ആ ഇറ്റലിക്കാരിയായ പെൺകുട്ടിയുടെ ചോദ്യംകേട്ട് ഞാൻ നാടിനെയോർത്തു ലജ്ജിച്ചു

1020

ജാതിമതങ്ങൾക്കപ്പുറം മനുഷ്യനെ മനുഷ്യനായി കാണാൻ മറ്റുനാട്ടുകാർ പഠിച്ചിട്ടും നമ്മുടെ രാജ്യത്തുള്ളവർ പഠിക്കാത്തതെന്തേ ? സ്ത്രീയെ വീടുകളിൽ തളച്ചിടാൻ വ്യഗ്രതകാട്ടുന്ന ആണുങ്ങൾ തങ്ങളുടെ സ്വാതന്ത്ര്യം സ്ത്രീകളും ആഗ്രഹിക്കുന്നു എന്ന് മനസിലാക്കാൻ എത്ര യുഗങ്ങൾ ഇനിയും വേണ്ടിവരും? ചില തൊഴിലുകൾ വരേണ്യവത്കരിച്ചു വയ്ക്കുന്ന നമ്മൾ ചില തൊഴിലുകൾ പാർശ്വവത്കരിക്കുന്നു. വിദേശത്തു ഒരു ഡോക്ടർ പ്ലമ്പറെ പ്രണയിക്കുന്നതിൽ അപാകതയൊന്നും ആ നാട്ടുകാർ കാണുന്നില്ലെങ്കിൽ ഇവിടെയത് മഹാപാപമായി കരുതുന്നു. മനസ്സിൽ ഇത്രമാത്രം അസമതങ്ങളും ഉച്ചനീചത്വങ്ങളും കൊണ്ട് ജീവിക്കുന്ന പ്രാകൃത മനസ്കർ ഇവിടെ മാത്രമേ ഉണ്ടാകൂ. ജാതിയും മതവും വിട്ടൊരു വിവാഹമില്ല. പ്രകൃതി സൃഷ്ടിച്ച ജീവജാലങ്ങളിൽ ഇത്ര ഗതികേട് മനുഷ്യർക്കുമാത്രം. സംസ്കാരത്തെ ചൊല്ലിയുള്ള മുറവിളികൾ ആണ് ഇവിടെ എവിടെയും. എന്നാലത് കപടമാണ് എന്ന് മനസിലാക്കുന്നില്ല. നമ്മെക്കാൾ ‘വഷളന്മാരായിരുന്നു’ നമ്മുടെ പൂർവ്വികർ എന്ന് ചരിത്രംപഠിച്ചാൽ മനസിലാകും. അനാവശ്യമായ സദാചാരവാദങ്ങൾ നാടിനെ നാണംകെടുത്തുന്നു. അവസരത്തിന്റെ അഭാവം തന്നെയാണ് സദാചാരം. രാധികാ സജീവ് വളരെ ലളിതമായി വിവരിക്കുന്ന ഈ അനുഭവം മതി മറ്റു നാടുകളും നമ്മളും തമ്മിലുള്ള അന്തരം മനസിലാക്കാൻ. പോസ്റ്റ് വായിക്കാം.

