അതോറിറ്റേറിയൻ സോഷ്യലിസവുമായി അതിന് പുലബന്ധം പോലുമില്ല . പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളിളെല്ലാം പക്കാ മുതലാളിത്തം തന്നെയാണ്. നിരന്തരം പരാജയമേറ്റ് വാങ്ങി മുഖത്തു മുണ്ടിട്ട് നടക്കേണ്ട ഗതികേടിലായ ലോക സോഷ്യലിസ്റ്റ് ലോബി മാനം രക്ഷിക്കാൻ കണ്ടെത്തിയ ഒരു ഉപായമാണ് വികസിത ക്യാപിറ്റലിസ്റ് രാജ്യങ്ങൾക്ക് പുത്തൻ ലേബലോട്ടിച്ച് “ഇതാണ് ഞങ്ങളുടെ സോഷ്യലിസം” എന്ന് പുത്തൻ പ്രചരണം. ക്യൂബൻ ഫിഡൽ കാസ്ട്രോവിന്റെയും വെനിസ്വെലൻ ഹ്യൂഗോ ഷിവാസിന്റെയും സോഷ്യലിസം എട്ടു നിലയിൽ പൊട്ടി പാപ്പരായപ്പോൾ പിടിച്ച് നില്ക്കാൻ കിട്ടിയ ഒരു അവസാന പിടിവള്ളി മാത്രമാണ് പുതിയ സ്കാന്ഡിനേവിയൻ സോഷ്യൽ ഡെമോക്രസി.

സത്യത്തിൽ എന്താണ് ഈ സോഷ്യലിസം കൊണ്ട് അർത്ഥമാക്കുന്നത് എന്ന് ഈ നവസോഷ്യലിസ്റ്റുകൾക്ക് ആർക്കും അറിയില്ല. അതുകൊണ്ട് തന്നെ അവർക്ക് സോഷ്യലിസത്തെക്കുറിച്ച് വ്യത്യസ്ത തരം കാഴ്ചപ്പാടാണ്. സ്കാന്ഡിനേവിയയിൽ എന്ത് തരം സോഷ്യലിസമാണ് ഉള്ളത് ? ചോദിച്ചാൽ ഉത്തരമില്ല. ഇവിടെ എന്നല്ല അമേരിക്കയിൽപ്പോലും സോഷ്യലിസ്റ്റ് പ്രസ്ഥാനക്കാർ വിളിച്ചു കൂവാറുള്ള സോഷ്യലിസ്റ്റ് മുദ്രാവാക്യങ്ങളൊന്നും അവിടെ ഒരിടത്തും നടപ്പക്കിയിട്ടില്ല . ഉദാഹരണത്തിനു സർക്കാർ എൻഫോഴ്സ് ചെയ്ത മിനിമം വേതനം നിരക്ക് അവിടെ ഉണ്ടോ? ഇല്ലാ. ഓരോ സ്ഥാപനങ്ങളും ഉല്പാദനക്ഷമതക്ക് അനുയോജ്യമായ വേതനസംബ്രദായമേ അവിടെയുള്ളൂ. മാത്രമല്ല അവിടെ ഉപഭോക്തൃസാധനങ്ങളുടെ വില സർക്കാർ നിയന്ത്രിക്കുന്നുണ്ടോ? എല്ലാ കമ്പോള വ്യവസ്ഥയാൽ നിയന്ത്രിതമാണ് താനും.

കൂടാതെ അവർ ഇടത്തരക്കാരിൽ നിന്നാണ് ഉയർന്ന വരുമാന നികുതി ഈടാക്കുന്നത്. അതെ സമയം കോർപ്പറേറ്റ് നികുതി അമേരിക്കയിലേതോ ഇന്ത്യയിലേതോ അപേക്ഷിച്ച് വളരെ കുറവുമാണ് താനും .നോർവേയിൽ അത് 21.4 ശതമാനം മാത്രമാണ്. അപ്പോൾ അവിടെ എവിടെയാണ് കോര്പറേറ്റ് വിരുദ്ധത? ഇന്ത്യയിലെ സോഷ്യലിസ്റ്റുകളുടെ തിരുമണ്ടൻവാദങ്ങളുമായി ഇതൊക്കെ എങ്ങനെ പൊരുത്തപ്പെട്ട് പോവും ?

