കോർപ്പറേറ്റ് ഫോബിയ എന്ന രോഗമുള്ളവർ ശ്രദ്ധിക്കുക

0
116

Radhakrishnan Kalathil

കോർപ്പറേറ്റ് ഫോബിയ👺👺

ഇന്നത്തെ വിഷയം “കോർപ്പറേറ്റ് ഫോബിയ” തന്നെയാവട്ടെ. ഒരു പക്ഷേ ലോകത്ത് ആദ്യമായി ഈ ഒരു പുതിയ സാങ്കേതികഭാഷ പരിചയപ്പെടുത്തുന്നത് മലയാളികളാവും ഗൂഗിളിൽ പരതിയിട്ട് അങ്ങനെ ഒരു വിഷയമേ കിട്ടുന്നില്ല. പക്ഷെ നമുക്ക് രാത്രി ഉറങ്ങാൻ കിടന്നാൽപ്പോലും കോർപ്പറേറ്റ് ഭീതികരണം ഉറക്കമില്ലാതായിരിക്കുന്നു എന്നായിട്ടുണ്ട്.

എന്താണ് ഈ കോർപ്പറേറ്റ്? കൂടുതൽ തല പുകയ്ക്കാനൊന്നും പോകേണ്ട കാര്യമില്ല. കമ്പനി എന്നേ അർത്ഥമുള്ളൂ. വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ നിയമപരമായി രജിസ്റ്ററേഷൻ നടത്തിയ സ്വന്തമായി ഒരു വ്യക്തിത്വമുള്ള സ്ഥാപനങ്ങളെയാണ് ബിസിനസ് കോർപറേഷൻ എന്ന് പറയുന്നത്. നിങ്ങൾക്കും തുടങ്ങാം ഒരു കമ്പനി. ഒരുപാട് സ്റ്റാർട്ടപ്പ് കമ്പനികൾ ഇന്ന് വിജയിച്ചിട്ടുണ്ട്. ഒരിക്കലും ആസ്തി മുഴുവൻ നിങ്ങളുടേതായിരിക്കില്ല. മിക്കവാറും ബാങ്ക് ലോണായിരിക്കും. നിയമപ്രകാരം കമ്പനി സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്താൽ ഷെയർ പൊതു മാർക്കറ്റിൽ വിറ്റ് മൂലധനം സ്വരൂപിക്കാം.

Image may contain: 5 people, glasses and textഅപ്പോൾ എന്താണ് ഈ കോർപ്പറേറ്റ് ഫോബിയ അഥവാ വ്യവസായങ്ങളോടുള്ള വിരുദ്ധത. അത് കാറൽ മാർക്സിന്റെ പുരാതന സാമ്പത്തികസിദ്ധാന്തം, സാമ്പത്തികം എന്ന് പറയാൻപോലും പറ്റില്ല..”ഫിലോസഫി” എന്ന് പറയുന്നതാവും ശരി: അത് തലക്ക് പിടിച്ചത് കൊണ്ടുള്ള കുഴപ്പം. പിന്നെ ലെനിൻ, മാവോ, തുടങ്ങിയവരുടെ പ്രായോഗിക സോഷ്യലിസ്റ്റ് പരിഷ്കരണങ്ങൾ, പിന്നെ നെഹ്‌റു, ലോഹിയ, ജയപ്രകാശ്, തുടങ്ങിയ ഇന്ത്യൻ സോഷ്യലിസ്റ്റുകളുടെ ആശയങ്ങളുടെ സ്വാധീനം: ഇതെല്ലാം ഒരു മതചിന്ത പോലെ മനസ്സിലുറച്ചു പോയി. അതായത് “വ്യവസായങ്ങളെല്ലാം സർക്കാരിന്റെ പൊതു ഉടമസ്ഥതയിൽ മതി” . “ഇനി അനുവദിക്കുന്നെങ്കിൽത്തന്നെ തീരേ ചെറുതും ദുർബലമായ രീതിയിലും അതികർക്കശമായ നിയന്ത്രങ്ങളോടെയും മാത്രം മതി. പിന്നെ സഹകരണമേഖലയിൽ ചെറിയ തോതിൽ അനുവദിക്കാം. കാരണം, ഇന്നല്ലെങ്കിൽ നാളെ അതൊക്കെ തച്ചു തകർക്കാനുള്ളതാണ്. അഥവാ അവരെല്ലാം വളർന്നു ഭീകരനായാൽ പിന്നെ സോഷ്യലിസം എന്നത് ഒരു കിട്ടാക്കനിയാവും.

