ആചാരങ്ങൾ ചാരമാവുന്നത്, അഥവാ ഉടായിപ്പ് വിശ്വാസങ്ങൾ (അധ്യായം1 – മുസ്ലിം വേർഷൻ)

0
431

Rafeeque Mohamed

ശബരിമല കേസിൽ കോടതി വലിയ ബഞ്ച് തേടി പോയതിനാൽ തൽക്കാലം എല്ലാം ഒന്നടങ്ങിയത് കൊണ്ട് ആചാരങ്ങളുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ വീണ്ടും പറയണമെന്ന് തോന്നുന്നു. കഴിഞ്ഞ കൊല്ലം പറഞ്ഞതാണ്. ചില കാര്യങ്ങൾ ചിലരോട് പറഞ്ഞതന്നെ പറഞ്ഞോണ്ടിരിക്കണം. എങ്ങാനും നേരം വെളുത്താലോ.

ആചാരങ്ങൾ ചാരമാവുന്നത്, അഥവാ ഉടായിപ്പ് വിശ്വാസങ്ങൾ
(അധ്യായം1 – മുസ്ലിം വേർഷൻ)

ബുദ്ധിയുറക്കാത്ത ചെറുപ്രായത്തിൽ ഞാൻ ഒരു മാതൃകാബാലൻ ആയിരുന്നു. ആവശ്യത്തിൽ കൂടുതൽ സൽസ്വഭാവവും വിനയവും മതവിദ്യാഭ്യാസ പഠനവും സജ്ജന സമ്പർക്കവും ഒക്കെ ഉണ്ടായിരുന്ന കാലം. സാധാരണ കുട്ടികൾ മദ്രസ്സ വിദ്യാഭ്യാസം 5ക്‌ളാസിൽ നിർത്തുമ്പോൾ അതും പോരാഞ്ഞു രാത്രി നമസ്കാരത്തിന് ശേഷം ദർസിൽ മതപഠനം നടത്താൻ പോയി കുറ്റാക്കൂരിരുട്ടത്ത് പാടവരമ്പിലൂടെ ഒറ്റക്ക് വീട്ടിലേക്ക് തിരിച്ചു നടന്നു ലോകത്തുള്ള സകല ഇബ്ലീസ്, മാടൻ, മറുത, ചാത്തൻ, ശൈത്താൻ എന്നിവരെ വെല്ലു വിളിച്ചു നടന്നിരുന്ന കാലം. ചുരുക്കത്തിൽ സ്വർഗത്തിലേക്ക് കോംപ്ലിമെന്ററി പാസ് കൺഫേം ചെയ്ത അഹംഭാവത്തിൽ അവിശ്വാസികളോട് എംപതിയും സിംപതിയും മനസ്സ് തുളുമ്പി നിന്നിരുന്ന ജൂനിയർ മഹാനവർകൾ ഇൻ ദി മേക്കിങ്.

അന്ന് അകന്ന ഒരു ബന്ധുവീട്ടിൽ സ്ഥിരമായി ഒരു മുസ്‌ലിയാർ വരാറുണ്ട്. മുസ്ലിയാക്കന്മാരോട് വലിയ വിശ്വാസം ഉള്ള ഒരു വെല്ലിമ്മ അവിടെ ഉണ്ടായിരുന്നു. വീട്ടിൽ ആർക്ക് എന്ത് അസുഖം വന്നാലും ഡോക്ടറെ കാണിക്കുന്നതിന് പകരം മുസ്ലിയാരെ കാണിച്ചു അറബിക് സൂക്തങ്ങൾ എഴുതിയ ഒരു പാത്രത്തിൽ മുസ്‌ലിയാർ ഊതിയ വെള്ളം കുടിച്ചാൽ എല്ലാ മുസീബത്തും മാറുമെന്ന് വിശ്വസിച്ചിരുന്ന ഒരു വെല്ലിമ്മ. കൂട്ടത്തിൽ എന്തെങ്കിലും വസ്തുക്കൾ വീട്ടിൽ നിന്ന് കാണാതായാൽ വെറ്റില നോക്കുക, മഷിയിട്ടു നോക്കുക എന്ന അത്ഭുത വിദ്യയിലും ഈ മുസ്‌ലിയാർ അഗ്രഗണ്യനായിരുന്നു. പൊതുവെ മാജിക്കിൽ താല്പര്യമുള്ള ഏതു കുട്ടിയേയും പോലെ ഞാനും പതിയെ മുസ്ലിയാരുടെ ഫാൻ ആയി മാറി. എന്നിരുന്നാലും ഉള്ളിന്റെ ഉള്ളിൽ എന്തോ ഒരു കൊനുഷ്ട് തോന്നിയിരുന്നത് കൊണ്ട് ഒരു ദിവസം മൊയ്‌ല്യാരെ പരീക്ഷിക്കാൻ മൂപ്പരുടെ കണ്ണട ഒളിപ്പിച്ചു വെച്ചു. അത് കണ്ടുപിടിക്കാൻ മഷിയൊന്നും ചെലവാക്കാതെ മൂപ്പർ വീട് മുഴുവൻ അരിച്ചു പെറുക്കിയപ്പോൾ എന്തോ ഒരു ഉടായിപ്പ് മണത്ത ആ നിഷ്കളങ്ക ബാലൻ മൊയ്‌ല്യാരോട് ചോദിച്ചു: ‘അല്ലയോ മൊയ്‌ല്യാരെ, എന്താ നിങ്ങടെ കണ്ണട മഷിയിൽ പെടില്ലേ’? “ഓടെടാ ഹിമാറെ” എന്ന് മൊയ്‌ല്യാർ അനുഗ്രഹിച്ചു ഓടിച്ചത് മുതൽ നമ്മളുടെ തലയിൽ ബൾബ് കത്തി. വെല്ലിമ്മ ഒന്നും മിണ്ടാതെയുള്ള ഒരു നോട്ടത്തിലൂടെ എന്നെ കുറ്റപ്പെടുത്തുകയും ചെയ്തു.

