സുഹൃത്തുക്കളെ ദുഃഖത്തിലാഴ്ത്തി കഴിഞ്ഞദിവസം അന്തരിച്ച റഫീഖ് പറഞ്ഞ കടലോർമ്മകൾക്കു കണക്കില്ല. കോഴിക്കോട് ചാലിയത്ത് പുളിമൂട്ടില്‍ കല്ലുമ്മക്കായ ശേഖരിക്കാൻ പോയതായിരുന്നു. കാണാതായതിനെ തുടര്‍ന്ന് നാട്ടുകാരും മത്സ്യത്തൊഴിലാളികളും നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കിട്ടിയത്. കടലിന്റെ ആഴത്തിലേക്ക് മുങ്ങിപ്പോയെങ്കിലും ഓർമകളുടെ ആഴങ്ങളിൽ നിന്നുകൊണ്ട് അനവധി സുഹുത്തുക്കളാണ് റഫീഖിനെ അനുസ്മരിച്ചുകൊണ്ട് സാമൂഹ്യമാധ്യമത്തിൽ പോസ്റ്റുകൾ ഇടുന്നത്. റഫീഖ് കുറേക്കാലം മുമ്പ് എഴുതിയ രണ്ടു കടലനുഭവങ്ങൾ
കടലിനടിയില്‍ മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍
******************************
നല്ലൊരു മുങ്ങല്‍ വിദഗ്ദനാണെങ്കിലും കടലിനടിയില്‍ മുങ്ങിക്കളിക്കുമ്പോഴും കടലിനടിയിലെ പാറക്കല്ലുകളില്‍ നിന്ന് കല്ലുമ്മക്കായ പറിച്ചെടുക്കുമ്പോഴും ഒരിക്കല്‍പോലും അപകടത്തില്‍ പെടാത്ത ഞാന്‍ അന്ന് അപകടത്തില്‍ പെട്ടത് മരണത്തെ മുഖാമുഖം കണ്ടാണ്
പല കടല്‍ തീരങ്ങളിലും ചെറുതും വലുതുമായ പാറക്കല്ലുകള്‍ കാണാം കടലിനടിയിലെ ചെറുതും വലുതുമായ പാറക്കല്ലുകളിലാണ് കല്ലുമ്മക്കായ വളരുന്നത് മുഖത്ത് മാസ്ക് ഫിറ്റ് ചെയ്ത് കടലിനടിയില്‍ തെളിഞ്ഞ ജലാശയത്തില്‍ മുങ്ങി നോക്കിയാല്‍ ചെറുതും വലുതുമായ പാറക്കല്ലുകളും അതില്‍ ഒറ്റയായും കൂട്ടമായും വളരുന്ന കല്ലുമ്മക്കായകള്‍ കാണാം പലതരം മീനുകള്‍ മറ്റു കടല്‍ ജീവികള്‍ എന്നിവയേയും കാണാം അതൊക്കെ നേരില്‍ കാണേണ്ട മനോഹരക്കാഴ്ച്ചകളാണ്
അപകടം പിടിച്ച ചില പാറക്കല്ലുകളുണ്ട് കടലിനടിയില്‍ ഗുഹകള്‍ പോലെ തോന്നിക്കുന്നത് അവിടെയൊക്കെ ഞാന്‍ വളരെ ശ്രദ്ധിച്ചാണ് മുങ്ങുന്നത് കലങ്ങിയ ജലാശയത്തില്‍ ഇത്തരം പാറക്കല്ലുകളില്‍ മുങ്ങി കല്ലുമ്മക്കായ പറിച്ചെടുക്കുന്നത് ഏറ്റവും വലിയ അപകടമാണെന്ന് എനിക്ക് നന്നായിട്ടറിയാം
അന്നൊരു ദിവസം കലങ്ങിയ ജലാശയമായത് കൊണ്ട് മടിയോടെയാണ് ഞാനെന്റെ ചെറിയ തോണിയില്‍ കല്ലുമ്മക്കായ പറിക്കാന്‍ പോയത്
