Rafeeque Mohamed ന്റെ പോസ്റ്റ്

അതിരാവിലെ ഒരു കൂട്ടുകാരിയുടെ മെസ്സേജ്.
“ഡാ, ഞാൻ പോസിറ്റീവാണ്”
തിരിച്ചു മറുപടി അയച്ചു. “അഭിനന്ദനങ്ങൾ”

ആകാശത്തുകൂടെ പോകുന്ന വയ്യാവേലിയെ ക്ഷണിച്ചുവരുത്തി ഇറച്ചിയും പത്തിരിയും അടപ്രഥമനും വിളമ്പി തലയിൽ വയ്ക്കുന്ന ആളുകൾക്ക് അഭിനന്ദനങ്ങൾ എന്നല്ലാതെ മറിച്ച് എന്താണ് മറുപടി കൊടുക്കുന്നത്.കൂട്ടുകാരി പാവമാണ്, സ്നേഹമുള്ളവളാണ്, സൽക്കാര പ്രിയയാണ്. ബന്ധു ബലമുള്ളവളാണ്. വീടിനു ചുറ്റും ഭർത്താവിന്റെ പത്തിരുപത് ബന്ധുക്കൾ തന്നെ താമസിക്കുന്നുണ്ട്. എല്ലാവരും നല്ല സ്നേഹമുള്ള ആൾക്കാർ, എപ്പോഴും അങ്ങോട്ടുമിങ്ങോട്ടും പോയി വരും. ഏതെങ്കിലും വീട്ടിൽ എന്തെങ്കിലും വിശേഷപ്പെട്ടത് ഉണ്ടാക്കിയാൽ അങ്ങോട്ടുമിങ്ങോട്ടും കൊടുത്തയക്കും. മിക്കവാറും എല്ലാ വീട്ടിലെയും കുട്ടികൾ കളിയും പഠിപ്പുമൊക്കെ ഒരുമിച്ചാണ്, മാതൃക കുടുംബങ്ങൾ.

കൂട്ടുകാരിയുടെയും കുടുംബത്തിന്റെയും ഈ ഗുണഗണങ്ങൾ അറിയുന്നതുകൊണ്ട് തന്നെ കഴിഞ്ഞ വർഷം കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോൾ മറ്റെല്ലാവരെയും പോലെ അവൾക്കും മുന്നറിയിപ്പ് കൊടുത്തിരുന്നു. കാര്യത്തിലെ ഗൗരവം അറിഞ്ഞ അവരെല്ലാവരും ഒരു വർഷത്തോളം പുറത്തിറങ്ങാതെ കുടുംബ വീടുകളിൽ പോകാതെയും ചടങ്ങുകളിൽ പങ്കെടുക്കുകയും ഒരുവർഷം തള്ളിനീക്കി. മറ്റ് പലരെയും പോലെ സൂം കാളുകൾ വരെ പരീക്ഷിച്ചു ആശ്വാസം കണ്ടെത്തിയ നാളുകൾ. കൊറോണോ ഒന്ന് ശമിച്ചുവെന്ന് നമ്മളെല്ലാം കരുതിയ നാളുകളിലാണ് അവരും പുറത്തിറങ്ങി തുടങ്ങിയത്. അന്നും ഞാൻ പറഞ്ഞു, “ഒന്നും അവസാനിച്ചിട്ടില്ല, തുടങ്ങിയിട്ടേയുള്ളൂ. സൂക്ഷിക്കണം”.

മൂന്നാലു മാസം മുമ്പ് ഞാൻ വീണ്ടും വിളിച്ചു പറഞ്ഞു. ലോകത്തിന്റെ പല ഭാഗത്തും രണ്ടാം വ്യാപനം തുടങ്ങിക്കഴിഞ്ഞു, അതിശക്തമായതാണ്, ശ്രദ്ധിക്കണം. അന്ന് അവൾ തിരിച്ചു പറഞ്ഞു. “കഴിഞ്ഞ ഒരു വർഷം വന്നില്ല, ഇക്കൊല്ലം എന്തായാലും വരും. എത്രനാൾ എന്നുവെച്ച് അടച്ചുപൂട്ടി ഇരിക്കുക. അത്യാവശ്യങ്ങൾക്ക് പുറത്തിറങ്ങേണ്ടേ, വീട്ടിലെ കാര്യങ്ങൾ നടക്കേണ്ടേ. കൊറോണയെ പേടിച്ച് എത്രനാൾ അടച്ചുപൂട്ടി ഇരിക്കും”.

