മകൻ അമ്മക്കയച്ച കത്തുകൾ” എന്ന പുസ്തകം കോപ്പിയടിയല്ല

191

Rafeeque Mohamed

മിത്രമേ, പണ്ട് പണ്ട് ഒരു ഈവനിംഗിൽ അന്നത്തെ ബാൽ നരേന്ദ്ര മുതല കുഞ്ഞിനെ പിടിച്ചു വീട്ടിലേക്ക് കൊണ്ട് പോയതിന് ശേഷം എന്റയർ പൊളിറ്റിക്കൽ സയൻസിൽ ബിരുദം എടുക്കുന്നതിന് മുമ്പ് സ്ഥിരമായി ഹിമാലയ സാനുക്കളിലെ ഗുഹയിൽ തപസ്സ് അനുഷ്ഠിക്കാൻ പോകുന്നതിനിടയിലെ ആ കാലഘട്ടത്തിലാണ് ഇത്രയും കാലം ലോകം അറിയാതിരുന്ന മറ്റൊരു മഹാത്ഭുതം സംഭവിക്കുന്നത്.

എല്ലാ ദിവസവും മാതാവിന് കത്തയക്കുന്ന ശീലം മോദിജിക്കുണ്ടായിരുന്നു. “ഒരു മകൻ അമ്മക്കയച്ച കത്തുകൾ” എന്ന ആ കാവ്യസമ്പുഷ്ടമായ ഈ കത്തുകൾ പുറത്താരും കാണാതിരിക്കാനായി അദ്ദേഹം അന്നേരം തന്നെ കത്തിച്ചു കളഞ്ഞിരുന്നു. പക്ഷേ അത്ഭുതം എന്ന് പറയട്ടെ, അതിൽ കുറച്ചു കത്തുകൾ വരികളിലെ അഗ്നി സ്ഫുലിംഗങ്ങൾ കൊണ്ടും ആശയ തീക്ഷ്ണത കൊണ്ടും അഗ്നി ദേവന് കീഴടങ്ങിയിരുന്നില്ല. ഭാഗ്യവശാൽ ഈ എഴുത്തുകൾ ഭാവന സോമയ്യയുടെ കണ്ണുകളിൽ പെടുകയും ആ കത്തുകളിലെ സാഹിത്യ നിർഭരത കണ്ട് നിഗൃതഗാന്തണ്ടനായ സോമയ്യജി അപ്പോൾ തന്നെ ആ കാവ്യ പ്രപഞ്ചം ലോകമെങ്ങും അറിയപ്പെടണമെന്ന കുതുഹലത്തോടെ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യണമെന്ന് തീരുമാനിക്കുകയും ചെയ്തു.

പക്ഷേ മോദിജി ഒട്ടും സമ്മതിച്ചില്ല, ഈ വരികളും കൃതികളും എന്റെ മനസ്സിന്റെ മാത്രം നിർഭര നിഡോത്തമ നിർന്നിമേഷങ്ങളാണെന്നും തന്നോടൊപ്പം തന്റെ കാലശേഷം തന്റെ സൽക്കർമങ്ങളും കാവ്യ സൃഷ്ടികളും അഗ്നിയിൽ നിമജ്ജനമാകണമെന്നും മോദിജി വാശിപിടിച്ചു. അപ്പോഴേക്കും ഈ സംഭവം നാസ മുഖാന്തിരം അന്താരാഷ്ട്ര പുസ്തക പ്രസാധകരായ ഹാർപ്പിക് കോളിൻസ് അറിഞ്ഞിരുന്നു. അവർ യുനെസ്കോയുടെ സഹായത്താൽ മോദിജിയുടെ മനസ്സ് മാറ്റാൻ ശ്രമിച്ചു. അവസാനം അമേരിക്ക അടക്കമുള്ള അന്താരാഷ്ട്ര ശക്തികളുടെ വർഷങ്ങളായുള്ള സ്നേഹ നിർഭര കഠിന പരിശ്രമത്താൽ അവസാനം മോദിജി സമ്മതിച്ചു. ആ “മകൻ അമ്മക്കയച്ച കത്തുകൾ” ഈ ജൂൺ മാസം പുറത്തിറങ്ങുകയാണ്. എല്ലാ രാജ്യസ്നേഹികളായ മിത്രങ്ങളും കുടുംബസമേതം മൂന്നാല് കോപ്പി വീതം വാങ്ങി വീട്ടിലെ ഷോകേസുകൾ അലങ്കരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

*പ്രശ്ര: മിത്രമേ, ചൂടപ്പം പോലെ വിറ്റ് പോകുമെന്ന് ധാരണയിൽ പ്രസിദ്ധീകരിച്ച മോദിജിയുടെ കഴിഞ്ഞ പുസ്തകങ്ങളെല്ലാം പ്രസിദ്ധീകരിച്ചതിന് ശേഷം കൂട്ടം കൂട്ടമായി ഇപ്പോഴും ഗോഡൗണിൽ കൂട്ടിയിട്ടിരിക്കുകയാണ്. ഡിസ്‌കൗണ്ടും ഓഫറും കൊടുത്തിട്ടും അവയൊന്നും മിത്രങ്ങളാരും വാങ്ങിക്കാത്തതു പോലെയുള്ള ഗതി ഈ കാവ്യസൃഷ്ടിക്കും വരുത്തരുതെന്ന് അഭ്യർത്ഥിക്കുന്നു.
മോദിജിയുടെ “മകൻ അമ്മക്കയച്ച കത്തുകൾ” എന്ന പുസ്തകം നെഹ്രുവിന്റെ “അച്ഛൻ മകൾക്കയച്ച കത്തുകൾ” എന്ന കൃതിയുടെ ഈച്ച കോപ്പി ആണെന്ന് ആരോപിക്കുന്നവരെയും ഈ വക സാഹിത്യഭാസങ്ങളെല്ലാം കൂലിക്ക് ആളെ വെച്ച് ചെയ്യുന്നതല്ലേടാ ഉവ്വേ എന്ന് സംശയിക്കുന്നവരെയും ഉടൻ പ്രാബല്യത്തോടെ രാജ്യസ്നേഹം ഇല്ലാത്തവരായി പ്രഖ്യാപിക്കുന്നതാണ്.
അടുത്ത വർഷത്തെ ജ്ഞാന പീഡനം അവാർഡ് മോദിജിയുടെ കൈകളിൽ എത്തുന്നത് വരെ Maksimam Sheyar Plees.
ജയ് മോദിജി 🚩

Advertisements