വിമാനങ്ങളിൽ നിറയെ ആളെക്കയറ്റിയാണ് വരുന്നത്, ഒരു ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങളും പാലിക്കുന്നില്ല

69

Rafeeque Mohamed

മുൻ‌കൂർ ജാമ്യം: ഒരു അപ്രിയ സത്യം തുറന്നു പറഞ്ഞാൽ പെസിമിസ്റ്റ് എന്ന് ചാപ്പയടിക്കരുത്.

ഇന്ന് മുതൽ പരിമിതമായ തോതിൽ വിദേശത്ത് കുടുങ്ങിയ പ്രവാസികളിൽ ചിലരെങ്കിലും ഇന്ത്യയിലേക്ക് മടങ്ങി വരികയാണ്. സന്തോഷം, ഒപ്പം കടുത്ത ആശങ്കയുമുണ്ട്. സാമൂഹ്യ അകലം പാലിക്കണമെന്നത് ലോകമെങ്ങും നിർബന്ധമാക്കിയ ഈ കൊറോണ സമയത്ത് ഇന്ത്യയിലേക്ക് വരുന്ന എല്ലാ വിമാനങ്ങളും കൊറോണ പ്രതിരോധത്തിനുള്ള ഏറ്റവും പ്രാഥമികായ ഈ നടപടി കാറ്റിൽ പറത്തി ഫുൾ കപ്പാസിറ്റിയിലാണ് യാത്രക്കാരെ കൊണ്ട് പോകുന്നത്. അതായത് 180 സീറ്റുകളിൽ മിക്കവാറും യാത്രക്കാരുണ്ടാവുമെന്ന്. പകർച്ചവ്യാധി പ്രതിരോധത്തിന് അതൊരു വലിയ വീഴ്ചയാണെന്നത് എല്ലാവരും മറക്കുന്നു.

രണ്ട് മാസത്തിനോളമടുക്കുന്ന ലോക്ക് ഡൌൺ സമയത്ത് ഇന്ത്യയിൽ കൊറോണ നിയന്ത്രണ വിധേയമായി എന്നാണ് നമ്മുടെ അവകാശവാദം. അതനുസരിച്ചാണ് ഇപ്പോൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ലോക്ഡൌൺ നിയന്ത്രങ്ങളിൽ അയവ് വരുത്തിയിട്ടുള്ളത്. നിയന്ത്രണം നിലവിലുള്ളപ്പോൾ തന്നെ പലയിടത്തും അത് ഗൗരവമായി നടപ്പിലാക്കിയിരുന്നില്ല. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയ ദിവസങ്ങളിൽ തന്നെ കേരളത്തിലടക്കം പൊതുജനം തെരുവിലിറങ്ങി ആഘോഷിക്കുന്നതും നമ്മൾ കണ്ടു.  കേന്ദ്ര മന്ത്രിയടക്കം സാമൂഹ്യവ്യാപനം ഇന്ത്യയിൽ ഇല്ലെന്ന് പ്രസ്താവിക്കുമ്പോൾ തന്നെ വസ്തുതകളുടെ നേർചിത്രത്തിന് നേരെ നമ്മൾ കണ്ണടക്കുന്നു. ഇന്നലെ മാത്രം ഇന്ത്യയിൽ രോഗം ബാധിച്ചത് 3,587 പേർക്കാണ്. മരണം 92. മൊത്തം ആക്റ്റീവ് രോഗികൾ 52,987 മൊത്തം മരണം 1,785. രോഗമുക്തി നേടിയവർ 15,331 പേർ.

ആഴ്ച തോറും ആരോഗ്യ പ്രവർത്തകർക്ക് അനുമോദനങ്ങൾ അർപ്പിച്ചു കൊണ്ടുള്ള മങ്കി ബാത്തുകളും അസംബന്ധ നാടകങ്ങളും അരങ്ങേറുമ്പോൾ അവർക്ക് മിനിമം വേണ്ട ഗുണമേന്മയുള്ള സുരക്ഷ കവചങ്ങളും ഉപകരണങ്ങളും എത്തിച്ചു നൽകാൻ നമ്മൾ പരാജയപ്പെട്ടു. നമ്മുടെ പൂർവികരുടെ ദീർഘ വീക്ഷണത്തിന്റെ ബാക്കി പത്രമായ മരുന്ന് നിർമ്മാണ ശാലകളിൽ നിന്നുള്ള കോടിക്കണക്കിനു Hcq ഉം പാരസെറ്റമോളും ഈ പ്രതിസന്ധി സമയത്ത് അമേരിക്ക മുതൽ സാർക്ക് രാജ്യങ്ങൾ വരെ പത്തിരുപത് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നിടത്താണ് ഈ വിരോധാഭാസം.

