എവിടെ സോഷ്യലിസമുണ്ടോ അവിടെ റേഷനിങ്ങും ക്യു സിസ്റ്റവും കാണാം

58

Radhakrishnan Kalathil

സോഷ്യലിസത്തിന്റെ ഒരു ബാലപാഠമായി റേഷനിങ് സമ്പ്രദായത്തെ നമുക്ക് കാണാവുന്നതാണ്. എവിടെ സോഷ്യലിസമുണ്ടോ അവിടെ റേഷനിങ്ങും തുടർന്നുള്ള ക്യു സിസ്റ്റവും കാണാം. അത് ആവശ്യമായി വരുന്നത് തന്നെ അവിടെ സാധനങ്ങൾക്ക് ദൗർലഭ്യം വരുന്നു എന്നത് കൊണ്ടാണ്. അങ്ങനെ സംഭവിക്കുമ്പോൾ അത് അവരുടെ സമ്പദ് ഘടനയുടെ വൈകല്യമായി ചൂണ്ടിക്കാണിക്കാം. പക്ഷേ നമ്മൾ പലപ്പോഴും അത്തരം രീതിയെ പ്രശംസിക്കാറാണ് പതിവ്. പക്ഷേ അതിന്റെ ഉപാസക്കാർക്ക് ഒരിക്കലും അതിന്റെ വൈകല്യം ബോധ്യപ്പെടുകയില്ല എന്നത് ഒരു വിരോധാഭാസമാണ്. തമിഴന്റെ ഫ്രീബീസ് സംസ്കാരം ഇന്ന് രാജ്യത്തിന്റെ മിക്കവാറും എല്ലാഭാഗത്തും മാതൃകയാക്കാൻ തുടങ്ങിയിരിക്കുന്നു.

ഒരു ഉദാഹരണം എടുക്കാം (വസ്തുതല്ല, വെറും ഉദാഹരണമാണ് കേട്ടോ) അതായത് മിനിക്കോയ് ദ്വീപിൽ ആരും മത്സ്യം വാങ്ങാനായി ക്യു നിൽക്കില്ലല്ലോ? അതേ സമയം അവിടെ ചിലപ്പോൾ അരി വാങ്ങാൻ ക്യു കണ്ടേക്കാം. അഥവാ അങ്ങനെ ഉണ്ടെങ്കിൽ അവിടെ ജനസംഖ്യക്ക് ആനുപാതികമായി അരിവിഹിതം ലഭിക്കുന്നില്ല എന്നതാണ്. മറ്റൊരു ഉദാഹരണം തരാം. നല്ലതിനായാലും ചീത്തക്കായാലും ശരി നമ്മുടെ ബിവറേജ് ഷാപ് ക്യു ലോക പ്രശസ്തമാണല്ലോ? തൊട്ടടുത്ത മാഹിയിലോ മംഗലാപുരത്തോ പോയി നോക്കിയാൽ നിങ്ങൾക്ക് ഒരൊറ്റെ മദ്യഷോപ്പിലും ക്യു കാണില്ല. ഇനി അതും പറയാം. ലോകത്ത് ഒരിടത്തും ഇന്ന് മദ്യത്തിനായി ആരും ക്യു നിൽക്കാറില്ല എന്നതാണ് വസ്തുത. കടുത്ത സോഷ്യലിസ്റ്റുകൾ ഭരിക്കുന്ന നേപ്പാളിൽ പോലും ഒരു ഒരു ചായക്കടയിൽക്കയറിയാൽ നിങ്ങൾക്ക് ചായയോ ബ്രാണ്ടിയോ നിങ്ങളുടെ ചോയ്സ് അനുസരിച്ച് കഴിച്ചിറങ്ങാം. മറ്റൊരു കാര്യം അവിടെ ഒരിടത്തും സോഷ്യലിസം കാണാനില്ല എന്നതാണ്.
ത്വരിതഗതിയിൽ മുതലാളിത്തവൽക്കരണം നടന്ന ഒരു രാജ്യത്തും ഇന്ന് “റേഷൻ”എന്ന “ക്‌ളാസിക്കൽ സോഷ്യലിസ്റ്റ് ” ഏർപ്പാട് ഇല്ലാ എന്നാണ് അറിവ്. സൂപ്പർ മാർക്കറ്റിലോ ചന്തയിലോ പോയി അവർക്ക് ആവശ്യമുള്ള സാധങ്ങൾ വാങ്ങുന്ന കാഴ്ചയാണ് എവിടെയും.

