ജനങ്ങളുടെ കയ്യിൽ പൈസ ഉണ്ടായിരിക്കുകയും വിപണിയിൽ സാധനങ്ങൾ ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥ

95
Radhakrishnan Kalathil
രാഷ്ട്രീയക്കാർക്ക് വലിയ പിടിപാടൊന്നും കാണില്ലെങ്കിലും നമ്മുടെ സാമ്പത്തികവിദഗ്ധർക്ക് സ്റ്റാഗ്നേഷനും ഡിപ്രെഷനും , ഇൻഫ്ലാഷനും ഡിഫ്‌ളാഷനും സ്റ്റാഗ് ഫ്‌ളാഷനും എന്താണ് എന്നതിനെക്കുറിച്ചൊക്കെ വ്യക്തമായ ധാരണയുണ്ടാവും. ഇത്തരം പാശ്ചാത്യ “ബൂർഷ്വാ പ്രോ” സാമ്പത്തികശാസ്ത്രങ്ങൾ പഠിച്ച് ബിരുദവും ബിരുദാനന്തരബിരുദങ്ങളും ഡോക്റ്ററേറ്റും ഫെല്ലോഷിപ്പും ഒക്കെ നേടിയവർക്ക് ഒന്നുമറിയില്ല എന്ന് ആരും പറയില്ലല്ലോ ? പക്ഷെ ചില സാമ്പത്തിക അന്ധവിശ്വാസങ്ങൾ അവരെ നിരന്തരം പിറകോട്ടു വലിക്കുന്നു എന്നതാണ് കാര്യം .റോക്കറ്റ് വിക്ഷേപിക്കാൻ നാട്ടു ജ്യോതിഷിയേ കണ്ട്‌ നല്ല സമയം കുറിച്ച് വാങ്ങുന്ന ഭൗതിക ശാസ്ത്രജ്ഞന്റെ മാനസിക നില തന്നെ ഒരു കണക്കിന് അവർക്കും . കാര്യകാരണങ്ങൾ നേരെ ചൊവ്വേ വിശകലനം ചെയ്ത് പരിഹാരം കണ്ടെത്താൻ മുതിരാറില്ല. ചില സാമൂഹിക മാമൂലുകളോടുള്ള ഭയമായിരിക്കാം: യാതൊന്നും നേരെ ചൊവ്വേ പറയാനുള്ള ആർജ്ജവം അവരാരും കാണിക്കാറില്ല. നമ്മുടെ സാമ്പത്തിക ശാസ്ത്രപണ്ഡിതരുടെ ഒരു “മാനുഫാക്ച്ചറിങ് ഡിഫെക്ട് “ആണ് അത്. കാരണം കഴിഞ്ഞ തലമുറ വരെ കാലഹരണപ്പെട്ട പ്രത്യയ ശാസ്ത്രത്തിലൂന്നികൊണ്ടുള്ള ഒരു പഠന രീതിയായിരുന്നു അവർ പിന്തുടർന്നിരുന്നത്.അതിൽ നിന്നും ഒരിക്കലും മാറിചിന്തിക്കാൻ അവർക്ക് ഒരിക്കലും സാധിക്കുമെന്ന് തോന്നുന്നില്ല. “ഈ പോക്ക് പോയാൽ നാട് കുട്ടിച്ചോറാവും എന്നേ അവർ പറയൂ .എന്തു കൊണ്ട് ?എങ്ങനെ? അങ്ങനെ കുട്ടിച്ചോറാവാതെ നോക്കാൻ വല്ല പരിഹാരമാർഗ്ഗങ്ങളും ഉണ്ടോ എന്നൊന്നും അവർ ഒരിക്കലും വിശദീകരിക്കാൻ മെനക്കെടില്ല.
മറ്റൊരു കാരണം ഭരണക്കാരുമായി തെറ്റിപ്പിരിഞ്ഞു പുറത്തേക്ക് വന്നാൽ കയ്യടിയും മാധ്യമശ്രദ്ധയും ലഭിക്കാനുള്ള സാധ്യതയും ഇല്ലാതാവും .
“ഇൻഫ്‌ളേഷൻ” അഥവാ വിലക്കയറ്റം അല്ലെങ്കിൽ നാണ്യപ്പെരുപ്പം എന്ന സാമ്പത്തികാവസ്ഥയിൽ നിന്നും കുറെയേറെ വ്യത്യസ്തമാണ് “സ്റ്റാഗ് ഫ്ലാഷൻ” എന്ന സാമ്പത്തിക പ്രതിഭാസം .അതായത് സാമ്പത്തിക വളർച്ച മുരടിക്കുന്നതിനാൽ സാധനസേവന ലഭ്യതയിൽ സാരമായ ഇടിവുണ്ടാവുന്നു . അതേ സമയം ജനങ്ങളുടെ കയ്യിൽ പണം വരുന്നതിനു ഒരു കുറവും ഉണ്ടാവുന്നില്ല. അതിനാൽത്തന്നെ കമ്പോളത്തിൽ ഡിമാൻഡ് കൂടിക്കൊണ്ടേയിരിക്കും
പക്ഷെ അതിനനുസൃതമായി വിതരണം ചെയ്യാൻ കമ്പോളത്തിൽ ചരക്ക് ലഭ്യത ഉണ്ടാവില്ല. ജനങ്ങൾ പണവും കൊണ്ട് നെട്ടോട്ടം ഓടും . അവിടെ പിന്നെ പണത്തിനു ടോയിലറ്റ് പേപ്പറിന്റ വിലപോലും ഉണ്ടാവില്ല. ഏറെക്കുറെ പല ലോകരാജ്യങ്ങൾ ഇന്നു നേരിടുന്ന ഒരു പ്രതിസന്ധിയാണ് എന്ത് കൊണ്ട് അത് സംഭവിക്കുന്നു ?
