‘പൊന്നിയിൻ സെൽവൻ’: ഒരു സ്വപ്നം യാഥാർഥ്യമാകുമ്പോൾ

Radheeshkumar K Manickyamangalam

‘പൊന്നിയിൻ സെൽവൻ’ മണിരത്നത്തിന്റെ സ്വപ്ന സിനിമയാണ് എന്ന് പറയപ്പെടുന്നു.
ഇന്ന് ജീവിക്കുന്നരിൽ ഇന്ത്യൻ സിനിമക്ക് മൗലികമായ സംഭാവന നൽകിയ സംവിധായകരിൽ ഒരാളാണ് മണിരത്നം. 2002-ൽ റിലീസ് ചെയ്ത ‘കന്നത്തിൽ മുത്തമിട്ടാലി’നു ശേഷം അങ്ങനെ ഗൗരവമായ സംഭാവനയായി വിശേഷിപ്പിക്കാവുന്ന സിനിമകൾ അദ്ദേഹത്തിൽ നിന്നും ഉണ്ടായിട്ടില്ല. അപ്പോഴും അദ്ദേഹത്തിന്റെ സ്വപ്നം എന്നത് ഏതൊരു ചലച്ചിത്ര ആസ്വാദകന്റെയും സ്വപ്നമാണ്. അത്തരത്തിൽ ഏവരും ഈ സിനിമയെ ഉറ്റുനോക്കിയിരുന്നു.

കമൽഹാസന്റെ ശബ്ദത്തിൽ (മലയാളത്തിൽ മമ്മൂട്ടി) കടന്നുവരുന്ന മുഖവുരയിൽ തന്നെ സന്നിഹിതമായ അധികാരത്തിനു വേണ്ടിയുള്ള പോരിനെപ്പറ്റി സൂചനകൾ നൽകുന്നു. കരുത്തരായ രാഷ്ട്രകൂടർക്കെതിരെ പടനയിക്കുന്ന ചോള യുവരാജാവ് ആദിത്ത കരികാലനിൽ (വിക്രം) നിന്നാണ് കഥ ആരംഭിക്കുന്നത്. പോർവീരനായ കരികാലൻ യുദ്ധം ജയിക്കുന്നു. തുടർന്ന് തന്റെ സുഹൃത്തായ വന്തിയദേവനെ (കാർത്തി) ചില ഉത്തരവാദിത്തങ്ങൾ ഏൽപ്പിച്ച് തിരികെ സാമ്രാജ്യ തലസ്‌ഥാനമായ തഞ്ചാവൂരിലേക്ക് പറഞ്ഞയക്കുന്നു. വന്തിയദേവന്റെ തുടർന്നുള്ള യാത്രയിലൂടെയാണ് പിന്നീടുള്ള കഥാപാത്രങ്ങളായ ആൾവാർക്കടിയൻ നമ്പി (ജയറാം), പെരിയ പഴുവേറ്റരയർ (ശരത് കുമാർ), മധുരാന്തകൻ (റഹ്‌മാൻ), നന്ദിനി (ഐശ്വര്യ റായി), ചിന്ന പഴുവേറ്റരയർ (പാർത്തിബൻ), ചോഴരാജാവ് സുന്ദര ചോഴൻ (പ്രകാശ് രാജ്), ചോഴ രാജകുമാരി കുന്ദവായ്‌ (തൃഷ) , റാണിയുടെ സുഹൃത്ത് വാനത്തി (ശോഭിത ധൂലിപാല), തോണിക്കാരി പൂങ്കുഴലി (ഐശ്വര്യ ലക്ഷ്മി), പൊന്നിയിൻ സെൽവൻ (ജയം രവി) എന്നിവരെ പരിചയപ്പെടുത്തുന്നത്. അതോടൊപ്പം കഥയും വികസിക്കുന്നു. അധികാരത്തിന് വേണ്ടി നടക്കുന്ന ഗൂഢാലോചനകളും അതിനുപിന്നിലെ ഓരോരുത്തരുടെയും താൽപര്യങ്ങളും വെളിവാക്കപ്പെടുന്നു. സമാന്തരമായി പാണ്ഡ്യരാജാവായിരുന്ന വീരപാണ്ഡ്യന്റെ കൊലയ്ക്ക് ചോഴരോട് പ്രതികാരം ചെയ്യുവാൻ തയ്യാറായി ഒളിവിൽ പ്രവർത്തിക്കുന്ന പാണ്ഡ്യരുടെ ഒരു ചെറുസംഘവും പ്രത്യക്ഷപ്പെടുന്നുണ്ട്.

