കരിങ്കോഴിയുടെ ഇറച്ചിക്കും മുട്ടയ്ക്കും പ്രത്യേകിച്ച് എന്തെങ്കിലും വല്ല ഗുണവുമുണ്ടോ ?

307

Radhakrishnan Kalathil

കരിങ്കോഴിയുടെ ഇറച്ചിക്കും മുട്ടയ്ക്കും പ്രത്യേകിച്ച് എന്തെങ്കിലും വല്ല ഗുണവുമുണ്ടോ ? അത്പോലെ ഏതെങ്കിലും കറുത്ത പക്ഷിയുടെയോ മൃഗങ്ങളുടെയോ മാംസത്തിന് ഔഷധഗുണം ഏറുമോ? അത് പോലെ നാടൻ കോഴിക്കും മുട്ടയ്ക്കും വെച്ചൂർ പോലെയുള്ള നാടൻ പശുക്കളുടെ പാലിനും ഒക്കെ ഔഷധഗുണം കൂടുമെന്ന്‌ നമ്മളിൽ നല്ലൊരു ശതമാനവും വിശ്വസിക്കുന്നു.

ഇത്തരം വിശ്വാസങ്ങളിലൊന്നും ഒരു കഴമ്പും ഉണ്ടാവാൻ വഴിയില്ല. ഉണ്ടെങ്കിൽത്തന്നെ അത് വളരെ വളരെ നിസ്സാരമായി മാത്രം .

ഒന്ന് ജന്തുക്കൾക്ക് നിറം കൊടുക്കുന്നത് ചില വർണ്ണകങ്ങളാണ് . അത് ജനിതകകാരണങ്ങളാൽ അവയ്ക്ക് ലഭിക്കുന്നതും .ഇത് ദഹിപ്പിച്ച് ശരീരത്തിലേക്ക് ആഗിരണം ചെയ്യാനുള്ള കഴിവൊന്നും മനുഷ്യന്റെ ദഹനേന്ദ്രിയ വ്യൂഹത്തിന് ഇല്ല . ഇനി അഥവാ അതുകൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവുമില്ല .

ഭക്ഷണത്തിലൂടെ മനുഷ്യന് ലഭിക്കേണ്ടത് ഔഷധമല്ല .പോഷകങ്ങളാണ് .ആരോഗ്യത്തോടെ ജീവിക്കുവാൻ മനുഷ്യശരീരത്തിന് ഏകദേശം മുപ്പതോളം സ്ഥൂല സൂഷ്മ പോഷകാംശങ്ങൾ ആവശ്യമുണ്ട് .അതിൽ ചിലവ ശരീരത്തിന് സ്വയം ഉല്പാദിപ്പിക്കാൻ പോലും കഴിയും .ചിലവ ജലത്തിലൂടെയും ലഭിക്കും .ജന്തുജന്യ ആഹാരങ്ങളിൽ നിന്നും ലഭിക്കുന്നത് മുഖ്യമായും പ്രോട്ടീനും കൊഴുപ്പും ബി വിഭാഗത്തിൽപ്പെട്ട വിറ്റാമിനുകളും ലവണങ്ങളുമാണ് .അതിന് കറുത്തവയുടെ മാംസം വെളുത്തവയുടെ മാംസം എന്ന വ്യത്യാസമൊന്നും ഇല്ല . ഇനി അഥവാ ഒരു ഭക്ഷണത്തിൽ ഒന്ന് കുറഞ്ഞുപോയാൽ മറ്റൊന്നിൽ നിന്നും അത് കിട്ടിക്കോളും .കൂടാതെ നമ്മൾ എത്രയോ കൂടുതൽ സസ്യജന്യ ആഹാരവും കൂടെ കഴിക്കുന്നു .

ഇനി അഥവാ ഔഷധമൂല്യങ്ങൾ ഉണ്ടെങ്കിൽ ത്തന്നെ അത് കഴിക്കണമെന്ന് ഒരു നിർബന്ധമില്ല .ഔഷധങ്ങൾ സേവിക്കേണ്ടത് രോഗമുള്ളപ്പോൾ മാത്രമാണ് . കാരണം എല്ലാ ഔഷധങ്ങളും ചെറിയ തോതിൽ വിഷവുമാണ് .അതിനാൽ നിത്യഭക്ഷണത്തിൽ ഔഷധം ഉൾപ്പെടുത്തുന്നത് ഗുണത്തേക്കാളെറെ ദോഷമാണ് ചെയ്യുക

ഇനി കരിങ്കോഴിയുടെ ഇറച്ചിയുടെയും മുട്ടയുടെയും അതുപോലെ വെച്ചൂർ പശുവിന്റെ പാലിന്റെയും ഒക്കെ കാര്യമെടുക്കാം . ലോകത്ത് കോഴിയും പാലും അകത്താക്കാത്ത “വെഗാൻ” ആയ ആൾക്കാർ ഉണ്ട് .അവർക്ക്‌ പ്രത്യേകിച്ച് ഒരു ആരോഗ്യക്കുറവും ഇല്ല . വെച്ചൂർ പശുവിന്റെ പാല് ജീവിതത്തിൽ കുടിച്ചിട്ടില്ലാത്ത എത്രയോ വിദേശികളുമുണ്ട് .അവരൊക്കെ എൺപതോ നൂറോ കൊല്ലം സുഖമായി ആരോഗ്യത്തോടെ ജീവിക്കുന്നു

അതിനാൽ ഔഷധം എന്ന് ധരിച്ചു ഏതെങ്കിലും ഭക്ഷ്യവസ്തുവിന്റെ പിറകേപ്പോയി പണം നഷ്ടപ്പെടുത്തേണ്ട ഒരു കാര്യവുമില്ല എന്നാണ് തോന്നുന്നത് . വൈവിദ്ധ്യമുള്ള ആഹാരപദാർത്ഥങ്ങൾ ഒരു ദിവസത്തെ ആഹാരത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുകയാണ് വേണ്ടത് .ലഗോൺ കോഴിയുടെ മുട്ടയ്‌ക്കോ ബ്രൗയ്‌ലർ കോഴിയുടെ ഇറച്ചിക്കോ ജഴ്സി പശുവിന്റെ പാലിനോ ഒരു കുഴപ്പവുമില്ല .

പിന്നെ ഈ “ഔഷധഗുണ”മുള്ള ഇറച്ചിയോടുള്ള നമ്മുടെ ക്രെയ്സ് പല അപൂർവ്വ വന്യജീവികൾക്കും ഭീഷണിയായി മാറുന്നുമുണ്ട് .

Advertisements