ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്‍മീരിൽ സാമ്പത്തിക രംഗത്ത് എന്ത് സംഭവിക്കുന്നു. അറിയാതെ പോകുന്ന യാഥാർഥ്യങ്ങൾ

116
Rafeeque Mohamed
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിൽ സാമ്പത്തിക രംഗത്ത് എന്ത് സംഭവിക്കുന്നു. അറിയാതെ പോകുന്ന യാഥാർഥ്യങ്ങൾ :
കഴിഞ്ഞ ആഗസ്റ്റിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കേവലം 4 മാസത്തിനുള്ളിൽ കശ്മീരിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് നേരിട്ട നഷ്ടം 17,878 കോടി രൂപ.ആഗസ്ത് 5 ന് ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിന് ശേഷം ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് സമഗ്രമായ കശ്മീർ ചേംബർ ഓഫ് കൊമേഴ്‌സിന്റെ റിപ്പോർട്ടിൽ ആണ് ഈ പരാമർശം. ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു കശ്മീരിൽ നിന്ന് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങൾ സൃഷ്ടിക്കുകയും ചെയ്തതിനെത്തുടർന്ന് കശ്മീർ സമ്പദ്‌വ്യവസ്ഥയ്ക്ക് നാലുമാസത്തെ നിയന്ത്രണങ്ങളും താഴ്‌വാരം അടച്ചുപൂട്ടലും മൂലമാണ് ഈ ദുരന്തവും സംഭവിച്ചത്. 2017 ലെ ജമ്മു കശ്മീരിലെ മൊത്ത ആഭ്യന്തര ഉൽപാദനത്തെ അടിസ്ഥാനമാക്കിയാണ് നഷ്ടം കണക്കാക്കിയത്. ജമ്മു കശ്മീരിലെ മൊത്തം ജനസംഖ്യയുടെ 55 ശതമാനം വരുന്ന കശ്മീർ താഴ്‌വരയിലെ 10 ജില്ലകളിലാണ് പഠനം നടത്തിയത്.
ടൂറിസം, ഹൗസ് ബോട്ടുകൾ, ഹോട്ടലുകൾ, ട്രാൻസ്പോർട്ട്, അഡ്വഞ്ചർ സ്പോർട്സ്, മറ്റ് അനുബന്ധ മേഖലകൾ എന്നിവ പാടെ നിശ്ചലമായിരുക്കുന്നു. ലക്ഷക്കണക്കിന് ആളുകളുടെ തൊഴിൽ നഷ്ടപ്പെട്ടു. ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ലോൺ എടുത്തവർ തിരിച്ചടവിന് ബുദ്ധിമുട്ടുന്നു. പല ബിസിനസ്സ് സ്ഥാപനങ്ങളും നിവൃത്തിയില്ലാതെ അടച്ചുപൂട്ടി. പലരും ഉടനെ തന്നെ അടച്ചുപൂട്ടലിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നു. ഇൻഫർമേഷൻ ടെക്നോളജി, ഇ-കൊമേഴ്‌സ് തുടങ്ങിയ ഇന്റർനെറ്റിനെ നേരിട്ട് ആശ്രയിക്കുന്ന മേഖലകൾ ഇന്റർനെറ്റ്‌ നിരോധനം മൂലം തകർക്കപ്പെട്ടു. ആപ്പിൾ വാങ്ങുന്നതിനായി 8,000 കോടി രൂപ നീക്കിവച്ചിരുന്ന ഹോർട്ടികൾച്ചർ മേഖലയിലെ സർക്കാർ ഇടപെടൽ നിശ്ചലമായി. ഫലം, കർഷകർക്കിടയിൽ പരിഭ്രാന്തിയും വിലക്കയറ്റവും. നഷ്ടം വിലയിരുത്തുന്നതിനോ നിസ്സഹായരായ കർഷകരെ സഹായിക്കുന്നതിനോ ഒരു നടപടിയും ഇതുവരെ നടത്തിയിട്ടില്ല. ടൂറിസം മേഖലയെപ്പോലെ കരകൗശല ത്തൊഴിലാളികൾക്കും നെയ്ത്തുകാർക്കും തൊഴിൽ നഷ്ടമായി. ബാങ്ക് വായ്പ്പയെടുത്ത പലരും ഏത് നിമിഷവും പാപ്പരായേക്കാം.
ഇരുമ്പ് മറക്കപ്പുറത്തെ പരിമിതമായ വിവരങ്ങൾ വെച്ച് കശ്മീരിലെ സാമ്പത്തിക രംഗം ഇത്ര ഗുരുതരമായ അവസ്ഥയിലൂടെയാണ് പോകുന്നതെന്ന് അറിയുന്നതെങ്കിൽ നിയന്ത്രണങ്ങൾ മാറിയാൽ രാജ്യം അറിയാൻ പോകുന്ന കാര്യങ്ങൾ എത്ര ഭീതിതമായിരിക്കും. പൗര സ്വാതന്ത്രത്തെക്കുറിച്ചും മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചും ആലോചിക്കാതിരിക്കുന്നതാവും നല്ലത്.
ധാർഷ്ട്യത്തിന്റെയും ധിക്കാരത്തിൻെറയും വെറുപ്പിന്റെയും ക്രൂരതയുടെയും അടിച്ചമർത്തലിന്റെയും വിഭാഗീയതയുടെയും പ്രതിരൂപമായ ഒരു ഭരണകൂടം സ്വന്തം പൗരന്മാരെ ശത്രുക്കളായി കണ്ട് രാജ്യത്തിന്റെ സകല മേഖലകളും ഒന്നൊന്നായി തകർത്തു കൊണ്ടിരിക്കുന്നത് ഇങ്ങനെയൊക്കെയാണ്.
Advertisements