എന്തൊക്കെ പറഞ്ഞാലും കേരള സർക്കാർ ഈ ദുരന്തകാലത്ത് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വലിയ ആശ്വാസം തന്നെയാണ്

37

Rafeekh Nalakath

എന്തൊക്കെ കുറ്റങ്ങളും കുറവുകളും പ്രതിപക്ഷവും മറ്റും ചൂണ്ടി കാണിക്കുന്നുണ്ടെങ്കിലും കേരള സർക്കാർ ഈ ദുരന്തകാലത്ത് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വലിയ ആശ്വാസം തന്നെയാണ്. സർക്കാരിൻറെ ഭാഗത്തു നിന്നും അബദ്ധങ്ങളും, അപാകതകളും, മുതലെടുപ്പും വരെ ഉണ്ടായിട്ടുണ്ട്, അണികളില്‍ നിന്നും അസഹനീയമായ അക്രമവും, തള്ളും ഉണ്ടായിട്ടുണ്ട് എന്നാലും ഇതര സംസ്ഥാന, കേന്ദ്ര സർക്കാറുകളെ നോക്കുമ്പോൾ കേരളം കർമ്മ രംഗത്ത് എത്രയോ മടങ്ങ് മുൻപിലാണ്.

കേന്ദ്രത്തിലെ പ്രതിപക്ഷവും ഇതര സംസ്ഥാനങ്ങളിലെ പ്രതിപക്ഷവും വൻ ദുരന്തമായ കോവിഡ് കാലത്ത് രാഹുൽ ഗാന്ധി, പ്രിയങ്ക തുടങ്ങിയവരുടെ ഏററവും മനുഷ്യത്വപരമായ ഇടപെടലുകൾ വളരെ ശ്രദ്ധേയമാണ്. കേരളത്തിലെ പ്രതിപക്ഷം സർക്കാരിനൊപ്പം നിൽക്കുന്നതോടൊപ്പം തന്നെ അതിൽ കൂടുതൽ സർക്കാരിനെ വിമർശിക്കാനും, ആരോപണങ്ങൾ ഉന്നയിക്കാനും, ചിലത് ബാലിശമായി തന്നെ അവതരിപ്പിക്കാനുള്ള ശ്രമവും ഉണ്ടായിട്ടുണ്ട്. ചിലത് ജനങ്ങളോടുള്ള ഉത്തരവാദിത്വമായിരുന്നെങ്കിൽ ചിലത് ജനങ്ങളോടുള്ള അക്രമങ്ങളും വെല്ലുവിളിയുമായൊരുന്നു. പലപ്പോഴും അന്തമില്ലായ്മയും, തറ രാഷ്ട്രീയ നാടകവുമായിരുന്നു.

ഈ തറ രാഷ്ട്രീയത്തെ കുറിച്ച് പറഞ്ഞാൽ…നമ്മൾ ഏററവും അലോസരത്തോടെ കാണുന്ന ഒന്നാണ് ഈ ഇടത്-വലത് തല്ല്. ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ നോക്കുമ്പോൾ കേരള വികാസത്തിന്റെ ചാലക ശക്തി ആ തല്ലാണ്. ഇവിടെ പ്രതിപക്ഷം ഭരണകൂടത്തിന്റെ ചെറിയ കുറ്റം പോലും കണ്ടുപിടിച്ചു വെളിച്ചത്താക്കി ഭരണ സംവിധാനം എപ്പോഴും കുറ്റമറ്റതാക്കുന്നു. നമുക്കത് തറ രാഷ്ട്രീയമാണെങ്കിലും, സത്യത്തില്‍ ഈ രാജ്യത്ത് ഇന്ന് അവശേഷിക്കുന്ന അപൂർവ്വമായ ഒരു ജനാധിപത്യ പ്രക്രിയയാണത്.

