പങ്കാളിയുടെ സ്വത്തും പണവും സ്വർണവും മോഹിച്ചു വിവാഹത്തിലേർപെടുന്നതിന്റെ പേരെന്തുവാ ?

50

Radhika

പങ്കാളിയുടെ സ്വത്തും പണവും സ്വർണവും മോഹിച്ചു വിവാഹത്തിലേർപെടുന്നതിന്റെ പേരെന്തുവാ? Gold diggers എന്നെന്തോ അല്ലേ അത്തരക്കാരെ വിളിക്കുന്നത്?

ഈയടുത്ത് ഉത്തരയും ശാഖയും അത്തരം കല്യാണവീരന്മാരായ ക്രിമിനലുകളുടെ ഹിംസയിൽ ജീവൻ നഷ്ടപ്പെട്ടവരാണ്..
ഭാര്യ പ്രസവത്തോടെ മരണപ്പെടുന്നതോ അല്ലെങ്കിൽ മാനസികാരോഗ്യപ്രശ്നത്താൽ ആത്മഹത്യ ചെയ്യുന്നതോ ഒക്കെ സർവസാധാരണമായിരുന്നു മ്മടെ നാട്ടിൽ.. ഭാര്യയുടെ പതിനാറടിയന്തരം കഴിയുമ്പോ അവളുടെ അനിയത്തിയെയോ ബന്ധുവിനെയോ വേറെയെതെങ്കിലും പെണ്ണിനെയോ കെട്ടി ഭർത്താവിന്റെ ജീവിതം മുന്നോട്ടു പോവുകയും ചെയ്യും.. അങ്ങനെ ആദ്യ ഭാര്യയും രണ്ടാം ഭാര്യയും മൂന്നാം ഭാര്യയും മരിച്ചപ്പോ നാലാമതും പെണ്ണ് കെട്ടേണ്ടി വന്ന ഹതഭാഗ്യരൊക്കെ നാട്ടിലുണ്ടാരുന്നു .. പ്യാവങ്ങൾ

പാമ്പ്കടിയേറ്റുള്ള മരണം .. ഷോക്കടിച്ചുള്ള മരണം.. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുള്ള മരണം.. എന്നിങ്ങനെ അപകടമരണങ്ങളും.. പിന്നെ കഴുത്തിൽ കുരുക്ക് മുറുക്കി ജനൽ കമ്പിയിലോ ഫാനിലോ തൂങ്ങിയാടിയോ.. കിണറ്റിലോ കുളത്തിലോ തലകുത്തിചാടിയോ.. മണ്ണെണ്ണയോ പെട്രോളോ തലയിൽ ഒഴിച്ചു തീകൊളുത്തിയോ ഒക്കെ നടത്തുന്ന ‘ആത്മഹത്യ’കളും പതിവാരുന്നു . ഒക്കെ വിവാഹിതരായ സ്ത്രീകളുടെ സ്വാഭാവികവിധിയായി എല്ലാരും കരുതിയിരുന്ന ഒരു കാലത്താണ് ക്രൈം റെക്കോർഡ്സ് കണക്കുകൾ നോക്കി ഇതത്ര പന്തിയല്ലല്ലോ എന്ന് ചിലർക്ക് തോന്നിത്തുടങ്ങിയത്..

തന്നെ ഭാര്യ ഉപേക്ഷിച്ചു പോയി എന്നു പറയേണ്ടി വരുന്നതിനേക്കാൾ നല്ലത് ഭാര്യ മരിച്ചു പോകുന്നതാണ്
എന്ന് ചിന്തിച്ചിരുന്ന ആൺദുരഭിമാനക്കൊലകളായിരുന്നു ആ ആത്മഹത്യകളിലും അപകടമരണങ്ങളിലും പതുങ്ങിയിരുന്നത് എന്നു തിരിച്ചറിയാൻ നിയമസംവിധാനങ്ങൾക്ക് കഴിഞ്ഞത് ഇത്തരം മരണങ്ങളുടെ കണക്കുകളും പാറ്റേണുകളും പലയിടങ്ങളിൽ നിന്നായി ശേഖരിച്ച് അപഗ്രഥിക്കുന്ന സംവിധാനങ്ങളും മറ്റും ശക്തമായി നിലവിൽ വന്നതിനു ശേഷമാണ്..
ആ പഠനങ്ങളുടെ വെളിച്ചത്തിൽ പിന്നീട് ഒരു revolutionary സ്ത്രീപക്ഷനിയമനിർമാണം ഇവിടെ നടക്കുകയുണ്ടായി..
വിവാഹജീവിതത്തിന്റെ ആദ്യ എഴുവർഷങ്ങളിൽ സ്ത്രീ മരണപ്പെട്ടാൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കാനുള്ള വകുപ്പ് അങ്ങനാണുണ്ടായത്.. Section 304B – Dowry Death..!

അതു കൊണ്ടു എന്തു പറ്റിയെന്നു ചോയിച്ചാൽ, വിവാഹിതരായ സ്ത്രീകളുടെ അപമൃത്യു എന്ന ആചാരം പെട്ടെന്ന് നാട്ടിൽ വളരെക്കുറഞ്ഞു.. പകരം വിവാഹമോചനങ്ങളിൽ വൻവർധനവുമുണ്ടായി.. ഈ നിയമം വന്നതു കൊണ്ടു മാത്രം ആയുസ്സ് നീട്ടിക്കിട്ടി വിവാഹമോചനം സാധ്യമായ സ്ത്രീകൾ എത്ര പേരാണെന്നൊന്ന് കണക്കെടുത്തു നോക്കിയേ..
വിവാഹമോചനത്തിന്റെ തോത് ഉയരുന്നത് ഒരു civilized സമൂഹത്തിൽ ആരോഗ്യകരമായ പ്രവണതയായി കാണണം എന്ന് സാമൂഹിക ശാസ്ത്രജ്ഞർ പറഞ്ഞുകൊണ്ടിരിക്കുന്നതിന്റെ പൊരുൾ ഇതായിരുന്നുവെന്ന് ദുരഭിമാനക്കൊല നടത്തുന്ന ജെല്ലിക്കെട്ട് മോഡൽ പ്രാകൃതജന്മങ്ങൾക്കൊക്കെ ഇനിയെങ്കിലും മനസിലായാൽ മത്യാർന്നു..

നബി : വിജ്രംഭിത ആണഭിമാനബോധത്താൽ, മിഥ്യാഭിമാനക്ഷതത്താൽ ഒക്കെ ഭാര്യയുടെ.. മകളുടെ ഭർത്താവിന്റെ ഒക്കെ ജീവനെടുക്കാൻ വെമ്പുന്നയീ ഹിസയുടെ.. മറ്റൊരു മനുഷ്യജീവിയുടെ ജീവനെടുക്കാൻ ഒരാളെ പ്രേരിപ്പിക്കുന്നയീ ത്വരയുടെ.. പേര് toxic masculinity എന്നെങ്ങാണ്ടോ അല്ലേ? 😒