അതേ സമയം ഇവിടെ ഉള്ള സോഷ്യലിസ്റ്റുകളുടെ കോർപ്പേറ്റ്കളോടുള്ള സമീപനം എന്താണ്? നേരം പുലർന്നാൽ അംബാനിയെക്കുറിച്ചും അദാനിയെക്കുറിച്ചും നാല് തെറി സോഷ്യൽ മീഡിയയിൽ എഴുതിയില്ലെങ്കിൽ ഇവിടത്തെ സോഷ്യലിസ്റ്റ് കുട്ടപ്പന്മാർക്ക് മനസ്സിന് എന്തോ ഒരു അസ്വസ്ഥത പോലെയാണ്.ജനങ്ങളുടെ ചോരയും നീരും ഊറ്റി കുടിക്കുന്ന ചൂഷകരായ കോർപറേറ്റുകളുടെ മുകളിൽ വൻ നികുതി ചുമത്തി ജനങ്ങളെ രക്ഷിക്കണമെന്നാണല്ലോ ഇവിടത്തെ സർവ്വബുദ്ധിജീവികളുടെയും രാഷ്ട്രീയക്കാരുടെയും പ്രസംഗങ്ങളിലെ എസ്സെൻസ്! അപ്പോൾ അവിടെയുള്ളത് കോർപ്പറേറ് നശീകരണവാദമല്ല മറിച്ച് പ്രോൽസാഹന നയമാണ് എന്ന് ഉറപ്പാണല്ലോ. ഇനി ഇപ്പോൾ ഇതിനു മറുപടി ഇങ്ങനെയായിരിക്കും ” കുഴപ്പം കോർപ്പറേറ്റ്കളുടേതല്ല.. ഭരിക്കുന്ന…
പിന്നെ സ്വകാര്യ സ്വത്തവകാശമുള്ളതിനാൽ ഭൂമിയും വ്യവസായവുമെല്ലാം സ്വാകാര്യവ്യക്തികൾ കയ്യടക്കി വച്ചതും സ്റ്റോക്ക് മാർക്കറ്റ് സജീവമായതുമായ നോർഡിക് സമ്പദ് വ്യവസ്ഥ എങ്ങനെയാണ് സോഷ്യലിസമാവുക ? അവിടെ മൂലധനം സമാഹരിക്കുന്നത് സർക്കാരാണോ അതോ സ്വകാര്യ സ്ഥാപനങ്ങളോ ?പിന്നെ ഇവർ പറയുന്ന ഈ മിക്സഡ് എക്കണോമി? ലോകത്തു എല്ലായിടത്തും: എന്തിന് അമേരിക്കയിൽപ്പോലും സർക്കാർ ഒരുപാട് സംരഭങ്ങൾ നടത്തുന്നുണ്ടല്ലോ.സേവന മേഖലയിലാവും അത് കൂടുതലും: അതുകൊണ്ട് അവിടെയൊക്കെ സോഷ്യലിസമുണ്ടെന്നതാണോ പറയേണ്ടത്?

അപ്പോൾ ഈ ഉട്ടോപ്പ്യൻ വാദക്കാർ കലാകാലങ്ങളായി അന്വേഷിച്ച് നടക്കുന്ന സോഷ്യലിസം ? വ്യാഖ്യാത അമേരിക്കൻ വയോധിക സോസിലിസ്റ്റ് ബെർണി സാൻഡേഴ്സിന്റ വിവിധ കാലഘട്ടങ്ങളിലുള്ള പരാമർശങ്ങളിൽ നിന്ന് തന്നെ അത് നമുക്ക് ഗ്രഹിക്കാം. അവർക്ക് സോവിയറ്റ് യൂണിയൻ തകരുന്നത് വരെ മാതൃക സോവിയറ്റ് റഷ്യൻ സോഷ്യലിസമായിരുന്നു. പിന്നെ ചൈനയായി അവരുടെ മാതൃക. അത് സോഷ്യലിസമല്ല മുതലാളിത്തമാണ് എന്ന് ബോധ്യം വന്നതോട് കൂടി അതും കയ്യൊഴിഞ്ഞു .പിന്നെയാണ് നേരെ ക്യൂബയിലേക്കും വെനിസ്വെലയിലേക്കും തിരിഞ്ഞത്. ജനങ്ങൾ അവിടെ എച്ചിൽ തൊട്ടിയിൽ കയ്യിട്ട് വരേണ്ട നിലയിലെത്തിയതിനാൽ ഏറെക്കുറെ സോഷ്യലിസത്തോട് സലാം പറഞ്ഞുയാൻ മുഹൂർത്തം നോക്കിയിരിക്കുകയാണ്. ഈ ഒരു പരിതാപകരമായ അവസ്ഥയിൽ ഹതാശരായ നവസോഷ്യലിസ്റ്റുകൾക്ക്‌ വീണു കിട്ടിയതാണ് നോർഡിക് മാഹാത്മ്യം . സോഷ്യലിസ്റ്റ് ആധിപത്യമുള്ള എൻ ജി ഓ കളും ലോകവാർത്താമാധ്യമ ഭീമൻമ്മാരും അവരുടേത് സോഷ്യലിസമാണ് എന്ന് ചിത്രീകരിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നുമുണ്ട്.

