ഒരു പൗരൻ എന്ന നിലയിൽ മനസ്സിലുണ്ടായിരുന്ന ചില ചോദ്യങ്ങളും മോദിജി പറഞ്ഞേക്കാവുന്ന മറുപടിയും

89

Rafeeque Mohamed

കാത്തിരുന്നു കാത്തിരുന്നു അദ്ദേഹം ഇന്നലെ രാവിലെ ടീവിയിൽ വന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ ഇന്ത്യ മഹാരാജ്യത്തെ ഒരു പൗരൻ എന്ന നിലയിൽ മനസ്സിലുണ്ടായിരുന്ന ചില ചോദ്യങ്ങളും അതേ രാജ്യത്തെ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന്റെ സപ്തപദി പ്രതികരണങ്ങളും പ്രതിവിധികളും ചേരും പടി ചേർക്കുന്നു.

ചോ1: കോവിഡ് രോഗവ്യാപനത്തിൽ രാജ്യത്തിന്റെ നിലവിലെ അവസ്ഥ എന്താണ്. പ്രതിരോധത്തിനായി എന്തൊക്കെ ക്രിയാത്മകമായ നടപടികളാണ് സർക്കാർ രാജ്യവ്യാപകമായി സ്വീകരിച്ചിട്ടുള്ളത്.
ഉ1: വീട്ടിലുള്ള പ്രായമുള്ളവരെ സംരക്ഷിക്കുക. കൊറോണയുമായി ബന്ധപ്പെടാതെ സൂക്ഷിക്കുക.

ചോ2: കോവിഡ് വ്യാപനത്തിന്റെ ഹോട്സ്പോട്ടുകൾ തിരിച്ചറിയുന്നതിനോടൊപ്പം രോഗികളെ തിരിച്ചറിയാൻ വ്യാപകമായ ടെസ്റ്റുകളും ആ ടെസ്റ്റുകളിൽ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയ രോഗികളുടെ സഞ്ചാര പാതയും അവരുമായി സമ്പർക്കം പുലർത്തിയ ആളുകളെയും ട്രാക്ക് ചെയ്യാൻ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്?
ഉ2: ലോക്ക് ഡൌൺ, സോഷ്യൽ ഡിസ്റ്റൻസിങ് തുടങ്ങിയ ലക്ഷ്മണരേഖ ലംഘിക്കാ‍തിരിക്കുക.

ചോ3: വിദേശത്ത് കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിൽ തിരിച്ചെത്തിക്കാൻ എന്തെങ്കിലും നടപടികൾ ഉണ്ടാകുമോ?
ഉ3: ഏറെ ത്യാഗം അനുഭവിച്ച ഭാരത ജനതയെ ഈ വേളയിൽ ഞാൻ അഭിനന്ദിക്കുന്നു. ഒരു പട്ടാളക്കാരനെ പോലെ ദൗത്യം നിറവേറ്റുന്ന നിങ്ങളെല്ലാവരെയും ആദരപൂർവം നമിക്കുന്നു. ബൈസാഖിയും ബുദണ്ഡുവും വിഷുവുമെല്ലാം വീട്ടിലിരുന്നു ആഘോഷിക്കുന്നത് അഭിനന്ദനീയമാണ്. എല്ലാവരുടെയും കുടുംബത്തിന് ആശംസകൾ നേരുന്നു.

ചോ4: ഇന്ത്യയിലെ 135 കോടി ജനങ്ങളുടെ കൊറോണ പ്രതിരോധത്തിനും സംരക്ഷണത്തിനും വേണ്ടി കരുതി വെച്ചിരുന്ന അവശ്യ മരുന്നുകൾ അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങി അമേരിക്കയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും ഒറ്റരാത്രി കൊണ്ട് കയറ്റുമതി നിരോധനം നീക്കി വീണ്ടും കയറ്റി അയക്കുന്നതിനു മുമ്പ് ഒരു അടിയന്തിര ഘട്ടത്തിൽ രാജ്യത്തേക്ക് വേണ്ടിവന്നേക്കാവുന്ന മരുന്നുകൾ സംഭരിച്ചു വെച്ചിട്ടുണ്ടോ.
ഉ4: ആയുഷ്മാൻ മന്ത്രാലയം പറയുന്ന ആരോഗ്യ സംരക്ഷണ മാർഗങ്ങൾ പാലിക്കുക. ഉദാ: ചൂടുവെള്ളം കുടിക്കുക.