കഥയെ മുന്നോട്ട് കൊണ്ടുപോകാനായി സംഭവങ്ങളെ ഒന്നിനുപുറകെ ഒന്നായി അടുക്കി നിശ്ചയിച്ചിരിക്കുന്ന കഥാഗതി രസകരമാണ്. എല്ലാ അഭിനേതാക്കളും അവരവരുടെ കഥാപാത്രങ്ങളെ നന്നായി അവതരിപ്പിച്ചു. ജയം രവി, തൃഷ, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവർ പതിവിൽ നിന്നും ഒരുപടി കൂടി മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുണ്ട്. ‘ഗോഡ്ഫാദർ’ (Francis Ford Coppola/ 1972) പോലെ ഒന്നാം ഭാഗം തന്നെ പൂർണ്ണത തോന്നിക്കുന്ന ഒരു സിനിമയല്ല പൊന്നിയിൻ സെൽവൻ. രണ്ടാം ഭാഗം കൂടി വന്നാലാണ് പൂർണമായ വിലയിരുത്തൽ സാധ്യമാകൂ.

പക്ഷെ, ഈ സംഭവങ്ങളും കഥാപാത്രങ്ങളും എത്രകണ്ട് സ്പർശിച്ചു എന്നത് സംശയമാണ്. നിരവധി കഥാപാത്രങ്ങൾ. അതെല്ലാം അവതരിപ്പിക്കുന്നത് മുൻ നിര താരങ്ങൾ. പക്ഷെ വന്തിയദേവൻ ഒഴികെ ഒരു കഥാപാത്രത്തോടും അടുപ്പം തോന്നുന്നില്ല. അതുകൊണ്ടുതന്നെ ആദിത്ത കരികാലന്റെ വ്യഥയോ, നന്ദിനിയുടെ പകയോ, അരുൾ മൊഴി വർമ്മന്റെ മാന്യതയോ ഏറ്റെടുക്കേണ്ടി വരുന്നില്ല. അധികാരം ആര് കൈക്കലാക്കിയാലും അതിൽ സന്തോഷമോ നിരാശയോ തോന്നില്ലാത്ത വിധം സിനിമ വൈകാരികമായി അകന്നു നിൽക്കുന്നു. തൃഷയുടെ പ്രകടനത്തിന്റെ കൂടി പിൻബലത്തിൽ ‘കുന്ദവായ്’ വ്യക്തിത്വമുള്ള ഒരു കഥാപാത്രമായി തിളങ്ങിനിൽക്കുന്നുണ്ട്. ആൾവാർക്കടിയൻ നമ്പിയും വന്തിയദേവനും ഒരുമിച്ചുവരുന്ന ചില രംഗങ്ങൾ തുച്ഛമായ തോതിൽ ഫലിതം ഉണ്ടാക്കുന്നു. എന്നാൽ ചില സംഭവങ്ങളുടെ സാംഗത്യം യുക്തിസഹമായി പോലും തോന്നിയില്ല.

എ ആർ റഹ്‌മാൻ ഒരുക്കിയ ഗാനങ്ങളെല്ലാം പൊതുവിൽ നല്ലതാണ്. പ്രണയവും നൊമ്പരവും കടലും എല്ലാം ഉൾച്ചേർന്ന ‘അലൈകടൽ’ അന്തര നന്ദിയുടെ ശബ്ദമാധുര്യത്തിൽ റഹ്‌മാന്റെ അതിമനോഹരമായ മെലഡികളിൽ ഒന്നായി കരുതാവുന്നതാണ്. ‘ദേവരാളർ ആട്ടം’ ഓർക്കേസ്ട്രേഷന്റെ പ്രത്യേകത കൊണ്ട് വ്യത്യസ്തത കൊണ്ടുവന്നിട്ടുണ്ട്.