ജീവിതം സാധാരണ നിലയിലായി. വീണ്ടും ബന്ധുക്കളുടെ വീട്ടിൽ പോകും, അവർ ഇവിടെയും വരും. ഇടയ്ക്കിടെ വിരുന്ന് സൽക്കാരങ്ങൾ. സൽക്കാരങ്ങളുടെ പടങ്ങൾ അയച്ചു തരുമ്പോൾ ഞാൻ പറയാറുണ്ട്. “കഴിയാവുന്നതും ഒഴിവാക്കാൻ പറ്റാവുന്ന ചടങ്ങുകളും വിരുന്നുകളും ഒഴിവാക്കുക. നിർബന്ധമായി പോകേണ്ടി വന്നാലും എല്ലാവരോടും ഒരു കൈയകലത്തിൽ നിൽക്കുക. ആരെയും തൊട്ടും പിടിച്ചും കെട്ടിപ്പിടിച്ചും സംസാരിക്കാനൊന്നും നിൽക്കണ്ട”.

അപ്പോഴും അവൾ പറഞ്ഞു “എങ്ങനെയാണ് നമ്മുടെ ആളുകളോടും ബന്ധുക്കാരോടും നാത്തൂന്മാരോടുമൊക്കെ ഇങ്ങോട്ട് വരണ്ട എന്ന് പറയുക. എങ്ങനെയാണ് അവരെ കണ്ടാൽ അടുത്തു നിൽക്കാതെ സംസാരിക്കാൻ പറ്റുക, അവർ എന്തു കരുതും. നമ്മൾ അവരെ മോശമായി കാണുന്നതുകൊണ്ടാണ് നമ്മൾ അവിടുന്നു അകന്നുനിൽക്കുന്നതെന്ന് അവർ കരുതില്ലേ. കൊറോണ കഴിഞ്ഞാലും ഇവരെയൊക്കെ കാണാൻ ഉള്ളതാണ്, അന്ന് അവർ നമ്മളെ തള്ളി പറയാൻ പാടില്ലല്ലോ”.കണ്ടറിയാത്തവൻ കൊണ്ടറിയുമ്പോൾ പഠിക്കും എന്ന് പറഞ്ഞു സംസാരം നിർത്തി. രണ്ടാഴ്ച മുൻപ് വിളിച്ചപ്പോൾ അവൾ പറഞ്ഞു “അകലെ താമസിക്കുന്ന നാത്തൂൻ വീട്ടിൽ വന്നിരുന്നു. അവൾക്ക് ചെറുതായിട്ട് ജലദോഷമുണ്ട്. എല്ലായിടത്തും കയറിയിട്ടാണ് പോയത്”.ഞാൻ ചോദിച്ചു “നീ അടുത്തു നിന്നു സംസാരിച്ചിരുന്നോ “.
“പിന്നേ, അടുത്ത് ചെന്ന് സംസാരിച്ചില്ലെങ്കിൽ അവൾ എന്ത് കരുതും. മറ്റുള്ളവരോടൊക്കെ പറയില്ലേ, അവൾ വന്നിട്ട് ഞാൻ മൈൻഡ് ചെയ്തില്ല എന്ന്”.

