കൊച്ചി സർവ്വകലാശാലയുടെ വഴിയോരങ്ങളെ ഒരമ്മയുടെ കരുതലോടെയും കാരുണ്യത്തോടെയും പരിപാലിച്ചുപോരുന്ന പാറുച്ചേച്ചി

63

വനിതാ ദിനത്തിലെ , കേവലം ഉപരിപ്ളവമായ കെട്ടുകാഴ്ചകൾക്കിടയിൽ വ്യത്യസ്തമായി തോന്നിയ ഒരു പോസ്റ്റ് . രാധാക്യഷ്ണൻ പട്ടാമ്പി എഴുതുന്നു 

Radhakrishnan Pattambi

ഇതു ഞങ്ങളുടെ പാറുച്ചേച്ചി, നഗര ജീവിതത്തിൻ്റെ ആസുരമായ മാലിന്യസംസ്കാരം നഗരപ്രാന്തങ്ങൾക്കൊപ്പം നാട്ടിൻപുറങ്ങളെയും ചവറ്റുകൂനകളാക്കിക്കൊണ്ടിരിക്കുന്ന വർത്തമാനകാലഘട്ടത്തിൽ കൊച്ചി സർവ്വകലാശാലയും അതിൻ്റെ ദുരന്തഫലം പേറുകയാണ്….
കൊച്ചിയിലെ മാലിന്യമാഫിയയുടെ പ്രധാന നിക്ഷേപകേന്ദ്രങ്ങളിലൊന്നായ കൊച്ചി സർവ്വകലാശാലയുടെ വഴിയോരങ്ങളെ ഒരമ്മയുടെ കരുതലോടെയും കാരുണ്യത്തോടെയും പരിപാലിച്ചുപോരുന്ന പാറുച്ചേച്ചിയുടെ ജീവിതം എത്രയോ വർഷങ്ങളായി ഈ കലാലയവുമായി ഇഴുകിച്ചേർന്നു കിടക്കുന്നു. ഈ സർവ്വകലാശാലയുടെ ആരുമല്ലാതിരുന്നിട്ടും ഒരു നേരത്തെ അന്നത്തിനായി ജീവിതസായാഹ്നത്തിലും ഒരു അനുഷ്ടാനം പോലെ അവർ ഈ കലാലയത്തിൻ്റെ പാതയോരങ്ങളെ പരിപാലിച്ചുകൊണ്ടിരിക്കുന്നു.ഋതുക്കളുടെ ഭാവപ്പകർച്ചകൾ പാറുച്ചേച്ചിയെ തളർത്തിയിട്ടില്ലിന്നേവരെ.വർഷപാതത്തിൽ നനഞ്ഞു കുതിർന്ന്, ഗ്രീഷ്മക്കനപ്പിൽ വിയർത്തൊലിച്ച് ഒരു നിയോഗം പോലെ എന്നും കർമ്മനിരതയായ പാറുച്ചേച്ചി.സർവ്വകലാശാല നൽകുന്ന തുച്ഛമായ വരുമാനത്തിൽ പരാതികളേതുമില്ലാതെ.പുലർവെട്ടം വീണു കാമ്പസ്സുണരും മുമ്പേ തുടങ്ങി സൂര്യനസ്തമിക്കുവോളം നീളുന്ന ഒരു പകലിൻ്റെ അദ്ധ്വാനം കഴിഞ്ഞ് വഴിവക്കിലെ പാലമരച്ചുവടുകളിൽ കൂടുകൂട്ടാനൊരുങ്ങുന്ന ഇരുട്ടിനോടു കുശലം പറഞ്ഞ് പാറുച്ചേച്ചി നടന്നു നീങ്ങും, യൂണിവേഴ്സിറ്റിക്കുന്നിൻ്റെ ചരുവിലെ കൂരയിലേക്ക്. അടുത്ത പ്രഭാതത്തിനു മുമ്പ് ഒന്നു തല ചായ്ക്കാനായി.ഒടുവിലൊരുനാൾ കാമ്പസിലെ ഗുൽമോഹർ മരങ്ങൾ പെയ്യുന്ന പൂക്കൾക്കൊപ്പം അവരും ഈ വഴിത്താരകളിലെവിടെയെങ്കിലും കൊഴിഞ്ഞുവീണു പോയേക്കാം.ഒരു ജന്മം മുഴുവൻ ഈ കലാലയത്തെ സ്നേഹിച്ചു കൊതിതീരാതെ.ഈ വനിതാദിനത്തിൽ ഞങ്ങൾ കൊച്ചി സർവ്വകലാശാലക്കാർക്കു മുന്നോട്ടുവയ്ക്കാൻ പാറുച്ചേച്ചിയുടെ ഈ ജീവിതമല്ലാതെ മറ്റെന്തുണ്ട് ?