റമ്മിനുമുണ്ടൊരു രാഷ്ട്രീയം

44

Radhakrishnan Kalathil ന്റെ കുറിപ്പ്

റമ്മിനുമുണ്ടൊരു രാഷ്ട്രീയം

പ്രകൃതിസമ്പത്ത് കൊണ്ട് അനുഗ്രഹീതമായ രാജ്യമാണ് ക്യൂബ. അത് ഒരു കുടിയേറ്റക്കാരുടെ നാടാണ്. ലാറ്റിൻ യൂറോപ്യന്മാരും പിന്നെ അടിമകളാക്കിക്കൊണ്ട് വന്ന ആഫ്രിക്കക്കാരുമാണ് അവിടത്തെ ജനസമൂഹം. അതുകൊണ്ട് തന്നെ ഇംഗ്ലീഷ് അമേരിക്കക്കാരോട് അവർ ചേരില്ല. പിന്നെ അമിതമായ ജനപ്പെരുപ്പമോ ജനസാന്ദ്രതയോ ഒട്ട് ഇല്ല താനും. 1950 വരെയെങ്കിലും മുഖ്യ വ്യാപാരപങ്കാളി അമേരിക്കയായിരുന്നു. അന്നത്തെ ഹവാനാ നഗരം ഏതൊരു അമേരിക്കൻ നഗരങ്ങളെയും വെല്ലുന്നതുമായിരുന്നു.

ക്യൂബയുടെ ദാരിദ്ര്യത്തിന് മുഖ്യ കാരണം അമേരിക്കൻ ഉപരോധമാണ് എന്ന് സ്ഥാപിക്കുന്നവരുണ്ട്. അതും ഒരു പരിധിവരെ മാത്രമേ ശരിയാവുകയുള്ളൂ. അതിലേക്കു വഴി തെളിച്ചത് സോഷ്യലിസ്റ്റ് അന്ധവിശ്വാസമായിരിക്കും എന്നതിൽ ഒരു സംശയവും വേണ്ട. ക്യൂബ അന്നത്തെ 6 ബില്യൺ ഡോളർ മൂല്യമുള്ള അമേരിക്കയുടെ സമ്പത്ത് തട്ടിപ്പറിച്ചെടുത്തു എന്നതാണ് ഉപരോധത്തിന് അമേരിക്ക പറയുന്ന നായീകരണം. ദേശസാൽക്കരണത്തിന്റെ ഭാഗമായി ഒരുപാട് അമേരിക്കൻ നിക്ഷേപമുള്ള കമ്പനികൾ അവർ പിടിച്ചു വാങ്ങിയിട്ടുണ്ട്. നെറികേട് ആര് ചെയ്താലും ന്യായീകരിക്കാൻ കഴിയില്ലല്ലോ. ഉദാഹരണത്തിന് ഇന്ത്യൻ കമ്പനികൾ ശ്രീലങ്കയിൽ കൊണ്ട് പോയി ധാരാളം നിക്ഷേപം നടത്തുന്നു എന്ന് കൂട്ടുക. അത് രാജ്യാന്തര കമ്പനി നിയമങ്ങൾക്കും കരാറുകൾക്കും വിധേയമായായിരിക്കുമല്ലോ. അപ്പോൾ ഒരു പുതിയ സർക്കാർ വന്നു മൊത്തം അവരുടേതായി പ്രഖ്യാപിച്ചാൽ അത് നമുക്ക് അംഗീകരിക്കാനാവുമോ? പോകട്ടെ ഇത്തരം നെറികേട് കാണിച്ച ക്യൂബയെപ്പോലെപ്പോലുള്ള ഒരു രാജ്യത്ത് ഏതെങ്കിലും ഒരു വിദേശ കോർപ്പറേറ്റ് നിക്ഷേപം നടത്തുമോ? ക്യൂബ 1995 മുതൽ വേൾഡ് ട്രേഡ് ഓർഗണൈസേഷനിൽ അംഗമാണ്. ആരുമായും അവർക്ക് വ്യാപാരം നടത്താം. പരോക്ഷമാർഗ്ഗത്തിലൂടെ അമേരിക്കയുടെ എല്ലാ സാധനങ്ങളും അവിടെ ലഭ്യവുമാണ് താനും പക്ഷേ അതൊന്നും വാങ്ങാനുള്ള സമ്പത്ത് അവർക്ക് ഇല്ലാ എന്നതാണ് പ്രശ്നം. ഇന്നത്തെ നില വച്ച് ഒരു നാനോ കാറ് പോലും അവിടെ കൊണ്ട് ചെന്നു വിൽക്കാനുള്ള വകുപ്പില്ല. 4000 ഇന്ത്യൻ രൂപക്ക് കണക്ക് ശമ്പളം വാങ്ങുന്ന അവിടത്തെ ഡോക്ടർമാർ എവിടന്നു കാറു മേടിക്കാനാ ക്യൂബയിൽ സംഭവിച്ചത് എന്താണ്?

