പൊതുജനങ്ങൾക്ക് ആവശ്യമില്ലാത്ത വെള്ളാനകളെ പിരിച്ചുവിട്ടു ആ പണം ജനക്ഷേമത്തിനു വിനിയോഗിക്കണം

Rafeeque Mohamed, Moncy Kurisummoottil

ബഹു: കേരള മുഖ്യമന്ത്രി പിണറായി വിജയന്, കഴിഞ്ഞ പ്രളയങ്ങൾ കൊണ്ടു തകർന്നുപോകുമായിരുന്ന കേരളത്തെ പുതുക്കിപ്പണിയാൻ ലോകം മുഴുവൻ നമ്മോടൊപ്പം കൈ കോർത്തു. താങ്കളുടെ ആഹ്വാനം എല്ലാ മലയാളി “മനുഷ്യരും” ആവേശത്തോടെ സ്വീകരിക്കുയും പങ്ക് ചേരുകയും ചെയ്തു. പ്രളയത്തിൽ നിന്ന് കര കേറിവരുമ്പോഴേക്കും കൊറോണ വന്നു, നമ്മൾ ഒറ്റക്കെട്ടായി പ്രതിരോധിക്കുന്നു. മാതൃകാപരമായ ആ പ്രതിരോധം വിജയത്തിലേക്കടുക്കുന്നു. സാമ്പത്തികമായി ഞെരുങ്ങുന്ന കേരളത്തിന്‌ കൈതാങ്ങാവാൻ വീണ്ടും താങ്കൾ അഭ്യർത്ഥിക്കുന്നു, ആ അഭ്യർത്ഥന ചെവികൊണ്ട “മനുഷ്യർ” വീണ്ടും ഉദാരമായ സഹായ ഹസ്തങ്ങൾ നീട്ടുന്നു, പരസ്പരം കൈകോർക്കുന്നു, മുന്നോട്ട് ചുവട് വെക്കുന്നു.

പൊതുജനങ്ങളും സർക്കാർ ഉദ്യോഗസ്ഥരും ഏറ്റെടുത്ത ഈ ചുവടുവെപ്പുകൾക്ക് ഇനി മാതൃകയാകേണ്ടത് കേരള സർക്കാർ ആണ്. കേരള ഗവൺമെന്റിന്റെ എല്ലാ വകുപ്പുകളിലെയും ചിലവുകൾ ചുരുക്കിയും അനാവശ്യ കോർപറേഷനുകളും ബോർഡുകളും പിരിച്ചുവിട്ട് ഭീമമായ ആ സംഖ്യ സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടി ഉപയോഗിക്കണമെന്നും അഭ്യർത്ഥിക്കുന്നു. മന്ത്രി സ്ഥാനവും MLA സ്ഥാനവും കിട്ടാത്ത പാർട്ടി നേതാക്കളെയും അനുഭാവികളെയും കുടിയിരുത്താനും കൊടിവെച്ച കാറും ഓഫീസും പരിവാരങ്ങളും ഉപയോഗിച്ച് പൊതുജനങ്ങളുടെ നികുതി പൈസ ധൂർത്തടിക്കാനുള്ളതാകരുത് .

അറിവിലുള്ള കുറച്ചു ബോർഡ്, കോർപറേഷൻ പേരുകൾ കൂടെയുള്ള ലിങ്കിൽ ഉണ്ട്. പുന്നക്കുരു വികസനം മുതൽ ഭരണപരിഷ്‌കാര കമ്മീഷൻ വരെ. ഇത്തരത്തിലുള്ള നൂറുകണക്കിന് വെള്ളാനകൾ പൊതുജനങ്ങൾക്ക് വേണ്ടിയല്ലെങ്കിൽ ആർക്ക് വേണ്ടിയാണെന്നുള്ള തിരിച്ചറിവിനും കൂടിയാകട്ടെ ഈ നവകേരള നിർമിതി. കൊറോണ പ്രതിരോധത്തിന് ആർജവത്തോടെ നേതൃത്വം നൽകുന്ന താങ്കളുടെ ശ്രദ്ധയും നടപടികളും ഇക്കാര്യത്തിൽ ഉണ്ടായാൽ നമ്മൾ വീണ്ടും ലോകത്തിനു മാതൃക സൃഷ്ടിക്കും.

https://kerala.gov.in/web/guest/autonomous-bodies?


