യഥാർത്ഥത്തിൽ നമ്മുടെ ഈ പൊതുമേഖല ഹീറോ ആണോ അതോ വില്ലനോ ?

319

Radhakrishnan Kalathil

യഥാർത്ഥത്തിൽ നമ്മുടെ ഈ പൊതുമേഖല ഹീറോ ആണോ അതോ വില്ലനോ ?

Image may contain: 1 person, standingറഷ്യയുടെ പ്രസിഡന്റ് ആയിരുന്ന ബോറിസ് യെൽറ്റ്‌സിൻ 1989 ൽ അമേരിക്ക സന്ദർശിച്ചപ്പോൾ ക്ലിയർ ലെയ്കിലെ രണ്ടാൽ സൂപ്പർ മാർക്കറ്റ് സന്ദർശിച്ച അവസരത്തിൽ എടുത്ത ഒരു ചിത്രമാണ്. റഷ്യയെ അല്ലെങ്കിൽ ലോകത്തെത്തന്നെ മാറ്റിമറിക്കാൻ കാരണമായതും ആ സന്ദര്ശനമായിരിക്കാം. അതുവരെ റഷ്യയിൽ സൂപ്പർ മാർക്കറ്റ് എന്നൊരു സങ്കല്പം ഉണ്ടായിരുന്നില്ലത്രേ. റേഷൻ അടിസ്ഥാനത്തിലായിരുന്നു അവശ്യസാധനങ്ങളുടെ വിതരണം നടന്നിരുന്നത് . പലപ്പോഴും അവിടെയൊക്കെ മണിക്കൂറുകൾ നീളുന്ന ക്യൂ കഴിഞ്ഞതിനു ശേഷമായിരിക്കും ഒരാൾക്ക് വീട്ടിലേക്ക് വേണ്ട അത്യാവശ്യം സാധനങ്ങൾ വാങ്ങാൻ കഴിയുക .സാധനം എടുത്തു കൊടുക്കുന്നയാളുടെയും വാങ്ങുന്നയാളുടെയും മുഖത്ത് ഏതാണ്ട് നിർവികാരത മാത്രം .

ഉപ്പു മുതൽ കർപ്പൂരം വരെ എന്തും ലഭിക്കുമായിരുന്ന ആ സ്ഥാപനത്തിലെ സാധനങ്ങളുടെ പ്രദർശനവും വിതരണരീതിയും യെൽസ്റ്റീനെ അത്യന്തം അത്ഭുതപ്പെടുത്തുകയാണ് ചെയ്തത് .ഏതു ഉൽപ്പന്നത്തിന്റെയും ഫ്രീ സാമ്പിൾ ലഭ്യം ഉപയോഗിച്ച് നോക്കി തൃപ്തിപ്പെട്ടെങ്കിൽ മാത്രം വാങ്ങിയാൽ മതി .ഉപഭോക്താക്കൾ സ്വതന്ത്രമായി അവർക്ക്‌ വേണ്ട സാധനങ്ങൾ ഇഷ്ടാനുസരണം തിരഞ്ഞെടുക്കുന്നതും സെയിൽസ് മാൻമാരും സെയിൽസ് ഗേൾസും ഉത്സാഹത്തോടെ സഹായിച്ചുകൊണ്ടിരിക്കുന്നതും ഉപഭോക്താവ് ബില്ല് തുക കൊടുത്തു ഹായ് പറഞ്ഞു സന്തോഷത്തോടെ പിരിയുകയും ചെയ്യുന്ന സംതൃപതമായ ഒരു അന്തരീക്ഷം !