സ്‌റ്റേ ഹോം സ്‌റ്റേ സേഫ് എന്ന മുദ്രാവാക്യം ഏറ്റെടുത്തു എല്ലാവിധ സാമൂഹ്യ സമ്പർക്കങ്ങളും റദ്ദ് ചെയ്തു നമ്മൾ വീട്ടിലിരുന്നു മുൻകരുതലെടുത്തു. ശാസ്ത്ര സാങ്കേതിക രംഗത്ത് ലോകത്തിന്റെ നെറുകയിൽ നിൽക്കുന്ന ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കിൽ ശാസ്ത്രീയമായ ഇടപെടലുകളും നടപടികളും നടപ്പാക്കേണ്ടതിന് പകരം അധികാരത്തിലിരിക്കുന്നവരുടെ അന്ധവിശ്വാസങ്ങളും പ്രാദേശിക മതാചാരങ്ങളും നൂറ്റി മുപ്പത്തി അഞ്ച് കോടി ജനങ്ങളിലേക്ക് ഒളിച്ചു കടത്താൻ രാജ്യസ്നേഹത്തിന്റെ വെട്ടിത്തിളങ്ങുന്ന വർണ്ണക്കടലാസിൽ പൊതിഞ്ഞവതരിപ്പിക്കുന്ന പാട്ട കൊട്ടലിനും പടക്കം പൊട്ടിക്കലിനും പൂമൂടലിനും നമ്മൾ ഇരയാവേണ്ടി വന്നു. മൊത്തം ലോക ജനസംഖ്യയുടെ പതിനെട്ടു ശതമാനത്തോളം ജീവിക്കുന്ന ഇന്ത്യയിൽ രാജ്യവ്യാപകമായി കൊറോണ ടെസ്റ്റുകൾ നടത്തുന്നതിൽ നമ്മൾ അവികസിത രാജ്യങ്ങളെക്കാൾ വളരെയധികം പുറകിലാണ്. ഒരോ പത്ത് ലക്ഷം ജനങ്ങളിൽ കേവലം 925 പേർക്കാണ് ഇന്ത്യയിൽ ഇതുവരെ കൊറോണ ടെസ്റ്റ്‌ നടത്തിയിട്ടുള്ളത് എന്നത് ഭീതിതമായ അവസ്ഥയാണ്. എന്നിട്ടും നമ്മുടെ അധികാരികൾ ഇപ്പോഴും നമ്മളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത് കൊറോണയുടെ സാമൂഹ്യ വ്യാപനം അവസാനിച്ചുവെന്നും നിയന്ത്രണ വിധേയമാണെന്നുമാണ്.

ഉദാഹരണത്തിന് ഐസ്‌ലാൻഡിൽ ഈ ടെസ്റ്റ്‌ നടത്തിയത് പത്ത് ലക്ഷം പേരിൽ ശരാശരി 151,000 പേർക്കാണ്. സ്പെയിനിൽ 41,000. ബെൽജിയത്തിൽ 40,000. സിങ്കപ്പൂർ 30,000. ഇസ്രായേൽ 48,000. ഈ വസ്തുതകളിൽ നിന്ന് വേണം ഗൾഫ് രാജ്യങ്ങളിൽ കൊറോണ വ്യാപകമായി പടർന്നിരിക്കുന്നുവെന്നും രോഗികളുടെ എണ്ണം വളരെ കൂടുതലാണ് എന്നും ആശങ്കപ്പെടുന്നവർ അതിന്റെ കാരണം കൂടെ തിരക്കേണ്ടത്. രോഗം തിരിച്ചറിയണമെങ്കിൽ രോഗ നിർണ്ണയം നടത്തണം എന്നത് വൈദ്യശാസ്ത്രത്തിലെ പ്രാഥമിക ചുവടാണ്. ഓരോ ഗൾഫ് രാജ്യങ്ങളും ചെയ്ത കൊറോണ ടെസ്റ്റുകളുടെ കണക്കുകൾ കാണാം. (പെർ മില്യൺ)