‘പൊന്നി നദി..’ സിനിമയിലേക്ക് പ്രവേശനം നൽകുന്ന നല്ല ഗാനമായിരിക്കുമ്പോഴും ആദ്യമായി എ ആർ റഹ്‌മാന്റെ ശബ്ദം ഒരു ഗാനത്തിന് ചേരാത്തതായി തോന്നി. ഓരോ പാട്ടിനും ഗായകരെ തെരഞ്ഞെടുക്കുന്നതിൽ അങ്ങേയറ്റം സൂക്ഷ്മത പുലർത്തുന്ന ഒരാളിൽ നിന്നും തന്റെ തന്നെ കാര്യത്തിൽ തെറ്റു പറ്റിയോ എന്ന് സംശയം! എസ് പി ബി-ക്ക് വേണ്ടി ഉണ്ടാക്കിയ ഗാനം പോലെയാണ് തോന്നിയത്. ഒരുപക്ഷേ ശങ്കർ മഹാദേവനോ മറ്റോ ആയിരുന്നെങ്കിൽ ഗാനം കുറേക്കൂടി നന്നായേനെ.
‘പൊന്നി നദി..’-യും ‘ദേവരാളർ ആട്ട’വും ഒഴികെ മറ്റൊരു പാട്ടും സത്യത്തിൽ സിനിമയിൽ അനിവാര്യമല്ല. ഏറ്റവും നിരാശ ഉണ്ടാക്കിയത് ആൽബത്തിലെ ഏറ്റവും മികച്ച ഗാനമായ ‘അലൈകടലി’ന്റെ പ്ലെയ്സിംഗ് ആണ്. ആ ഗാനത്തിന്റെ മൂഡിന് ഒട്ടും ചേരാത്തവിധം കടന്നുവരികയും പാതിയിൽ മുറച്ചുകളയുകയും ചെയ്തു. അതുപോലെ തന്നെയാണ് ‘ചോളാ ചോളാ..’ എന്ന ഗാനവും. ആദിത്ത കരികാലന്റെ മനസിക സംഘർഷം വെളിപ്പിടുത്തുന്ന സന്ദർഭത്തിൽ നിന്നും ഒരു ചേർച്ചയുമില്ലാതെയാണ് ആ ഗാനത്തിലേക്ക് പോകുന്നത്. ആൽബത്തിലെ ‘സൊൽ..’ എന്ന ഗാനം സിനിമയിൽ ഉൾപ്പെടുത്തിയിട്ടില്ല.

പശ്ചാത്തലസംഗീതം മിനിമം ജോലി നിർവഹിച്ചു എന്നതിലപ്പുറം എടുത്തുപറയാനില്ല. (രണ്ട് ആഴ്ച മുമ്പ് റിലീസ് ചെയ്ത ‘വെന്ത് തനിന്തത് കാടി’ന് വേണ്ടി റഹ്‌മാൻ ഒരുക്കിയ പശ്ചാത്തലസംഗീതം സമീപകാലത്തെ ഏറ്റവും മികച്ചതായിരുന്നു എന്ന് സാന്ദർഭികമായി പറയട്ടെ). ആദിത്ത കരികാലന്റെയും നന്ദിനിയുടെയും രംഗങ്ങളിൽ കടന്നുവരുന്ന ഹമ്മിങ് ‘ഗ്ലാഡിയേറ്ററി’ന് വേണ്ടി ഹാൻസ് സിമ്മർ ഒരുക്കിയ വിഖ്യാതമായ സംഗീതത്തെ ഓർമ്മിപ്പിച്ചു. ചില രംഗങ്ങളിലെങ്കിലും പാശ്ചാത്യ സിംഫണിയായി ഒരുക്കിയ സംഗീതം കല്ലുകടിയായി പോലും തോന്നി.