നമ്മൾ പലപ്പോഴും ആഗ്രഹിക്കുന്നത് എതിർശബ്ദങ്ങളെ എല്ലാം നിശ്ശബ്ദമാക്കിയ ഹിറ്ലറിന്റെ ജർമ്മനിയിലെ കുഞ്ഞാടുകളെയാവും. ഇവിടെ കേരളത്തിലെങ്കിലും ഇനിയും കുറച്ചു കാലത്തേക്കെങ്കിലും അങ്ങനെയങ്ങോട്ടു അഴിഞ്ഞാടാൻ വിടില്ല എന്നതാണ് ഈ തറ രാഷ്ട്രീയത്തിൻറെ നേട്ടം.

കേന്ദ്രവുമായി താരതമ്യം ചെയ്യുമ്പോൾ

കേരളത്തോട് ഒരു കാര്യത്തിലും തുലനം ചെയ്യാൻ പറ്റിയ ഒരു രാജ്യമല്ല ഇപ്പോൾ ഇന്ത്യ. ഏതുവിധ സോഷ്യൽ ഏക്കണോമിക്കൽ ഇൻഡക്സ് നോക്കിയാലും ഇന്ത്യ കേരളത്തോട് മത്സരിക്കാൻ ആയിട്ടില്ല. ഇന്ത്യയുടെ ഒരു സവിശേഷത രാഷ്ട്രീയത്തെ പിന്നിൽ നിന്ന് മാത്രമല്ല മുന്നിൽ നിന്നും നിയന്ത്രിക്കുന്ന ഭീകരമായ മതാത്മകതയാണ്. കേരളത്തിൽ ഇപ്പോഴും അത് വളരെ വളരെ കുറവുമാണ്.
സ്വാതന്ത്ര്യം കിട്ടി ഉടനെ ആൾ ഇന്ത്യാ കോണ്ഗ്രസ് കമ്മിറ്റിയിൽ ഗോവധം നിരോധിക്കാൻ ബില്ല് കൊണ്ടുവരണം എന്നു നെഹ്രുവിനോട് ആവശ്യപ്പെട്ടതാണല്ലൊ..! ഒന്നോരണ്ടോ പേരല്ലാ, ഏതാണ്ട് ഭൂരിപക്ഷം കമ്മിറ്റി അംഗങ്ങളും. കോമൺ സെന്സിന് നിരക്കാത്ത ഇമ്മാതിരി ആവശ്യങ്ങൾ ബില്ലാക്കാൻ പറ്റില്ല എന്നാണ് അന്ന് നെഹ്റു എടുത്ത നിലപാട്. എന്നാൽ ഈ കമ്മിറ്റി അംഗങ്ങളിൽ പലരും അവരവരുടെ സംസ്ഥാനങ്ങളിലേക്ക് മടങ്ങിപ്പോയി അവിടങ്ങളിൽ ഗോവധ നിരോധന ബില്ലുകൾ കൊണ്ടു വരികയാണ് ചെയ്തത്. കോൺഗ്രസ്സിൽ അത്രയും പവറുണ്ടായിരുന്ന നെഹ്റു പോലും അവിടെ നിസ്സഹായനായിരുന്നു.

ഉത്തർ പ്രദേശിൽ ഇന്ന് ഒരു സന്ന്യാസിയാണ് മുഖ്യമന്ത്രി. കേരളത്തിൽ അങ്ങനെ ഒരു സ്വാമിയോ, ഫാദറോ, ഉസ്താദോ മുഖ്യമന്ത്രിയാകുന്നത് ആരും സ്വപ്നത്തില്‍ പോലും കാണാനിടയില്ല. UP യിലെ ഈ സ്വാമി മുഖ്യൻ അധികം വൈകാതെ ഇന്ത്യന്‍ പ്രധാനമന്ത്രിയുമാകും… അന്നും കേരളത്തിലെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് രാഷ്ട്രീയ പരമായിട്ടായിരിക്കും. അന്നും ഇന്ത്യയും കേരളവും ബാക്കി ഉണ്ടെങ്കില്‍ ..!