======

ഒരു പെൺകുട്ടിയുടെ പൊട്ടിച്ചിരി കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്.
ഒരു ചായ കുടിക്കണമെന്ന് തോന്നി ഒരു കഫെ ബാറിൽ കയറിയതാണ്,
എന്നിട്ട് ഒരു കപ്പുചിനയ്ക്കാണ്‌ ഓർഡർ കൊടുത്തത്,
എന്റെ ഇരിപ്പിടത്തിന് പിന്നിലായി ഇരുന്ന കുട്ടിയാണ് ചിരിച്ചത്,
അവൾ ഫോണിൽ ആരോടോ ചിരിച്ചുകൊണ്ട് സംസാരിക്കുകയാണ്,
ഞാൻ തിരിഞ്ഞു നോക്കിയത് കണ്ടത് കൊണ്ടായിരിക്കാം,
ഫോൺ വിളി നിർത്തിയതും, അവൾ എന്റെ എതിരെ വന്നിരുന്നു.
എനിക്ക് ഗുഡ്മോർണിംഗ് പറഞ്ഞു.
തിരിച്ചു ഞാനും.
ഇവിടെ എന്താണ് ജോലി? ഏത് രാജ്യമാണ് താങ്കളുടേത്, വീട്ടിൽ ആരൊക്കെയുണ്ട്?..
ഒരു മിനിറ്റിനുള്ളിൽ ഒരു പിടി ചോദ്യങ്ങൾ അവളെന്നോട് ചോദിച്ചു.
ആദ്യത്തെ ഔപചാരികതയ്ക്കു ശേഷം ഞങ്ങൾ ഒരു പാട് സംസാരിച്ചു,
അവള് മെഡിസിന് പഠിക്കുന്നുവെന്നും അവളുടെ ബോയ് ഫ്രണ്ട് ഇപ്പോൾ വരുമെന്നും പറഞ്ഞു,
ബോയ് ഫ്രണ്ട് എന്ത് ചെയ്യുന്നു, എന്ന് ചോദിച്ചപ്പോൾ
അവന് പെയിന്റിംഗ് ആണെന്ന് യാതൊരു കുറച്ചിലും ഇല്ലാതെ പറഞ്ഞു.
അവൾ ഒൻപതിൽ പഠിക്കുമ്പോൾ അവളുടെ വീട്ടിൽ പെയിന്റിംഗ് അസിസ്റ്റന്റ് ആയി
വന്നോപ്പോഴാണ് അവർ ആദ്യം കണ്ടതെന്ന് പറഞ്ഞു.
ഞങ്ങളുടെ സംസാരത്തിനിടയിൽ അവള് ഇന്ത്യയിലെ വിശേഷങ്ങൾ ചോദിച്ചു കൊണ്ടിരുന്നു.
എനിക്ക് ഡ്രൈവിംഗ് അറിയില്ലെന്നും
ഞാൻ ഇന്നേവരെ ബാറിൽ പോയിട്ടില്ല എന്നും
രാത്രി എട്ടു മണിക്ക് ശേഷം ഒറ്റയ്ക്ക് യാത്ര ചെയ്തിട്ടില്ലെന്നും കേട്ടിരിക്കെ,
എല്ലാ സ്ത്രീകളും ഇങ്ങനെത്തന്നെയാണോ അവിടെ എന്ന് അവൾ അതിശയത്തോടെ ചോദിച്ചു.
മിക്കവാറും ഏകദേശം 70. ശതമാനം ഇങ്ങനെയാണെന്നു എന്റെ മറുപടിയിൽ അവളുടെ
അടുത്ത ചോദ്യം എന്നെ ഞെട്ടിച്ചു.
അപ്പോ നിങ്ങൾ ആദിവാസികൾ ആണോ?
ഏയ്‌ അല്ല.. അങ്ങനെയല്ല.. ഞങ്ങൾ പരിഷ്‌കൃതരാണ്.
ഞാനൊരു ദുർബലമായ സ്വരത്തിൽ എതിർത്തു.
ഭാഗ്യം അപ്പോഴേക്കും അവളുടെ ബോയ് ഫ്രണ്ട് വന്നു.
അവൾ അവനെ എനിക്ക് പരിചയപ്പെടുത്തി തന്നു
എന്നോട് അനുവാദം ചോദിച്ചുകൊണ്ട് അവൾ അപ്പുറത്തെ സീറ്റിലേക്ക് പോകാനൊരുങ്ങി
പെട്ടെന്ന് ഞാനവളുടെ കയ്യിൽ പിടിച്ചുകൊണ്ടു ചോദിച്ചു
നിങ്ങൾ കല്യാണം കഴിക്കുമോ?
തീർച്ചയായും.
അവൾ കണ്ണുകൾ വിടർത്തി ചിരിച്ചു.
വീട്ടിൽ എതിർത്തലോ?
ഒരു തമാശ കേട്ടപോലെ അവൾ ഉറക്കെ ചിരിച്ചു.
ആരും എതിര്ക്കില്ല്ല, ഇത് എന്റെ ജീവിതം, എന്റെ തീരുമാനം.ഇവിടെ അങ്ങനെയാണ്.
എന്ന് പറഞ്ഞുകൊണ്ട് അവൾ പെട്ടെന്ന് അവനെ ചുംബിച്ചു.
ഞാനവളുടെ കയ്യിലെ പിടിവിട്ടു.
Yes,എന്നോ no എന്നോ പറയേണ്ടേ സ്ഥലത്തു, സമയത്ത്, വ്യക്തവും, ശക്തവുമായി
സ്വന്തം അഭിപ്രായം പറയാൻ,  ഇഷ്ടമുള്ളത് പഠിക്കാൻ, ആരെയും ഭയക്കാതെ യാത്രചെയ്യാൻ,
സ്വന്തം പങ്കാളിയെ തിരഞ്ഞെടുക്കാൻ, ഉറക്കെ സംസാരിക്കാൻ, ചിരി വരുമ്പോൾ ചിരിക്കാൻ,
ഒരു സദാചാരക്കാരുടെയും ഇടപെടലുകൾ ഇല്ലാതെ സ്വതന്ത്രമായി ജീവിക്കാൻ…
അതെ കേരളത്തിന്റെ വെറും രണ്ടിരട്ടി ജനങ്ങൾ മാത്രമുള്ള ഇറ്റലി എന്ന രാജ്യത്തെ പെൺകുട്ടികൾക്ക് കഴിയുന്നു
എന്നോർത്ത് സന്തോഷം തോന്നി.
എന്റെ രാജ്യത്ത്, കൊച്ചുകേരളത്തിൽ, സമത്വത്തിനും
നവോഥാനത്തിനും വേണ്ടിയുള്ള ബോധവൽക്കരണം നടത്താൻ ഉള്ള
മതിൽ ഉയരുന്നതേയുള്ളൂ എന്ന് ഞാനവളോട് പറഞ്ഞില്ല !