ക്ലോസ്-അപ് ഷോട്ടുകൾ പെയിന്റിങ്ങ് പോലെ മനോഹരമാണെങ്കിലും സിനിമാറ്റൊഗ്രാഫി (രവി വർമൻ) കുറ്റമറ്റതായി തോന്നിയില്ല. സംഘട്ടന രംഗങ്ങളും യുദ്ധരംഗങ്ങളും വളരെ ലൂസ് ഷോട്ടുകളായി. കൊട്ടാരത്തിന്റെയും മറ്റും ചിത്രീകരണം ഒരു തരത്തിലും ദക്ഷിണേന്ത്യയിലെ ഏറ്റവും കരുത്തരായ സാമ്രാജ്യത്തിന്റേതായ ഗാംഭീര്യം പ്രകടിപ്പിച്ചില്ല. ഒരുപക്ഷേ തോട്ടതരണിയുടെ മികച്ച ആർട്ട് വർക്കുകൾ ക്യാമറയിൽ വേണ്ടപോലെ ട്രീറ്റ് ചെയ്യപ്പെടാത്തതാവാം. ചില ഷോട്ടുകളുടെ തെരഞ്ഞെടുപ്പുകൾ പോലും അലസമായി തോന്നി. ചോഴ രാജാവിന്റെ രാജസദസ്സ് ആദ്യമായി കാണിക്കുമ്പോൾ ഷോട്ട് ആരംഭിക്കുന്നത് സിംഹാസനത്തിൻറെ പുറകിൽ നിന്നുമാണ്. സിംഹാസനത്തിന് വേണ്ടിയുള്ള പോരാണ് സിനിമയുടെ ഇതിവൃത്തം എന്നിരിക്കെ ആ സിംഹാസനം കുറേക്കൂടി ഗംഭീരമായി അവതരിപ്പിക്കാമായിരുന്നു. പൊന്നിയിൻ സെൽവന്റെ ഇൻട്രോയും മറ്റ് കഥാപാത്രങ്ങളുടെ ഇൻട്രോയുടെ മിഴിവ്‌ ഉണ്ടായില്ല. ചുരുക്കത്തിൽ ദൃശ്യഭംഗിയിൽ പലയിടത്തും സിനിമ ചോർന്നുപോയി.

വിഷ്വൽ എഫക്ടസ് ഏറ്റവും മികച്ചതല്ലെങ്കിലും അത് ആസ്വാദനത്തിനു വലിയ തടസ്സമാവുന്നില്ല. നിരവധി ഏറ്റുമുട്ടൽ രംഗങ്ങൾ കടന്നുവരുന്ന സിനിമയിൽ അത്തരം രംഗങ്ങൾ നന്നായി വരുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. പക്ഷെ, വന്തിയദേവനും
പൊന്നിയിൻ സെൽവനും തമ്മിലുള്ള സംഘട്ടനം ഒഴികെ മറ്റൊന്നും പുതുമ നൽകിയില്ല.
വൈകാരികക്ഷമത കൊണ്ടും സാങ്കേതികമികവ് കൊണ്ടും അഭിനയപൂർണത കൊണ്ടും ഇന്നും ജ്വലിച്ചുനിൽക്കുന്ന നിരവധി സിനിമകളുണ്ട്.

