Radheeshkumar K Manickyamangalam
ബാങ്ക് കവർച്ച പശാത്തലമാകുന്ന സിനിമകൾ എത്രയോ വന്നുകഴിഞ്ഞതാണ്. പ്രത്യേകിച്ച് ‘മണി ഹെയ്സ്റ്റ്’ സീരീസ് ഒക്കെ വന്നതിന് ശേഷം ഈ പ്രമേയത്തിൽ പുതുമ കണ്ടെത്തുക എന്നത് ഒരു വെല്ലുവിളിയാണ്. ‘തുനിവി’ന് പക്ഷെ അതിൽ തന്നെ രസകരമായ പ്ലോട്ട് ഉണ്ട്. ഒരു ത്രില്ലർ സിനിമയിൽ ഉണ്ടാകാവുന്ന നല്ല ട്വിസ്റ്റുകൾ ഉണ്ട്. ഒരു ക്ളീഷേ പ്ലോട്ടിനെ കൂടുതൽ സ്പർശിക്കാൻ കഴിയുന്ന ചില വിമർശനങ്ങൾ ഉൾക്കൊള്ളിക്കാനും കഴിഞ്ഞിട്ടുണ്ട്. പ്രതിഭയുള്ള ഒരു നടൻ എന്ന നിലയിൽ അജിത്തിന് വലിയ പെർഫോമൻസ് സാധ്യതയെന്നും സിനിമ നൽകുന്നില്ല. പക്ഷെ ഒരു സിനിമയെ പൂർണമായും തോളിലേറ്റുക എന്ന സൂപ്പർതാര ചുമതല അദ്ദേഹം ഒരിക്കൽ കൂടി ഭംഗിയായി നിറവേറ്റി. ഒരു മുഴുനീള അജിത് ആക്ഷൻ ത്രില്ലറിൽ മഞ്ജു വാര്യർക്ക് എന്ത് കാര്യം എന്ന് അതിശയിക്കുന്നവർക്ക് നല്ല മറുപടിയാണ് തുനിവ്. തന്റെ 44മത്തെ വയസിൽ ഇതുവരെ ചെയ്യാത്ത ഒരു ഗെറ്റപ്പിൽ അത്രയേറെ അനായാസമായി, അതും അത്തരം സിനിമ ആവശ്യപ്പെടുന്ന സ്റ്റൈലോടെ തന്നെ മഞ്ജു വാര്യർ തന്റെ ജോലി ഭംഗിയാക്കി.
നെഗറ്റീവ് ഛായയുള്ള കഥാപാത്രങ്ങളിൽ ഒരു പ്രത്യേക വൈഭവമുള്ള നടനാണ് അജിത്. വാലി, അശോക, മങ്കാത്ത എന്നിവയിലൊക്കെ വ്യത്യസ്ത തരം നെഗറ്റീവ് കഥാപാത്രങ്ങളെ മിഴിവോടെ അഭിനയിച്ച് ഫലിപ്പിച്ച ആളാണ്. (‘വിക്രം’ സിനിമയുടെ ക്ലൈമാക്സിൽ അജിത് ആയിരുന്നു റോളക്സിന്റെ റോളിൽ വന്നിരുന്നതെങ്കിൽ ആ 15 മിനിറ്റ് കൊണ്ട് തന്നെ അയാൾ സിനിമ കമൽഹാസനിൽ നിന്നും കവർന്നേനെ എന്നാണ് എനിക്ക് തോന്നിയത്).ആദ്യാവസാനം അജിത്തിന്റെ വിളയാട്ടം ആകുമ്പോഴും ഇതിൽ അദ്ദേഹത്തിന്റെ അത്തരം സാധ്യതകളെ പൂർണമായും ഉപയോഗിച്ചിട്ടില്ല. Swag, Style, Charisma എന്നൊക്കെ വിശേഷിപ്പിക്കാവുന്ന അജിത്തിന്റെ സ്ക്രീൻ പ്രസൻസ് തന്നെയാണ് സിനിമയുടെ നട്ടെല്ല്.
മികച്ച ആക്ഷൻ സീക്വൻസുകളുടെ അകമ്പടിയോടെ സിനിമ അതിന്റെ ആദ്യഭാഗത്ത് നന്നായി ലാൻഡ് ചെയ്യുന്നു. പിന്നീട് വരുന്ന വ്യക്തിപരവും സാമൂഹ്യവുമായ ചില ഫ്ലാഷ് ബാക്കുകൾ സിനിമയ്ക്ക് ഒരു ഡെപ്ത് നൽകുന്നു എന്ന തോന്നൽ ഉണ്ടാക്കുന്നുണ്ട്. നല്ല ഫലപ്രദമായി ഉപയോഗിക്കാവുന്ന ട്വിസ്റ്റുകൾ കഥാഗതിയിൽ കണ്ടുവെച്ചിരുന്നു. പക്ഷെ, അയഞ്ഞ സ്ക്രിപ്റ്റിങ് കൊണ്ടും ധൃതി തോന്നിക്കുന്ന സംവിധാനം കൊണ്ടും അവ അർഹിക്കുന്ന ചലനം ഉണ്ടാക്കുന്നില്ല. ചടുലമായ ആക്ഷൻ രംഗങ്ങൾ ഉഗ്രനാണ്. അജിത് കഴിഞ്ഞാൽ സിനിമയുടെ ഏറ്റവും ആകർഷണഘടകം ഈ സംഘട്ടന രംഗങ്ങളാണ്.
ഛായാഗ്രഹണത്തിനും പൂണ്ടുവിളയാടാനുള്ള അവസരമുണ്ടായിരുന്നു. ആക്ഷൻ സീനുകൾ നന്നായി കൈകാര്യം ചെയ്ത ഛായാഗ്രഹണം പക്ഷെ മറ്റു പല രംഗങ്ങളിലും വളരെ ഓർഡിനറി ആയിപ്പോകുന്നു.പൊതുവിൽ ദോഷമുണ്ടാക്കുന്നില്ല എന്നതൊഴിച്ചാൽ സംഗീതം പുതുമയൊന്നും നൽകുന്നില്ല.ക്ലൈമാക്സ് എത്തുമ്പോഴേക്കും സംവിധായകന്റെയും ആക്ഷൻ ഡയറക്ടറുടെയും ഛായാഗ്രാഹകന്റെയുമെല്ലാം ഭാവന ഒരുപോലെ ശുഷ്കിച്ചുപോയതുപോലെ അനുഭവപ്പെട്ടു. മങ്കാത്ത, ഡോൺ എന്നിവയൊക്കെ പോലെ വേറെ ലെവൽ ഐറ്റം ആകാനുള്ള സാധ്യതകൾ ഉണ്ടായിരുന്നുവെങ്കിലും watchable എന്ന് പറയാവുന്ന ആക്ഷൻ ത്രില്ലർ ആയി ‘തുനിവ്’. എങ്കിലും, അജിത്തിനെയും മഞ്ജു വാര്യരെയും ഇഷ്ടപ്പെടുന്നവർക്ക് കൈയ്യടിച്ച് ആഘോഷിക്കാനുള്ള വകുപ്പൊക്കെ സിനിമയിൽ ധാരാളം ഉണ്ട്.