ചോ5: അടഞ്ഞു കിടക്കുന്ന വ്യവസായ ശാലകൾ തുറക്കുവാൻ എന്തെങ്കിലും നടപടികൾ ഉണ്ടാകുമോ? കോവിഡിന്റെ പേരിൽ ഒരു തൊഴിലാളിയെ പോലും പിരിച്ചു വിടരുതെന്നും ശമ്പളം കുറക്കരുതെന്നും മുടക്കരുതെന്നും ആജ്ഞാപിച്ച അങ്ങ് ചെറുകിട വ്യാപാര വ്യവസായ ശാലകൾക്കും അവിടുത്തെ ജോലിക്കാർക്കും എന്തെങ്കിലും ഗവർമെന്റ് സഹായം നൽകുമെന്ന് പ്രതീക്ഷിക്കാമോ?
ഉ4: രോഗസംക്രമണത്തെ പറ്റി അറിയാൽ ആ‍രോഗ്യസേതു ഡൌൺലോഡ് ചെയ്യുക, മറ്റുള്ളവരെ ഡൌൺലോഡ് ചെയ്യാൻ പ്രേരിപ്പിക്കുക.

ചോ5: ഈ ദുരിത കാലത്തും പല ധനകാര്യ സ്ഥാപനങ്ങളും വായ്പാ തിരിച്ചടവിന് വേണ്ടി ഉപഭോക്താക്കളെ നിര്ബന്ധിക്കുന്നുണ്ട്. ലോക്ക് ഡൌൺ സമയം നീട്ടുന്ന വേളയിൽ അവർക്ക് എന്തെങ്കിലും കൂടുതൽ ഇളവുകൾ പ്രതീക്ഷിക്കാമോ?
ഉ5: നിങ്ങളെ കൊണ്ട് കഴിയുന്നിടത്തോളം പാവങ്ങളെ സഹായിക്കുക. അവർക്ക് ആ‍ഹാരം എത്തിക്കുവാൻ ശ്രമിക്കുക.

ചോ6: കോർപ്പറേറ്റ് കമ്പനികളുടെ CSR ഫണ്ടിൽ നിന്ന് പ്രധാന മന്ത്രിയുടെ പുതുതായി രൂപീകരിച്ച PM CARES ലേക്കുള്ള സംഭാവനകൾക്ക് മാത്രമേ നികുതി ഇളവുകൾ നൽകാനാവൂ എന്ന അങ്ങയുടെ തീരുമാനം മാറ്റി മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്കും കമ്പനി നിയമം ഏഴാം ഷെഡ്യൂൾ പ്രകാരം അനുവദിക്കുകയാണെങ്കിൽ വികേന്ദ്രീകൃത ഭരണ സംവിധാനം നിലനിൽക്കുന്ന ഒരു ഫെഡറൽ റിപ്പബ്ലിക് രാജ്യത്ത് സംഭാവനകൾ ഉദാരമാകുവാനും സാമ്പത്തികമായി ഞെരുക്കം അനുഭവിക്കുന്ന സംസ്ഥാനങ്ങൾക്ക് പാവപ്പെട്ടവർക്കുള്ള സഹായങ്ങൾ എളുപ്പത്തിൽ ഗുണഭോക്താവിന്റെ കൈകളിൽ എത്തിക്കുവാൻ കഴിയും വിധം ആ പുതിയ നിയമം മാറ്റുവാൻ തയ്യാറാകുമോ?
ഉ6: നിങ്ങൾ നിങ്ങളുടെ കൂടെ ജോലി ചെയ്യുന്നവരോടൊപ്പം നിൽക്കുക, അവരുടെ ജോലി കളയാ‍തെ സംരക്ഷിക്കുക.