1954-ലാണ് അകിര കുറസോവയുടെ ‘സെവൻ സാമുറായ്‌’ ഇറങ്ങുന്നത്. ഏഴ് പതിറ്റാണ്ടിനിപ്പുറവും അത്ഭുതസൃഷ്ടിയായി ആ സിനിമ എല്ലാ അർത്ഥത്തിലും നിലനിൽക്കുന്നു. ഇരുപത്തിരണ്ട് വർഷങ്ങൾക്ക് മുൻപാണ് ഹോളിവുഡിൽ ‘ഗ്ലാഡിയേറ്റർ’ (Dir: Ridley Scot/2000) ഇറങ്ങിയത്. ഇന്നും ഹൃദയം നുറുങ്ങി മാത്രമേ ആ സിനിമ കണ്ടു തീർക്കാനാവൂ. പിന്നീട് നമ്മുടെ കാഴ്ചാശീലങ്ങൾ മാറി. 2011 മുതൽ 2019 വരെ HBOയിൽ 8 സീസണുകളായി ‘ഗെയിം ഓഫ് ത്രോൺസ്’ എന്ന സീരീസ് പ്രത്യക്ഷപ്പെട്ടു. 73 എപ്പിസോഡുകൾ നീണ്ടുനിന്ന സീരീസിലെ മിക്കവാറും ഓരോ എപ്പിസോഡും മേൽപ്പറഞ്ഞ എല്ലാ ഗുണങ്ങളും തികഞ്ഞ ഒന്നായി അതും വാഴ്ത്തപ്പെട്ടു. ഇതെല്ലാം കണ്ട പ്രേക്ഷകർക്ക് മുന്നിലേക്കാണ് ‘പൊന്നിയൻ സെൽവൻ’ കടന്നുവന്നത്. ഇന്ത്യ കണ്ട ഏറ്റവും മികച്ച സംവിധായകരിൽ ഒരാൾ ഇന്ത്യയിൽ ലഭ്യമായ ഏറ്റവും മികച്ച ടെക്നിഷ്യന്മാരെ അണിനിരത്തി, ഭീമമായ ബഡ്ജറ്റിൽ തന്റെ സ്വപ്നം അണിയിച്ചൊരുക്കുമ്പോൾ അത് ലോകനിലവാരത്തിലുള്ള ഒന്നായിത്തീരും എന്ന പ്രതീക്ഷിക്കുക എന്നത് ആർഭാടമായിരുന്നില്ല. പക്ഷെ, നിർഭാഗ്യവശാൽ ഒരു സൂക്ഷ്മനിരീക്ഷണം ആവശ്യപ്പെടാത്ത, ഭേദപ്പെട്ട ഒന്നായി PS-1 അവസാനിച്ചു. എങ്കിലും മണി രത്നത്തെ എഴുതിത്തള്ളാൻ മാത്രം ധൈര്യം ഇനിയും നേടാത്തത് കൊണ്ടും ഒന്നാം ഭാഗത്തിൽ കഥാപാത്രങ്ങളെയും കഥയുടെ ഇതിവൃത്തത്തേയും പരിചയപ്പെടുത്തുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നതിനാലും രണ്ടാം ഭാഗത്തിനായി കാത്തിരിക്കാം. ചുരുക്കത്തിൽ പ്രതീക്ഷയുടെ ഭാരം ഇല്ലാതെ പോയാൽ ആസ്വദിക്കാവുന്ന ഒരു എന്റർറ്റൈനർ ആണ് ‘പൊന്നിയിൻ സെൽവൻ – 1’.

Leave a Reply
You May Also Like

മോഹൻലാൽ നായകനാകുന്ന തെലുഗ് – മലയാളം ചിത്രം ‘വൃഷഭ’ യിൽ മോഹൻലാലിന്റെ മകനായി തെലുഗ് താരം റോഷൻ മെക

പി ആർ ഒ – ശബരി കണക്ട് മീഡിയയും എവിഎസ് സ്റ്റുഡിയോസുമായി ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ…

നടി മീനയുടെ രണ്ടാം വിവാഹം, അഭ്യൂഹങ്ങൾക്ക് പിന്നിലെ സത്യം എന്ത് ?

തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലെ മുൻനിര നടിയാണ് മീന. തെന്നിന്ത്യൻ ഭാഷകളിൽ താരം…

തമിഴകത്തിന്റെ ‘ഗെയിം ഓഫ് ത്രോൺസ്’ എന്നൊക്കെ വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന സിനിമ

പൊന്നിയിൻ സെൽവൻ – നോവലും സിനിമയും Vishnu M Krishnan ഈ വരുന്ന സെപ്റ്റംബർ 30-ന്…

പണ്ട് മഹേഷിന്റെ പ്രതികാരത്തിൽ അടികൾക്ക് തുടക്കമിടുന്ന ആളെ ഓർമ്മയുണ്ടോ ?

Kiranz Atp പണ്ട് മഹേഷിന്റെ പ്രതികാരത്തിൽ അടികൾക്ക് തുടക്കമിടുന്ന ആളെ ഓർമ്മയുണ്ടോ ? തിയറ്റർ ആർട്സിൽ…