പക്ഷെ പറഞ്ഞിട്ടെന്താ. സർക്കാർ സംരംഭങ്ങളും ചെറുകിട വ്യവസായങ്ങളും ആധുനിക സങ്കീർണ്ണ സമ്പദ് വ്യവസ്ഥക്ക് ഒട്ടും അനുയോജ്യമല്ല എന്നതാണ് ഒരു കുഴപ്പം. സ്കെയിൽ ഓഫ് ഇക്കോണമീസ് നടപ്പാവില്ല , കമ്പനിയിലുള്ള ജനങ്ങളുടെ വിശ്വാസ്യത ആർജ്ജിക്കാനാവില്ല, വൻമുതൽ മുടക്കി ഇന്നവേഷൻസ് നടപ്പിലാക്കാനാവില്ല, കമ്പനി മത്സരക്ഷമമാവില്ല, നല്ല നേതൃത്വമുണ്ടാവില്ല, മിടുക്കരായ തൊഴിലാളികളെ കിട്ടില്ല അങ്ങനെ നൂറു കൂട്ടം കുഴപ്പങ്ങൾ.

പക്ഷെ ചെറുകിട സ്ഥാപനം അതിന്റെ ഉൽപ്പന്നങ്ങൾക്ക് നല്ല ഗുണനിലവാരം പുലർത്തുകയാണെങ്കിൽ അത് വളരാൻ തുടങ്ങും. പിന്നെ പിടിച്ചാൽ കിട്ടില്ല. അതായത് കാറൽ മാർക്സിന്റെ കാലത്തുള്ള കൊച്ചു കൊച്ചു ഫാക്ടറികളല്ല ഇന്ന്. കൊച്ചു പിള്ളേര് തുടങ്ങിയ ചെറു സ്റ്റാർട്ടപ്പ് കമ്പനികൾ പോലും ഇന്ന് ബില്യൺ വിറ്റ് വരവുള്ള ആഗോള സ്ഥാപനങ്ങളായി മാറുന്ന കാഴ്ച നമ്മുടെ കണ്മുന്നിൽത്തന്നെയുണ്ട്. ഇതൊന്നും ഈ നാട്ടിലെ വായോവൃദ്ധ സാഹിത്യസാംസ്‌കാരിക ബുദ്ധിജീവികൾക്ക് പറഞ്ഞാൽ മനസ്സിലാവില്ല. അവരുടെ തലയ്ക്കുള്ളിലെ ചിപ്പ് സെറ്റും റാമും ഹാർഡ് ഡിസ്‌കും പ്രോസസ്സറും ഓപ്പറേറ്റിംഗ് സിസ്റ്റവും ഒക്കെ പണ്ടേ ഫീഡ് ചെയ്ത് വച്ചതും കലഹരണപ്പെട്ടതുമാണ് . ഇത്തരം ആളുകളുടെ പ്രചരണം കൂടിയാവുമ്പോൾ തീർച്ചയായും സ്വകാര്യ കമ്പനികൾക്ക് നേരെ ഒരു വില്ലൻ പരിവേഷം നമ്മുടെ ഇടയിൽ ഉണ്ടാക്കാനാവും

അപ്പോൾ മറ്റേതൊരു കമ്പനി ഉടമകളെക്കാളും ഈ അംബാനിയോടും അഡാനിയോടും ഇത്ര വിരോധം തോന്നാൻ? ഒരുപാട് ബഹുരാഷ്ട്രകമ്പനികൾ ഇവിടെയുണ്ടല്ലോ? എത്രയോ കോടികൾ ചൈനയിലേക്കും കൊറിയയിലേക്കും അമേരിക്കയിലോട്ടും പോകുന്നുണ്ടല്ലോ? അതും മുകളിൽ പറഞ്ഞ തത്വം തന്നെ. പൊളിഞ്ഞ അനിൽ അംബാനിയോട് ഇപ്പോൾ ആർക്കും വിരോധമില്ലല്ലോ. ഇനി മുകേഷോ അദാനിയോ പൊളിഞ്ഞാൽ ഇവർ അവർക്കു വേണ്ടി മുതലക്കണ്ണീരോഴുക്കാനും ഇവർക്ക് മടിയുണ്ടാവില്ല. അതായത് ടാറ്റയോടും ബിർളയോടും പണ്ട് നമുക്ക് വിരോധമുണ്ടായിരുന്നു. എങ്കിലും സഹിക്കാം. ഇനി സാരമില്ല. പക്ഷെ ഇന്ത്യയിൽ ഇനിയും കോർപ്പറേറ്റുകൾ വളർന്നു വരരുത്.