ഇനി വിഷയത്തിലേക്ക് കടക്കാം . ഇവിടെ പൊതുമേഖല എന്ന വിഷയം ചർച്ചക്കെടുത്താൽ മിക്കവരും ഒരു വികാരപരമായ സമീപനമായിരിക്കും കൈക്കൊള്ളുക .പക്ഷേ ചില കൊച്ചു ചോദ്യങ്ങൾ ചോദിക്കുമ്പോഴും അതിന് ഉത്തരം തേടുമ്പോഴും അത്തരം വികാരത്തള്ളിച്ചകൾക്ക് തെല്ലൊരു ശമനം വന്നെന്നിരിക്കും. സംശയങ്ങളിൽ ചിലത് ഇതൊക്കെയാണ് . ഒരു പൊതുമേഖലാസ്ഥാപനം ഓടിക്കൊണ്ടിരിക്കുന്നത് ലാഭത്തിലാണോ അല്ലയോ എന്ന് നിർണ്ണയിക്കുന്നതെങ്ങനെ ? വരവ് ചിലവ് കണക്കുകൾ പരിശോധിക്കുമ്പോൾ ഉല്പാദനചെലവുകൾക്ക് ഉപരിയായ ഒരു വരുമാനം ലഭിക്കുകയാണെങ്കിലാണോ ? അതോ അവർ സമൂഹത്തിന് പ്രദാനം ചെയ്യുന്ന സാധനസേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്തിയോ ? ഉപഭോക്താവിന്റെ സംതൃപ്തി ഗ്രഹിക്കാൻ ശരിയയായ വല്ല മാർഗ്ഗവുമുണ്ടോ? കാര്യമായി ഒന്നും ഇല്ല എന്നതാണ് വസ്തുത .

ഉദാഹരണമായി ഒരു രാജ്യത്ത് സർക്കാർ നടത്തുന്ന റീടൈൽ ഷോപ്പുകളും റേഷൻ കടകളും മാത്രമേ അനുവദിച്ചിട്ടുള്ളൂ എന്ന് കരുതുക. അപ്പോൾ റീടൈൽ ബിസിനസ്‌ സർക്കാരിന്റെ മൊണോപൊളി ആണെന്ന് പറയാം .അവിടെ മത്സരമില്ല .ഉണ്ടെങ്കിൽത്തന്നെ വിഭവശേഷികുറഞ്ഞ ചെറുകിട കച്ചവടക്കാരായിരിൽ നിന്നായിരിക്കാം. അതുകൊണ്ട് തന്നെ സർക്കാരിന് നഷ്ടം സംഭവിക്കാനിടയില്ല. നടത്തിപ്പും അതിന് മുകളിൽ കുറച്ച് മൂലധന സമാഹരണവും കണക്കാക്കിക്കൊണ്ട് ഒരു വില അവർ അവിടെ വിൽക്കുന്ന സാധനങ്ങൾക്കെല്ലാം നിശ്ചയിച്ചിട്ടുണ്ടാവും. ഇനി അഥവാ നടത്തിപ്പിനും പുനർനിക്ഷേപത്തിനും ഉള്ള ഒരു വരുമാനം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല .സർക്കാരിന് മറ്റു മേഖലകളിൽ നിന്നും ധനശേഖരണം നടത്തി സ്ഥാപനത്തെ മുന്നോട്ടു കൊണ്ടുപോവാൻ സാധിച്ചെന്നിരിക്കും

