സത്യത്തിൽ ലോകത്ത് ഏറ്റവും വൃത്തികെട്ട ഭക്ഷണം കഴിക്കുന്നവർ മലയാളികൾ ആണെന്ന് ഉറപ്പിച്ചു പറയാം

2877

Radhakrishnan Kalathil

 

വിദ്യാലയങ്ങൾക്ക് അടുത്തായി വിൽക്കുന്ന ജങ്ക് ഫൂഡ് ഇനങ്ങൾ നിരോധിക്കുന്നതായുള്ള ഒരു വാർത്ത കഴിഞ്ഞ ദിവസം പത്രത്തിൽ കാണാനിടയായി . വാർത്തകളിൽ നൽകിയ ജങ്ക് ഫുഡുകളുടെ ചിത്രം പിസയും ബർഗ്ഗറും ഒക്കെയായിരുന്നു. ഇറ്റാലിയൻ ഗ്ലാമർ പലഹാരമായ പിസ്സ വെറും ഒരു ജങ്ക് ഫൂഡ് ആണോ ?

അപ്പോൾ എന്താണ് ജങ്ക് ഫൂഡ് എന്ന് മനസ്സിലാക്കണം. അതായത് വെറും ഊർജ്ജം മാത്രം തരുന്നതും അതേസമയം ആരോഗ്യസംരക്ഷണത്തിന് ആവശ്യമായ പ്രോട്ടീൻ ,വിറ്റാമിനുകൾ ,ധാതുലവണങ്ങൾ തുടങ്ങിയവ തീരേകുറവോ അല്ലെങ്കിൽ ഒട്ടും തന്നെ നൽകാത്തതും സോഡിയം പോലുള്ള ലവണങ്ങളുടെ അംശം വളരെ കൂടുതലടങ്ങിയതും ആയ ഭക്ഷ്യപദാര്ഥങ്ങളെയാണ് ജങ്ക് ഫുഡുകൾ എന്ന വകുപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് മിക്കവാറും വിദേശ ആരോഗ്യവിദഗ്ദർ വച്ച മാനദണ്ഡം അനുസരിച്ചായിരിക്കും .കാരണം ഇന്ത്യക്കാർ ഒരു ദിവസം എത്രയോ കൂടുതൽ സോഡിയം തന്നെ അകത്താക്കുന്നുണ്ട് . അവർ നിഷ്കർഷിക്കുന്നത് പോലുള്ള പോഷകാഹാരം നമ്മൾ കഴിക്കുകയാണെങ്കിൽ ഒരുപക്ഷെ നമ്മുടെ വസ്തുവകകൾ വിൽക്കേണ്ടതായി വരും .

അപ്പോൾ കാര്യങ്ങൾ അങ്ങനെയിരിക്കേ വികസിതരാജ്യങ്ങളിൽ ജങ്ക് ഫൂഡ് എന്ന പഴി പലപ്പോഴും കേൾക്കേണ്ടി വരാറുള്ളത് ബഹുരാഷ്ട്ര ഭക്ഷ്യശ്രുംഖലാഭീമന്മാരുടെ ഔട്ലെറ്റുകളിൽ വിൽക്കുന്ന ഭക്ഷണപദാർത്ഥങ്ങൾക്കാണ് .കാരണം വിലകുറച്ചു വിൽക്കുന്നതിനാൽ അവർ ഉപയോഗിക്കുന്ന ഇൻഗ്രീഡിയന്റുകൾ നിർദ്ദേശിക്കപ്പെട്ട ഗുണനിലവാരം ഇല്ലാത്തത് ആയിരിക്കും .ഉദാഹരണം വിലകൂടിയുടെ ഒലിവ് എണ്ണയ്ക്ക് പകരം സാധാരണ എണ്ണകളും നിലവാരമുള്ള പാർമീസാൻ ചീസിനു പകരം ക്രാഫ്റ്റ് ചീസും ഉപയോഗിക്കുന്നു . വേണ്ടത്ര പച്ചക്കറികളോ പഴങ്ങളോ ഉപയോഗിക്കുന്നില്ല . അപ്പോൾ വിദേശത്ത് പ്രസിദ്ധീകരിക്കുന്ന ജേർണലുകൾ പഠിക്കുന്ന നമ്മുടെ ആശാൻമാരും അതനുസരിച്ച് വിധി പറയുന്നു .വിദേശകമ്പനികൾ നമുക്ക് പരിചയപ്പെടുത്തിയ പിസ്സ ,ബർഗർ ,സാൻഡ്വിച്ച് ,ഹാംബർഗ് ,ഫ്രൈഡ് ചിക്കൻ ,ഫ്രഞ്ച് ഫ്രൈ ,കോകോ കോള ,പെപ്സി ഇത്യാദികളെല്ലാം ജങ്ക് ഫൂഡുകൾ ആണെന്ന് . ഡോക്ടർ മാർ പറയുകയല്ലേ .നമ്മൾ അതേപടി വിശ്വസിക്കുന്നു .