കുറച്ചു ദിവസം കഴിഞ്ഞപ്പോ കൂട്ടുകാരിയുടെ മെസ്സേജൊന്നും കാണാതായപ്പോൾ ഞാൻ തിരിച്ചു ചോദിച്ചു. “എന്താ വിശേഷം”. കൂട്ടുകാരിയുടെ നാത്തൂന് പനിയാണ്, മോൾക്കും പനിയാണ്. ടെസ്റ്റ് ചെയ്യാൻ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു. പിറ്റേദിവസം കൂട്ടുകാരി വിളിച്ചു പറഞ്ഞു, നാത്തൂനും മക്കളും പോസിറ്റീവ് ആണ്. അവിടന്ന് ഒരാഴ്ച കൊണ്ട് ഈ കൂട്ടുകാരിയടക്കം അവരുടെ നാലഞ്ചു ബന്ധു വീടുകളിൽ നിറയെ പനിയും ജലദോഷവുമായി തുടങ്ങി, ഇതുവരെ ടെസ്റ്റ്‌ ചെയ്തതിൽ അഞ്ചെട്ടുപേർ പോസിറ്റീവ്.
ഈ കഥ ഇവിടെ പറഞ്ഞത് എന്താണെന്ന് വെച്ചാൽ നോമ്പുകാലമാണ്, പൂരക്കാലമാണ്, പെരുന്നാൾ കാലമാണ്. നമ്മൾ മലയാളികൾ ബന്ധു സ്നേഹമുള്ളവരാണ്. എന്തു ദുരിതം വന്നാലും ആഘോഷം വന്നാലും ബന്ധു വീടുകളിൽ പോവുകയും അവരെ തിരിച്ചു സൽക്കരിക്കുകയും ചെയ്യുന്നത് നമുക്ക് ഒരിക്കലും മാറ്റാൻ കഴിയാത്ത ശീലമാണ്. ഒന്നുമില്ലെങ്കിലും ഇടക്കിടക്ക് നമുക്ക് വേണ്ടപ്പെട്ടവരെ കാണാതെയും വിശേഷങ്ങൾ അറിയാതെയും ഞാനടക്കമുള്ളവർക്ക് ഒരു സുഖവുമുണ്ടാവില്ല.

കഴിഞ്ഞ ഒരു വർഷം നമ്മൾ അടങ്ങിയൊതുങ്ങി അനുസരണയോടെ ജീവിച്ചു, അതിനുള്ള ഫലവും കണ്ടു. പിന്നെ നമ്മൾ കരുതി. എത്രനാൾ അടച്ചുപൂട്ടി കഴിയും, മനുഷ്യരല്ലേ ജീവിക്കേണ്ടേ, ബന്ധുക്കളെ കാണേണ്ടേ, ഒരുമിച്ച് കൂടെണ്ടേ. എത്രനാൾ അടച്ചുപൂട്ടി കഴിയും. ആ മൂഢ ചിന്തയുടെ ഫലമാണ് നാമിപ്പോൾ കാണുന്നത്. പണ്ടെല്ലാം ഒരു ദിവസം ആയിരത്തിൽ താഴെ പോസിറ്റീവ് കേസുകൾ സംസ്ഥാനമൊട്ടാകെ റിപ്പോർട്ട് ചെയ്യുമ്പോൾ ഞെട്ടിയിരുന്ന നമ്മൾ ഇപ്പോൾ ദിവസവും മുപ്പതിനായിരത്തിനടുത്ത് കേസുകൾ കാണുമ്പോൾ ഒരു മരവിപ്പോടെ ഇരിക്കുന്നത്.