അപ്പോൾ വിലയിരുത്തപ്പെടേണ്ടത് ഗുണനിലവാരമാണ് ! അത് തിട്ടപ്പെടുത്താൻ അത്തരമൊരു സാഹചര്യത്തിൽ വളരെ ബുദ്ധിമുട്ടാണ്. കാരണം. മികവ് അളക്കാൻ കൃത്യമായ യാതൊരു മാനദണ്ഡവും അത്തരം മോണോ പോളൈസ്ഡ് മാർക്കറ്റിൽ ഉണ്ടാവില്ല . നടത്തിപ്പ്കാരുടെ അവകാശവാദം മാത്രം വിശ്വസിക്കുകയെ തരമുള്ളൂ . അരിയിലും പരിപ്പിലും ചരലും കൂറാക്കാട്ടവും ,ഗോതമ്പ് പൊടിയിൽ പുഴുക്കളും , വെളിച്ചെണ്ണയ്ക്ക് കാറൽ മണവും . ഉപഭോക്താവിനോട് ചോദിച്ചാൽ ഉത്തരം ഇങ്ങനെയായിരിക്കും “ഇതൊക്കെ സാധാരണമല്ലേ” ? കാരണം താരതമ്യം ചെയ്യാൻ മറ്റൊരു ഉൽപ്പന്നം ഒരിടത്തും കിട്ടാനില്ലാത്തതിനാൽ അവ വാങ്ങാനോ അനുഭവിച്ച് താരതമ്യം ചെയ്യാനോ ഉള്ള അവസരമില്ല .കൂടാതെ ഉൽപ്പന്നങ്ങളുടെ വിലയെക്കുറിച്ച് ഒരു ധാരണയും ഉണ്ടാവണമെന്നുമില്ല. അവയുടെ വില മുമ്പേ നിശ്ചയിക്കപ്പെട്ടുകഴിഞ്ഞതാണ്. അദ്ധ്വാനിച്ചു കിട്ടുന്ന പണത്തിൽ നിന്നും നല്ലൊരു പങ്ക്‌ ഇത്തരം ഗുണം കുറഞ്ഞ സാധനങ്ങൾക്കായി ചിലവഴിക്കുന്നു എന്ന് മാത്രം .പിന്നെയോ ? തൊഴിൽ കൊടുക്കുന്നതും സർക്കാർ മൊണോപൊളി സ്ഥാപനങ്ങൾ ആവുമ്പോൾ തന്റെ അദ്ധ്വാനമൂല്യത്തിന് അനുസരിച്ചുള്ള വരുമാനം ലഭിച്ചുവോ എന്ന് എങ്ങനെ ഒരു തൊഴിലാളിക്ക് അറിയാൻ കഴിയും ? ആ… അറിയില്ല. ഇനി അഥവാ ആ ലഭിച്ച വരുമാനത്തിന് അനുസരിച്ചുള്ള സാധനസേവനങ്ങൾ വാങ്ങാൻ കഴിഞ്ഞോ ? അതും അറിഞ്ഞുകൂടാ .നിങ്ങൾക്ക് കൂലി കൂട്ടിത്തരുമ്പോൾ അതനുസരിച്ചു വിലയും കൂട്ടി അറ്റാദായം പൂജ്യമാക്കാം. അതൊന്നും ആരും അറിയാൻ പോകുന്നില്ല. അതായത് അദ്ധ്വാനത്തിന്റെയും അവർക്ക് അതിന് ലഭിക്കുന്ന വേതനത്തിന്റെയും മൂല്യം കണക്കാക്കുക എന്നത് വളരെ വളരെ ദുഷ്കരമായിരിക്കും

അത് അവിടെ നിൽക്കട്ടെ . ഇനി പൊതുമേഖലാ സൂപ്പർ മാർക്കെറ്റിലേക്ക് തന്നെ ഒന്ന് പോയി തിരിച്ചു വരാം .ഈ സ്ഥാപനം നടത്തുന്നത് ഒരു വ്യക്തിയല്ലല്ലോ ? അല്ല .അപ്പോൾ ആരാണ് ഉടമ ? അത് എല്ലാവരുടെയും സ്ഥാപനം എന്ന് വിശ്വസിക്കുന്ന വെറുമൊരു സങ്കല്പമായ സർക്കാർ ആണ് . ഒരു സൂപ്പർ മാർക്കറ്റ് എടുത്താൽ അതിന് സർക്കാരിന്റെ പ്രതിനിധിയായി ഒരു മാനേജർ എന്ന ഉദ്യോഗസ്ഥൻ കാണും .പക്ഷേ ആ സ്ഥാപനം അപ്പോൾ മാനേജരുടേതാണോ ? അവിടത്തെ ജീവനക്കാരുടേത് ? അവിടെ വരുന്ന ഉപഭോക്താക്കളുടേത് ? എല്ലാവരുടേതുമാണ്.പക്ഷേ ആരുടേത് ഒട്ടല്ല താനും . നല്ല സേവനം കിട്ടിയാൽ ആരോട് നന്ദി പറയും ? അഥവാ മോശമാണെങ്കിൽ ആരോട് പരാതി പറയും ? ഇനി പറഞ്ഞിട്ടെന്ത് ? ഈ ഷോപ്പ് ഒഴിവാക്കി മറ്റൊരു സ്ഥാപനത്തോട്ട് ചെന്നാൽ ഇതേ സർക്കാർ മാനേജരും സ്റ്റാഫും ആയിരിക്കില്ലേ? ഇനി അഥവാ മാനേജർ പക്ഷേ ആത്മാർത്ഥത ഉള്ളവനാണ് എന്ന് കൂട്ടൂ .വിവരവും വിവേകവും വേണ്ടത്ര ഉണ്ട് .പക്ഷേ സ്വന്തമായി ഒരു തീരുമാനം ? അത് നടക്കില്ല . ഇനി കഠിനാദ്ധ്വാനം ചെയ്തു നടപ്പാക്കിയാൽ അത് കൊണ്ട് വല്ല പ്രയോജനവും ?ശമ്പള വർദ്ധനവ് കിട്ടുമോ ? അതുമില്ല. ഏതുസമയത്തും അയാളെ അവിടെ നിന്നു മാറ്റിയേക്കാം . ഇനി പുതിയ ഒരു മാനേജർ വന്നാൽ എല്ലാം കുളമാക്കി അങ്ങ് ഇട്ടേച്ചുപോയി എന്നും വരും