വലിയ പാറക്കല്ലുകള്‍ ഒഴിവാക്കി അപകടമല്ലാത്ത ചെറിയ പാറക്കല്ലുകളുള്ളയിടത്ത് ഞാനെന്റെ തോണി നിര്‍ത്തിയിട്ടു
കലങ്ങിയ ജലാശയമാണെങ്കിലും കയ്യില്‍ ഗ്ലൗസും മുഖത്ത് മാസ്കും ഫിറ്റ് ചെയ്താണ് ഞാന്‍ കടലിനടിയിലേക്ക് ഊളിയിട്ടത്
പാറക്കല്ലിനടുത്തെത്തിയതും ഞാന്‍ പാറക്കല്ലില്‍ കെെ കൊണ്ട് തപ്പി പിടിച്ച് കല്ലുമ്മക്കായ പറിച്ചെടുക്കാന്‍ തുടങ്ങി
അരയില്‍ വലക്കയര് കൊണ്ടുണ്ടാക്കിയ കൂടില്‍ (ഞങ്ങളതിനെ മാല് എന്നു പറയും ) കല്ലുമ്മക്കായകള്‍ നിറയ്ക്കാന്‍ തുടങ്ങി ഒാരോ മുങ്ങലിനും ശ്വാസം കിട്ടുന്നതിനനുസരിച്ചുള്ള സമയം വരെ കടലിനടിയിലെ പാറക്കല്ലുകളില്‍ മുങ്ങി നിന്ന് കല്ലുമ്മക്കായ പറിച്ചുകൊണ്ടിരിക്കും മാല് നിറഞ്ഞാല്‍ അത് തോണിയിലേക്ക് പിടിച്ചു കയറ്റും എന്നിട്ട് വീണ്ടും മാല് അരയില്‍ കെട്ടി കല്ലുമ്മക്കായ പറിക്കല്‍ തുടരും
കുറച്ച് സമയം കഴിഞ്ഞപ്പോള്‍ കല്ലുമ്മക്കായ കുറഞ്ഞപ്പോള്‍ തൊട്ടടുത്ത് തന്നെ വേറൊരു പാറക്കല്ലുള്ളയിടത്തേക്ക് ഞാനെന്റെ തോണി മാറ്റി വെച്ചു എന്നിട്ടവിടെ മുങ്ങി കല്ലുമ്മക്കായ പറിച്ചെടുക്കാന്‍ തുടങ്ങി
അപ്പോഴാണ് പ്രതീക്ഷിക്കാതെ ഒരു വലിയ തിരമാല അടുത്തുകൂടെ കടന്നു പോയത് അപ്രതീക്ഷിതമായ ആ തിരത്തള്ളലില്‍ കടലിനടിയില്‍ കല്ലുമ്മക്കായ പറിച്ചുകൊണ്ടിരുന്ന ഞാന്‍ തെറിച്ചു വീണത് കുറച്ചപ്പുറത്തുള്ള ഒരു വലിയ പാറക്കല്ലിനടിയിലേക്കായിരുന്നു
തലയും ശരീരവും കല്ലിലിടിക്കാത്തത് ഭാഗ്യമായെങ്കിലും ആ പാറക്കല്ലിനടിയില്‍ നിന്നും പുറത്തു കടക്കാനാവാതെ ഞാന്‍ കുറച്ചു സമയം കുടുങ്ങിക്കിടന്നു
കലങ്ങിയ ജലാശയമായത് ഒന്നും കാണാന്‍ കഴിയാതെ അതിനുള്ളില്‍ നിന്ന് പുറത്ത് കടക്കാനാവാതെ ഞാനേറെ വിഷമിച്ചു ഞാന്‍ ദെെവത്തെ വിളിച്ചു പ്രാര്‍ത്ഥിച്ചു
പ്രാര്‍ത്ഥനകള്‍ കെെവിടാതെ പാറക്കല്ലിനടിയില്‍ നിന്നും അതിന്റെ മുകള്‍ ഭാഗം തപ്പിപ്പിടിച്ച് ശ്രദ്ധിച്ച് പുറത്ത് കടക്കാന്‍ ശ്രമിച്ചു ആസമയം ഞാന്‍ പോയത് പുറത്തേക്കുള്ള വഴിയല്ലായിരുന്നു സത്യം പറഞ്ഞാല്‍ ഞാന്‍ പേടിച്ചു പോയിരുന്നു മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളായിരുന്നു അത്