ജനങ്ങളെ വെയിലത്തോ തണുപ്പത്തോ മണിക്കൂറുകളോളം ക്യു നിർത്തുന്നത് ഏറ്റവും പ്രാകൃതമായ സർക്കാർ രീതിയാണ് എന്നേ പറയാൻ കഴിയൂ. അതൊരു യഥാർത്ഥ ഫാസിസ്റ്റ് രീതിയാണ് എന്ന് വേണമെങ്കിൽ പറയാം. അതായത് ഞങ്ങൾക്ക് അധീനരായി നിങ്ങൾ നില കൊല്ലുകയാണെങ്കിൽ നിങ്ങൾക്ക് ഇങ്ങനെയൊക്കെ ചില ഗുണങ്ങളുണ്ട് എന്ന സന്ദേശം. അവിടെ പലപ്പോഴും പോലീസ് കാരെയും കാണുമല്ലോ. സ്റ്റേറ്റിന്റെ ഭീഷണി ഒന്ന് കൂടി ഉറപ്പിക്കുകയാണ് ഈ രീതിയിലൂടെ. ക്യു ഒന്ന് തെറ്റിയാൽ നിങ്ങളുടെ നിലയോ വിലയോ ഒന്നും നോക്കാതെ തെറിയോ ലാത്തിപ്രയോഗമോ കിട്ടും. കാരണം അവിടെ സ്റ്റേറ്റ് സുപ്രീം പവർ ആയി മാറിക്കൊണ്ടിരിക്കുകയാണ്. നേരെ നിങ്ങൾ ഒരു സ്പെൻസ്ഴ്‌സ് സൂപ്പർ മാർക്കറ്റിൽ ഒന്ന് കയറി നോക്കൂ. ബിവറേജ് ഷോപ്പിന് മുന്നിൽ ക്യുവിൽ നിന്ന വെറും മ്ലേച്ചനായാ നിങ്ങൾ അവിടെ വലിയ സാർ ആയി മാറുന്നത് കാണാം.

ആധുനികശാസ്ത്ര സാങ്കേതിക ഇന്ന് സാധനസേവനമേഖലയിലെ ഈ ദൗർലഭ്യം കുറച്ചു കൊണ്ട് വരുന്നു. ഉദാഹരണത്തിന് സിനിമയുടെ കാര്യം തന്നെ എടുക്കു. ഒരു വൻ ബജറ്റ് പടമിറങ്ങുമ്പോൾ അവിടെ പഴയപോലെ ബഹളവും ഉന്തും തള്ളും ഒന്നുമില്ല. കാരണം എല്ലാ കേന്ദ്രങ്ങളിലും ഒരേ സമയം പടം റിലീസ് ആക്കാൻ ഇന്ന് സാധിക്കുന്നു എന്നത് കൊണ്ടാണ് ഈ മാറ്റം. അത് പോലെ റെയിൽവേ, ബസ് സ്റ്റാൻഡ് തുടങ്ങിയവിടങ്ങളിലെ ക്യു പോലും ഇല്ലാതായി വരുന്നു.

മുകളിൽപ്പറഞ്ഞ മിനിക്കോയി ദ്വീപിന്റെ കാര്യം തന്നെ എടുക്കാം. അവർ ഒരിക്കലും അരിക്ക് വേണ്ടി ക്യു നിൽക്കേണ്ടവരല്ല. കാരണം വളരെ വിപണി മൂല്യമുള്ള മത്സ്യം ഉല്പാദിപ്പിക്കുന്നുണ്ട് . അവ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി ലോകത്ത് എവിടെ വേണമെങ്കിലും കയറ്റി അയക്കാം. സമ്പത്ത് ഏത് വിധേനയും ജനങ്ങളുടെ കയ്യിലെത്തും. ജനങ്ങൾക്ക് ക്രയശേഷി ഉണ്ടെന്നു കാണുമ്പോൾ സൂപ്പർ മാർക്കറ്റ്കാർ തനിയെ വന്നു കൊള്ളും. പിന്നെ ബാക്കിയായി ഉണ്ടാവുക ഏതാനും അവശരായിരിക്കും . അവർക്ക് സൗജന്യമായി അരി വീട്ടിൽ എത്തിച്ചു കൊടുക്കാം. അല്ലാതെ ഒരു മാസ്സ് റേഷനിങ്ങിന്റെ ആവശ്യം അവിടെ ഉണ്ടാവില്ല.

അപ്പോൾ ഒരു നല്ല വിവേകമുള്ള ഭരണകൂടം ചെയ്യേണ്ടത് എന്താണ്? പഴയ നിയന്ത്രണങ്ങൾക്ക് മീതെ പുതിയ നിയന്ത്രണങ്ങൾ ജനങ്ങളുടെ മീതെ അടിച്ചേൽപ്പിക്കുകയാണോ? അല്ലാ കലഹരണപ്പെട്ട നിയന്ത്രണനിയമങ്ങൾ എടുത്തു കളയുകയോ?