ഒന്നര ലക്ഷം ചിലവ് വരുന്ന പദ്ധതിക്ക് നാൽപ്പത് ലക്ഷത്തിന്റെ അടങ്കൽ തുക

180
Rafeeque Mohamed
അത്താഴപ്പഷ്ണിക്കാരന്റെ ഖജനാവിൽ നിന്ന് മാണിസാറിന്റെ സ്മരണക്ക് അഞ്ച് കോടിയെടുത്ത് കരിങ്കോഴിക്കൽ തറവാട്ടുകാരുടെ അണ്ണാക്കിൽ തള്ളുമ്പോൾ ഓർമ്മ വരുന്നത് കോഴിക്കോട്ടെ പള്ളിപ്പുറത്ത് കുറച്ച് കാലം മുമ്പ് നാട്ടുകാർ അവിടെ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഉദ്ദണ്ഡൻ എന്ന തെരുവ്നായക്ക് പണിത സ്മാരകമാണ്.
കേരളത്തിലെ ഒന്നൊഴിയാതെ എല്ലാ എംപി എംഎൽഎ പ്രഭൃതികളും ഭരണകാലത്ത് സ്വന്തം സ്മാരകങ്ങൾ പണിത് വെക്കുന്നുണ്ട്. ഒന്നര ലക്ഷം ചിലവ് വരുന്ന പദ്ധതിക്ക് നാൽപ്പത് ലക്ഷത്തിന്റെ അടങ്കൽ തുക പാസാക്കി അതിൽ ഏറെയും പുട്ടടിച്ചും വീതം വെച്ചും ബാക്കിയുള്ള എച്ചിലിൽ നിന്നും പണി മുഴുവൻ തീർന്നാലോ തീർന്നില്ലെങ്കിലോ സ്വന്തം പേര് വെണ്ടക്ക അക്ഷരത്തിൽ കൊത്തിവെക്കാൻ ഉളുപ്പില്ലാത്തവർക്ക് ഇനിയും കോടികളൊഴുക്കി സ്മാരകങ്ങൾ പണിയിക്കാനുള്ള ഉദ്ദണ്ഡൻമാരെ പുഷ്പവട വെച്ച് അനുസ്മരിക്കണം.
അന്തരിച്ചവരും അന്തരിക്കാനുള്ളവരുമായ ജനപ്രതിനിധികളോടും അനുയായികളോടും കുടുംബക്കാരോടും ഒന്നേ പറയാനുള്ളൂ. നിങ്ങളുടെ ചെയ്തികൾ ജനങ്ങൾ ഇഷ്ടപ്പെടുന്നുവെങ്കിൽ നിങ്ങൾക്കുള്ള സ്മാരകം ജന്മനസ്സുകളിലാണ്. ജീവിച്ചിരുന്ന കാലത്ത് ചെയ്യാവുന്നതൊക്കെ ചെയ്തു ചത്തു കഴിഞ്ഞും ഇരക്കുന്നവനെ തുരന്ന് സ്മാരകം വേണമെന്ന് നിർബന്ധം പിടിക്കുകയാണെങ്കിൽ ഉദ്ദണ്ഡൻ നായക്കും നിങ്ങൾക്കും തെരുവിൽ അവശേഷിക്കുന്നത് ഒരേ ലെവലാണ്.