പ്രാര്‍ത്ഥനകള്‍ കെെവിടാതെ ഞാന്‍ വീണ്ടും പാറക്കല്ലിന്റെ വേറൊരു ഭാഗത്ത് കൂടെ തപ്പി പിടിച്ച് പുറത്ത് കടക്കാന്‍ ശ്രമിച്ചു കുറച്ചു മുമ്പോട്ടു പോയപ്പോള്‍ അതാ സൂര്യന്‍െറ ഇത്തിരി വെട്ടം തെളിഞ്ഞ് കാണുന്നു അത് കണ്ടതും ആ ഭാഗം നോക്കി ഞാന്‍ വേഗം പാറക്കല്ലിനടിയില്‍ നിന്നും പുറത്തു കടന്നു എന്നിട്ട് കടലിനു മുകളിലേക്ക് പൊങ്ങി രക്ഷപ്പെട്ട ആശ്വാസത്തില്‍ ഞാന്‍ മുകളിലേക്ക് നോക്കി പ്രാര്‍ത്ഥിച്ചു
അല്‍ഹംദുലില്ലാഹ്
വേഗം തോണിയില്‍ കയറിയ ഞാന്‍ കിതപ്പടക്കാന്‍ ഏറെ പാടുപ്പെട്ടു തോണിയിലുണ്ടായിരുന്ന വെള്ളമെടുത്ത് മതിവരുവോളം കുടിച്ച് കുറച്ച് സമയം വിശ്രമിച്ച ശേഷം ഞാന്‍ കരയിലേക്ക് തുഴഞ്ഞു
പിന്നീടൊരിക്കലും ഞാന്‍ കലങ്ങിയ ജലാശയത്തില്‍ വലിയ പാറക്കല്ലുകളുള്ളയിടത്ത് മുങ്ങാറില്ല വലിയ പാറക്കല്ലുകള്‍ ഇല്ലെന്ന് ഉറപ്പു വരുത്തിയിട്ടാണ് പിന്നീട് ഞാനവിടെ മുങ്ങുന്നത്
ആ സംഭവം ഞാനിന്നും ഒാര്‍ക്കുന്നത് പേടിയോടെയാണ് പ്രാര്‍ത്ഥനയുടെ ഫലമായിട്ടാണ് രക്ഷപ്പെട്ടതെന്നാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത് എന്നെ സ്നേഹിക്കുന്നവരുടെ പ്രാര്‍ത്ഥനകളും ……..
നീയെപ്പോഴും പറയാറുള്ള ചേട്ടന്, നിന്നെ കടലില്‍ നിന്ന് രക്ഷപ്പെടുത്തിയ ആൾ (റഫീഖ് എഴുതിയ മറ്റൊരു അനുഭവം )
*************
നിങ്ങളില്‍ പലരും വായിച്ചിട്ടുണ്ടാവും കര്‍ണ്ണാടകയിലെ മല്‍പെ ബീച്ചില്‍ കടലില്‍ കളിച്ചുകൊണ്ടിരിക്കെ ആഴത്തിലേക്ക് ഒഴുകിപ്പോയ ഒരു പെണ്‍കുട്ടിയെക്കുറിച്ച് അവളുടെ അമ്മയെ കുറിച്ച്……( ഇന്നും മുഴങ്ങുന്നുണ്ടെന്റെ കാതില്‍ ആ അമ്മയുടെ നിലവിളി )
ജുമാ നിസ്കാരം കഴിഞ്ഞ ഉടനെ ഒരു പുതിയ ചെരുപ്പ് വാങ്ങാനാണ് ഞാന്‍ ആ ഷോപ്പില്‍ കയറിയത് അത് സെലക്റ്റ് ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് ഒരമ്മയും മകളെന്ന് തോന്നിക്കുന്ന ഒരു യുവതിയും ഷോപ്പില്‍ കയറി വന്നത് ഞാന്‍ ചെരുപ്പ് വാങ്ങി കാശ് കൊടുക്കുമ്പോഴാണ് ആ അമ്മയുടെ മുഖം ശരിക്കും ശ്രദ്ധിച്ചത്
ഈ അമ്മ അല്ലെ അത് ഞാന്‍ ഒന്നുകൂടി ശ്രദ്ധിച്ചുനോക്കി അതെ അതു തന്നെ