യുഎഇ : 121,330
ബഹ്‌റൈൻ : 94,231
കുവൈറ്റ്‌ : 45,988
ഖത്തർ : 39,209
സൗദി അറേബ്യ :11,193
ഒമാൻ : 7,923
ഇന്ത്യ :925

നമുക്ക് താഴെയുള്ളത് ബംഗ്ലാദേശ്, അൾജീരിയ, അഫ്ഗാനിസ്ഥാൻ, ഇൻഡോനേഷ്യ, ബൊളീവിയ എന്നീ രാജ്യങ്ങൾ. പാകിസ്ഥാൻ പോലും 1,053 പേരെ ടെസ്റ്റ്‌ ചെയ്തു ഇന്ത്യൻ ശരാശരിയെക്കാൾ മുകളിലാണ്.ഇത്രയും വിശദമായി പറഞ്ഞത്, ജംബൂരികളും കെട്ടു കാഴ്ചകളും അസംബന്ധ രാഷ്ട്രീയ നാടകങ്ങളും അരങ്ങു തകർക്കുമ്പോൾ ഭക്തരും അണികളും ഫാൻസുകളും നിഷ്ക്കുകളും പക്ഷേകളും ന്യായീകരണ തിലകങ്ങളും വാഴ്ത്തുപാട്ടുകൾ പാടി ആഘോഷിക്കുമ്പോഴും അധിക കാലം ഒന്നും മൂടിവെക്കാനാവില്ല എന്ന അപ്രിയ സത്യം ബോധിപ്പിക്കാനാണ്. ഇനിയും കൃത്യമായ ഒരു മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത മഹാവ്യാധിയെ സാമൂഹ്യ അകലം പാലിക്കുന്നതിലൂടെ മാത്രം ഇല്ലായ്മ ചെയ്യാമെന്ന് ഊറ്റം കൊള്ളുന്നതിൽ അർത്ഥമില്ല. മുക്കിലും മൂലയിലും കടന്ന് ചെന്ന് രോഗനിർണ്ണയം നടത്തേണ്ടതും നിലവിലെ ചികിത്സാ രീതികൾ കൊണ്ട് പ്രതിരോധം തീർക്കേണ്ടതും അനിവാര്യമാണ്. എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാവുന്ന ഒരു അഗ്നിപർവ്വതത്തിന്റെ മുകളിലാണ് നമ്മളെല്ലാം ജീവിക്കുന്നതെന്നെങ്കിലും മറക്കരുത്.

ജനസംഖ്യയുടെ ശരാശരി പത്ത് ശതമാനം പേരോളം ടെസ്റ്റ്‌ നടത്തി രോഗവ്യാപനം അംഗീകരിച്ച രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇന്ന് മുതൽ ഇന്ത്യയിലെത്തുന്നത്. എങ്ങാനും ഭാഗ്യദോഷത്തിന് ഇനിയെന്നെങ്കിലും ഇന്ത്യയിൽ ഏതെങ്കിലും ഭാഗത്ത്‌ കൊറോണ രോഗവ്യാപനം നടന്നാൽ അതിനെ ‘പ്രവാസി കൊറോണ’ യെന്ന് വിളിച്ചു ആക്ഷേപിക്കരുത്, പ്രവാസികളുടെ കുറ്റങ്ങളും കുറവുകളും കൊണ്ട് വാട്സാപ്പ് ഗ്രൂപ്പുകളും ഷെയറുകളും നിറക്കരുത്. നിറം പിടിപ്പിച്ച നുണകഥകളും വിദ്വേഷ ഛർദിലുകളും വിശ്വസിക്കരുത്, കൂലിക്ക് ആളെ വെച്ച് അമേധ്യങ്ങൾ പടച്ചു വിടുന്ന ഫേക്ക് ഫാക്ടറികളുടെ വിസർജ്യങ്ങൾ കണ്ണടച്ച് ഷെയർ ചെയ്യരുത്. എല്ലാം നന്നായി വരട്ടെയെന്ന് ആഗ്രഹിക്കുന്നു. നമ്മൾ ഇതും അതിജീവിക്കും.