പിന്നെ കോർപ്പറേറ്റ് വിരുദ്ധർ ഉയർത്തുന്ന ഏറ്റവും ബാലിശമായ ഒരു വാദമാണ് “ജിയോ ഫ്രീ തിയറി” ആധുനിക ബിസിനസ്‌ രീതിയെക്കുറിച്ചുള്ള ഇത്തരക്കാരുടെ വികലമായ കാഴ്ചപ്പാടിൽ ഒന്നാണ് ഇത്. നമുക്കത് ഒന്ന് പരിശോധിക്കാം
ഈയ്യിടെ കാനഡയിൽ താമസമാക്കിയ ഒരു മലയാളി ചെറുപ്പക്കാരിയുടെ ഒരു വീഡിയോ ശ്രദ്ധിക്കാനിടയായി. വളരെ നന്നായി സംസാരിക്കാനും കാര്യങ്ങൾ അവതരിപ്പിക്കാനും കഴിവുള്ളവരാണ് അവർ. ഇങ്ങനെയാണ് അവരുടെ വീഡിയോയുടെ തുടക്കത്തിലെയുള്ളആ വാദമുഖം . “ജിയോ മുതലാളി ആദ്യം ആൾക്കാർക്ക് സൗജന്യ മായി അവരുടെ കണക്ഷൻ നൽകി. എല്ലാവരും ഉപയോഗിച്ചിരുന്ന കണക്ഷൻ കളഞ്ഞു ജിയോ വാങ്ങി. മത്സരം ഇല്ലാതായതോടെ അവർ കണക്ഷന് വില കൂട്ടുന്നു. നമ്മൾ കൂടിയ വിലക്ക് അത്‌ വാങ്ങാൻ നിർബന്ധിതരാകുന്നു. കണ്മുന്നിലുള്ള ഈ ഉദാഹരണം കാർഷിക മേഖലയിലും ആവർത്തിക്കും.
എന്നാൽ കേട്ടോളൂ. ഞങ്ങളാരും നിലവിലെ ബി എസ് എൻ എൽ ഉപേക്ഷിച്ചിട്ടില്ല. സർക്കാർ കൂറ് കൊണ്ടുതന്നെയാണ് അത് ചെയ്യാത്തതും. അഡിഷണനാലായി ഒരു ജിയോയുടെ സിം വാങ്ങുകയാണ് ഉണ്ടായത്. ഇനി വേണ്ട.. നഷ്ടമാണ് എന്ന് തോന്നുമ്പോൾ അന്ന് അത് ഉപേക്ഷിക്കും.