അതുകൊണ്ട് പ്രിയമുള്ളവരെ, എനിക്ക് എന്നോടും നിങ്ങളോടും പറയാൻ ഉള്ളത്. കുറച്ചുനാൾ കൂടി സഹിക്കുക, കുറച്ചുനാൾ കൂടി ക്ഷമിക്കുക. ഉദ്ഘാടനവും സദ്യയും വിരുന്നും കുറച്ചുനാൾ കൂടി ക്ഷമിക്കുക. ഇതിന്റെയൊക്കെ ഗൗരവം മനസ്സിലാക്കാത്ത ആരെങ്കിലും വീട്ടിൽ കയറി വരുമ്പോൾ അവര് എന്ത് കരുതും എന്നുകരുതി മിണ്ടാതിരിക്കരുത്. അവരോട് സ്നേഹത്തോടെ പറയുക. “കൊറോണക്കാലമാണ്, നിന്നിൽ നിന്ന് എനിക്ക് പകർന്നില്ലെങ്കിലും എന്നിൽ നിന്ന് നിനക്ക് വരാൻ പാടില്ല. വന്ന് കഴിഞ്ഞു പരിതപിച്ചിട്ട് കാര്യമില്ലല്ലോ, ഓരോ ദിവസവും എത്രായിരം ആളുകൾക്കാണ് അശ്രദ്ധ കൊണ്ട് രോഗം വരുന്നത്, എത്രായിരം പേരാണ് മരിക്കുന്നത്. അവരും നമ്മെപ്പോലുള്ളവരായിരുന്നു. അവർക്ക് വന്ന ദുരന്തം നമുക്ക് വരാതെ നമുക്ക് ശ്രദ്ധിക്കാം. സന്തോഷമായിരിക്കാം, കുറച്ചു നാൾ കൂടെ ക്ഷമയോടെ കാത്തിരിക്കാം”.
എന്നിട്ടും മനസ്സിലാവാത്ത കഴുത ബന്ധുക്കളോട് മുഖത്ത് നോക്കി പറയണം. “സ്നേഹിച്ചു കൊല്ലരുത്, പ്ലീസ്”

May be an image of outdoors and text that says "MI 三止を 海护 L Ambulances were stuck in the queue for around three hours and patients had no choice but to remain inside the emergency vehicles"

**

You May Also Like

കുടുംബത്തിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവായാൽ ആ കുടുംബത്തെ ഊരുവിലക്കുന്നതാണോ മനുഷ്യത്വം ?

ഏപ്രിൽ 23നായിരുന്നു ഞാനും ഭാര്യയും കോവി ഷീൽഡ് വാക്സിൻ എടുത്തത്. പിറ്റേന്ന് മുതൽ ചെറിയ പനി ഉണ്ടായി. നാലഞ്ചു ദിവസമായിട്ടും പനി വിട്ടുമാറിയില്ല

ഡൽഹിയിൽ നിന്നുള്ള ചില വീഡിയോകൾ കണ്ടു മുഴുമിപ്പിക്കാൻ കഴിയാത്തവിധം നെഞ്ചു തകർക്കുന്നതാണ്

ഡൽഹിയിൽ നിന്നുള്ള ചില വീഡിയോകൾ കാണുകയായിരുന്നു. കണ്ടു മുഴുമിപ്പിക്കാൻ കഴിയാത്തവിധം നെഞ്ചു തകർക്കുന്നതാണ്. ആശുപത്രിയുടെ ഉള്ളിലേക്ക് ഏന്തിവലിഞ്ഞു നോക്കി ജീവൻ

വാക്സിനു പണം ഈടാക്കിയാൽ ഉണ്ടാകുന്ന ദുരന്തം എന്തെന്ന് അറിയാമോ ?

ഒരാൾ വാക്സിൻ സ്വീകരിക്കുന്നത് അയാൾക്കു വേണ്ടി മാത്രമല്ല. അയാളുടെ ചുറ്റുമുള്ളവരുടെ സുരക്ഷ കൂടി ഉറപ്പാക്കാനാണ്. അങ്ങനെ കൂടുതൽ പേർ ചിന്തിച്ചാൽ മാത്രമേ നമുക്ക് ഈ മഹാമാരിയെ അതിജീവിക്കാനാവൂ

എപ്പോഴും കൊവിഡ്, വാക്സിൻ, വെന്റിലേറ്റർ, ഓക്സിജൻ എന്ന് മാത്രം വിചാരിക്കാതെ, പോസിറ്റിവ് ആയ കുറച്ചു ചിന്തകൾ

എപ്പോഴും കൊവിഡ്, വാക്സിൻ, വെന്റിലേറ്റർ, ഓക്സിജൻ എന്ന് മാത്രം ചിന്തിയ്ക്കുമ്പോൾ ഒരു നെഗറ്റീവ് ഫീൽ ആണ്. അത്കൊണ്ട്, മാറി ചിന്തിക്കാം.വർത്തമാന കാലത്തെ അതിജീവിക്കുക