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അമ്മയ്ക്ക് ഒരുമാറ്റവുമില്ലായിരുന്നു ഞാന്‍ ശ്രദ്ധിക്കുന്നത് കണ്ടിട്ടും അമ്മക്ക് എന്നെ മനസ്സിലായില്ലായിരുന്നു
ഞാന്‍ ശ്രദ്ധിക്കുന്നത് അമ്മ ആ യുവതിയോട് പറയുന്നുണ്ടായിരുന്നു ആ യുവതിയും എന്നെ നോക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ ഷോപ്പില്‍ നിന്നിറങ്ങി
അവരുടെ ഷോപ്പിംഗ് കഴിയുന്നത് വരെ ഞാന്‍ പുറത്ത് കാത്തിരുന്നു
കുറച്ച് കഴിഞ്ഞപ്പോള്‍ അമ്മയും യുവതിയും പുറത്തേക്ക് വരുന്നത് കണ്ടു അവര്‍ പുറത്ത് നിര്‍ത്തിയിട്ട കാറിനടുത്തേക്ക് പോകുന്നത് കണ്ട ഞാന്‍ വേഗം അമ്മയുടെ അടുത്തേക്ക് നടന്നു എന്നിട്ട് അമ്മയോട് കന്നട കലര്‍ന്ന മലയാളത്തില്‍
എന്നെ ഒാര്മ്മയുണ്ടോ എന്ന് ചോദിച്ചു അപ്പോള്‍ അമ്മ ഇല്ലെന്ന് പറഞ്ഞു
കാറില്‍ കയറിയ യുവതിയെ ചൂണ്ടി ഇതാരാ അമ്മെ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍
മോളാണെന്ന് പറഞ്ഞു
അമ്മയ്ക്ക് എന്നെ മനസ്സിലായില്ല അല്ലെ എന്നെ ഒരു കാലത്തും ഒരിക്കലും മറക്കില്ലെന്ന് പറഞ്ഞ അമ്മ എന്നെ മറന്നു അല്ലെ
എനിക്ക് മോനെ ശരിക്കും മനസ്സിലായില്ല അത് കൊണ്ടാണ് മോനാരാണെന്ന് പറയാതെ ഞാനെങ്ങിനെ അറിയും
അമ്മയ്ക്കോര്‍മ്മയുണ്ടോ വര്‍ഷങ്ങള്‍ക്ക് മുമ്പ് മല്‍പെ ബീച്ചില്‍ കടലില്‍ കളിച്ചുകൊണ്ടിരിക്കെ അമ്മയുടെ മോള് ആഴത്തിലേക്ക് ഒഴുകിപ്പോയത് അത് കണ്ട് അമ്മ മകളുടെ ജീവന് രക്ഷപ്പെടുത്താന്‍ വേണ്ടി മാറത്തടിച്ച് നിലവിളിച്ചത് അന്ന് അമ്മയുടെ മകളെ രക്ഷപ്പെടുത്തിയത് ഞാനാണ്
അത് കേട്ടതും സന്തോഷത്തോടെ അമ്മ എന്റെ കെെ ചേര്‍ത്തുപിടിച്ച്
മോനെ ക്ഷമിക്കണം ട്ടോ ഞാന്‍ മറന്നിട്ടില്ല അത് മറക്കാന്‍ കഴിയില്ല ഞങ്ങള്‍ക്ക് എന്റെ മനസ്സിലുണ്ടതെപ്പോഴും ഞാന്‍ മോളോട് എപ്പോഴും പറയാറുണ്ട് മോനാണ് രക്ഷപ്പെടുത്തിയതെന്ന് മോളെപ്പോഴും ചോദിക്കും മോനെപ്പറ്റി
മോനെപ്പറ്റിയുള്ളതൊന്നും ഞങ്ങള്‍ക്കറിയില്ലായിരുന്നു അഡ്രസ്സോ ഫോണ്‍ നമ്പറോ വാങ്ങാനുള്ള മാനസികാവസ്ഥയിലല്ലായിരുന്നു അന്ന്
അമ്മ മോളെ വിളിച്ച്