അപ്പോൾ അവിടെയുള്ള സേവന ഗുണനിലവാരം പരിശോധിച്ചാലോ ? പെരുമാറ്റം? ആത്മാർത്ഥത ? അങ്ങനെ ഒരു സംഗതികളൊന്നും അവിടെ പ്രതീക്ഷിക്കേണ്ടതില്ല. സാധനങ്ങൾ വാങ്ങേണ്ടത് നിങ്ങളുടെ ആവശ്യമാണ് .കച്ചവടം കുറഞ്ഞാൽ ജീവനക്കാർക്ക് ആശ്വാസം. കൃത്യനിഷ്ഠ ? സേവന സമയം പത്തു മുതൽ അഞ്ചുവരെ .ജീവനക്കാരിൽ ചിലർ പത്തു മണിക്ക് എത്തിയെന്നിരിക്കും. സാധനങ്ങൾ തൂക്കിക്കൊടുക്കുന്നവൻ എത്തിയാലും പക്ഷേ കംപ്യൂട്ടറിൽ ബില്ലടിക്കുന്നവൻ എത്തിയെന്നു വരില്ല . ഉള്ളിൽ മൊത്തം മാറാലയും പൊടിയും പിടിച്ചു കിടക്കുന്നു. കാരണം സ്വീപ്പർ പ്രസവാവധിയെടുത്ത് പോയിരിക്കയാണ് . അരിയും ഗോതമ്പും പരിപ്പും സ്റ്റോക്ക് എത്തിയെങ്കിലും പഞ്ചസാരയും ഉഴുന്ന്പരിപ്പും കടലയും സോപ്പും ഷാംപൂവും ഒന്നും വന്നിട്ടില്ല. അതൊന്നും വാങ്ങിക്കാനുള്ള ഫണ്ട്‌ ഇതുവരെ എത്തിയിട്ടില്ല . ബില്ലടിക്കുന്നയിടത്ത് നീണ്ട ക്യൂ .കാരണം സിസ്റ്റം കേടായിക്കിടക്കുന്നു .മാന്വൽ ബില്ലാണ് എഴുതിക്കൊടുക്കുന്നത്. ഇലക്ട്രോണിക്സ് ഡിപ്പാർട്മെന്റ് മെന്റിലേക്ക് കത്ത് എഴുതിയിട്ടുണ്ടെന്നു പറയുന്നു .ടെക്‌നിഷ്യൻ വന്ന് പരിശോദിച്ചു പോയത്രേ സിസ്റ്റം മദർ ബോർഡ് എത്തിയിട്ടില്ല . എട്ട് മണിക്ക് വന്ന് കാത്തുകെട്ടിക്കിടക്കുന്ന ഒരു കസ്റ്റമർക്ക്‌ ക്ഷമകെട്ടു കലി കയറി സ്ഥാപനത്തിന്റെ കെടുകാര്യസ്ഥത ചോദ്യം ചെയ്യുന്നു .”മാസാമാസം സർക്കാരിന്റെ ശമ്പളം എണ്ണി വാങ്ങിയപ്പോരാ..നേരെ ചൊവ്വേ പണിയെടുക്കുകയും വേണം ” തിരിച്ചു ജീവനക്കാരന്റ വക കയർക്കൽ .”വേണമെങ്കിൽ വാങ്ങിയാൽ മതി .താൻ ഇവടന്ന് സാധനം വാങ്ങിയില്ലെങ്കി ഇവിട കച്ചോടമൊന്നും പൂട്ടിപ്പോവില്ല”