പിന്നെ കുറച്ചു കൊല്ലങ്ങൾക്ക് ശേഷം മൊയ്‌ല്യാരെ വഴിയിൽ വെച്ച് കണ്ടു. സ്നേഹത്തോടെ കുശലം പറഞ്ഞിരിക്കുന്നതിനിടയിൽ ഞാൻ വീണ്ടും വെറ്റിലയും പിഞ്ഞാണവും എടുത്തിട്ടു. അന്നേരം അദ്ദേഹം സത്യം പറഞ്ഞു. ” മോനെ, അവർക്ക് അതുകൊണ്ടു അസുഖം ബേധമായി എന്ന് തോന്നലുണ്ട്, എനിക്ക് വയറ്റിപിഴപ്പും നടക്കും. പിന്നെ നീ എന്തിനാ അത് വിഷയമാക്കുന്നത്”. സത്യത്തിൽ ആ പാവത്തിന്റെ അവസ്ഥയോർത് വിഷമം തോന്നുകയും ഊണുമുറക്കവും ഉപേക്ഷിച്ചു 24മണിക്കൂറും പടച്ചോന് വേണ്ടി സന്നദ്ധ സേവനം നടത്തുന്ന പാവം മൊയ്‌ല്യാക്കന്മാരെ ഇത്തരം ഉഡായിപ്പുകളിലേക്ക് തള്ളിവിടേണ്ട സാഹചര്യം ഉണ്ടാക്കിയ പടച്ചോനോട് ചെറിയൊരു നീരസവും തോന്നി.

കാലം കുറെ കടന്നു പോയി. ആറാട്ടുപുഴയിൽ കുറെ വെള്ളം ഒഴുകിപോയി. കുറച്ചു നാൾ മുൻപ് ഈ വെല്ലിമ്മ അസുഖമായി കിടക്കുന്പോൾ കാണാൻ പോയിരുന്നു. കെട്ടിപിടിച്ചു സ്നേഹപ്രകടനം ഒക്കെ കഴിഞ്ഞു മൂപ്പർ അസുഖവിവരമൊക്കെ വ്യസനത്തോടെ വിവരിക്കുന്പോൾ നമ്മുടെ ട്രേഡ്മാർക് നാക്ക് സ്‌നേഹത്തോടെ ചോദിച്ചു. “വെല്ലിമ്മ, നമുക്ക് ആ പഴയ മൊയ്‌ല്യാരെ വിളിച്ചു ഒരു പിഞ്ഞാണം എഴുതിച്ചാലോ”. നിസ്സഹായതയോടെയുള്ള വെല്ലിമ്മയുടെ ആ കണ്ണിറുക്കി ചിരിയിൽ ആരുടെയൊക്കെയോ വാക്കു കേട്ട് അനുവർത്തിച്ചു പോന്ന അനാചാരങ്ങളോടും അന്ധവിശ്വാസങ്ങളോടുമുള്ള ഒരു തലമുറയുടെ മുഴുവൻ കുറ്റബോധവും പശ്ചാത്താപവുമുണ്ടായിരുന്നു.

ഇന്ന് മഷിനോട്ടവും പിഞ്ഞാണമെഴുത്തും ഒക്കെ ഒരു കോമഡിയായി കാണുന്ന തലമുറ ഒരുകാലത്തു ഇത് കട്ട സീരിയസ് ആചാരങ്ങൾ ആയിരുന്നെന്നു മറക്കരുത്. ഇത്രയേ ഉള്ളൂ ഏതു ആചാരങ്ങളുടെയും ലൈഫ്. കാലം തെറ്റിയാൽ ആചാരങ്ങളോക്കെ ഡമാർ പഡാർ !!!

അനുബന്ധം : അമേരിക്കയിലെ അലക്‌സാൻഡ്രിയ സർവ്വകലാശാലയിൽ തീയോളജി ശാസ്ത്രജ്ഞനായ സർ മൈക്കിൾ ഷൂമാക്കർ തന്റെ ‘ആചാരങ്ങളുടെ ഉത്ഭവങ്ങൾ’ (The Holy Birth of Rituals) എന്ന പര്യവേക്ഷണ ഗ്രന്ഥത്തിൽ തദ്ദേശീയരായ പശുക്കളിൽ ആചാരങ്ങൾ പിറവിയെടുക്കുന്നതിനെക്കുറിച്ചു വിശദീകരിക്കുന്ന ഹ്രസ്വ ചിത്രം.

**