മോള്ക്കിതാരാണെന്ന് മനസ്സിലായോ
ഇല്ല
നീയെപ്പോഴും പറയാറുള്ള ചേട്ടന് നിന്നെ കടലില്‍ നിന്ന് രക്ഷപ്പെടുത്തിയ ആളാണിത്
അത് കേട്ടതും അവള് വേഗം എന്റെയടുത്തേക്ക് വന്ന് എന്നെ കെട്ടി പിടിച്ച്
ഒരുപാട് നന്ദിയുട്ട് ചേട്ടാ എന്റെ ജീവന് രക്ഷപ്പെടുത്തിയതിന് അമ്മ എപ്പോഴും അത് പറയാറുണ്ട് ചേട്ടനാണ് രക്ഷപെടുത്തിയതെന്നും ഞാനെപ്പോഴും ഒാര്‍ക്കാറുണ്ട് ചേട്ടനെ
ചേട്ടനെപ്പറ്റിയുള്ള വിവരങ്ങളൊന്നും ഞങ്ങള്‍ക്കറിയില്ലായിരുന്നു അത് കൊണ്ടാണ് അറിഞ്ഞിരുന്നെങ്കില്‍ ചേട്ടനെ കാണാന്‍ നാട്ടില്‍ വരുമായിരുന്നു ചേട്ടന്റെ വീട്ടിലേക്ക്
ഒരു ഏട്ടനില്ലാത്ത എനിക്ക് ചേട്ടന് എന്റെ സ്വന്തം ചേട്ടന് തന്നെയാണ് ഒരുകാലത്തും മറക്കില്ല ചേട്ടനെ ….. അത് പറഞ്ഞതും അവള് കരയുകയായിരുന്നു
എന്തിനെന്നറിയാതെ എന്റെ കണ്ണിലും വെള്ളം നിറഞ്ഞു
ചേട്ടന് ഇപ്പോള്‍ തന്നെ ഞങ്ങളുടെ വീട്ടിലേക്ക് വരണം അതെ മോനെ മോന് വരണം അമ്മയും നിര്‍ബന്ധിച്ചു
ഇന്നെനിക്ക് വരാന്‍ പറ്റില്ല അമ്മെ വേറൊരു ദിവസം ഞാന്‍ തീര്‍ച്ചയായും വരും
ഒരു കൂള്‍ബാറില്‍ കയറി ഒാരോ ഇളനീര് ജ്യൂസ് വാങ്ങിക്കൊടുത്തശേഷം ഒരു പാടുകാര്യങ്ങള്‍ സംസാരിച്ച് അഡ്രസ്സും ഫോണ്‍ നമ്പരും വാങ്ങി അമ്മയ്ക്കും മോള്‍ക്കും കെെകൊടുത്ത് വീട്ടിലേക്ക് വരാമെന്ന ഉറപ്പും നല്കി ഞാനവരെ സന്തോഷത്തോടെ യാത്രയാക്കി …………
***************************
റഫീഖ് ഒടുവിലെഴുതിയ- ‘നോമ്പോർമ്മകൾ’
എന്റെ പ്രിയപ്പെട്ട കോഴിക്കോടിനോട് വല്ലാത്ത മൊഹബ്ബത്താണെനിക്കെന്നും… പ്രിയപ്പെട്ട ഉപ്പയുടെ ഒാർമ്മകളാണ് മനസ്സ് നിറയെ…
അന്ന് നോമ്പുകാലമായിരുന്നു വെെകീട്ട് ഉപ്പയുടെ ഫ്ലാറ്റിന് തൊട്ടടുത്തുള്ള കോഴിക്കോട് ബീച്ചിൽ കാറ്റാടി മരങ്ങൾക്കു ചുവട്ടിൽ ഞാനും ഉപ്പയും ഉപ്പയുടെ കൂട്ടുകാരൻ കൃഷ്ണേട്ടനും കടൽ കാറ്റേറ്റ് കഥകൾ പറഞ്ഞ് ഇരിക്കുമ്പോഴാണ് എട്ടോ ഒമ്പതോ വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൺകുട്ടി ഞങ്ങളുടെ അടുത്തേക്ക് വന്ന് ഒന്നും പറയാതെ കെെ നീട്ടിയത്
