അവരുടെ മണ്ടത്തരമായിരുന്നില്ല ഗാന്ധി വധം, ദാർശനികവും, ചരിത്രപരവും, ധാർമ്മികവുമായി ഹിന്ദുത്വയെ ഉള്ളിൽ കയറി പൊളിക്കുകയായിരുന്നു ഗാന്ധി,അതവർക്ക് താങ്ങാനാവുമായിരുന്നില്ല

91
റഫീഖ്‌ ഇബ്രാഹിം എഴുതുന്നു
ഗാന്ധിയിലുള്ളത് പൊട്ടൻഷ്യൽ ഹിന്ദുത്വയാണ് എന്ന നേർവായന രണ്ടാം തരംഗമടിക്കുന്ന കാലം കൂടിയാണിത്. ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ആജീവാനന്ത ശത്രുക്കളായ അംബേദ്കറിനും നെഹ്റുവിനും അഭിമുഖീകരിക്കേണ്ടി വരാതിരുന്ന ഒരന്ത്യത്തെ ഗാന്ധിക്കായി എന്തിനവർ ഒരുക്കി എന്ന ചോദ്യമാണ്, ചരിത്രത്തിലെ വൈരുധ്യങ്ങളുടെ ചതിക്കുഴികളെയും നായക/വില്ല ദ്വന്ദ്വാഖ്യാനങ്ങളെയും മറികടക്കാൻ നമുക്കുള്ള കീ. മറ്റൊരു പ്രകരണത്തിലാണെങ്കിലും ജോസഫ് മുണ്ടശ്ശേരി പറയുന്നുണ്ട് ഉത്തരം ; ഗീർവാണ ഫോർമ്മലിസത്തിന്റെ നെടുങ്കോട്ടയ്ക്കകത്തു കയറിയുള്ള വെടിപൊട്ടിക്കലാണ് അധികാരത്തെ ഏറ്റവും കൂടുതൽ വിറളി കൊള്ളിക്കുക.
1949 മെയ് 8 ന് ഷിംല കോടതിയിൽ നാഥുറാം ഗോഡ്സെ “ഞാനെന്തു കൊണ്ടു ഗാന്ധിയെ കൊന്നു” എന്ന ആത്മാഖ്യാനത്തിൽ ഊന്നിപ്പറയുന്ന ഗാന്ധി ചെയ്ത മൂന്ന് കുറ്റകൃത്യങ്ങളുണ്ട്. നാമവർത്തിച്ചു വായിക്കേണ്ടത്;
1. രാമനെയും കൃഷ്ണനെയും അർജ്ജുനനെയും കുറ്റവാളികളാക്കി മാറ്റിയെഴുതുക വഴി മനുഷ്യപ്രവൃത്തിയുടെ ഉറവിടങ്ങളെ മുഴുവൻ നിരാകരിച്ചുള്ള ചതിയാണ് മഹാത്മ ചെയ്തത്.
2. ചരിത്രത്തിലെ ഉജ്ജ്വല പോരാളികളായ ശിവജിയെയും റാണാപ്രതാപിനെയും ഗുരുഗോബിന്ദ് സിംഗിനെയും വഴി തെറ്റിയ രാജ്യസ്നേഹികളായി അപലപിക്കുക വഴി ഗാന്ധി അയാളുടെ ആത്മപ്രശംസയെയാണ് പ്രത്യക്ഷമാക്കുന്നത്.
3. അവസാനമായി അദ്ദേഹം നടത്തിയ മുസ്ലിം പ്രീണന നിരാഹാര സത്യാഗ്രഹത്തോടെ, മുപ്പത്തിരണ്ടു വർഷത്തെ തുടർച്ചയായ പ്രകോപനങ്ങൾ അതിന്റെ പാരമ്യതയിൽ എത്തുകയും ഗാന്ധിയെ എത്രയും പെട്ടെന്ന് അവസാനിപ്പിക്കേണ്ടിയിരിക്കുന്നു എന്ന നിഗമനത്തിൽ എന്നെക്കൊണ്ടെത്തിക്കുകയും ചെയ്തു.
ആദ്യത്തേത് ആധുനിക ഹിന്ദുമതത്തിന്റെ പ്രമാണങ്ങളെ ചോദ്യം ചെയ്തതിന്, രണ്ടാമത്തേത് ഹിന്ദുത്വയുടെ വ്യാജ ചരിത്ര നിർമ്മിതിയെ തളളിക്കളഞ്ഞതിന്, മൂന്നാമതും അവസാനവുമായി ഹിന്ദുത്വയുടെ അപര സംവർഗ്ഗത്തോട് അനുകമ്പ കാണിച്ചതിന്.
അവരുടെ മണ്ടത്തരമായിരുന്നില്ല ഗാന്ധി വധം.ദാർശനികവും, ചരിത്രപരവും, ധാർമ്മികവുമായി ഹിന്ദുത്വയെ ഉള്ളിൽ കയറി പൊളിക്കുകയായിരുന്നു ഗാന്ധി. അതവർക്ക് താങ്ങാനാവുമായിരുന്നില്ല.
Advertisements