Rafeeque Mohamed

ഇനി വരാനിരിക്കുന്നത് കച്ചവടക്കാരുടെയും ബിസിനസുകാരുടെയും ആത്മഹത്യയുടെ നാളുകൾ

മോഡി ഭാരതത്തിലെ ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രസിദ്ധീകരിച്ചു.  മുൻകാലങ്ങളെ അപേക്ഷിച്ചു വ്യക്തിപരമായ കാരണങ്ങളെക്കാൾ കച്ചവടത്തിലും കൃഷിയിലും വരുന്ന തകർച്ച പലരുടെയും ജീവനെടുക്കാൻ പ്രേരിപ്പിക്കുന്നത് ഭീതിതമായ സൂചകമാണ്.

2018ൽ മാത്രം എണ്ണായിരത്തോളം ബിസിനസുകാർ ആത്മഹത്യ ചെയ്തു. 2017ലെ അപേക്ഷിച്ചു 2018 ൽ 2.7 ശതമാനത്തിന്റെ ആത്മഹത്യ നിരക്ക് വർധനവ് ഉണ്ടായെന്ന് കണക്കുകൾ പറയുന്നു. ആത്മഹത്യ ചെയ്ത വ്യക്തികളുടെ വ്യക്തിവിവരങ്ങളും തൊഴിലും വ്യക്തമാക്കുന്ന റിപ്പോർട്ടാണിത്.

ബ്യുറോയുടെ കണക്കുകൾ പ്രകാരം 2015 ൽ 8780 ബിസിനസുകാർ ആത്മഹത്യ ചെയ്തിരുന്നു. 2016 ൽ ഇത് 8573 ആയി കുറഞ്ഞു. 2017ൽ ഇത് വീണ്ടും കുറഞ്ഞ് 7778 ൽ എത്തി. എന്നാൽ 2018 ൽ വീണ്ടും വർദ്ധിച്ചു എണ്ണായിരത്തോളമായി. ആത്മഹത്യ ചെയ്തവരിൽ 4970 പേരും കടം മൂലമാണ് ആത്മഹത്യ ചെയ്തത്. കട ബാധ്യതകൾ തുടർന്ന് ഏറ്റവും കൂടുതൽ പേർ ആത്മഹത്യ ചെയ്തത് മഹാരാഷ്ട്രയിലാണ്. 1541 പേർ. കർണാടകത്തിൽ 1391 പേരും. ബെംഗളൂരു നഗരത്തിൽ മാത്രം 142 ബിസിനസുകരാണ് കടം മൂടിയതിനെ തുടർന്ന് ആത്മഹത്യ ചെയ്തത്.

രാജ്യമൊട്ടാകെ റിപ്പോർട്ട്‌ ചെയ്യപ്പെട്ട 1,34,516 ആത്മഹത്യകൾ നടന്ന ഇതേ കാലത്ത് 10,349 കർഷകരായിരുന്നു ജീവൻ വെടിഞ്ഞത്. ഇതിൽ പകുതിയിലധികം മഹാരാഷ്ട്ര (17,972), തമിഴ്‌നാട് (13,896), പശ്ചിമ ബംഗാൾ (13,255), മധ്യപ്രദേശ് (11,775), കർണാടക (11,561) എന്നീ അഞ്ച് സംസ്ഥാങ്ങളിൽ നിന്നാണ്.

പല സംസ്ഥാനങ്ങളും വസ്തുതകൾ മറച്ചു വെച്ചു കൃത്രിമ വികസന ഭേരികൾ മുഴക്കാൻ സത്യസന്ധമായ റിപ്പോർട്ട്‌ പൂഴ്ത്തി വെക്കുന്നതും ഇതിനോടൊപ്പം കാണാതെ പോകരുത്. കാർഷിക മേഖല സജീവമായ പല വലിയ സംസ്ഥാനങ്ങളിലും ഒരു കർഷക ആത്മഹത്യ പോലും സംഭവിച്ചിട്ടില്ല എന്ന രേഖകൾ നമ്മൾ തൽക്കാലം വിശ്വസിച്ചേ മതിയാവൂ.

2015 വരെ ക്രൈം ഡാറ്റകളിൽ ആത്മഹത്യകളുടെ കാരണങ്ങളടക്കം വിശദമായ റിപ്പോർട്ട്‌ പ്രസിദ്ധീകരിച്ചിരുന്നിടത്ത് നിന്ന് ഇപ്പോഴത് ഒന്നോ രണ്ടോ വരികളിൽ ചുരുക്കിയെഴുതുന്നതിൽ എത്തി നിൽക്കുന്നു. 2017ലെ റിപ്പോർട്ട്‌ പ്രസിദ്ധീകരിച്ചിട്ടേയില്ല. മോഡി യുഗത്തിൽ ഇനിയെത്ര കാലം ഇത്തരം വസ്തുനിഷ്ഠമായ സർക്കാർ കണക്കുകൾ പ്രസിദ്ധീകരിക്കപ്പെടുമെന്നതും ചോദ്യചിഹ്നമായി അവശേഷിക്കുന്നു.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.