അപ്പോൾ ഈ സ്കാന്റിനേവിയൻ രാജ്യങ്ങൾ അടക്കമുള്ള പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളുടെ മികവിന് നിദാനം എന്താണെന്നു പരിശോധിക്കണ്ടേ? അത് പൂർണ്ണമായും സാമ്പത്തികശാസ്ത്ര നിബന്ധിതമാണ്. ഒരു പരിധി വിട്ട് രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥ വളരാൻ തുടങ്ങുമ്പോൾ തീർച്ചയായും അത് സാമൂഹിക രംഗത്തും പ്രതിഫലിക്കും. അതിലൊന്നാണ് വിദ്യാഭ്യാസപുരോഗതിയും കൂടാതെ സ്ത്രീകളുടെ വിദ്യഭ്യാസത്തിലും അവരുടെ സ്വാതന്ത്ര്യത്തിലും സാമ്പത്തിക സ്വയം പര്യാപ്തതതയിലുമുള്ള മുന്നേറ്റം. ഇത്തരം ഒരു ഒരു സമൂഹത്തിൽ സ്ത്രീകളുടെ വിവാഹപ്രായവും സ്വഭാവികമായുക ഉയരും . മിക്കവാറും അവർ ഒരു കുട്ടി അല്ലെങ്കിൽ രണ്ടു കുട്ടികൾ മാത്രം മതി എന്ന മാസികാവസ്ഥ കൈവരിക്കും .ഇത് പൊടുന്നനെ ജനസംഖ്യ കുറയുന്നതിന് കാരണമാവുകയും ചെയ്യും. ഇന്ത്യയിലും ഈ പ്രവണത നാഗരികരിലും ഉയർന്ന വിദ്യാഭ്യാസം സിദ്ധിച്ച സമൂഹങ്ങളിലും ബാധകമാവുന്നത് കാണാം .ഉദാഹരനത്തിന് ഇന്ത്യയിലെ പാഴ്സികൾ , ജൈനർ . സമുദായങ്ങളുടെ അംഗസംഖ്യ കൂട്ടാൻ അവർ പാട് പെടുന്നു എന്നതാണ് അറിവ് . ജനസംഖ്യ കുറയുന്നതോട് കൂടി കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാൻ സർക്കാരിന് എളുപ്പം കഴിയും . കാരണം അവിടെ കൂടുതൽ കുട്ടികൾക്ക് ജന്മം നല്കാൻ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത് . ബാധ്യത സർക്കാർ ഏറ്റെടുക്കുമെന്നു ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.

പിന്നെ നിരീശ്വര വാദമാണ് മറ്റൊരു സോഷ്യലിസ്റ്റ് ലക്ഷണമായി ഇവർ എടുത്ത് കാണിക്കുന്നത് . അതും സാമ്പത്തിക സാമൂഹിക പുരോഗതിയുടെ ഭാഗം തന്നെയാണ് . കുട്ടിക്കാലത്തു മികച്ച പോഷകാഹാരം , മികച്ച ശാസ്ത്ര വിദ്യാഭ്യാസവും ലഭിക്കുന്നത്തോടെ ആവറേജ് ഐ ക്യു കൂടുന്നതിന് അത് വഴിയൊരുക്കും. മൊത്തം സാമ്പത്തിക വളർച്ച ജീവിതത്തിൽ എന്റർറ്റൈൻമെന്റിനുള്ള അവസരം കൂട്ടുന്നതും ഒരു കാരണം. പള്ളിയിൽ പോകുന്നതിനു പകരം കുട്ടികൾ വല്ല കായിക മത്സരമോ മാറ്റ് പരിപാടികളോ കാണാനായിരിക്കും കൂടുതൽ താല്പര്യപ്പെടുക. അപ്പോൾ സന്തോഷ സൂചിക മുന്നോട്ട് കുത്തിക്കുന്നതിന്റെ കാരണം എടുത്തു പറയേണ്ടതില്ലല്ലോ.
ഇനി നമ്മുടെ രാജ്യത്തിന് സ്കാന്ഡിനേവിയൻ മാതൃക സ്വീകരിക്കാമോ ? അത് വിശദീകരിക്കാൻ തുടങ്ങിയാൽ ഇവിടെയൊന്നും നിൽക്കില്ല . അതിനാൽ അത് വഴിയേ ആവാം .