സ്വദേശിയായ ഒരു ഇന്റർനെറ്റ്‌ പോലും നമുക്കുണ്ടോ മിത്രമേ ?

133

Rafeeque Mohamed 

മിത്രമേ,
കാര്യങ്ങളുടെ കിടപ്പ് വശം വെച്ച് എപ്പോ വേണെങ്കിലും എന്തും സംഭവിക്കാം. മ്മളെ ചൊറിയാൻ വന്ന ചൈനക്കാരോട് അപ്രതീക്ഷിതമായി ആപ്പ് സർജിക്കൽ സ്ട്രൈക്ക് നടത്തിയ മോദിജി ഇനി ചിലപ്പോ മൈ പ്രണ്ടിനോട് പിണങ്ങിയാൽ അതോടെ നമ്മളും ഇരുട്ടിലാവും.

ഉത്രാടം നക്ഷത്രക്കാരനായ മോദിജിയും രേവതി നക്ഷത്രക്കാരനായ മൈ പ്രണ്ടും വെട്ടൊന്ന് മുറി രണ്ട് സ്വഭാവക്കാരായത് കൊണ്ട് ഇരുട്ടി വെളുക്കുമ്പോഴേക്കും രേവതിക്കാരൻ ചിലപ്പോ ആപ്പ് വെച്ചിട്ടുണ്ടാകും. ആപ്പ് കർത്താവായി വന്നാൽ പിന്നെ ഉത്രാടംക്കാരന് അട്ടത്ത് നിന്ന് ആപ്പെടുത്തു രാജ്യസുരക്ഷയുടെ പേരിൽ തിരിച്ചു ആപ്പ് വെക്കുകയെ നിർവാഹമുള്ളൂ. അപ്പോ ആദ്യം പണി കിട്ടുക സുക്കറണ്ണന്റെ ഫേസ്ബുക്കിനാണ്. പെറ്റു വളർന്ന വീടിന്റെ നാലയലോക്കത്തിനുമപ്പുറം ഒരു മനുഷ്യ കുഞ്ഞു പോലും അറിയാതിരുന്ന, കയ്യിലിരിപ്പ് കൊണ്ട് കണ്ടാലറിയുന്ന നാലാള് പോലും കൂട്ടുകാരായി ഇല്ലാതിരുന്ന എന്നെയൊക്കെ നാലായിരവും അയ്യായിരവും സുഹൃദ് ബന്ധങ്ങളുള്ള സമ്പന്നൻമാരാക്കിയത് സുക്കറണ്ണനാണ്. മൈ പ്രണ്ടിനോടുള്ള കെറുവ് കൊണ്ട് ക്ഷിപ്ര കോപിയായ ഉത്രാടം നക്ഷത്രക്കാരൻ ഫേസ്ബുക് നിരോധിച്ചാൽ അന്ന് തീർന്ന് നമ്മളൊക്കെ. പിന്നെ ശങ്കരൻ എഗൈൻ കൊക്നാട്ട് ട്രീ എന്ന പോലെ വീണ്ടും പഴേ അയലോക്കക്കാരുടെ പുഞ്ഞവും നോട്ടവും സഹിച്ചു ജീവിക്കേണ്ടി വരും.

ഫേസ്ബുക് പോയാൽ പോട്ടെ, ഈമെയിലിൽ കൂട്ടുകാരെ തപ്പിയിറങ്ങാം എന്ന് വെച്ചാലും തഥൈവ. ഗതികേടിന് മ്മടെ ദേശി റെഡിഫ് മെയിലൊക്കെ ഉപേക്ഷിച്ചു എല്ലാരും അമേരിക്കക്കാരുടെ ജിമെയിലിൽ ആണ് വാസം. പിന്നെയുള്ളത് വാട്സാപ്പ് ആണ്. അതും അമേരിക്കൻ. എന്തിന് പറയുന്നു, സ്വദേശിയായ ഒരു ഇന്റർനെറ്റ്‌ പോലും നമുക്കുണ്ടോ മിത്രമേ. ആകെ ചെയ്യാനുള്ളത്, ആരുടെയെങ്കിലും ഫോൺ നമ്പർ ഉണ്ടെങ്കിൽ പഴേ പോലെ പൈസ കൊടുത്തു ഇടക്ക് ഫോണിൽ മെസ്സേജ് അയച്ചും ഫോൺ ചെയ്തും ചത്തിട്ടില്ലെന്ന് അറിയിക്കാം. അതിന് ഈ പത്തയ്യായിരം ഫേസ്ബുക് ഫ്രെണ്ട്സിൽ എത്ര പേരുടെ ഫോൺ നമ്പർ കയ്യിലുണ്ട്?

മിത്രമേ, എപ്പോ വേണമെങ്കിലും അകന്ന് പോകാവുന്ന ഒരു വിചിത്ര വിർച്യുൽ ലോകത്തെ പ്രജകളും സുഹൃത്തുക്കളുമാണ് നമ്മൾ. ഒന്നോ രണ്ടോ നേതാക്കൾ വിചാരിച്ചാൽ കോടിക്കണക്കിനു ആളുകളെയും ബന്ധങ്ങളെയും ഇനിയൊരിക്കലും തിരിച്ചു കാണാത്തതും കിട്ടാത്തതുമായ അകലത്തിൽ എത്തിക്കാനാവും. അതിൽ തിരിച്ചെടുക്കാവുന്നതും വീണ്ടും തുന്നി പിടിപ്പിക്കാവുന്നതുമായ ബന്ധങ്ങൾ വളരെ കുറച്ച് അവശേഷിക്കും.

ആയതിനാൽ ഇത്രയും കാലത്തിനിടക്ക് എന്നിൽ നിന്നും മനസ്സാ വാചാ കർമണാ ആർക്കെങ്കിലും എന്തെങ്കിലും വിഷമമോ ബുദ്ധിമുട്ടോ ഉണ്ടായിട്ടുണ്ടെങ്കിൽ നിരുപാധികം മാപ്പ് ചോദിക്കുന്നു. ഇനി ഏതെങ്കിലും വിർച്യുൽ സർജ്ജിക്കൽ സ്‌ട്രൈക്കിനിടയിൽ പറയാൻ പറ്റിയെന്ന് വരില്ല.
മാപ്പ്

Advertisements