നിഷ്കളങ്കനായ ആ കുട്ടി തീരെ അവശനാണെന്നും ഏതോ പാവപ്പെട്ട കുടുബത്തിലേതാണെന്നും കണ്ടാൽ തിരിച്ചറിയാമായിരുന്നു കുറച്ച് മുഷിഞ്ഞ വേഷമായിരുന്നെങ്കിലും അവനെ കണ്ടാൽ നല്ലൊരു കുടുംബത്തിൽ ജനിച്ചതാണെന്നു തോന്നുമായിരുന്നു അവനെ ഉപ്പ അടുത്ത് വിളിച്ച് മോന്റെ പേരെന്താണ് എവിടെയാ വീട് ഒറ്റയ്ക്കാണോ വന്നത് എന്നൊക്കെ ചോദിച്ചപ്പോൾ മറുപടിയായി കുറച്ചപ്പുറത്തിരിക്കുകയായിരുന്ന ഒരു സ്ത്രീയെ ചൂണ്ടി അമ്മ എന്ന് പറഞ്ഞു ആ സ്ത്രീയുടെ മടിയിൽ നാല് വയസ്സോളം പ്രായമുള്ള ഒരു പെൺകുട്ടിയുമുണ്ടായിരുന്നു അത് കണ്ട ഉപ്പയും കൃഷ്ണേട്ടനും അവന്റെ കൈ പിടിച്ച് അവരുടെ അടുത്തേക്ക് പോയി
അവരും തീരെ അവശരായിരുന്നു ആ മോളാണെങ്കിൽ വിശന്നു വാടിത്തളർന്നിരിക്കുകയാണെന്നു കണ്ടാൽ മനസ്സിലാവുമായിരുന്നു ഇടയ്ക്ക് മോൾ ഉണർന്നു കരയുന്നുമുണ്ട് അത് കണ്ട ആ അമ്മ മോളെ ആശ്വസിപ്പിക്കും അത് കണ്ടപ്പോൾ ഉപ്പയും കൃഷ്ണേട്ടനും അവരോടു കാര്യം പറഞ്ഞ് കൃഷ്ണേട്ടന്റെ ഓട്ടോറിക്ഷയിൽ തൊട്ടടുത്തുള്ള ബീച്ച് ആശുപത്രിക്കുമുമ്പിലുള്ള ഹോട്ടലിലേക്കവരെ കൂട്ടിക്കൊണ്ടുപോയി ആ അമ്മയ്ക്കും മക്കൾക്കും വയറു നിറയെ ഭക്ഷണം വാങ്ങിക്കൊടുത്തു എന്നിട്ട് അവരെ പറ്റിയുള്ള കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു ആദ്യം അവർ ഒന്നും പറയാൻ കൂട്ടാക്കിയില്ല പിന്നെ കരഞ്ഞുകൊണ്ടായിരുന്നു അവർ എല്ലാം തുറന്നു പറഞ്ഞത് ഭർത്താവ് ഉപേക്ഷിച്ച ആ സ്ത്രീക്ക് ബന്ധുക്കളെന്ന് പറയാൻ ആരുമില്ലായിരുന്നു അച്ഛനും അമ്മയും നേരത്തെ മരിച്ചിരുന്നു ഒറ്റമകളായിരുന്നു ലക്ഷ്മി എന്നായിരുന്നു അവരുടെ പേര്
(ബന്ധുക്കൾ ഉണ്ടായിട്ടും അവരോട് സഹായം അഭ്യർത്ഥിച്ച് അവരുടെ വീടുകളിൽ ചെന്നപ്പോൾ ആട്ടിപ്പുറത്താക്കുകയായിരുന്നു അങ്ങിനെയാണവർക്ക് തന്റെ മക്കളെയും കൂട്ടി പെരുവഴിയിലിറങ്ങേണ്ടി വന്നത് )
താമസിക്കാൻ വീടുപോലുമില്ലാത്ത അവർ റെയിൽവേ സ്റ്റേഷനിലെ പോർട്ടർമാരുടെ കരുണയിൽ രാത്രി കാലങ്ങളിൽ പ്ലാറ്റ് ഫോമിൽ ആയിരുന്നു കിടന്നിരുന്നത് പകൽ അവർ പുറത്തിറങ്ങി ബീച്ചിലും മറ്റും ഭിക്ഷ യാചിച്ച് കിട്ടുന്ന പെെസ കൊണ്ട് അവർക്കും മക്കൾക്കുമുള്ള ഭക്ഷണസാധനങ്ങളൊക്കെ വാങ്ങും അതൊക്കെ കഴിച്ച് സൂര്യൻ അസ്തമിക്കുന്നത് വരെ ബീച്ചിലിരിക്കും അത് കഴിഞ്ഞാൽ നേരെ റെയിൽവേ സ്റ്റേഷനിലേക്ക് പോവും അങ്ങനെയാണവർ ദിവസങ്ങൾ തള്ളി നീക്കിയത്