ചോ7: കോവിഡ് പ്രതിരോധത്തിന് വേണ്ടി രാപകൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് സ്വയം രക്ഷക്ക് വേണ്ട കൂടുതൽ പേർസണൽ പ്രൊട്ടക്ഷൻ ഉപകരണങ്ങൾ എളുപ്പത്തിൽ എത്തിക്കുവാൻ നടപടികൾ സ്വീകരിക്കുമോ?
ഉ7: നമ്മൂടെ കൊറോണ പടയാളികളാ‍യ ഡോക്ടർ, നഴ്സ്, പോലീസുകാർ തുടങ്ങിയവരോട് അവരെയൊക്കെ ബഹുമാനിക്കുകയും അവരോടൊപ്പം നിൽക്കുകയും ചെയ്യുക.

ചോ8: രാജ്യത്തെ പലഭാഗങ്ങളിലും ഇപ്പോഴും സാമൂഹ്യ അകലം പാലിക്കുന്നത് കർശനമായി പാലിക്കപ്പെടുന്നില്ല. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ആരോഗ്യ സ്വയം ഭരണ സ്ഥാപങ്ങൾക്ക് വേണ്ടി പട്ടാളത്തിന്റെ സഹായം ആവശ്യപ്പെടുമോ?
ഉ8: നമ്മുടെ ഈ സാമൂഹ്യ ഐക്യം അംബേദ്കർനുള്ള ശ്രദ്ധാഞ്ജലി ആണ്

ചോ9: ലോകമെമ്പാടും സർവ്വ മേഖലയിലും പ്രശസ്തരായ പണ്ഡിതരെയുംവിദഗ്ധരെയും സംഭാവന നൽകിയ രാജ്യമാണ് ഇന്ത്യ. രാജ്യം അതീവ ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോൾ രാഷ്ട്രീയ ഭിന്നതകളും സങ്കുചിതത്വവും മറന്നു ഒറ്റക്കെട്ടായി നിന്ന് അവരുമായി ചർച്ച ചെയ്തു പ്രതിസന്ധികൾക്ക് പരിഹാരം കാണുവാനുള്ള നടപടികൾ ഉണ്ടാകുമോ?
ഉ9: മേല്പറഞ്ഞതെല്ലാം ചെയ്താൽ നമുക്ക് സുനിശ്ചിതമായി വിജയം പ്രാപിക്കാം.

ചോ10: 135 കോടി ജനസംഖ്യയുള്ള രാജ്യത്ത് അങ്ങ് കഴിഞ്ഞ തവണ പ്രഖ്യാപിച്ച 175000 കോടി ധനസഹായം തീർത്തും അപര്യാപ്തമാണ്. ലോക്ക്ഡൌൺ മേയ് മൂന്ന് വരെ നീട്ടിയതിന്റെ പശ്ചാത്തലത്തിൽ അടിയന്തിരമായി സംസ്ഥാന സർക്കാരുകൾക്ക് കൂടെ മുൻഗണന പ്രകാരം വിനിയോഗിക്കാവുന്ന ധനസഹായ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാമോ?
ഉ10: പുതിയ ഹോട്സ്പോട്ടുകൾ ഉണ്ടാക്കാതെ നോക്കണം. അത് വലിയ വെല്ലുവിളി ഉണ്ടാക്കും. അതുകൊണ്ട് കോവിഡിനെതിരായ യുദ്ധം ശക്തമാക്കണം. ഏപ്രിൽ 20 വരെ കടുത്ത നിയന്ത്രണം ഏർപ്പെടുത്തും. ലോക്ക് ഡൌൺ മേയ് മൂന്ന് വരെ നീട്ടും.

ചോ11: രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോൾ അമേരിക്കയുമായി ഒപ്പ് വെച്ച 155 മില്യൺ ഡോളറിന്റെ ആയുധകരാറിൽ നിന്ന് പിന്മാറുകയോ നീട്ടിവെക്കുകയോ ചെയ്യുമോ?
ഉ11: സാത് ബാതോം മേ ആപ്കാ സാ‍ത്.