ഒരൊറ്റ സംഭവം മാത്രം നോക്കുക. ഡോൺ ഫെക്കന്റോ ബെകാർഡി എന്ന സ്പെയിൻ കുടിയേറ്റക്കാരൻ ക്യൂബയിൽ സ്ഥാപിച്ച മദ്യവ്യവസായമായിരുന്നു ബകാർഡി ബ്രാന്റ്ൽ അറിയപ്പെടുന്ന മദ്യമായ റം. ഒരു കാലത്ത് അവരുടെ കുടുംബം ഫിഡൽ കാസ്ട്രോയുടെ മുഖ്യ അനുയായികളും സഹായികളും ആയിരുന്നു എന്ന് പറയുന്നു. നിർഭാഗ്യവാശാൽ ക്യൂബൻ വിപ്ലവത്തോടെ സർക്കാരിന്റെ നിറം മാറി. ആ കമ്പനി മൊത്തം സർക്കാർ പിടിച്ചെടുക്കുകയാണ് ഉണ്ടായത്. മാത്രമല്ല ഒരു അഞ്ചു പെസോയുടെ നഷ്ടപരിഹാരം ഉടമകൾക്ക് കൊടുത്തതുമില്ല. ബാകാർഡി കുടുംബം ക്യൂബയിൽ നിന്ന് പലായാനം ചെയ്യുകയും പിന്നീട് മെക്സിക്കോയിലും പോർട്ടോറിക്കോയിലുമൊക്കെയായി കമ്പനി വീണ്ടും ആരംഭിക്കുകയും അത് വീണ്ടും ലോക പ്രശസ്തമാവുകയും ചെയ്തു. കാരണം ഈ മദ്യത്തിന്റെ റെസിപ്പി അവരുടെ കൈവശം രഹസ്യമായിരുന്നു. സോഷ്യലിസത്തിന്റർ കോൺസെപ്റ്റിൽ കുറേ കെട്ടിടങ്ങളും ഉപകരണങ്ങളുമാണ് ഒരു “കമ്പനി” അവിടെ സംരംഭകത്തിനോ ബ്രാന്റ് മൂല്യത്തിനോ ഒരു വിലയും കൊടുക്കാറില്ല.
ഇത്തരം മൂഢവിശ്വാസങ്ങളുടെ ഫലമാണ് പിന്നീട് അവർ അനുഭവിച്ചതും ഇക്കോണമി കുത്തോട്ടടിച്ചതും.
ഇന്ന് ഏതായാലും ബെകാർഡി രണ്ട് തരം ഉണ്ട്. കൈപ്പുണ്യം കൊണ്ട് ഉണ്ടാക്കിയ കരീബിയൻ ബെകാർഡിയും തന്റിഷ്ടം കൊണ്ട് പിടിച്ചു പറ്റിയ ക്യൂബൻ ബെകാർഡിയും!