ഒാട്ടോ ഡ്രെെവർമാരായിരുന്ന ഉപ്പയും കൃഷ്ണേട്ടനും ഡ്രെെവർമാരായ മറ്റു കൂട്ടുകാരോടൊക്കെ അവരെ പറ്റി പറഞ്ഞ് എങ്ങനെയെങ്കിലും നമുക്ക് അവരെ സഹായിക്കണമെന്നും അവർക്ക് താമസിക്കാൻ ഒരു ചെറിയ വീട് വാങ്ങി കൊടുക്കണമെന്നും പറഞ്ഞുറപ്പിച്ചശേഷം ഉപ്പയും കൃഷ്ണേട്ടനും രാത്രി റെയിൽവേ സ്റ്റേഷനിലേക്ക് പോയി അവരെ കണ്ട് കാര്യങ്ങൾ പറഞ്ഞു
അവരെ അവിടെ താമസിപ്പിച്ച പോർട്ടർമാരും സഹായിക്കാമെന്നേറ്റതോടെ അവരൊത്തൊരുമിച്ച് കുറച്ച് ക്യാഷ് റെഡിയാക്കി അത് പോരാതെ വന്നപ്പോൾ നല്ലവരായ നാട്ടുകാരോടൊക്കെ അവർ സഹായം അഭ്യർത്ഥിച്ചു അങ്ങനെ ഒരാഴ്ച്ചക്കകം ആ അമ്മയ്ക്കും മക്കൾക്കും താമസിക്കാൻ പഴയതെങ്കിലും സുരക്ഷിതമായ നല്ലൊരു ഒരു ചെറിയ വീട് കണ്ടെത്തി കാര്യം അറിഞ്ഞ ആ വീടിന്റെ ഉടമ ആ വീടിനു പറഞ്ഞ വിലയിൽ പകുതി മാത്രമാണ് വാങ്ങിയത് ബാക്കി പൈസയിൽ നിന്ന് കുറച്ച് വീട്ടിലേക്കുള്ള അത്യാവശ്യ സാധനങ്ങളൊക്കെ വാങ്ങി സഹായിക്കാൻ ആ വീടിന്റെ ഉടമയും കൂടി
കുറച്ചു ദിവസത്തേക്കുള്ള ഭക്ഷണസാധനങ്ങളൊക്കെ ഉപ്പയും കൃഷ്ണേട്ടനും അവരുടെ വണ്ടിയിൽ പോയി വാങ്ങി ആ വീട്ടിലെത്തിച്ചു ഉപ്പ ആ സ്ത്രീയോട് നിങ്ങൾക്ക് ഇനി ഒരു ജോലി കൂടി ശരിയാക്കി തരുന്നുണ്ട് പിന്നെ മക്കളെ സ്കൂളിൽ ചേർക്കണം അത് കൂടി ചെയ്ത് തന്നാലേ ഞങ്ങൾക്ക് സന്തോഷമാവൂ യാത്ര പറഞ്ഞ് പുറത്തിറങ്ങാൻ നേരം ആ സ്ത്രീ പൊട്ടിക്കരയുകയായിരുന്നു എങ്ങിനെ നന്ദി പറയേണ്ടതെന്നറിയാതെ ഉപ്പയും കൃഷ്ണേട്ടനും അവരെ ആശ്വസിപ്പിച്ചു എന്ത് സഹായം വേണമെങ്കിലും ചോദിക്കാം ഞങ്ങൾ ബീച്ച് ആശുപത്രിക്കു മുമ്പിലെ ഓട്ടോ സ്റ്റാന്റിലുണ്ടാവും കേട്ടോ ആ കുഞ്ഞു മക്കളെ ചേർത്ത് പിടിച്ചു അവരോട് യാത്ര പറഞ്ഞ് ഉപ്പയും കൃഷ്ണേട്ടനും സന്തോഷത്തോടെ ആ വീട്ടിൽ നിന്നിറങ്ങി
ദാനം മഹത്തരമാവുന്നത് അത് അർഹതപ്പെട്ടവരുടെ കൈകളിൽ എത്തിച്ചേരുമ്പോഴാണ്