അതിൽ ഒരു മുഖ്യകാരണം ഞാൻ പറയട്ടെ . ഏകാധിപതികളെന്നോ ജനാധിപത്യത്തിലൂടെ അധികാരത്തിൽ വരുന്നവരെന്നോ വിത്യാസമില്ലാതെ ഭരണാധികാരികൾ ഞങ്ങൾ സോഷ്യലിസ്റ്റുകളും പാവങ്ങളുടെ വക്താക്കളാണെന്നും വരുത്തിത്തീർക്കാൻ മത്സരിച്ച് ജനപ്രീണനനയം പിന്തുടരുന്നു .ഇതിനായി ധാരാളം സാമൂഹികക്ഷേമ പദ്ധതികൾ കൊണ്ടുവരുന്നു .തത്‌ഫലമായി പണം നന്നായി വിപണിയിലേക്ക് ഒഴുകും .ഇന്ത്യയെപ്പോലെ ഫെഡറൽ വ്യവസ്ഥ നിലനില്ക്കുന്ന രാജ്യത്ത് സംസ്ഥാന സർക്കാരുകളും ഈ ഒരു രീതി പിൻതുടരുന്നു . അതേ സമയം ഇവരാരും ഒട്ടും ഉല്പാദനമേഖല ശ്രദ്ധിക്കാറില്ല. ഉത്പാദകർ പൊതുവേ സാധാരണക്കാരുടെ കണ്ണിൽ ബൂർഷ്വാസികളും സമ്പന്നരും ചൂഷകരും പരാഹ്നഭോജികളും ഒക്കെയാണ് . ജനങ്ങളെ സന്തോഷിപ്പിക്കേണ്ടതിലേക്ക് സോഷ്യലിസ്റ്റ് സാമ്പത്തിക കാഴ്ചപ്പാടുള്ള ധനവിദഗ്ദരെ കൂട്ടുപിടിക്കുകയും അവർക്ക് പ്രതികൂലമായ നയപരിപാടികൾക്കു രൂപം കൊടുക്കുകയും ചെയ്യും. തുടർച്ചയായി ഇത് നടക്കുമ്പോൾ ഉല്പാദന മേഖല മന്ദീഭവിക്കും എന്നതിൽ ഒരു സംശയവുമില്ല .വൻ കോർപ്പറേറ്റ് കളെ പ്രോത്സാഹിപ്പിക്കില്ല എന്ന് ബോധമാവുമ്പോൾ വിദേശനിക്ഷേപകർ മെല്ലെ കയ്യൊഴിയാൻ തുടങ്ങും .ഈ ഒരു അടിയൊഴുക്ക് മനസ്സിലാക്കാൻ ആർക്കും പെട്ടെന്ന് കഴിയണമെന്നില്ല . ഉത്പാദക സൗഹൃദ സാമ്പത്തികനയം പൊതുവേ ജനഹിതത്തിനു വിരുദ്ധമായതിനാൽ ആരും അത് തുറന്നു പറയാൻ സാമ്പത്തിക വിദഗ്ദർ പൊതുവേ ധൈര്യം കാണിക്കുകയുമില്ല. കാരണം ഭരണക്കാരുടെയും പൊതു സമൂഹത്തിന്റെയും അഹിതം സമ്പാദിക്കാതിരിക്കാൻ അവർ എപ്പോഴും ശ്രദ്ധാലുക്കൾ ആയിരിക്കും.അതിനാൽത്തന്നെ ഈ “ഫ്രീബീസ്” അല്ലെങ്കിൽ വാഗ്ദാന സാമ്പത്തികനയം മഹാ അബദ്ധമായിത്തീരും എന്ന് അത്യവശ്യം യുക്തിയും വിവരവും ഉള്ളവരെങ്കിലും മനസ്സിലാക്കിയാൽ നല്ലത്.
(മുകളിൽ പറഞ്ഞതിൽ അതിശയോക്തി ഒട്ടും ഇല്ല .വെനിസ്വേലയിൽ സംഭവിച്ചത് അതാണ് .അതേപോലെ നേപ്പാളിൽ അതിന്റെ പ്രാരംഭ ലക്ഷണങ്ങൾ കാണുന്നുണ്ട് )