അങ്ങനെയാണെങ്കിൽ ഇന്ത്യക്കാരുടെ ,വിശിഷ്യാ മലയാളികളുടെ ഭക്ഷണമോ ? അവയെല്ലാം പോഷകങ്ങളുടെ കലവറയായിരിക്കും അല്ലേ ? അവയെക്കുറിച്ച് സായിപ്പ് കേട്ടിട്ടില്ല .അതിനാൽ അവർ അതേക്കുറിച്ച് പരാമർശിച്ചട്ടുമില്ല .അതിനാൽ നൂറു ശതമാനം സുരക്ഷിതം ! അല്ലേ ? എന്നാൽ അല്ല .ചെറിയ ശരീരമുള്ളവരാണ് മലയാളികൾ പൊതുവേ .പക്ഷേ ഒരു മുപ്പത് കഴിഞ്ഞാൽ ഉണ്ണിക്കുമ്പയെങ്കിലും ഇല്ലാത്ത മലയാളികൾ അപൂർവ്വം .
പ്രമേഹം ,കൊളെസ്ട്രോൾ ,ഹൃദ്രോഗം ,രക്താതിസമ്മർദ്ദം തുടങ്ങിയ രോഗങ്ങളുടെ ലോകതലസ്ഥാനമാണ് ഇന്ന് കേരളം .എന്ത് കൊണ്ട് ? പിസയും ബർഗറും കഴിച്ചിട്ടാണോ? ഒരെണ്ണത്തിന് 150 രൂപയിലധികം വില വരുന്ന പിസാ നമ്മൾ അപൂർവ്വമേ കഴിക്കാറുള്ളൂ .കോക്കോകോള ഇവിടെ ആർക്കും നിത്യപാനീയമല്ല. അപ്പോൾ എന്തുകൊണ്ട് ?

ഒട്ടും ഞെട്ടേണ്ട കേട്ടോ .സത്യത്തിൽ ലോകത്ത് ഏറ്റവും വൃത്തികെട്ട ഭക്ഷണം കഴിക്കുന്നവർ മലയാളികൾ ആണെന്ന് ഉറപ്പിച്ചു പറയാം .അതുതന്നെ കാരണം. അടുത്തകാലത്ത് ഉണ്ടായ സാമ്പത്തികമുന്നേറ്റം
സംഗതി കൂടുതൽ വഷളാക്കി എന്നേയുള്ളൂ .