പക്ഷേ ഇതൊക്കെ പൊതുമേഖയ്ക്ക് തുടക്കത്തിലുണ്ടാവുന്ന കൊച്ചു കൊച്ചു പ്രശ്നങ്ങൾ മാത്രം. അതിലും വലുത് വരാനിരിക്കുന്നതേ ഉള്ളൂ. മുഖ്യവില്ലൻ അഴിമതി ! പിന്നെ ജീവനക്കാർക്ക് ഉല്പാദനാവുമായി ബന്ധമില്ലാത്ത കൂറ്റൻ ശമ്പളം! കമ്മീഷൻ , സാധനം വാങ്ങുന്നതിൽ വൻ അഴിമതി ,വിൽക്കുന്നതിൽ ക്രമക്കേട് ,ഒളിച്ചുകടത്തൽ ,സ്വജനപക്ഷപാതം .ആരു ചോദിക്കാൻ ആര് പറയാൻ . ചോദിക്കാനും പറയാനും ഉത്തരവാദപ്പെട്ടവൻ അതിലും വലിയ അഴിമതിയിൽകുരുങ്ങി നട്ടം തിരിയുന്നു !

അപ്പോൾ അവിടെ ചൂഷണമുണ്ടോ എന്ന് ചോദിച്ചാൽ ” ഹേയ് തീരേ ഇല്ല ” .ആര് അരേ ചൂഷണം ചെയ്യാൻ ? പക്ഷേ ഗുണമേന്മ ? അത് …അത് ..ഇതിലും വലിയ സേവനമെന്ത് ? അരിയും ഗോതമ്പും കിട്ടുന്നുണ്ടല്ലോ? കല്ല് ? പുഴു ?പൂപ്പൽ ? ഹാ ..പിന്നെ അതൊക്കെ കാണില്ലേ . അതിനല്ലേ വൃത്തിയാക്കി ഉപയോഗിക്കേണ്ടത് ? വിലക്കുറവ് ? ലാഭവും ചൂഷണമില്ലെങ്കിൽ പിന്നെയെന്തു വിലക്കൂടുതൽ ? ഇടിഞ്ഞുപൊളിയാറായ കെട്ടിടം നന്നാക്കിയോ ? ഫണ്ടില്ല. വരുന്ന ബജറ്റിൽ വകയിരുത്തിയിട്ടുണ്ടത്രേ .

അപ്പോൾ സഹകരണമേഖലയോ ? നല്ല പ്രവർത്തന മികവ് ഉദാഹരിക്കാനായി ഒരുപാട് സ്ഥാപനങ്ങൾ ഉണ്ടല്ലോ? അതിന്റെ കാര്യവും അങ്ങനെയൊക്കെത്തന്നെ .പക്ഷേ പൊതുമേഖലയെക്കാൾ ഇത്തിരി കൂടി മെച്ചമായിരിക്കും സഹകരണമേഖല .

കാര്യങ്ങൾ അങ്ങനെയിരിക്കേ പൊതുമേഖലയും സഹകരണമേഖലയും എങ്ങനെ സോഷ്യലിസം കൊണ്ടുവരുമെന്ന കാര്യത്തെക്കുറിച്ച് ഒരു ഏകദേശ ധാരണ കിട്ടിക്കാണുമല്ലോ ? സോവിയറ്റ് യൂണിയൻ പൊളിയുന്നത് വരെ അവിടെ ഒരൊറ്റ പൊതുമേഖലാസ്ഥാപനവും നഷ്ടത്തിലോടിയിരുന്നില്ല .വൻ ഉല്പാദനത്തിന്റെയും മികവിന്റെയും കണക്ക്‌ മാത്രമേ എടുത്ത് കാട്ടാനുണ്ടായിരുന്നുള്ളൂ .പക്ഷേ ഒരു മഹാരാജ്യം മൊത്തത്തിലങ്ങ് നഷ്ടത്തിലായി എന്ന് മാത്രം .