ചോ12: 2024ൽ ഭാരതത്തെ 5 ട്രില്യൺ സാമ്പത്തിക ശക്തിയാക്കുമെന്ന് ഞങ്ങൾക്ക് വാഗ്ദാനം നൽകിയിരുന്ന അങ്ങ് കോവിഡ് പ്രതിരോധത്തിന് എന്ത്‌ കൊണ്ട് അടിയന്തിരമായി കേവലം 1 ബില്യൺ ഡോളറിന്റെ ലോകബാങ്ക് സഹായം തേടേണ്ടി വന്നുവെന്ന സാഹചര്യം വ്യക്തമാക്കാമോ?
ഉ12: മാഫ് കീജിയെ, ടൈം ഈജ് ഓവർ.

ചോ13: വാഗ്ദാനപ്പെരുമഴകൾക്കപ്പുറം മുന്നൊരുക്കങ്ങളും പഠനങ്ങളുമില്ലാതെ നടത്തിയ അങ്ങയുടെ ഓരോ നടപടികളും രാജ്യത്തെ സാമ്പത്തികമായി അതീവ ദുർബലമാക്കിയെന്ന് രാജ്യത്തെ പൗരന്മാരിൽ വലിയൊരു വിഭാഗം സംശയിക്കുന്ന ഈ വേളയിൽ ഇന്ത്യയുടെ നിലവിലെ സാമ്പത്തിക അവസ്ഥയെക്കുറിച്ചു ഒരു ധവള പത്രം പുറപ്പെടുവിക്കാൻ അങ്ങ് തയ്യാറാകുമോ?
ഉ13: അരേ ഭയ്യാ, മേം ബോലാനാ. ടൈം ഈജ് ഓവർ.

സോറി ജീ, ജനങ്ങളുടെയും മാധ്യമങ്ങളുടെയും ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകാനാവാതെ കഴിഞ്ഞ കുറേ വർഷങ്ങളായി മങ്കി ബാത്ത് മാത്രമാണ് അങ്ങയുടെ രീതി എന്ന് പിന്നെയും പിന്നെയും ഞങ്ങൾ മറന്നു പോകുന്നു. ഏത് സന്ദർഭത്തിലും ജനങ്ങൾക്ക് വേണ്ടതല്ലല്ലോ, അങ്ങേക്ക് വേണ്ടത് മാത്രം അവർക്ക് വിളമ്പിയാണല്ലോ അങ്ങയുടെ ശീലം. അവർക്ക് ചോദിക്കാനും അറിയാനും പാടില്ലല്ലോ. ചോദിച്ചാൽ അവർ രാജ്യദ്രോഹിയും അർബൻ നക്സലുമാകുമല്ലോ. അങ്ങയെ, അങ്ങയുടെ തെറ്റായ നയങ്ങളെ, നടപടികളെ, അങ്ങയുടെ രാഷ്ട്രീയത്തെ വിമർശിച്ചാൽ, ചോദ്യം ചെയ്താൽ, അവരുടെ പേരിലെ ജാതിയും മതവും നോക്കി സൗകര്യം പോലെ ചാപ്പയടിക്കുന്നതാണല്ലോ അങ്ങ് അങ്ങയുടെ അനുയായികൾക്കും ഭക്തർക്കും പകർന്നു നൽകിയിട്ടുള്ള വജ്രായുധം. അവർ അത് മുറപോലെ പ്രയോഗിക്കുന്നുണ്ട്.

എന്നാലും ചോദ്യങ്ങൾ തുടർന്ന് കൊണ്ടേയിരിക്കും ജീ. കാരണം, ഇത് ഇന്ത്യയാണ്. ഞങ്ങൾ ഇന്ത്യക്കാരാണ്. തെറ്റുകൾ ചോദ്യം ചെയ്തും അനീതികൾക്കെതിരെ പടവെട്ടിയുമാണ് ഇന്ത്യ ഇന്നത്തെ ഇന്ത്യ ആയത് ജീ. അങ്ങയുടെ ഭക്തർ വിശ്വസിക്കുന്നത് പോലെ ഇന്ത്യ രൂപീകൃതമായത് 2014ൽ ആണെന്ന് ഞങ്ങൾക്ക് വിശ്വസിക്കാനാവില്ലല്ലോ.
നന്ദി ജീ
വിനീത വിധേയൻ
-റഫീഖ് മുഹമ്മദ്