കാലത്തുതന്നെ നന്നായി പഞ്ചസാരയിട്ട ചായയും ബിസ്ക്കറ്റും തൊട്ട് തുടങ്ങും നമ്മുടെ ജങ്ക് ഫൂഡ് യജ്ഞം. ഫെർമെൻറ് ചെയ്ത പലഹാരമായ ദോശയും ഇഡ്ഡലിയും ഉഴുന്നുവടയും ഒഴികെയുള്ള മിക്കവാറും എല്ലാ പലഹാരങ്ങൾ തീർത്തും പോഷകരഹിതമാണ് . പുട്ട് ,ഇടിയപ്പം ,അട, പത്തിരി ,ചപ്പാത്തി ,പൊറോട്ട ,പൂരി , അപ്പം തുടങ്ങിയവ എല്ലാം .അതിന്റെ കൂടെ കടലയും പയറ് കറിയും അല്പം ഭേദം .പക്ഷേ ഒരു കുറ്റി പുട്ടും അല്പം കടലയും കഴിച്ചാൽ തീരുന്നു ബാക്കി കാര്യം. കൊളെസ്റ്ററോൾ ഭയന്ന് പലരും ഓംലെറ്റ് കഴിക്കുന്ന ശീലവും ഒഴിവാക്കി. ഇനി കഴിച്ചാൽ അതിന്റെ ഗുണവും വൃഥാ . പിന്നെ നമുക്ക് പഴംപൊരി ,ഉണ്ണിയപ്പം ,ഉണ്ടാക്കായി ,ബോണ്ട സുഖിയൻ , കലത്തപ്പം ,കിണ്ണത്തപ്പം ,ചട്ടിപ്പത്തിരി ,പരിപ്പുവട ,ഉള്ളിവട , പപ്പടവട ,പക്ക്വട നുറുക്ക് ,സമോസ തുടങ്ങിയ എണ്ണക്കടികളുടെ ഒരു നീണ്ട നിരതന്നെയുണ്ട് . പതിനൊന്നു മണി ചായക്കും നാലുമണി ചായയ്ക്കും പലരും അത് ഒന്നോ രണ്ടോ ഉറപ്പായും കഴിക്കും .സത്യത്തിൽ ഭൂലോക ജങ്ക് ഫുഡുകൾ ആണ് അവയെല്ലാം . ഇനി നമ്മുടെ പുകൾ പെറ്റ ഉച്ചഭക്ഷണം !.അതിൽ വേവിച്ചൂറ്റിയ ചോറാണ്‌ മുഖ്യം. പിന്നെ സദ്യക്കൊഴിച്ച് പേരിന് മാത്രമേ പരിപ്പും പച്ചക്കറിയും കാണൂ .മിക്കവാറും മീൻ ചാറു മാത്രം .പച്ചക്കറിയുടെ ഗുണം ഏതാണ്ട് എല്ലാം വേവിച്ചു നശിപ്പിച്ചുകളയും .സലാഡ് കഴിക്കുന്ന പതിവ് കള്ള് കുടിയന്മാർക്കേ ഉള്ളൂ .ഇറച്ചിയും മീനും കരിച്ചും പൊരിച്ചും നാശമാക്കും .കൂടെ കപ്പയും കൂടി കഴിച്ചാലോ ? അവിടെയും തീരുന്നില്ല . ലഡു ,ജിലേബി ,പാസ്ടറി ,കേക്ക് ,ഹൽവ പോലെയുള്ള ബേക്കറി പലഹാരം വേറെയും .രാത്രി ഒരു വക മര്യാദക്കാർ ചപ്പാത്തിയേ കഴിക്കു .യാത്രയിലാണെങ്കിൽ കേരളത്തിന്റെ ദേശീയ ഭക്ഷണമായ പൊറാട്ട . പൊരിച്ച എണ്ണയിൽ വീണ്ടും വീണ്ടും ഇട്ട് പൊരിച്ച ചിക്കനോ ബീഫോ !

അതേ സമയം നിങ്ങൾ ജങ്ക് ഫൂഡ് എന്ന് പറഞ്ഞ് അധിക്ഷേപിക്കുന്ന വിദേശ സ്നാക്ക്സ് എന്തൊക്കെയാണെന്ന് പരിശോധിക്കാം 1) ബ്രെഡ് ,ബട്ടർ ഓംലെറ്റ് 2) സാൻഡ്വിച്ച് ,ബ്രെഡിന്റെ ഇടയിൽ ചീസും പച്ചക്കറിയോ ചിക്കനോ വച്ച് പ്രെസ്സ് ചെയതത് 3) ബർഗർ .ബണ്ണിന്റെ ഇടയിൽ പച്ചക്കറി ,ചീസ് ,സോസ് , ചിക്കൻ , ഇത്യാദികൾ വച്ച് തയ്യാറാക്കിയത് .4 പിസാ : പിസാ ബ്രെഡിന്റെ മുകളിൽ പച്ചക്കറികളും മംസവും ചീസും വിതറി ബെയ്ക് ചെയ്തെടുക്കുന്നത് .

പക്ഷേ ഇവിടെ ഉണ്ടാക്കുന്ന വിദേശ വിഭവങ്ങൾ വിദേശികൾ ഉണ്ടാക്കുന്ന അത്രയും നിലവാരം സൂക്ഷിച്ചുകൊണ്ട് ആവണമെന്നില്ല .ചിലവേറും .എങ്കിലും ഒരു ശരാശരി മാത്രം .ഇനി നിങ്ങൾ തന്നെ വിലയിരുത്തൂ ഏതാണ് ജങ്ക് ഫുഡ്‌ ഏതാണ് ഹെൽത്തി ഫൂഡ് ?