അടിയന്തിരമായി ചെയ്യേണ്ടത്:
1) ഭരണ പരിഷ്ക്കാര കമ്മീഷനെ മുഴുവൻ സ്റ്റാഫിനോടൊപ്പം പിരിച്ചുവിട്ടു ഓഫീസ് സീൽ ചെയ്യണം.
2) ജുഡീഷ്യൽ കമ്മീഷനുകളെ മുഴുവൻ സ്റ്റാഫിനോടൊപ്പം പിരിച്ചുവിടണം.
3) ആവശ്യമോ അത്യാവശ്യമോ അല്ലാത്ത എല്ലാ വികസന കോർപ്പറേഷനുകളുടെയും പ്രവർത്തനം നിർത്തിവയ്ക്കണം. അവയുടെ കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തനവും ലാഭവും നഷ്ടവും പൊതുസമൂഹത്തിനുള്ള ബാദ്ധ്യതകളും ഓഡിറ്റിന് വിധേയമാക്കി തുടരണോ വേണ്ടയോ എന്ന് സുതാര്യമായി തീരുമാനിക്കണം.
4) കൊറോണക്കാലത്ത് ജോലി ചെയ്യാത്ത / ചെയ്യേണ്ട ആവശ്യമില്ലാത്ത സർക്കാർ ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും ശമ്പളവും ആനുകൂല്യവും തടയുക.. അല്ലെങ്കിൽ ജീവിക്കാൻ ആവശ്യമായ ഒരു 30% തുക മാത്രം അനുവദിക്കുക. ബാക്കി 70% തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക്..
5) സർക്കാർ ഉദ്യോഗസ്ഥന്മാരുടെ പ്രതിമാസ പെൻഷൻ ഏറ്റവും കൂടുതൽ 25000 രൂപ ആയി നിജപ്പെടുത്തുക. ബാക്കി വരുന്ന തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക്..
6) ആരോഗ്യ പ്രവർത്തകർക്കും പൊലീസിനും റിസ്ക് അലവൻസ് ഏർപ്പെടുത്തുക.
7) മുൻ MLA / MP മാരുടെ പഴ്സണൽ സ്റ്റാഫ് കൈ നീട്ടി വാങ്ങുന്ന തികച്ചും അനർഹമായ പെൻഷൻ പരിപാടി പൂർണ്ണമായും നിർത്തലാക്കുക. ( വെറും 5 വർഷം മാത്രം MLA / MP ആയ ആളുടെ പഴ്സണൽ സ്റ്റാഫ് ആയുഷ്ക്കാലം പെൻഷൻ വാങ്ങുന്നത് നീതിയല്ല )
8) കേരളത്തിലെ എല്ലാ മന്ത്രിമാരും MLA / MP മാരും കോർപ്പറേഷൻ/മുൻസിപ്പൽ/ പഞ്ചായത്ത് അംഗങ്ങളും അവരുടെ ഏറ്റവും കുറഞ്ഞത് 50% ശമ്പളമെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുക.
9) ശമ്പള പരിഷ്ക്കാര കമ്മീഷൻ എന്ന പേര് അടുത്ത 50 വർഷത്തേക്ക് ഈ സംസ്ഥാനത്ത് ഉച്ചരിക്കുക പോലും ചെയ്യരുത്.
10)) നിങ്ങൾക്ക് മാന്യമായ കമൻ്റുകളായി പ്രതികരിക്കാം. രാഷ്ട്രീയ ലാഭം കൊതിച്ച് ഇതിനു താഴെ പൊറി വിടാൻ വരുന്നവരെ മുന്നറിയിപ്പില്ലാതെ പുറത്താക്കുന്നതായിരിക്കും.