അല്ല ചോദിക്കട്ടെ, നിങ്ങൾ ഒരു ചായപ്പീടിക നാട്ടിൽ തുടങ്ങുന്നു എന്ന് കരുതൂ. തുടക്കത്തിൽത്തന്നെ ഏറ്റവും ലോക്കൽ ചായപ്പൊടി ചേർത്ത മോശം ചായ കൂട്ടിയ വിലക്കാണോ വിൽക്കുക? അതോ ഏറ്റവും മികച്ച തേയിലയും പാലും പഞ്ചസാരയും ഇട്ട ചായ രണ്ടു രൂപ കുറച്ചു കൊടുക്കുകയോ? പലർക്കും ഈ തന്ത്രമൊന്നും അറിയാത്തത് കൊണ്ടാവാം അൽപ്പകാലത്തിനകം കട പൂട്ടേണ്ടി വരുന്നതും.
ഇനി ജിയോയുടെ കാര്യം പറയുകയാണെങ്കിൽ ഇങ്ങനെ. ജിയോ കലാകാലം ജനങ്ങൾക്ക്‌ ഫ്രീ സേവനം കൊടുക്കുമെന്ന് ആരെങ്കിലും വിശ്വസിച്ചുവോ ആവോ. കൊയ്യാൻ തന്നെയാണ് വ്യവസായികൾ വിതക്കുന്നത്. പിന്നെ വില കൂട്ടാനുള്ള ഒരു കാരണം TRAI ഇന്റർ കണക്റ്റിംഗ് യുസേജ് ചാർജ് ഈടാക്കാൻ നിയമം കൊണ്ടുവന്നത് കൊണ്ടാണ്. പക്ഷെ നാല് വർഷം മുന്നേ കാളും ഡാറ്റയും ഉപയോഗിച്ചവർക്ക് അറിയാം അത്. ഒരു ജി ബി ക്ക് 110 രൂപ. 100 രൂപയ്ക്കു കാൾ ടോപ് അപ്പ് നടത്തിയാൽ ഏതാനും ദിവസങ്ങൾക്കകം തീരുമായിരുന്നു. ഓഫീസിൽ നിന്നാവുമ്പോൾ അധികവും ലാൻഡ് ഫോണിലായിരുന്നു വിളി. പണ്ട് ഓഫീസ് ലാൻഡ് ഫോൺ ബില്ല് പതിനായിരമൊക്കെ കടക്കുമായിരുന്നു. ഫോണിൽ കട്ട് വിളിക്കാതിരിക്കാൻ അത് പൂട്ടി വയ്ക്കുമായിരുന്നു. പിന്നേ വൈ ഫൈ വന്നപ്പോൾ പാസ്സ് വേർഡ് വളരെ രഹസ്യമായി വയ്ക്കുമായിരുന്നു. പക്ഷെ ഇന്ന് ആരും ലാൻഡ് ഫോൺ ഉപയോഗിക്കുന്നേയില്ല എന്ന് കാണാം. ഓഫീസ് ഇന്റർനെറ്റ്‌ ആരും കട്ടെടുക്കുന്നുമില്ല. ഇപ്പോഴും 12 ജി ബി ഡാറ്റയ്ക്ക് 101 രൂപയല്ലേ ഉള്ളൂ. ഇന്റർനെറ്റ്‌ കോളാണെങ്കിൽ മണിക്കൂറുകളോളം വിളിക്കുകയും ചെയ്യാം. പിന്നെ ഏതൊരു സാധനങ്ങൾക്കും അത്യാവശ്യം വിലകൂടികൊണ്ടേയിരിക്കും. പണത്തിന്റെ ഡിപ്രെസിയേഷനും സാധന സേവനങ്ങളുടെ കൂടിയ ഉപയോഗവും അതിന് കാരണമാണ്.

പിന്നെ പെട്രോളിന് വിലകൂട്ടുന്നത് സ്വകാര്യ മുതലാളിമാരെ മാത്രം സഹായിക്കാനാണോ? പെട്രോൾ സ്വതന്ത്രവിപണിയിലേക്ക് തുറന്നു വിടാമോ? ഇപ്പോൾ പറ്റില്ല. നമ്മുടെ വിഭവങ്ങൾ വിദേശത്തേക്ക് ഒഴുകുകയാണ് ചെയ്യുക. പക്ഷെ ഭാവിയിൽ അതിനും വഴിയുണ്ട്. 2030 ഓട് കൂടി പെട്രോൾ വെറുതെ കൊടുത്താലും വാങ്ങാനാളുണ്ടാവില്ല. അൾട്ടർനെറ്റിവ് എനർജി സോഴ്സ്സ് വരാനുള്ള സാധ്യതയുണ്ട്.. ഇലക്ട്രിക് വാഹന വിപ്ലവം വരാൻ പോകുന്നു. ആറ്റോമിക് എനർജി, സോളാർ എനർജി, വിന്റ് എനർജിയൊക്കെ സർവ്വത്രികമാവും. നിങ്ങൾക്ക് ആവശ്യമുള്ള എനർജി നിങ്ങളുടെ പുരപ്പുറത്ത് തന്നെ ഉൽപാദിപ്പിക്കാം.ഇത്രയേ ഉള്ളൂ കോർപ്പറേറ്റ് ഫോബിയയുടെ കാര്യം. ഇനി എങ്ങനെ കോർപ്പറേറ്റ് കൾ ദാരിദ്ര്യം സൃഷ്ടിക്കും എന്ന് ഗൂഗിളിൽ ഒന്ന് തിരഞ്ഞു നോക്കിയേ.